തിരുവനന്തപുരം: ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ റിറ്റാര്‍ഡേഷന്‍ (സി.ഐ.എം.ആര്) സ്ഥാപക ഡയറക്ടര്‍ ഫാ. തോമസ് ഫെലിക്സ് (86) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.
കോട്ടയം കടുത്തുരുത്തി കുറിച്യാപറമ്പില്‍ വര്‍ഗീസ് കുര്യന്-മറിയാമ്മ കുര്യന് ദമ്പതികളുടെ മകനായാണ് ജനനം. ബംഗളൂരു ധര്‍മാരാം കോളജില്‍നിന്ന് ബിരുദം നേടിയശേഷം അമേരിക്കയിലാണ് ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. പെന്‍സില്‍വാനിയ പിറ്റ്സ്ബര്‍ഗിലെ ഡ്യൂക്കന്‍ സര്‍വകലാശാലയില്‍ നിന്ന് ഭിന്നശേഷിക്കാരുടെ ജീവിതാവസ്ഥക്ക് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വിഷയത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. സാധാരണ രീതിയിലുള്ള പഠനം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രാപ്യമായിരുന്നില്ല. അതിനാല്‍ ഫാ.ഫെലിക്സ് ഇവര്‍ക്കായി 1980ല്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ റിറ്റാര്‍ഡേഷന്‍ എന്ന സ്ഥാപനം ആരംഭിക്കുകയും പ്രത്യേക പാഠ്യപദ്ധതി ആവിഷ്കരിക്കുകയും ചെയ്തു. ഭിന്നശേഷിക്കാരുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ ഉന്നമനത്തിന് ഉപയുക്തമായ ത്രി സി കണ്‍സപ്റ്റ് എന്ന പ്രത്യേക പാഠ്യപദ്ധതിക്ക് രൂപം നല്‍കിയാണ് ഫാ. തോമസ് ഫെലിക്സ് ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. ചുറ്റിലുമുള്ള വസ്തുക്കളെ ആകൃതിയിലൂടെ തിരിച്ചറിഞ്ഞ് അതിലൂടെ ഭാഷാപഠനത്തിലേക്ക് നയിക്കുകയെന്ന ആശയമാണ് അദ്ദേഹം പ്രാവര്‍ത്തികമാക്കിയത്. തൊഴില്‍ പരിശീലനത്തിനൊപ്പം കുതിരസവാരി പോലുള്ള കായികാഭ്യാസങ്ങള്‍ക്കും പാഠ്യപദ്ധതിയില്‍ ഇടം നല്കി. പാട്ടും നൃത്തവും ചിത്രകലയുമുള്പ്പെടെയുള്ള കലകളിലൂടെയും സമഗ്രമായ ബുദ്ധിവികാസം സാധ്യമാക്കുന്ന ത്രി സി പാഠ്യ പദ്ധതിയാണ് സി.ഐ.എം.ആര് അനുവര്‍ത്തിച്ചുവരുന്നത്.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് രാജീവ് ഗാന്ധി മാനവ സേവാ അവാര്‍ഡ്, റെഡ് ക്രോസ് പ്ലാറ്റിനം ജൂബിലി അവാര്‍ഡ്, ഡോ. അംബേദ്കര്‍ നാഷനല്‍ അവാര്‍ഡ്, മണി ബാല മെമ്മോറിയല്‍ അവാര്‍ഡ്, കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ അവാര്‍ഡ്, ഡെറോസിയോ അവാര്‍ഡ്, സെന്റര്‍ ഫോര്‍ എപ്ലോയ്മെന്റ് എന്റിച്മെന്റ് ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അന്ത്യോപചാരമര്പ്പിക്കുന്നതിനായി ആശുപത്രിയിലെത്തിയിരുന്നു.