കപിലിന്‍റെ റെക്കോഡ് തകർത്ത് ബുംറ, ആഘോഷിക്കാൻ മടിച്ചുനിന്ന താരത്തിന്‍റെ കൈ ഉയർത്തി സിറാജ്, ഇനി പാക് ഇതിഹാസത്തിനൊപ്പം -വിഡിയോ
text_fieldsലണ്ടന്‍: വിശ്രമത്തിനുശേഷമുള്ള തിരിച്ചുവരവിലും ജസ്പ്രീത് ബുംറ തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് 387 റൺസിലൊതുങ്ങി. ലോർഡ്സിൽ 27 ഓവറിൽ 74 റൺസ് വഴങ്ങിയാണ് താരം അഞ്ചു വിക്കറ്റെടുത്തത്.
പരമ്പരയിൽ രണ്ടാം തവണയാണ് താരം അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. ലീഡ്സിലെ ഒന്നാം ടെസ്റ്റിലും താരം അഞ്ചു വിക്കറ്റ് നേടിയിരുന്നു. ഒന്നാംദിനം ഭേദപ്പെട്ട നിലയിലാണ് ആതിഥേയർ ഇന്നിങ്സ് അവസാനിപ്പിച്ചത്. എന്നാൽ, രണ്ടാം ദിനം ബുംറയുടെ പന്തുകൾക്കുമുന്നിൽ ഇംഗ്ലീഷ് ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല. അഞ്ചു വിക്കറ്റ് നേട്ടത്തോടെ ഇതിഹാസം കപിൽദേവിന്‍റെ റെക്കോഡ് ബുംറ മറികടന്നു. വിദേശ മണ്ണിൽ ഏറ്റവും കൂടുതൽ തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യൻ ബൗളറെന്ന റെക്കോഡ് ഇനി ബുംറക്ക് സ്വന്തം. ലോർഡ്സിൽ താരത്തിന്‍റേത് വിദേശ മണ്ണിലെ 13ാമത്തെ അഞ്ചു വിക്കറ്റ് നേട്ടമാണ്.
കപിൽ ദേവ് 12 തവണയാണ് വിദേശ ടെസ്റ്റിൽ അഞ്ചു വിക്കറ്റ് നേടിയത്. ക്രിക്കറ്റിന്‍റെ മക്കയായ ലോർഡ്സിൽ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന 15ാമത്തെ ഇന്ത്യൻ ബൗളർ കൂടിയാണ് ബുംറ. ആദ്യദിനം ഒരു വിക്കറ്റ് നേടിയ ബുംറ, രണ്ടാംദിനം നാലു വിക്കറ്റുകൾ കൂടി നേടിയാണ് ഈ നേട്ടത്തിലെത്തിയത്. സ്‌കോര്‍ 260 എത്തിയപ്പോള്‍ നായകൻ ബെന്‍ സ്റ്റോക്സിനെ മടക്കിയാണ് ബുംറ രണ്ടാംദിനം വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.
110 പന്തില്‍ നിന്ന് 44 റണ്‍സെടുത്താണ് സ്റ്റോക്സ് പുറത്തായത്. പിന്നാലെ ജോ റൂട്ടിനെയും തൊട്ടടുത്ത പന്തില്‍ ക്രിസ് വോക്‌സിനെയും (0) ബുംറ മടക്കി. ജൊഫ്ര ആർച്ചറെ ബൗൾഡാക്കിയാണ് ബുംറ റെക്കോഡ് ബുക്കിൽ ഇടംപിടിച്ചത്.
എന്നാൽ, നേട്ടം ആഘോഷിക്കാൻ ബുംറ വലിയ താൽപര്യം കാണിച്ചില്ല. മടിച്ചുനിന്ന താരത്തിന്‍റെ കൈ മുഹമ്മദ് സിറാജാണ് ഗാലറിക്കുനേരെ ഉയർത്തികാണിച്ചത്. 66ാമത്തെ വിദേശ ടെസ്റ്റിലാണ് ബുംറ ഈ നേട്ടത്തിലെത്തിയത്. 10 തവണ അഞ്ചു വിക്കറ്റ് നേടിയ മുൻ ഇന്ത്യൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെയാണ് മൂന്നാമത്. കൂടാതെ, ‘സുൽത്താൻ ഓഫ് സ്വിങ്’ എന്നറിയപ്പെടുന്ന പാകിസ്താൻ ഇതിഹാസം വാസീം അക്രത്തിന്‍റെ അപൂർവ റെക്കോഡിനൊപ്പമെത്താനും ബുംറക്കായി. സെന രാജ്യങ്ങൾക്കെതിരെ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ആസ്ട്രേലിയ) ഏറ്റവും കൂടുതൽ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച (11 തവണ) അക്രത്തിന്‍റെ നേട്ടത്തിനൊപ്പമാണ് ബുംറ എത്തിയത്.
ജോ റൂട്ട് ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടി. 199 പന്തില്‍ നിന്ന് 10 ബൗണ്ടറിയടക്കം 104 റണ്‍സായിരുന്നു റൂട്ടിന്റെ സമ്പാദ്യം. രണ്ടാം ദിനം സ്കോർ ബോർഡിൽ 116 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെയാണ് ഇംഗ്ലണ്ടിന് ബാക്കിയുള്ള ആറു വിക്കറ്റുകൾ നഷ്ടമായത്. തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ഏഴിന് 271 റണ്‍സെന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ 350 കടത്തിയത് ജാമി സ്മിത്ത്-ബ്രൈഡന്‍ കാര്‍സ് കൂട്ടുകെട്ടാണ്. എട്ടാം വിക്കറ്റില്‍ ഇരുവരും 84 റണ്‍സാണ് നേടിയത്.
ജാമി സ്മിത്ത് 56 പന്തിൽ 51 റൺസും ബ്രൈഡന്‍ കാര്‍സ് 83 പന്തിൽ 56 റൺസെടുത്തുമാണ് പുറത്തായത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, നിതീഷ് കുമാർ റെഡ്ഡി എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.