Begin typing your search above and press return to search.
proflie-avatar
Login

ഭരണഘടന സംരക്ഷിക്കാൻ ഹിന്ദുത്വയെ പരാജയപ്പെടുത്തേണ്ടതുണ്ട്​

ഭരണഘടന സംരക്ഷിക്കാൻ  ഹിന്ദുത്വയെ  പരാജയപ്പെടുത്തേണ്ടതുണ്ട്​
cancel

രാജ്യം വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിൽ, തെരഞ്ഞെടുപ്പിൽ എന്താണ്​ പൗരരുടെ പ്രധാന കടമ? ‘ബി.ജെ.പിക്ക് നൽകുന്ന ഓരോ വോട്ടും ഇന്ത്യയുടെ ഭരണഘടനയെ തകർക്കാനുള്ള, ജനാധിപത്യ ഇന്ത്യയെ തകർക്കാനുള്ള സമ്മതപത്രമാകുമോ? ആ ബോധ്യത്തിൽ ബി.ജെ.പി വിരുദ്ധമായ ഒരു രാഷ്ട്രീയ നിലപാട് പൗരസമൂഹം സ്വീകരിക്കണോ? വേണമെന്ന്​ ചിന്തകനും വാഗ്​മിയും ആക്ടിവിസ്​റ്റുമായ ലേഖകൻ. ഇൗ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന കാര്യം ബി.ജെ.പി-സംഘ്പരിവാർ ശക്തികൾ സമ്പൂർണമായ ആധിപത്യത്തിനുവേണ്ടി ശ്രമിക്കുന്നു എന്നതാണ്. അതൊരു മതരാഷ്ട്രവാദവും ഫാഷിസവുമാണ്. അതിനെ ചെറുത്തുതോൽപിക്കുക എന്നതാണ് ജനാധിപത്യത്തെ കാംക്ഷിക്കുന്ന ഇന്ത്യൻ പൗരര​ുടെ അടിയന്തര...

Your Subscription Supports Independent Journalism

View Plans

രാജ്യം വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിൽ, തെരഞ്ഞെടുപ്പിൽ എന്താണ്​ പൗരരുടെ പ്രധാന കടമ? ‘ബി.ജെ.പിക്ക് നൽകുന്ന ഓരോ വോട്ടും ഇന്ത്യയുടെ ഭരണഘടനയെ തകർക്കാനുള്ള, ജനാധിപത്യ ഇന്ത്യയെ തകർക്കാനുള്ള സമ്മതപത്രമാകുമോ? ആ ബോധ്യത്തിൽ ബി.ജെ.പി വിരുദ്ധമായ ഒരു രാഷ്ട്രീയ നിലപാട് പൗരസമൂഹം സ്വീകരിക്കണോ? വേണമെന്ന്​ ചിന്തകനും വാഗ്​മിയും ആക്ടിവിസ്​റ്റുമായ ലേഖകൻ. 

ഇൗ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന കാര്യം ബി.ജെ.പി-സംഘ്പരിവാർ ശക്തികൾ സമ്പൂർണമായ ആധിപത്യത്തിനുവേണ്ടി ശ്രമിക്കുന്നു എന്നതാണ്. അതൊരു മതരാഷ്ട്രവാദവും ഫാഷിസവുമാണ്. അതിനെ ചെറുത്തുതോൽപിക്കുക എന്നതാണ് ജനാധിപത്യത്തെ കാംക്ഷിക്കുന്ന ഇന്ത്യൻ പൗരര​ുടെ അടിയന്തര കടമ. ഹിന്ദുത്വ രാഷ്ട്രം ഇന്ത്യയിൽ പിറവികൊണ്ടാൽ, ഇത്രയും ബഹുസ്വരമായ ഒരു രാഷ്ട്രത്തിന് അകത്ത് ഏതെങ്കിലും ഒരു മതവിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രം രൂപംകൊണ്ടാൽ, ആ രാഷ്ട്രത്തിനുണ്ടാകാവുന്ന ആഭ്യന്തര തകർച്ച നമുക്ക് ഊഹിക്കാവുന്നതാണ്.

