Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകീം: സർക്കാർ...

കീം: സർക്കാർ വരുത്തിവെച്ച വിന

text_fields
bookmark_border
കീം: സർക്കാർ വരുത്തിവെച്ച വിന
cancel

കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ (കീം) റാങ്ക് ലിസ്റ്റ് കേരള ഹൈകോടതി അസാധുവാക്കിയതോടെ ഈ വർഷത്തെ എൻജിനീയറിങ് പ്രവേശനം അവതാളത്തിലായിരിക്കുന്നു. ഫെബ്രുവരി 19ന് പുറപ്പെടുവിച്ച പ്രോസ്പെക്ടസ് അനുസരിച്ച് റാങ്ക് പട്ടിക പുതുക്കി പ്രസിദ്ധീകരിക്കണമെന്ന ഹൈകോടതി ജസ്റ്റിസ് ഡി.കെ. സിങ്ങിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാറിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ചും ഇന്നലെ തള്ളി. വിദ്യാർഥികളുടെ ഉപരിപഠന സാധ്യതകളെ അനിശ്ചിതത്വത്തിലേക്കും അതുവഴി ആയിരക്കണക്കിന് വിദ്യാർഥികളെയും അവരുടെ കുടുംബങ്ങളെയും കഠിനമായ മാനസികസമ്മർദത്തിലേക്കും തള്ളിവിട്ടിരിക്കുകയാണ് ഈ നിയമയുദ്ധം. വിഷയം സുപ്രീംകോടതി കയറിയാലും ആശ്വാസകരമായ ഫലപ്രാപ്തി ഉറപ്പിക്കാനാവില്ല.

ഒന്നര പതിറ്റാണ്ടിനടുത്തായി പിന്തുടരുന്ന മാർക്ക് ഏകീകരണ ഫോർമുലക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നിട്ടും സമയബന്ധിതമായ പരിഹാരമോ പുതിയ ഫോർമുലയോ ഉണ്ടാക്കുന്നതിൽ സർക്കാർ കാണിച്ച അനാസ്ഥയാണ് ഈ പ്രതിസന്ധിയിലെ യഥാർഥ വില്ലൻ. ഉന്നത വിദ്യാഭ്യാസമേഖലയിലെ വിഷയങ്ങൾ എത്ര അലംഭാവത്തോടുകൂടിയാണ് നമ്മുടെ സർക്കാർ കൈകാര്യം ചെയ്യുന്നത് എന്നതിന്‍റെ ദയനീയമായ ഉദാഹരണമാണ് ഈ നടപടികൾ. വിവിധ ബോർഡുകളിൽ പഠിച്ച വിദ്യാർഥികൾക്ക് തുല്യത നൽകാൻ സ്വീകരിച്ച മാർക്ക് ഏകീകരണ ഫോർമുല സംസ്ഥാന സിലബസിലെ വിദ്യാർഥികൾക്ക് അനീതികരമാകുന്നു എന്ന വിമർശനത്തെ മുഖവിലക്കെടുത്തുകൊണ്ട് മാർക്ക് എകീകരണ രീതി സംബന്ധിച്ച് പരിശോധന കമ്മിറ്റിയെ നിയോഗിക്കണമെന്ന് പരീക്ഷ കമീഷണർ സർക്കാറിന് കത്തയച്ചു. ഡേറ്റ പരിശോധിച്ചും കുറ്റമറ്റ രീതിയിലും പരിഹരിക്കേണ്ട വിഷയത്തിൽ പക്ഷേ, സംഭവിച്ചത് കുറ്റകരമായ അലംഭാവവും തുടർനടപടികളിലെ കാലവിളംബവുമായിരുന്നു. 2025 ഫെബ്രുവരി 19ന് പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചശേഷമാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഈ വിഷയത്തിൽ യോഗം ചേർന്നതുതന്നെ. പിന്നെയും ഒരുമാസത്തിലേറെയെടുത്തു വിദഗ്ധസമിതിയെ നിയോഗിച്ച് ഉത്തരവിറക്കാൻ. വിവിധ പരീക്ഷ ബോർഡുകളുടെ ഫലങ്ങളും ഡാറ്റയും വിശകലനം ചെയ്ത് മാത്രമേ ബദൽ രീതികൾ നിർദേശിക്കാനാകൂ എന്നും അതിന് മതിയായ സമയം ആവശ്യമുണ്ടെന്നുമായിരുന്നു സമിതിയുടെ നിലപാട്. അത് ശരിയും യുക്തിസഹവുമായിരുന്നു. തിരക്കുപിടിച്ച പരിഹാരങ്ങൾ കാരണം കുട്ടികളുടെ അവകാശങ്ങളായിരിക്കും ഹനിക്കപ്പെടുക എന്നത് നിസ്തർക്കമാണ്. വളരെ പ്രാധാന്യമുള്ളതും വിദ്യാർഥികളുടെ ഭാവിയെ നിർണയിക്കുന്നതുമായ ഈ പ്രവേശനപരീക്ഷ കുറ്റമറ്റതും നീതിപരവുമാകുക സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ വിശ്വാസ്യതക്കും അനിവാര്യമായിരുന്നു. പക്ഷേ, ആദ്യത്തെ മെല്ലെപ്പോക്കുകൾക്ക് ശേഷമുണ്ടായ അമിതവേഗം കാര്യങ്ങളെ കൂടുതൽ അപകടത്തിലാക്കിയിരിക്കുകയാണ്.

