Begin typing your search above and press return to search.
proflie-avatar
Login

തപോമയിയുടെ അച്ഛൻ

തപോമയിയുടെ അച്ഛൻ
cancel

‘‘രണ്ടുതവണ നാടുവിട്ടു പോരേണ്ടിവന്നു എന്നു പറഞ്ഞല്ലോ. ഒരിക്കല്‍ അക്രമോത്സുകരായ മനുഷ്യരും മറ്റൊരിക്കല്‍ കോപാകുലയായ പ്രകൃതിയും ഞങ്ങളെ ആട്ടിപ്പായിച്ചു. ആദ്യത്തെ തവണ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു ദ്വീപിലേക്കാണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്’’, ഗോപാല്‍ ബറുവ പറഞ്ഞു. പരിചിതമായ ദേശങ്ങളും പരിചിതരായ മനുഷ്യരും കാഴ്ചയില്‍നിന്നും മാഞ്ഞുപോകുന്നതുവരെ നദിയിലൂടെ സഞ്ചരിക്കുകയായിരുന്നു ഞങ്ങള്‍. ദൂരത്തേക്ക്, കൂടുതല്‍ ദൂരത്തേക്ക്... ഒടുവില്‍ ആളനക്കമില്ലെന്നു തോന്നിച്ച ആ ദ്വീപില്‍ തോണിയടുപ്പിച്ചു. ചുറ്റുപാടും ജലം. ജലത്തിനുമേല്‍ പടര്‍ന്നുനിൽക്കാന്‍ പരിശ്രമിക്കുന്ന ചെറിയ മരങ്ങള്‍....

Your Subscription Supports Independent Journalism

View Plans

‘‘രണ്ടുതവണ നാടുവിട്ടു പോരേണ്ടിവന്നു എന്നു പറഞ്ഞല്ലോ. ഒരിക്കല്‍ അക്രമോത്സുകരായ മനുഷ്യരും മറ്റൊരിക്കല്‍ കോപാകുലയായ പ്രകൃതിയും ഞങ്ങളെ ആട്ടിപ്പായിച്ചു. ആദ്യത്തെ തവണ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു ദ്വീപിലേക്കാണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്’’, ഗോപാല്‍ ബറുവ പറഞ്ഞു. പരിചിതമായ ദേശങ്ങളും പരിചിതരായ മനുഷ്യരും കാഴ്ചയില്‍നിന്നും മാഞ്ഞുപോകുന്നതുവരെ നദിയിലൂടെ സഞ്ചരിക്കുകയായിരുന്നു ഞങ്ങള്‍. ദൂരത്തേക്ക്, കൂടുതല്‍ ദൂരത്തേക്ക്... ഒടുവില്‍ ആളനക്കമില്ലെന്നു തോന്നിച്ച ആ ദ്വീപില്‍ തോണിയടുപ്പിച്ചു.

ചുറ്റുപാടും ജലം. ജലത്തിനുമേല്‍ പടര്‍ന്നുനിൽക്കാന്‍ പരിശ്രമിക്കുന്ന ചെറിയ മരങ്ങള്‍. കണ്ടല്‍വനങ്ങളായിരുന്നു ദ്വീപിനു ചുറ്റും. ആ വനങ്ങള്‍ക്കുള്ളില്‍ കടുവകളുണ്ടെന്നു കേട്ടിരുന്നു. പക്ഷേ, ഭയന്നുമാറുക വയ്യ. അതിജീവനമായിരുന്നു പ്രശ്നം. കണ്ടല്‍വനങ്ങള്‍ കണ്ടിട്ടുണ്ടോ? കാടുകളുടെ കുറുംപതിപ്പുകളാണവ. അവിടെയുള്ള മരങ്ങള്‍ മറ്റു വനപ്രദേശങ്ങളില്‍ കാണുന്ന തരത്തിലുള്ളവയല്ല. കാഴ്ചയില്‍ ചെറുതാണ്. പതിവുവനങ്ങളിലെ പ്രതാപികളായ മരങ്ങളുടെ കുഞ്ഞുരൂപങ്ങള്‍ പോലെയുണ്ടാവും. വന്മരങ്ങളുടെ ഉയരമില്ലെങ്കിലും ശക്തരാണ്; പ്രതികൂല സാഹചര്യങ്ങളോടു പൊരുതി പിടിച്ചുനിൽക്കുന്നവയാണ് അവയെല്ലാം. കുറഞ്ഞ അളവില്‍ കിട്ടുന്ന വായു, ഉപ്പുവെള്ളത്തിന്‍റെ സാന്നിധ്യം, എപ്പോഴുമുള്ള വേലിയേറ്റവും വേലിയിറക്കവും കാരണം വേരുകള്‍ക്കിടയില്‍നിന്നും ഒലിച്ചുപോകുന്ന മണ്ണ്, സമുദ്രത്തില്‍നിന്നും ഇടക്കിടെ കുതിച്ചെത്തുന്ന കൊടുങ്കാറ്റുകള്‍, പ്രളയം: ഇവക്കെല്ലാമെതിരെ പരിഭ്രമിക്കാതെ, പതറാതെ നിൽക്കുക എന്നതാണ് അവയുടെ അതിജീവനത്തിന്‍റെ രഹസ്യം.