ഇന്ത്യയെ സംബന്ധിച്ച് വ്യത്യസ്തതകളുണ്ട് എന്നതല്ല പ്രശ്നം. ആ വ്യത്യസ്തതകൾ തമ്മിലുള്ള ബന്ധം മറിച്ച് കീഴ് മേലായി നിൽക്കുന്നു എന്നതാണ് പ്രധാന കാര്യം. ചില വ്യത്യസ്തതകൾ സമൂഹത്തിന്റെ ഏറ്റവും മുകൾത്തട്ടിൽ ആധിപത്യം ഉറപ്പിക്കുകയും മറ്റു ചില വ്യത്യസ്തതകൾ പരിപൂർണമായി പാർശ്വവത്കരിക്കപ്പെടുകയും നിസ്സഹായരായി നിൽക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളത്. അത്തരം പിന്നാക്ക അവസ്ഥയെ മറികടന്ന് പുതിയ തരത്തിലേക്കുള്ള വികാസത്തിലേക്ക് എത്തിക്കുന്നതിന് പകരം ആധിപത്യമുള്ള വിഭാഗം രാഷ്ട്രം പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്. 1946ൽ ഡോ. ബി.ആർ. അംബേദ്കർ പറഞ്ഞതുപോലെ ഇന്ത്യയിൽ ഒരു ഹിന്ദു ഭൂരിപക്ഷ ഭരണമുണ്ടായാൽ അത് ഒരു ദുരന്തമായിരിക്കും. ആ ദുരന്തത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് വിവേകപൂർവം മനസ്സിലാക്കാനാണ് ഇന്ത്യൻ സിവിൽ സമൂഹം തയാറാകേണ്ടത്.

പക്ഷേ, നിർഭാഗ്യമെന്നു പറയട്ടെ പൗരരുടെ തീരുമാനത്തെ അട്ടിമറിക്കുന്ന വിധം അതിനെയും മാറ്റിമറിക്കുന്ന വിധം വസ്തുതകൾ മറച്ചുപിടിച്ച് വ്യാജമായ പ്രതീതികൾ സൃഷ്ടിക്കുകയാണ് ഇന്ത്യൻ മാധ്യമങ്ങൾ ഇപ്പോൾ ചെയ്യുന്നത്. കഴിഞ്ഞ രണ്ടുതവണയായി നരേന്ദ്ര മോദി സർക്കാർ ചെയ്ത കുറ്റകൃത്യങ്ങൾ ഒരിക്കൽപോലും വിചാരണ വിധേയമാക്കുന്നില്ല. അതേസമയം, മോദിയുടെ കൈയിൽ എന്തോ അത്ഭുതകരമായ വഴികളുണ്ട് എന്ന് മാധ്യമങ്ങൾ വ്യാജമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഈ ദയനീയമായ സ്ഥിതിവിശേഷമാണ് ഇന്ത്യയിലെ മാധ്യമരംഗം പിന്തുടരുന്നത്. അത് മാധ്യമങ്ങളുടെ തകർച്ച എന്നതിനപ്പുറത്തെ ഫാഷിസ്റ്റ് ഭീഷണിയായിട്ടാണ് ഞാൻ അതിനെ വിലയിരുത്തുന്നത്. അങ്ങനെ ചെയ്യാത്ത പത്രപ്രവർത്തകരെയും പത്രസ്ഥാപനങ്ങളെയും കേന്ദ്രസർക്കാർ നിരന്തരമായി ആക്രമിക്കുകയും തടവിലാക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം രാജ്യത്തുണ്ട്.

