തെരഞ്ഞെടുപ്പ് കമീഷന്റെ ‘ബിഹാർ മോഡൽ’
text_fieldsവരുന്ന നവംബറിനകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ട ബിഹാറിൽ നിർണായകമായ വോട്ടർപട്ടിക പ്രശ്നം ഉയർന്നുവന്നിരിക്കുന്നു. എട്ടു കോടിയിൽ പരം വോട്ടർമാരുള്ള സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമീഷൻ തുടങ്ങിവെച്ച പ്രത്യേക തീവ്ര പുനഃപരിശോധന (എസ്.ഐ.ആർ), ഏതാണ്ട് 3-4 കോടിക്കടുത്ത് സമ്മതിദായകരുടെ വോട്ടവകാശം നഷ്ടപ്പെട്ടേക്കുമെന്നാണ് വിമർശനം. കാരണം 2003ലെ തെരഞ്ഞെടുപ്പിനു ശേഷം വോട്ടർപട്ടികയിൽ പേരുചേർക്കപ്പെട്ട സമ്മതിദായകർക്ക് ഇക്കുറി വോട്ടവകാശം നിലനിർത്തണമെങ്കിൽ കമീഷൻ നിർദേശിച്ച ഫോറം പൂരിപ്പിച്ചുനൽകുകയും ഉത്തരവിൽ പറയുന്ന പതിനൊന്നിൽ ഏതെങ്കിലുമൊരു പൗരത്വരേഖ ഹാജരാക്കുകയും വേണമെന്നാണ് ജൂൺ 24ന് ഇറക്കിയ ഉത്തരവിലുള്ളത്. അതിനു നൽകിയ സമയമാകട്ടെ, ഒരു മാസവും. ഇന്നലെ (ബുധൻ) ബിഹാറിൽ പ്രതിപക്ഷ സഖ്യമായ മഹാഗഢ്ബന്ധൻ ആഹ്വാനം ചെയ്ത ബന്ദ് ഇതിനോടുള്ള പ്രതിഷേധമായിരുന്നു. ഈ തീവ്ര പുനഃപരിശോധനക്കെതിരെ പൗരാവകാശ സംഘടനകളും വിവിധ രാഷ്ട്രീയനേതാക്കളും സുപ്രീംകോടതിയിൽ ഫയൽചെയ്ത ഹരജികൾ ഇന്ന് പരിഗണിക്കാനിരിക്കുകയാണ്.
തെരഞ്ഞെടുപ്പു നടത്തിപ്പ് തെരഞ്ഞെടുപ്പ് കമീഷന്‍റെ ഉത്തരവാദിത്തമാണ്. വോട്ടർ പട്ടിക തയാറാക്കൽ അതിന്‍റെ ഭാഗംതന്നെ. കമീഷന്‍റെ വിപുലമായ അധികാരങ്ങളിൽ പ്രത്യേക ഇടങ്ങളിൽ പ്രത്യേക തീവ്ര പുനഃപരിശോധനയുമാകാം. മുമ്പ് 2003ൽ ബിഹാറിൽ തന്നെ അത്തരം പുനഃപരിശോധന നടത്തിയിട്ടുണ്ട്. 20 വർഷത്തിനകം ഒരുപാട് കുടിയേറ്റങ്ങളും നഗരവത്കരണവും നടന്നതിനാൽ പട്ടിക കുറ്റമറ്റതാക്കാൻ അത്തരം പ്രത്യേക പരിശോധന ആവശ്യമാണെന്നാണ് കമീഷന്റെ പക്ഷം. എന്നാൽ കാര്യങ്ങൾ അത്ര നിഷ്കളങ്കമാണെന്ന് പറയുക വയ്യ. ഫോറവും സാക്ഷ്യപത്രങ്ങളും സമർപ്പിക്കേണ്ട സമയത്തിലെ ധിറുതി ഈ അഭ്യാസത്തെ സംശയാസ്പദമാക്കുന്നുണ്ട്.
പൂരിപ്പിച്ചു നൽകേണ്ട ഫോറം തയാറാക്കാനും രേഖകൾ ഹാജരാക്കാനും ഒട്ടുമിക്ക വോട്ടർമാർക്കും സാധിക്കില്ലെന്ന് ഏതാണ്ട് വ്യക്തം. പത്തു ദിവസം പിന്നിട്ടപ്പോൾ വെറും 14 ശതമാനം മാത്രമേ രേഖകൾ നൽകിയിട്ടുള്ളൂ എന്നതിൽനിന്നുതന്നെ അതിന്റെ പ്രയാസം മനസ്സിലാക്കാം. ബിഹാറിൽ ഭരണവിരുദ്ധ വികാരം ശക്തിപ്പെടുകയാണെന്ന വിലയിരുത്തലിൽ ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിന് എതിരാകാൻ സാധ്യതയുള്ള വിഭാഗങ്ങളെ -മുഖ്യമായും മുസ്‍ലിം, ദലിത് പിന്നാക്ക വിഭാഗങ്ങളെയും കുടിയേറ്റ തൊഴിലാളികളെയും- തെരഞ്ഞെടുപ്പ് പ്രക്രിയയിൽനിന്ന് മാറ്റിനിർത്താനുള്ള തന്ത്രമാണിതെല്ലാം എന്ന വിമർശനം വ്യാപകമാണ്. നിഷ്പക്ഷ സംവിധാനമായി നിലകൊണ്ട് നീതിപൂർവകമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തേണ്ട തെരഞ്ഞെടുപ്പ് കമീഷൻ, ഭരണകൂട താൽപര്യം നടപ്പാക്കാൻപാകത്തിൽ കേന്ദ്രത്തോട് കടപ്പെട്ട ഒരസ്തിത്വമായിത്തീരുകയും ചെയ്തിരിക്കുന്നു.
