Begin typing your search above and press return to search.
proflie-avatar
Login

ബംഗാളിമലയാളി

ബംഗാളിമലയാളി
cancel

‘‘എയ് തോ ആം പാറാർ സൊമൊയ് ഏഷേച്ചെരെ, ദേരി ഹോയെച്ചെ സുപുരി പാർത്തെഒ, ശുക്നൊ നാർകൊൽ മാത്തായ് പൊഡ് വെ, ഗോൾ മിരീച്ച് ശൊബ് പെക്കെ പൊറേചെ ബാബു, എയ് ഗുലുർ കൊണു ദാം നോയ്…’’ 1 എന്നെ പലവിധത്തിൽ ഗുണദോഷിക്കുംമട്ടിൽഇന്നത്തേക്കൊരു പണിതരൂ എന്നപേക്ഷിക്കുകയാണ് ബംഗാളി, സൊനായ് ദാസ് ബംഗാളി എന്നു കേട്ടാൽഎ​ന്റെ നെഞ്ചിലൊരു തീക്കടച്ചിലുണ്ടാവും ഞാൻ തീരെ കുഞ്ഞായിരിക്കുമ്പോൾ നാടുവിട്ടു പോയ കുഞ്ഞമ്മാവൻ അവിടാണെത്തിയത് എനിക്ക് മിഠായിയും ബലൂണും കളിപ്പാട്ടങ്ങളും വാങ്ങിത്തന്നിരുന്ന പൊടിമീശക്കാരനായ കുഞ്ഞമ്മാവനെ ഇപ്പോഴും നേരിയ ഓർമയുണ്ടെനിക്ക് സൊനായ് ദാസ് എപ്പോഴുംപുഞ്ചിരിച്ചുകൊണ്ടാണ് വരിക അവനുള്ള പണി അവൻ...

Your Subscription Supports Independent Journalism

View Plans

‘‘എയ് തോ ആം പാറാർ സൊമൊയ് ഏഷേച്ചെരെ,

ദേരി ഹോയെച്ചെ സുപുരി പാർത്തെഒ,

ശുക്നൊ നാർകൊൽ മാത്തായ് പൊഡ് വെ,

ഗോൾ മിരീച്ച് ശൊബ് പെക്കെ പൊറേചെ ബാബു,

എയ് ഗുലുർ കൊണു ദാം നോയ്…’’ 1

എന്നെ പലവിധത്തിൽ ഗുണദോഷിക്കുംമട്ടിൽ

ഇന്നത്തേക്കൊരു പണിതരൂ

എന്നപേക്ഷിക്കുകയാണ്

ബംഗാളി, സൊനായ് ദാസ്

ബംഗാളി എന്നു കേട്ടാൽ

എ​ന്റെ നെഞ്ചിലൊരു തീക്കടച്ചിലുണ്ടാവും

ഞാൻ തീരെ കുഞ്ഞായിരിക്കുമ്പോൾ

നാടുവിട്ടു പോയ കുഞ്ഞമ്മാവൻ

അവിടാണെത്തിയത്

എനിക്ക് മിഠായിയും ബലൂണും

കളിപ്പാട്ടങ്ങളും വാങ്ങിത്തന്നിരുന്ന

പൊടിമീശക്കാരനായ കുഞ്ഞമ്മാവനെ

ഇപ്പോഴും നേരിയ ഓർമയുണ്ടെനിക്ക്

സൊനായ് ദാസ് എപ്പോഴും

പുഞ്ചിരിച്ചുകൊണ്ടാണ് വരിക

അവനുള്ള പണി അവൻ തന്നെ കണ്ടെത്തിക്കോളും

കിട്ടുന്ന കൂലി നടുവൊന്നു വളച്ച്

ഇരുകൈയും നീട്ടി വാങ്ങി

കണ്ണിൽ തൊടുവിച്ച് ഷർട്ടി​ന്റെ ഉൾക്കീശയിൽ തിരുകും

അമ്മ വിളമ്പിക്കൊടുക്കുന്ന ഭക്ഷണം

രുചിയറിഞ്ഞു കഴിക്കും

‘‘കീ ഷ്വാദ് കേരളാർ കാബാറേർ, മാ

ബാറീത്തെ അമാർ മാ,

ജെമൊൺ ബണായ് ടീക് തെമൊൺ ’’ 2

അതു കേൾക്കുമ്പോൾ അമ്മയുടെ കണ്ണുനിറയും

കൽക്കത്തയിലെത്തിയ കുഞ്ഞമ്മാവൻ കുറേ നാൾ തെണ്ടിത്തിരിഞ്ഞു

പട്ടിണിയും കഷ്ടപ്പാടുംകൊണ്ട് വലഞ്ഞു

പല പണികൾ ചെയ്തു; പലേടങ്ങളിൽ അന്തിയുറങ്ങി

ജീവൻ നിലനിർത്താനുള്ള അന്നം മാത്രം കഴിച്ചു

ബാക്കിവന്ന തുട്ടെല്ലാം കൂട്ടിവെച്ചു

വിളിക്കാത്ത സദ്യകൾക്കു പോയി

അവസാനത്തെ ഊഴത്തിനു കാത്തു നിന്നു

പഠിക്കാൻ ഇഷ്ടമായിരുന്നെങ്കിലും

സൊനായ് ദാസ് സ്കൂൾ പഠനം മുഴുമിച്ചില്ല

റിക്ഷാവലിക്കാരനായിരുന്ന ബാബക്ക് ക്ഷയം,

മാ കാലൊടിഞ്ഞു കിടപ്പ്

മൂത്തതും എളേതുങ്ങളുമായി

അഞ്ചെണ്ണം അന്നത്തിനു കൈ നീട്ടിയിരിപ്പാണ്.