ഭരണഘടന നിരന്തരമായി അട്ടിമറിക്കുന്നത് ഇവരുടെ പ്രവർത്തനങ്ങളെ സുഗമമാക്കാൻ വേണ്ടിയാണ്. ഹിന്ദുരാഷ്ട്രമെന്ന് പൊതുവിൽ പേരിട്ട് വിളിക്കുന്നുണ്ടെങ്കിലും ഒരു ബ്രാഹ്മണ്യ അധികാരവ്യവസ്ഥയെ പുനഃസ്ഥാപിക്കുക എന്നതുതന്നെയാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. അതിന് തടസ്സം നിൽക്കുന്നതാണ് ഇന്ത്യൻ ഭരണഘടന. അതിനാൽ, ഇന്ത്യൻ ഭരണഘടനയുടെ മൗലികമായ സങ്കൽപനങ്ങളെയാണ് അവർ അട്ടിമറിക്കുന്നത്. അതിനൊരു ഉദാഹരണം സംവരണംപോലെയുള്ള വ്യത്യസ്​ത വിഭാഗങ്ങളെ സ്റ്റേറ്റിലേക്ക് കൂട്ടിച്ചേർക്കുന്ന ഭരണഘടനാ സംവിധാനത്തെയാണ് അവർ ആദ്യം അട്ടിമറിക്കുന്നത്. രണ്ടാമത്തേത് പൗരത്വ ഭേദഗതി നിയമത്തിലൂടെ പൗരത്വത്തെ സംബന്ധിച്ച് ഇന്ത്യൻ ഭരണഘടന മുന്നോട്ടുവെച്ച സങ്കൽപങ്ങളെയും അട്ടിമറിക്കുന്നു.

ഭരണഘടനയിൽ പറയുന്ന ഇന്ത്യയിലെ ഒരു പൗരനും ജാതി, മതം, വേഷം തുടങ്ങിയ കാരണങ്ങളാൽ വിവേചിക്കാൻ പാടില്ല എന്ന മൗലികമായ തത്ത്വത്തെയാണ് അട്ടിമറിക്കുന്നത്. ബ്രാഹ്മണ്യ സാമൂഹിക സങ്കൽപമാണ് അവർ മുന്നോട്ടുവെക്കുന്നത്. ബ്രാഹ്മണ്യ സാമൂഹിക സങ്കൽപനത്തിൽ ഉദാരതയും സംരക്ഷണവുമൊക്കെ ഉണ്ടെങ്കിലും തുല്യതയെന്നത് ഒരു കാരണവശാലും അവർ അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യൻ ഭരണഘടന പൗരന്മാരെ തുല്യരായി കാണണമെന്ന വാദത്തെ അട്ടിമറിക്കുകയാണ് യഥാർഥത്തിൽ അവർ ചെയ്യുന്നത്.

പൗരത്വ ഭേദഗതി നിയമത്തിലൂടെ അവർ വ്യക്തമായി ചെയ്യുന്നത് ഇതാണ്. മതന്യൂനപക്ഷ വിഭാഗത്തിനെതിരായ തുറന്ന ഒരു യുദ്ധമായിട്ടാണ് വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിലും ആത്യന്തികമായിട്ടത് പൗരത്വസമത്വത്തെയാണ് വെല്ലുവിളിക്കുന്നത്. ഇവിടെ എന്താണ് നമ്മുടെ മുന്നിലുള്ള വഴി എന്നത് പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുകയാണ്. ദീർഘകാലം ഇന്ത്യ ഭരിച്ച കോൺഗ്രസും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ അവർ പൂർണമായ പരാജയമായിരുന്നു. ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളെ മൊത്തമായി എടുത്താൽ അവരും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പൊതു അജണ്ടക്ക് പുറത്തല്ല പ്രവർത്തിക്കുന്നത്. രാഷ്ട്രീയമായ ഒരു പ്രതിപക്ഷ അഭാവം ഇന്ത്യയിൽ നിലവിലുണ്ട്.

പ്രതിപക്ഷം എന്ന് പേരിട്ടു വിളിക്കുന്ന കക്ഷികൾ ഉണ്ടെങ്കിലും അവരും മൗലികമായി ഹിന്ദുത്വ രാഷ്ട്രവാദത്തിന്റെ ഏതെങ്കിലും വശങ്ങളെ ഉൾക്കൊള്ളുന്നവരാണ്. സമ്പൂർണമായി അതി​ന്റെ വക്താക്കൾ അല്ലെങ്കിലും അവരും അതി​ന്റെ ഭാഗമാണ്. അതിനാൽ, ഇന്ത്യയിലെ പ്രതിപക്ഷത്തെ നിർവീര്യമാക്കാനും തകർക്കാനും നരേന്ദ്ര മോദി ഇന്ത്യൻ ദേശത്തിന്റെ സ്വത്ത് വിറ്റ് സമാഹരിക്കുന്ന പണവും അവരുടെ ആർ.എസ്​.എസ് പോലുള്ള ഗൂഢസംഘത്തി​ന്റെ പിന്തുണയും നിർദേശങ്ങളും കോടിക്കണക്കിന് രൂപ മുടക്കി എം.എൽ.എമാരെയും എം.പിമാരെയും നേതാക്കന്മാരെയും വിലക്കെടുക്കാൻ കഴിയുന്ന സ്ഥിതിവിശേഷവും ഇന്ത്യയിലുണ്ട്.

