എന്നിട്ടുമെന്തേ മുസ്ലിം ശത്രുവാണെന്ന തോന്നൽ?
text_fields
ഒന്നാമതായി ഹിന്ദുക്കളിലെ സാധാരണ വിശ്വാസികളെ അഭിമുഖീകരിക്കാം. നിങ്ങൾ ക്ഷേത്രാരാധന നടത്തി, സവിശേഷ ദിനങ്ങളിൽ മാത്രം സസ്യാഹാരം കഴിച്ച്, കഠിനമല്ലാത്ത നോമ്പുകൾ നോറ്റ്, മക്കൾക്കും കുടുംബത്തിനും വേണ്ടി മനസ്സുരുകി പ്രാർഥിച്ച്, മരിച്ചുകഴിഞ്ഞാൽ പുനർജന്മമോ മോക്ഷമോ എന്നൊന്നും ചുഴിഞ്ഞാലോചിക്കാതെ അത്തരം കാര്യങ്ങൾ ഇഷ്ടദേവതകളായ കാശിവിശ്വനാഥനോ ഗുരുവായൂരപ്പനോ ശബരിമല അയ്യപ്പനോ കൊടുങ്ങല്ലൂരമ്മക്കോ ഇനി പുതുപൊന്നാനി ബീവിക്ക് പോലുമോ ഏൽപിച്ച് കൊടുത്ത് സമാധാനത്തോടെ ജീവിക്കുന്നവരാണല്ലോ.
ചുടല ഭസ്മഭൂഷിതനായ ശിവനെേയാ പരമശുദ്ധി ആവശ്യപ്പെടുന്ന ഗുരുവായൂരപ്പനെയോ നിത്യബ്രഹ്മചാരിയായ അയ്യപ്പനെയോ തെറിപ്പാട്ടിൽ രമിക്കുന്ന കൊടുങ്ങല്ലൂരമ്മയെയോ മാറിമാറി ആരാധിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. ഇങ്ങനെ ചെയ്യുമ്പോഴും ഇവരെല്ലാം ആത്യന്തികമായി ഒന്നാണെന്ന ബോധം മുത്തുമാലക്കകത്തെ നൂലുപോലെ നിങ്ങളിൽ വർത്തിക്കുന്നുമുണ്ട്. ഏകത്വത്തിൽ നാനാത്വത്തെ പോറ്റാനുള്ള പ്രസ്തുത സ്വാതന്ത്ര്യത്താലാണ് ഹിന്ദുമതം എല്ലാ മതങ്ങളുടെയും മാതാവാണെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത്. ശൈവനായ ഹിന്ദുവിന് വൈഷ്ണവനായ ഹിന്ദുവിനോട് തോന്നേണ്ട വ്യതിരിക്തത മാത്രമേ മുസ്ലിമിനോടും ക്രിസ്ത്യാനിയോടും നിങ്ങൾക്ക് തോന്നേണ്ടതുള്ളൂ. നിങ്ങളുടെ അദ്വൈത ദർശനത്തിെൻറ ഉൾപ്പൊരുളാകട്ടെ, വ്യത്യസ്ത രീതിയിൽ വിശുദ്ധ ഖുർആനിലും കണ്ടെത്താനാകും. ഹൈന്ദവതയുടെ പവിത്രാചാര്യനായ ശ്രീരാമകൃഷ്ണ പരമഹംസർ ഇസ്ലാം മാർഗത്തിൽ കൂടിയും ഈശ്വരസാക്ഷാത്കാരത്തിന് മുതിർന്നവനാണ്. സനാതനധർമികളായ വിവേകാനന്ദനും ശ്രീനാരായണഗുരുവിനും മുഹമ്മദ് നബിയെ അത്യാദരവായിരുന്നു. ഋഗ്വേദത്തിെൻറ പ്രാരംഭവും വിശുദ്ധ ഖുർആനിെൻറ ആദ്യാധ്യായമായ ഫാത്തിഹയും ഏറക്കുറെ സമാന്തരമാണ്. എന്തിന്, ഡോ. മുഹമ്മദ് ഖാൻ ദുർറാനിയുടെ ‘ഗീത ആൻഡ് ഖുർആൻ’ എന്ന പുസ്തകത്തിൽ ഭഗവദ്ഗീതയും വിശുദ്ധ ഖുർആനും തമ്മിലുള്ള അദ്ഭുതകരമായ സാദൃശ്യങ്ങൾ അനാവരണപ്പെടുന്നുണ്ട്.