മേയ് 14ന് പരീക്ഷ പൂർത്തിയാകുകയും സ്കോർ പ്രസിദ്ധീകരിക്കുകയും ചെയ്തശേഷം കഴിഞ്ഞ ജൂൺ അഞ്ചിനാണ് വിദഗ്ധസമിതി അഞ്ച് ബദൽ നിര്‍ദേശങ്ങളടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചത്. ഈ നിർദേശങ്ങളിൽ ഏറ്റവും മികച്ചതേതാണ് എന്ന പരിശോധനകളും ചർച്ചകളും സംഘടിപ്പിച്ച് അടുത്ത വർഷം മുതൽ നടപ്പാക്കുന്നതായിരുന്നു ഇത്രയും വൈകിയ അവസ്ഥയിൽ കരണീയം. പക്ഷേ, അതുവരെ ഇഴഞ്ഞ സർക്കാർ ജൂൺ 30ന് പ്രത്യേക മന്ത്രിസഭ വിളിക്കുന്നു, പ്രോസ്പെക്ടസ് ഭേദഗതി അംഗീകരിക്കുന്നു. അടുത്തദിവസം തന്നെ ഉത്തരവിറക്കുകയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ എല്ലാം അതിവേഗം പൂർത്തിയായി! ഇത്രയും കാലത്തെ നിഷ്ക്രിയതയെയും ഒടുവിലത്തെ അമിതവേഗത്തിലെ നിയമവിരുദ്ധതയെയുമാണ് ഹൈകോടതി നിശിതമായി വിചാരണ ചെയ്തിരിക്കുന്നത്. ജൂലൈ ഒന്നിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത് നിയമവിരുദ്ധവും സ്വേച്ഛാപരവുമാണെന്നും മാർക്ക് ഏകീകരണരീതിയിൽ അവസാന നിമിഷം മാറ്റംവരുത്തിയത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരിക്കുന്നു. കളി തുടങ്ങിയശേഷം ചട്ടത്തിൽ മാറ്റം വരുത്താനാകില്ലെന്ന കോടതിയുടെ വിധിതീർപ്പ് സർക്കാർ ഗൗരവത്തിലെടുക്കുകയും വീഴ്ചകൾ പരിഹരിക്കുകയും ചെയ്യണം.

കഴിഞ്ഞ ആഗസ്റ്റ് മുതൽ പ്രൊസ്പെക്ടസ് പുറത്തിറക്കിയ ഫെബ്രുവരി 19 വരെ ഉന്നത വിദ്യാഭ്യാസവകുപ്പ് ഈ വിഷയത്തിൽ എന്തെടുക്കുകയായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയാൻ വകുപ്പ്​മന്ത്രിക്ക് ബാധ്യതയുണ്ട്. ഫോർമുല മാറ്റണമെന്ന അഭിപ്രായത്തിനുമേൽ അനാവശ്യമായി അടയിരുന്ന് ഉറങ്ങിയ ഉന്നത വിദ്യാഭ്യാസവകുപ്പാണ് വിദ്യാർഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കി അവരെ നിയമയുദ്ധത്തിലേക്ക് എത്തിച്ചത്.

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിക്കൊണ്ടുള്ള വിധിയിലൂടെ ഹൈകോടതി സർക്കാറിന്‍റെ അലംഭാവത്തിനും അധികാരപ്രമത്തതക്കുമുള്ള ശക്തമായ ​പ്രഹരമാണ്​ നൽകിയിരിക്കുന്നത്. പ്രവേശനപരീക്ഷകളുടെ നടത്തിപ്പിലും തുടർനടപടികളിലുമുണ്ടാകുന്ന വീഴ്ചകൾ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയാണ് തകർക്കുന്നത്. അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസകൗൺസിൽ പ്രവേശനം പൂർത്തിയാക്കാൻ നിശ്ചയിച്ച സമയമായ ആഗസ്റ്റ് 14ന് മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സർക്കാറിന് കഴിഞ്ഞില്ലെങ്കിൽ പ്രശ്നം കൂടുതൽ വഷളാകും. അധികാരപ്പലകയിലെ ചൂതാട്ടത്തിനിടെ പുതിയ തലമുറയുടെ ഭാവി വിസ്മരിക്കപ്പെടരുത്. ഇനിയെങ്കിലും ഇക്കാര്യത്തിൽ സർക്കാറിന്‍റെ മുഖ്യ പരിഗണന വിദ്യാർഥികൾക്കായിരിക്കണം. അവർക്ക് മാത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialKEAM 2025
News Summary - Madhyamam editorial on KEAM Entrance test
Next Story