13 കോടിക്കു മുകളിൽ ജനസംഖ്യയുള്ള ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നത് ബി.ജെ.പി മുന്നണിക്ക് അതിപ്രധാനമാണ്. അതിനുവേണ്ടി വോട്ടർ പട്ടികയിൽ പിടിമുറുക്കാനും ഉദ്യുക്തരാണവർ. വോട്ടറുടെയും മാതാപിതാക്കളുടെയും ജന്മസ്ഥലവും തീയതിയും സാക്ഷ്യപ്പെടുത്തുന്ന രേഖ, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, ദേശീയ പൗരത്വ രജിസ്റ്റർ, അധികാരികൾ സാക്ഷ്യപ്പെടുത്തിയ കുടുംബ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളിൽ പലതും ഭൂരിപക്ഷം ആളുകൾക്കും ലഭ്യമല്ലെന്ന് മാത്രമല്ല, ഉള്ളവതന്നെ കിട്ടാൻ ധാരാളം സമയമെടുക്കുന്ന ഏറെ കടമ്പകളുമുണ്ട്.
എന്നാൽ അവരുടെ പക്കലുള്ള ആധാർ, വോട്ടർ ഐ.ഡി, തൊഴിൽ കാർഡ്, തൊഴിലുറപ്പ് കാർഡ് എന്നിവയൊന്നും കമീഷന് സ്വീകാര്യമല്ലതാനും. ആധാർ പൗരത്വ രേഖയല്ല എന്ന് അതിൽതന്നെ പറയുന്നുണ്ട്. പക്ഷേ, വിചിത്രമായ കാര്യം തെരഞ്ഞെടുപ്പ് കമീഷൻതന്നെ നൽകിയ തിരിച്ചറിയൽ രേഖയായ വോട്ടർ ഐ.ഡിപോലും സ്വീകാര്യമല്ലെന്ന വ്യവസ്ഥയാണ്. ആവശ്യമായ രേഖയൊന്നും എളുപ്പം സംഘടിപ്പിക്കാൻ ഗ്രാമീണരും അക്ഷരാഭ്യാസം കുറഞ്ഞവരുമായ പൗരർക്ക് കഴിയില്ല. എന്നുമാത്രമല്ല, താൽക്കാലികമായി തൊഴിലാവശ്യാർഥം അന്യസംസ്ഥാനങ്ങളിൽ കഴിയുന്നവർക്കൊന്നും ഇതിനൊന്നും നേരമോ പണമോ ഉണ്ടാകില്ല. അവർക്കാണ് പട്ടികയിൽനിന്ന് പുറത്തുനിർത്താനുദ്ദേശിച്ചു എന്ന് ആരോപിക്കാവുന്ന തരത്തിൽ നിബന്ധനകൾ വെച്ച് പൗരാവകാശം നിഷേധിക്കുന്നത്.
കടുത്ത പ്രതിഷേധങ്ങളെത്തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ മുൻ ഉത്തരവിൽ അയവു വരുത്തി. കാലാവധി നീട്ടാമെന്നും തല്ക്കാലം ഫോറം പൂരിപ്പിച്ചുനൽകി, രേഖകൾ പിന്നീട് പരിശോധന സമയത്ത് സമർപ്പിക്കാം എന്നൊക്കെ വിട്ടുവീഴ്ചകൾക്ക് സന്നദ്ധമായി. രേഖകൾ സമർപ്പിക്കാൻ കഴിയുന്നില്ലെങ്കിലും പ്രാദേശിക പരിശോധനയിലൂടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് തീരുമാനമെടുക്കാമെന്നും വിശദീകരണമുണ്ട്. എന്നാൽ അത്തരം വിവേചനാധികാരമുള്ള തീരുമാനങ്ങളിൽ കൃത്യമായ നീതി ലഭിക്കാതിരിക്കാനും പക്ഷപാതങ്ങളുണ്ടാകാനും സാധ്യത ഏറെയാണ്. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലും ഈ മോഡൽ പിന്തുടരുമെന്ന കമീഷന്റെ പ്രഖ്യാപനത്തിൽനിന്ന് ബിഹാറിൽ നടക്കുന്നത് ഒരു റിഹേഴ്സൽ മാത്രമാണെന്ന് വ്യക്തം. അങ്ങനെയെങ്കിൽ ഇത് പൗരത്വ കണക്കെടുപ്പിന്റെ മുന്നോടിയായി മാറാം. നാട്ടിൽ ജീവിക്കാൻ അനുവാദമുണ്ടെങ്കിലും സമ്മതിദാനാവകാശമെന്ന പൗരാവകാശം നിഷേധിക്കപ്പെടുന്ന രണ്ടാംകിട പൗരന്മാരാകുന്ന പ്രക്രിയ. ഇന്ത്യ എന്ന ജനാധിപത്യ രാഷ്ട്രത്തിൽ ഒരുനിലക്കും അനുവദിച്ചുകൂടാത്ത ഈ നീക്കത്തെ മുളയിലേ നുള്ളാൻ പൗരാവകാശ ബോധമുള്ളവർ ജാഗ്രത്തായിരിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.