Begin typing your search above and press return to search.
proflie-avatar
Login

ഓട്ടോറിക്ഷയിൽ

poem
cancel

ഓട്ടോറിക്ഷയിൽ ഞാ

നേതോ വഴിയിൽ.

ചാരിയിരിക്കുന്നൊരുവൾ

ധ്യാനനിമഗ്ന. നീയേ

ഞാനെന്നെന്നെയണിഞ്ഞോ

ളവളുടെ ഗന്ധം തൂവുന്നൂ.

കാൺകെയിരിപ്പേ

നേക, ന്നുലയിൽ

കാച്ചിയ വെയിലിൻ നാവുക

ളിക്കിളി കൊള്ളിക്കുന്നൂ

തോളിലുരസ്സിൽ തുടയിൽ

തീനഖമേൽക്കുന്നൂ

വേർപ്പുപൊടിഞ്ഞൊരു

സായംകാല

ത്തുടലിൻ മറിമായം, ഞാ

നിപ്പൊഴിരിപ്പാണോട്ടോ

റിക്ഷയി,ലവളോ

തുഴയുകയാണകനൗക.

ചീളുകളായ് ജല

പാളികൾ കൂർപ്പിച്ചെയ്യുന്നു,

മറു കൊമ്പിലിരിക്കും

വിരസനു ചുറ്റും

ചിരിവള ചിലങ്കകളൊ

ത്തുന്മാദത്തിര തള്ളുന്നൂ.

‘‘പോകാമൽപം ശാന്തത

കിട്ടുമിടത്തിൽ,

പറയാനുണ്ടേറെ’’,ശ്ലഥ

വീർപ്പിൽ കോർത്തെന്നെ

കേറ്റിയതല്ലീയോടും

ഓട്ടോറിക്ഷയിൽ.

തിരകളിരമ്പും കടലിൻ

തീരത്തല്ല, കാറ്റിടറും

സ്മൃതിവനമൂർച്ഛയിലല്ല

കലമ്പും വാഹന

വെപ്രാളങ്ങൾക്കടിയിൽ

വീണു ചതഞ്ഞൊരു വാക്കിൽ

ചത്തമരത്തിൽ ജീവൻ

കോർത്തുവരി

ഞ്ഞൊരു തോണിയിൽ

ക്ഷണികം മഞ്ഞിൻ മറയിൽ

കണ്ടൂ നഗ്നം, ദിവ്യ

മൊരുടലാട്ടത്തിൻ ദൃശ്യം.

കണ്ണു തുറക്കെ കാഴ്ചകൾ

മായുന്നു, കുടുകുടു

ശബ്ദത്തിൽ പായു

ന്നോട്ടോറിക്ഷ, ഏക

നിരിപ്പുണ്ടവളാ,യവളുടെ

പരകായത്തിൻ പൊരുളായ്.

ഒരു ചുംബനമോ, ചുണ്ടിൽ

സൂര്യക്ഷതമോ വീണു

തിണർക്കുന്നൂ? വേനൽത്തിറ

യാടിയ കനലിൽ വെ

ന്തുരുകുന്നൂ കൂറ്റ

നെടുപ്പിന്നാൺകോലം.

കാൺകെ കാണാതാകു,

മകമ്പുറമാകെ

മറിഞ്ഞുമിടഞ്ഞും രണ്ടാൾ

ഛായകൾ, ധൃതിയി

ലെടുത്തു കുട

ഞ്ഞണിയുമ്പോളന്യോന്യം.

എത്തുന്നൂ നഗരത്തിൻ

മറുകടവി,ലിരുട്ടിൻ

കരയി,ലാരെയിറക്കി

കൈവീശുന്നൂ നീ

‘‘ഉദാസീനതയുടെ പുതുയുഗ

വേദാന്തീ, പോയിവരൂ!’’



Show More expand_more
News Summary - weekly literature poem