മരുന്ന് കൊണ്ടുവന്നോ എന്ന് എപ്പോഴും

ചോദിക്കുന്ന വൃദ്ധരോഗികൾ...

സൊനായ് ദാസി​ന്റെ പുഞ്ചിരി കാണുമ്പോൾ

മായുടെ നെഞ്ചു കലങ്ങും

പണി തേടി മദിരാശിക്ക് പോവുകയാണ്

എന്ന് പറഞ്ഞാണ് അവൻ നാടുവിട്ടത്

അന്ന് കുടിലിൽ കൂട്ടക്കരച്ചിലായിരുന്നു

കരച്ചിൽ മാറ്റാനാണ് ഒടപ്രന്നോരേ

ഞാൻ വീട് വിടണതെന്ന്

സൊനായ് ദാസ് എല്ലാവരേം കൂട്ടിപ്പിടിച്ചു കരഞ്ഞു

കുഞ്ഞമ്മാവൻ പുറപ്പെട്ടു പോവാൻ കാരണമെന്തെന്ന്

എനിക്കറിയില്ല

നേരം പുലർന്നപ്പോൾ ഇറയത്തെ പായിൽ

ആളെ കാണാനില്ല

ചവിട്ടുപടിയിൽ ചെരിപ്പുകൾ

ഉപേക്ഷിക്കപ്പെട്ടു കിടപ്പുണ്ടായിരുന്നു

അമ്മൂമ്മ നെഞ്ചത്തടിച്ചു നിലവിളിച്ചു

എല്ലാവരും അമ്മൂമ്മക്കൊപ്പം ചേർന്നു കരഞ്ഞു

കുഞ്ഞമ്മാവ​ന്റെ ചെരിപ്പുകൾ കെട്ടിപ്പിടിച്ചായിരുന്നു

അമ്മൂമ്മയുടെ തുടർന്നുള്ള കിടപ്പ്

ആ കിടപ്പിൽ അമ്മൂമ്മയും പോയി

കൽക്കത്തയിൽ ഹോട്ടൽ ബോയ് ആയും

ചുമട്ടുകാരനായും

റോഡ് പണിക്കാരനായും കുഞ്ഞമ്മാവനെ കണ്ടതായി

ആരൊക്കെയോ ഞങ്ങളുടെ വീട്ടിൽ അറിയിച്ചു

കാണാത്ത മട്ടിലും അറിയാത്ത ഭാവത്തിലും

കുഞ്ഞമ്മാവൻ ഒഴിഞ്ഞുമാറി പോവുകയായിരുന്നത്രെ

നാട്ടിലെ പരിചയക്കാരെയൊന്നും

ഇവിടെ കണ്ടുമുട്ടുന്നില്ലല്ലോ

എന്നതായിരുന്നു സൊനായ് ദാസി​ന്റെ ആശ്വാസം

നമ്മളിങ്ങനെ കഷ്ടപ്പെടുന്നതും

വലയുന്നതുമൊന്നും വീട്ടിലറിയില്ലല്ലോ.

പണി ചെയ്തുകൊണ്ടിരിക്കെ

അവൻ ഓരോരോ വീട്ടുകാര്യങ്ങൾ

അവനോടു തന്നെ പറയും

പറഞ്ഞോണ്ടിരിക്കുമ്പോൾ കരയും

കരഞ്ഞോണ്ടിരിക്കുമ്പോൾ ചിരിച്ചുകാട്ടും

ബംഗാളിയിൽ പറഞ്ഞാൽ എനിക്ക്

മനസ്സിലാവില്ലല്ലോ എന്നതാണ് അവ​ന്റെ വിചാരം

മനുഷ്യർ കരയുമ്പോൾ

ലോകത്തെ എല്ലാ ഭാഷയും ഒന്നായി മാറും

എന്നവൻ ഓർക്കുന്നില്ലല്ലോ

കൂലി വാങ്ങി ഉൾക്കീശയിൽ വെക്കുമ്പോൾ

അവ​ന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു

അവ​ന്റെ തോളിൽ കൈ​െവച്ച് ‘‘എന്തെടാ’’

എന്നു ഞാൻ ചോദിച്ചു

‘‘ആജ് അമാർ മായേർ ജൊന്മദിൻ, ബാബു’’ 3

എന്നവൻ എണ്ണിപ്പെറുക്കി

ഞാനവനെ കെട്ടിപ്പിടിച്ചു

‘‘എന്റെ കുഞ്ഞമ്മാവാ…’’

=========

1. ‘‘മാങ്ങ പൊട്ടിക്കേണ്ട കാലമായല്ലോ

അടക്ക പറിക്കാൻ വൈകിയല്ലോ

ഉണങ്ങിയ നാളികേരം തലയിൽ വീഴുമല്ലോ

കുരുമുളകൊക്കെ പഴുത്തു കൊഴിഞ്ഞല്ലോ

സാർ

ഇതിനൊക്കെ ഒരു വിലയുമില്ലെന്നായോ?’’

2. ‘‘കേരളത്തിലെ ഭക്ഷണത്തിന് എന്തു സ്വാദാണമ്മേ,

വീട്ടിൽ എന്റമ്മ ഉണ്ടാക്കിത്തരുന്ന പോലെത്തന്നെ’’

3. ഇന്ന് എന്റമ്മയുടെ പിറന്നാളാണ് സാർ

News Summary - weekly literature poem