അതിന് പെട്ടെന്ന് വിധേയമാകുകയാണ് കോൺഗ്രസ്. രാഷ്ട്രീയ നേതാക്കൾ പണം മോഹിച്ചുപോകുന്നവരല്ല. അവർ ആഗ്രഹിക്കുന്നത് മതരാഷ്ട്രവാദമാണെന്ന് (ഹിന്ദുരാഷ്ട്രം) നമ്മൾ തിരിച്ചറിയണം. നേതാക്കളുടെ ഒഴുക്കിനെ തടയാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. കോൺഗ്രസിനുള്ളിൽ മിതവാദികളായ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കൾ ഉടനീളം ഉണ്ടെന്നാണ് ഇത് തെളിയിക്കുന്ന കാര്യം. സി.പി.എമ്മിൽനിന്നുപോലും നേതാക്കൾ ബി.ജെ.പിയിലേക്ക് പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് ഒഴുകുന്നു. പ്രതിപക്ഷം രാഷ്ട്രീയമായി ദുർബലമാണ് എന്നതാണ് ഇത് കാണിക്കുന്നത്. ഇത് രാജ്യം നേരിടുന്ന കനത്തൊരു വെല്ലുവിളിയാണ്. ഇന്ത്യൻ പൗരൻ ഒരു സമസ്യയിൽ നിൽക്കുന്ന സ്ഥിതിവിശേഷമാണിത്.

ഡോ. അംബേദ്കർ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നത് സാധ്യതകളുടെ കല എന്നാണ്. ഇത്തരം നിർണായകമായൊരു ഘട്ടത്തിൽ നമ്മൾ വേറെ വേറെ ആലോചിക്കുന്നതിനു പകരം എല്ലാവരും കുഴപ്പക്കാരാണ് എന്ന പ്രഖ്യാപനത്തിനപ്പുറം നമ്മുടെ രാഷ്ട്രത്തിലെ ഭരണഘടന വാഴ്ചയും നിയമവാഴ്ചയും നിലനിർത്താൻ എന്തുചെയ്യാൻ കഴിയും എന്നതുതന്നെയാണ് ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ ആലോചിക്കേണ്ടത്. ഇക്കാര്യത്തിൽ നമ്മുടെ മുന്നിലുള്ള ഏക വഴി ഇൻഡ്യ മുന്നണി എന്ന പ്രതിപക്ഷ സഖ്യമാണ്. ആ പ്രതിപക്ഷ സഖ്യത്തെ പിന്തുണക്കുക എന്നതാണ് ജനാധിപത്യത്തെ കാംക്ഷിക്കുന്നവർ ഇന്ന് ചെയ്യേണ്ട കടമ.

അതേ ഇന്ന് വഴിയുള്ളൂ. മറ്റൊരു വഴിയും നമ്മുടെ മുന്നിൽ തുറന്നിട്ടില്ല. വഴി തുറന്നാലും തുറന്നില്ലെങ്കിലും ഞങ്ങൾക്ക് കാര്യമില്ല. ഞങ്ങൾ ഞങ്ങളുടെ സ്ഥാനാർഥിയെ മത്സരിപ്പിക്കും എന്നൊക്കെ പറയുന്നവർക്ക് ഇന്ന് ഒന്നും ചെയ്യാൻ ആവില്ല. ഇക്കൂട്ടർ സ്വീകരിക്കുന്നത് ആത്മഹത്യാപരമായ നിലപാടാണ്. ബി.ജെ.പിക്ക് ഈ പ്രാവശ്യം വോട്ട് ചെയ്യരുത് എന്നതാണ് ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ സ്വീകരിക്കേണ്ട നിലപാട്. ബി.ജെ.പിക്ക് നൽകുന്ന ഓരോ വോട്ടും ഇന്ത്യയുടെ ഭരണഘടനയെ തകർക്കാനുള്ള ജനാധിപത്യ ഇന്ത്യയെ തകർക്കാനുള്ള സമ്മതപത്രമാണ് എന്ന ബോധ്യത്തിൽ ബി.ജെ.പി വിരുദ്ധമായ ഒരു രാഷ്ട്രീയ നിലപാട് പൗരസമൂഹം സ്വീകരിക്കണം.

കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫുമാണ് പ്രധാന മുന്നണികൾ. സൂക്ഷ്മമായി പരിശോധിച്ചാൽ കേരളത്തിൽ ജനാധിപത്യത്തെ കാംക്ഷിക്കുന്ന പൗരന്മാർക്ക് നിർഭയമായി ഈ രണ്ടു മുന്നണികൾക്കും വോട്ട് ചെയ്യാൻ കഴിയില്ല. കേരളത്തിൽ രാഷ്ട്രീയ മേഖലയിൽ ജാതിയുടെ ഉപയോഗമൂല്യത്തെ ദീർഘകാലമായി സമർഥമായി കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ മുന്നണികളാണ് ഇവർ. സംഘടിതരും സവർണരുമായ സാമൂഹിക ശക്തികളാണ് കേരളത്തിന്റെ രാഷ്ട്രീയരംഗത്തെ നിയന്ത്രിക്കുന്നത്. അവർക്ക് താൽപര്യമില്ലാത്ത ഒരു കാര്യവും കേരള സർക്കാർ ചെയ്യില്ല. ഉദാഹരണമാണ്​ ജാതി സെൻസസ്.

ഇത് നടപ്പാക്കേണ്ടത് നീതി നിർവഹണത്തിന് പ്രധാനമാണ്. ഇതിൽ തീരുമാനമെടുക്കാൻ ഇടതുപക്ഷത്തിനോ കോൺഗ്രസിനോ കഴിയുന്നില്ല. രണ്ടു മുന്നണികളുടെയും കേന്ദ്രനയം ജാതിസെൻസസിന് അനുകൂലമാണ്. രാഹുൽ ഗാന്ധിയാണ് ജാതി സെൻസസിന്റെ പ്രധാന ദേശീയ വക്താവ്. സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വത്തിനും ജാതി സെൻസസ് നടപ്പാക്കണം എന്ന അഭിപ്രായമുണ്ട്.

എന്നാൽ, കേരളത്തിൽ ഇവരാരും കാമ്പയിൻ ആക്കി മാറ്റുന്നില്ല. ദലിതരടക്കമുള്ള സംവരണീയ സമൂഹങ്ങൾ ഈ ആവശ്യമുന്നയിച്ച് കേരളത്തി​ന്റെ തെരുവുകളിലുണ്ട്. മുസ്‍ലിം -പിന്നാക്ക-ദലിത് സംഘടനകൾ ഈ ആവശ്യം ഉന്നയിച്ചു. ബഹുഭൂരിപക്ഷം വരുന്ന ഈ ജനവിഭാഗത്തിന്റെ ആവശ്യത്തെ അനുകൂലമായി പ്രതികരിക്കാൻ യു.ഡി.എഫിനോ എൽ.ഡി.എഫിനോ കഴിഞ്ഞിട്ടില്ല. അവർക്ക് നിങ്ങൾ വോട്ട് ചെയ്യണമെന്ന് പറയാനുള്ള അർഹതയില്ല. ദേശീയമായ വലിയൊരു തകർച്ചയെ പ്രതിരോധിക്കാൻ നമ്മുടെ മുന്നിൽ മറ്റു വഴികളില്ല. അതുകൊണ്ട് ബി.ജെ.പിയുടെ വോട്ട് പരമാവധി കുറക്കുക എന്നത് മാത്രമേ മാർഗമുള്ളൂ. ഇൻഡ്യ മുന്നണി സ്ഥാനാർഥികളെ പിന്തുണക്കുക എന്നതാണ് പൊതുവായി ഉയർത്തേണ്ട മുദ്രാവാക്യം.

