Begin typing your search above and press return to search.
proflie-avatar
Login

രണ്ട്​ കവിതകൾ

poem
cancel

1. ഒപ്പ്

എന്റെ അമ്മൂമ്മയുടെ ഒപ്പ്

മൂന്ന് വരകളായിരുന്നു!

ക്രിക്കറ്റ് സ്റ്റമ്പ് കണക്കെ

വടിവൊത്തതായിരുന്നില്ല.

ലോകസുന്ദരിയുടെ പല്ലുകൾപോലെ

നിരയൊത്തതുമായിരുന്നില്ല.

കുത്തി നാട്ടിയ ഉണങ്ങിയ

മരച്ചീനി കമ്പുകൾപോലെ

ഏറിയും കുറഞ്ഞും

വളഞ്ഞും നിവർന്നും

അൽപമൊന്ന് പരുങ്ങിയും

ഒന്നൊന്നിനോട് സാമ്യമില്ലാതെ

വിചിത്രമായ, വിറയാർന്ന

മൂന്ന് വരകൾ!..

എന്റെ പ്രോഗ്രസ് റിപ്പോർട്ടിലും

ചേച്ചിമാരുടെ ലീവ് ലെറ്ററിലും

ചില സർക്കാർ കടലാസുകളിൽപോലും

ഞങ്ങൾ കുറ്റബോധമില്ലാതെ

ആ വരകൾ വരച്ചു ചേർത്തു.

എത്ര സൂക്ഷ്മമായ് വരച്ചിട്ടാലും

ആദ്യ കാഴ്ചയിൽതന്നെ,

കണ്ടുപിടിക്കാവുന്നതേയുള്ളൂ

ആ ഒപ്പ് അമ്മൂമ്മയുടേത​െല്ലന്ന്.

അത്ര എളുപ്പത്തിൽ, ആർക്കും

പകർത്തി വരക്കാവുന്നതായിരുന്നില്ലല്ലോ

ആ ജീവിതം.

2.പതിവുപോലെ

അച്ഛൻ കുടിച്ചു വന്നു!

പതിവുപോലെ

അമ്മയെ തല്ലാൻ തുടങ്ങി

പതിവുപോലെ

ഞാൻ ഇടപെട്ടു

പതിവുപോലെ, അച്ഛൻ

എന്റെ പിതൃത്വത്തെ തള്ളിപ്പറഞ്ഞു...

പതിവുപോലെ പൊട്ടിക്കരയാതെ,

എന്റെ മുഖത്ത് നോക്കാതെ,

അമ്മ മുറിയിൽ കയറി കതകടച്ചു.

പതിവുപോലെ

അച്ഛൻ തിണ്ണയിലും,

ഞാൻ എറയത്തും കിടന്നുറങ്ങി.

പതിവുപോലെ

ഞാൻ രാവിലെ എഴുന്നേറ്റ് കതകിൽ മുട്ടി.

അകത്ത് പതിവുപോലുള്ള

ഒച്ചയനക്കങ്ങൾ കേൾക്കുന്നേയില്ല.

ഇനി ഒന്നും പതിവുപോലെ

ആയിരിക്കില്ലേ?..


Show More expand_more
News Summary - weekly literature poem