മുഖ്യമന്ത്രിയുടെ ‘ലൈസൻസ്’ കിട്ടി, ഇനി ഹാരിസ് വേട്ട
text_fieldsതിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ ഉപകരണ ക്ഷാമത്തെക്കുറിച്ച് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ സമൂഹമാധ്യമത്തിൽ നടത്തിയ തുറന്നുപറച്ചിലിൽ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി നിൽക്കുകയായിരുന്നു സർക്കാരും സി.പി.എമ്മും. അദ്ദേഹത്തിന്റെ കരിയറും കൊടിനിറവും എല്ലാം പരിശോധിച്ചപ്പോൾ ഒരു രക്ഷയുമില്ല, നമ്മുടെ സ്വന്തം ആളാണ്. പിന്നെ പരിശോധിക്കാനുള്ളത് സമൂഹ മാധ്യമ അക്കൗണ്ടാണ്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം. സ്വരാജ് പരാജയപ്പെട്ടതിനെ ‘യു.ഡി.എഫിനോട് ചേർന്നു നിന്ന മുസ്‍ലിം തീവ്രവാദ ഗ്രൂപ്പുകളെയെല്ലാം നേരിട്ട് സ്വരാജ് നേടിയ 66000ൽപരം വോട്ടാണ് ഈ ഇലക്ഷന്റെ ട്വിസ്റ്റ്’ എന്നാണ് ഡോക്ടർ കുറിച്ചത്. ഡോക്ടർ ആരാണെന്നും എതിർത്താൽ ഒരു കാര്യവുമില്ലെന്നും മനസ്സിലായതോടെ മനസ്സിൽ ഒരുപാട് സങ്കടമുണ്ടെങ്കിലും ആരോഗ്യ മന്ത്രി ഡോക്ടറെ പഴിച്ചില്ല. ഡോക്ടറുടെ ഉദ്ദേശ്യശുദ്ധിയെയും ആത്മാർഥതയെയും പുകഴ്ത്താനും മന്ത്രി മറന്നില്ല. സമൂഹമാധ്യമങ്ങളിലെ ഇടത് പ്രൊഫൈലുകളും ഡോക്ടറെ അധികം കുറ്റപ്പെടുത്തിയില്ല.
മെഡിക്കൽ കോളജുകളുടെ നല്ലനടപ്പിന് നടപടികളുമായി സർക്കാർ മുന്നോട്ടു പോവുന്നതിനിടെയാണ് കണ്ണൂരിൽ മുഖ്യമന്ത്രി ഈ വിഷയത്തിൽ മനസ്സ് തുറന്നത്. ഡോക്ടർ ചെയ്തത് ശത്രുക്കൾക്ക് വടി കൊടുക്കുന്ന നിലപാടായെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഡോക്ടറുടെ പരാമർശം ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നും മുഖ്യമന്ത്രി തുറന്നു പറഞ്ഞു.
ഇതോടെ, പാർട്ടി മുഖപത്രവും തൊട്ടുപിന്നാലെ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും എല്ലാം ഡോ. ഹാരിസിനെ തള്ളിപ്പറയാൻ തുടങ്ങി. മന്ത്രി സജി ചെറിയാനും ഡോക്ടർക്കെതിരെ രംഗത്തുവന്നു കഴിഞ്ഞു. ഇതുവരെ ഡോക്ടറെ ന്യായീകരിച്ച ആരോഗ്യ മന്ത്രി വീണ ജോർജിന്റെ നിലപാടും താമസിയാതെ വരുമെന്നുറപ്പായി. താമസിയാതെ സമൂഹമാധ്യമങ്ങളിലും ഹാരിസ് വേട്ട പ്രതീക്ഷിക്കാം. ഇതിനുള്ള ലൈസൻസാണ് ഒരർഥത്തിൽ കണ്ണൂർ കൃഷ്ണമേനോൻ ഗവ. വനിത കോളജിൽ നടന്ന യോഗത്തിൽ മുഖ്യമന്ത്രി നൽകിയത്.
മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞതിൽ നിന്ന്
‘‘മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടു വന്ന വാർത്തയിലെ വ്യക്തി തെറ്റായ ഒരാളാണെന്ന് ആരും പറയുന്നില്ല. നല്ല അർപ്പണ ബോധത്തോടെ ജോലി എടുക്കുന്ന, അഴിമതി തീണ്ടാത്ത, ആത്മാർഥതയോടെ ജോലി എടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥനാണ്. എല്ലാ കാര്യവും പൂർണമായിരിക്കും എന്ന് ആർക്കും പറയാൻ കഴിയില്ല. നമ്മുടെ മെഡിക്കൽ കോളജുകളിൽ അതിസങ്കീർണമായ ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. ആ ശസ്ത്രക്രിയകൾക്കാവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്.
ആ ശസ്ത്രക്രിയക്ക് വേണ്ട ഉപകരണങ്ങൾ ചിലപ്പോൾ ചിലത് ഇല്ലാത്ത സ്ഥിതി ഉണ്ടാവാം. അത് എല്ലാ കാലത്തും ഉള്ള നിലയല്ല. വളരെ വേഗം തന്നെ അത്തരം ഉപകരണങ്ങൾ വാങ്ങി നൽകാറുണ്ട്. അദ്ദേഹം ഉന്നയിച്ച പ്രശ്‌നത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടുണ്ട്. അതിന്റെ ഭാഗമായി ഒരു അതൃപ്തി ഉണ്ടായാൽ തന്നെ, അത് കേരളത്തെ വലിയ തോതിൽ താറടിച്ചു കാണിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികൾക്ക് ഉപയോഗിക്കാൻ കഴിയുംവിധം പുറത്തുവിട്ടാൽ അത് നാം നടത്തുന്ന നല്ല പ്രവർത്തനങ്ങൾക്കെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കും. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണിത്’’.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.