എങ്ങനെ നോക്കിയാലും വൈരുധ്യപ്പെടാനല്ല, ഐക്യപ്പെടാനാണ് മതദർശനങ്ങളും മതാചാര്യന്മാരും ഹിന്ദുക്കളോടും മുസ്ലിംകളോടും ആവശ്യപ്പെടുന്നത്. പിന്നെ എന്തിനാണ് മുസ്ലിം ഹിന്ദുവിെൻറ ശത്രുവാണെന്ന തോന്നൽ നിങ്ങളിൽ അറിയാതെ അങ്കുരിക്കുന്നത്? സംഘ്പരിവാർ നാട്ടിലില്ലെങ്കിൽ മുസ്ലിംകൾ ഹിന്ദുക്കളെ പിടിച്ച് മൂക്കിൽവലിക്കുമെന്ന ധാരണ എന്തിനാണ് നിങ്ങൾ പുലർത്തുന്നത്? 550 വർഷത്തോളം സുൽത്താന്മാരും മുഗളരും (ബാഹ്മനി സുൽത്താന്മാരടക്കം) ഇന്ത്യ ഒട്ടുമുക്കാലും ഭരിച്ചിട്ടും അവർ ഹൈന്ദവരെ മൂക്കിൽ വലിച്ചോ? പിന്നെ സോമനാഥ് പോലുള്ള മഹാക്ഷേത്രങ്ങൾ മുസ്ലിം രാജാക്കന്മാർ തകർത്തു എന്ന് ആേക്രാശിച്ചാണല്ലോ പലരും നിങ്ങളുടെ മനസ്സ് കലുഷമാക്കാറുള്ളത്? പണ്ട് ക്ഷേത്രങ്ങൾ ധനകേന്ദ്ര സ്ഥാനങ്ങളായതിനാൽ എത്രയോ ഹിന്ദു ചക്രവർത്തിമാരും ശത്രുദേശങ്ങളിലെ ക്ഷേത്രസമുച്ചയങ്ങൾ തകർത്ത് കൊള്ളയടിച്ചിട്ടുണ്ട്. മതപരിഗണനയല്ല, ധനപരിഗണനയായിരുന്നു ഇത്തരം ക്ഷേത്രധ്വംസനങ്ങൾക്ക് പിറകിൽ.
പ്രകൃതം വെച്ചും, മതതത്ത്വം വെച്ചും മതാചാര്യപ്രബോധനങ്ങൾ വെച്ചും നിങ്ങൾ മുസ്ലിംകളോട് കാലുഷ്യം സൂക്ഷിക്കേണ്ടവരല്ല. അവരെ സ്നേഹോഷ്മളമായി കൂട്ടിപ്പിടിക്കേണ്ടവരാണ്. നിങ്ങളെ നിങ്ങളല്ലാതാക്കുന്നവർ ഒരിക്കലും നിങ്ങളുടെ സംരക്ഷകരല്ല, വിനാശകരാണ്. അവരുടെ ലക്ഷ്യങ്ങൾ തീർത്തും മതവിശ്വാസബാഹ്യമാണ്. ആ ലക്ഷ്യങ്ങൾകൊണ്ട് അവർക്ക് ഭൗതികപ്രയോജനമുണ്ടെങ്കിലും നിങ്ങൾക്ക് ഒരു നേട്ടവുമില്ല.
