വിംബിൾഡൺ ടെന്നിസിന് ഇന്ന് തുടക്കം; സെന്റർ കോർട്ടിൽ അൽകാരസ്
text_fieldsപരിശീലനത്തിനെത്തിയ കാർലോസ് അൽകാരസും നൊവാക് ദ്യോകോവിച്ചും കണ്ടുമുട്ടിയപ്പോൾ
ലണ്ടൻ: ചരിത്ര പ്രസിദ്ധമായ വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിന് തിങ്കളാഴ്ച കോർട്ടുണരും. ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന സ്പാനിഷ് യുവ സൂപ്പർ താരം കാർലോസ് അൽകാരസടക്കമുള്ളവർ ഇന്ന് ആദ്യ റൗണ്ട് പോരാട്ടത്തിനിറങ്ങും. സെന്റർ കോർട്ടിൽ ഇറ്റലിയുടെ ഫാബിയോ ഫൊഗ്നിനിയാണ് അൽകാരസിന്റെ എതിരാളി. 25ാം ഗ്രാൻഡ് സ്ലാം കിരീടത്തിലേക്ക് റാക്കറ്റേന്തുന്ന സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിച്ച് ഫ്രാൻസിന്റെ ലോക 40ാം നമ്പർ താരം അലക്സാണ്ടർ മുള്ളറെ നാളെ നേരിടും.
ഈയിടെ ഫ്രഞ്ച് ഓപൺ ഫൈനലിൽ അൽകാരസിന് മുന്നിൽ വീണ ടോപ് സീഡ് ഇറ്റലിയുടെ യാനിക് സിന്നറിന് സ്വന്തം നാട്ടുകാരനായ ലൂക നാർഡിയുമായാണ് ചൊവ്വാഴ്ച മത്സരം. വനിതകളിൽ നിലവിലെ ചാമ്പ്യൻ ബാർബറ ക്രെസിക്കോവക്ക് ഫിലിപ്പീൻസുകാരിയായ എലിസബത്ത കോക്സിയാറെറ്റോയുമായാണ് ആദ്യ പോര്.
കഴിഞ്ഞ വർഷത്തെ റണ്ണറപ്പും നാലാം സീഡുമായ ഇറ്റലിയുടെ ജാസ്മിൻ പവോലിനിയും ഇന്ന് ഇറങ്ങും. ലത്വിയയുടെ അനസ്റ്റാസ്യ സെവസ്റ്റോവയാണ് എതിരാളി. ബെലറൂസിയൻ സൂപ്പർ താരം അരീന സബാലങ്കക്ക് വെല്ലുവിളിയുയർത്താൻ കാനഡയുടെ കാർസൻ ബ്രാൻസ്റ്റൈനെത്തും. പുരുഷന്മാരിൽ വമ്പന്മാരായ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനും റഷ്യയുടെ ഡാനിൽ മെദ്വദേവിനും ഉദ്ഘാടന ദിനത്തിൽ മത്സരങ്ങളുണ്ട്. ഫ്രഞ്ച് താരങ്ങളായ ആർതർ റിൻഡർക്നെക്കിനെ സ്വരേവും ബെഞ്ചമിൻ ബോൺസിയെ മെദ്വദേവും നേരിടും. ഫ്രഞ്ച് ഓപൺ വനിത ചാമ്പ്യൻ കൊകൊ ഗാഫ് യുക്രെയ്നിന്റെ ഡയാന യാസ്ട്രെംസ്കയോട് ഏറ്റുമുട്ടി തുടക്കമിടും. മുൻ ലോക ഒന്നാം നമ്പറുകാരി പോളണ്ടിന്റെ ഇഗ സ്വിയാറ്റക്കിന് റഷ്യയുടെ പോളിന കുഡർമെറ്റോവയാണ് ആദ്യ പ്രതിയോഗി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.