കേരളത്തിലെ ഇരു മുന്നണികളും അഖിലേന്ത്യാതലത്തിൽ ഇൻഡ്യ മുന്നണിയുടെ ഭാഗമാണ്. വിജയിച്ച് പാർലമെന്റിൽ ചെന്നാൽ ഇവർ ഇൻഡ്യ മുന്നണിയിൽ ഭാഗമാണ്. ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഉചിതമായ തീരുമാനമെടുക്കുക എന്നതാണ് ഒരു പൗരൻ ചെയ്യേണ്ട കടമ. അതേസമയം, എൽ.ഡി.എഫിന് ചെയ്യണമോ യു.ഡി.എഫിന് ചെയ്യണമോ എന്ന് പറയുന്നത് രാഷ്ട്രീയമായി യുക്തിസഹമല്ല. ബി.ജെ.പിയെ പരാജയപ്പെടുത്താൻ ആർക്കാണ് വോട്ട് ചെയ്യുക എന്നത് വിവേചനപൂർവം തീരുമാനിക്കുക.

 

ഇപ്പോൾ മലയാളി വോട്ടർമാരുടെ മുന്നിലുള്ള ഏകവഴി അതാണ്. ഇവിടെ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും ഉണ്ടാക്കുന്ന കുഴപ്പങ്ങളെക്കാൾ അതീവ ഗുരുതരമാണ് ബി.ജെ.പിയുടെ സ്ഥാനാരോഹണം. ഒരുവട്ടംകൂടി അധികാരത്തിൽ വന്നാൽ ബി.ജെ.പി ഇന്ത്യയുടെ ഭരണഘടനതന്നെ തകർത്തിരിക്കും. ദേശീയ രാഷ്ട്രീയ സാഹചര്യം വളരെ വഷളാണ്. ഡോ. അംബേദ്കർ എന്തിനെയാണ് ഇന്ത്യയിൽ പരാജയപ്പെടുത്താൻ ശ്രമിച്ചത് അവരാണ് ബി.ജെ.പി ആയിട്ടും ആർ.എസ്.എസ്, വി.എച്ച്.പി ആയിട്ടും ഇന്ന് രംഗപ്രവേശംചെയ്യുന്നത്. അതിനാൽ, ഒരു കാരണവശാലും അവർക്ക് ഒരു വോട്ട് പോലും കൊടുക്കരുതെന്ന് തീരുമാനമെടുക്കണം.

ഈ തെരഞ്ഞെടുപ്പിൽ എന്ത് സംഭവിച്ചാലും അത്​ സവർണർ തമ്മിലുള്ള എന്തോ കാര്യമാണെന്ന് വിശ്വസിക്കുന്ന ബി.എസ്.പിയെ പോലുള്ള ചില സംഘടനകളുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ തീരുമാനം എടുക്കാനുള്ള അവകാശം അവർക്കുണ്ട്. സ്വന്തം സ്ഥാനാർഥിയെ നിർത്തി നമ്മുടെ വോട്ട് സമാഹരിക്കുക എന്ന് പറയുന്ന സംഘടനകളുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എന്ത് തയാറെടുപ്പാണ് ഇവർ നടത്തിയത് എന്നൊരു ചോദ്യം അവശേഷിക്കുന്നു.

ബി.എസ്​.പി പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കേരളത്തിൽ നടത്തിയ തയാറെടുപ്പ് എന്താണെന്ന് വോട്ടെണ്ണിക്കഴിയുമ്പോൾ അറിയാം. ഇന്ത്യൻ ജനാധിപത്യം വെല്ലുവിളി നേരിടുന്ന സമയത്ത് നമ്മൾ മാറിനിൽക്കുന്നത് ആത്മഹത്യാപരമാണ്. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതുതന്നെയായിരിക്കണം പൗരന്റെ രാഷ്ട്രീയ കടമ. ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുമോ ഇല്ലയോ എന്നത് വേറെ കാര്യം. രാഷ്ട്രീയമായ തീരുമാനമെടുക്കുക എന്നതാണ് പ്രധാനം.

എഴുത്ത്​: ആർ. സുനിൽ

News Summary - weekly articles