സത്യസായിബാബ മരിക്കുംവരെ ഹിന്ദുവർഗീയവാദികളെ പരിസരത്ത് അടുപ്പിച്ചിരുന്നില്ല. ക്ഷേത്രപ്പറമ്പിൽ നടത്തുന്ന സദ്സംഗങ്ങളിൽ അന്യമതസ്ഥരെ തടഞ്ഞും മറ്റും ഹിന്ദുമതതീവ്രവാദികൾ അമൃതാനന്ദമയീമഠ പ്രവർത്തനങ്ങളിൽ ഏടാകൂടങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. സ്വാമി അഗ്നിവേശിനെപ്പോലെ അറിവും ആർജവവുമുള്ള സ്വാമിമാരാരും ഹിന്ദുത്വവാദികളുമായി ഒത്തുപോയിട്ടില്ല. പിന്നെ എങ്ങനെയാണ് ഇവർ ജനിച്ചതും ജനിക്കാൻ പോകുന്നതുമായ ഹിന്ദുക്കളെയെല്ലാം എട്ടുകാലി മമ്മുഞ്ഞിയെപ്പോലെ അങ്ങ് ഏറ്റെടുക്കുന്നത്? അതിന് നിങ്ങൾ ഒരിക്കലും നിന്നുകൊടുക്കരുത്.
കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ചേർന്ന ഈ അണ്ഡകടാഹത്തിന് പിറകിൽ ഒരു ചാലകശക്തിയുമില്ലെന്ന് വിശ്വസിക്കുന്നതാണ് യുക്തിഭംഗം എന്നതാണല്ലോ സർവവിശ്വാസികളുടെയും വിശ്വാസത്തിനകത്തുള്ള ന്യായാരൂഢം. ആ വിശാലവീക്ഷണം വെച്ച് നോക്കുമ്പോൾ മതങ്ങൾക്കുള്ളിലെ ഏകസാരത്തിനല്ലേ പ്രാമാണ്യം? അങ്ങനെയാണെങ്കിൽ, ഹൈന്ദവവിധി പ്രകാരമുള്ള അവതാരങ്ങളും ഇസ്ലാം വിളംബരപ്പെടുന്ന പ്രവാചകരും ഒന്നാണെങ്കിൽ, ഭഗവദ് ഗീതയും വിശുദ്ധ ഖുർആനും തമ്മിലെ സാദൃശ്യങ്ങൾ യാദൃച്ഛികമല്ലെങ്കിൽ, മുഹമ്മദ് നബി സാക്ഷാൽ കൽക്കി തന്നെയാണെന്ന ബംഗാളി ബ്രാഹ്മൺ പണ്ഡിറ്റ് വേദപ്രകാശ് ഉപാധ്യായയുടെ കണ്ടെത്തൽ സത്യമാണെങ്കിൽ, ചില പരദൂഷണങ്ങളിൽ കുടുങ്ങി നിങ്ങൾ മുസ്ലിംകളോട് വിദ്വേഷം പുലർത്തുന്നത് എന്തൊരു സുകൃതക്ഷയമായിരിക്കും, ഭാതൃവിേദ്രാഹമായിരിക്കും, മഹാപാതകമായിരിക്കും?
ഇനി ആ അതിഭൗതിക പരിഗണന വെടിഞ്ഞ് ചിന്തിച്ചാലും മുസ്ലിംകളുമായുള്ള വിഷലിപ്തത ഇറാഖിലേതുപോലുള്ള ആഭ്യന്തരയുദ്ധത്തിൽ കലാശിച്ചാൽ എന്തായിരിക്കും നിങ്ങളുടെ കുഞ്ഞുകുട്ടികളുടെ ഭാവി? അതുകൊണ്ട് മനസ്സിനകത്ത് വർഗീയ നഞ്ഞ് കലർത്താൻ വരുന്നവരോട് കടെക്കടാ/കടക്കെടീ പുറത്ത് എന്ന് ഹിന്ദുവിെൻറ മൃദുലത വെടിഞ്ഞുകൊണ്ട് നിങ്ങൾ അലറേണ്ടതല്ലേ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.