പുറപ്പെട്ടുപോന്നവര്‍ അവയെ നോക്കിപ്പഠിച്ചു: ഭീതിദമായ കൊടുങ്കാറ്റുകളിലും ഉലയാതെ പിടിച്ചുനിൽക്കുന്ന മരങ്ങളുടെ ജീവിതം. അതൊരു സാധ്യതയായിരുന്നു. ഞങ്ങള്‍ മുളകള്‍കൊണ്ടു കുടിലുകള്‍ കെട്ടി. പുല്ലുമേഞ്ഞു. തട്ടുകള്‍ തിരിച്ച് ഓരുവെള്ളം കയറാതെ കാത്ത്, വയലുകളുണ്ടാക്കി. കൃഷിചെയ്തു. നദിയില്‍നിന്നും മീന്‍പിടിച്ചു. പശുക്കളെ വളര്‍ത്തി. വനാന്തരങ്ങളില്‍ച്ചെന്നു തേന്‍ ശേഖരിച്ചു. പതുക്കെപ്പതുക്കെ ആ ചതുപ്പുകളില്‍നിന്നും ചെറിയ ഗ്രാമങ്ങള്‍ ഉണ്ടായി വന്നു. ചെറിയ കൂരകള്‍ക്കുമുകളില്‍ പടര്‍ന്നു വലുതാവുന്ന പാവലും കുമ്പളവുമൊക്കെപ്പോലെ ജീവിതവും നാമ്പിട്ടു, പടര്‍ന്നുതുടങ്ങി.

പലപ്പോഴും വന്യമൃഗങ്ങളുടെ ഉപദ്രവമുണ്ടായിരുന്നു. അല്ലെങ്കില്‍ അവരുടെ ആവാസപ്രദേശങ്ങളെ കൈയേറുകയായിരുന്നു ഞങ്ങള്‍. നിലനിൽപിനുവേണ്ടിയുള്ള പരസ്പരസമരം. ചില വളര്‍ത്തുമൃഗങ്ങളെയും അപൂര്‍വം ചിലപ്പോള്‍ മനുഷ്യരെയും കടുവ കൊണ്ടുപോയി. എന്നാലും ഒന്നുണ്ട്; വിശക്കുമ്പോഴേ കടുവ വന്നുള്ളൂ. ഭക്ഷണത്തിനു വേണ്ടിയേ കൊന്നുള്ളൂ. വിട്ടുപോന്നിടങ്ങളില്‍ അങ്ങനെയായിരുന്നില്ല, വിശപ്പില്ലാത്ത മനുഷ്യരായിരുന്നു സഹജീവികളെ കൊന്നിരുന്നത്. കൊല്ലുക മാത്രം. മൃതദേഹങ്ങളെ അവര്‍ വഴിയില്‍ ഉപേക്ഷിച്ചു. വിശപ്പു തീര്‍ക്കാനല്ലാതുള്ള കൊലകളാണ് കൂടുതല്‍ ഭീതിദം.

ദ്വീപില്‍ താമസമാക്കുമ്പോള്‍ കണ്ടലുകളെപ്പോലെയായിരുന്നു ഞങ്ങള്‍. കാല്‍ക്കീഴില്‍നിന്നും മണ്ണൊലിച്ചുപോയി നഗ്നരായി നിൽക്കുന്ന ഓരോ വൃക്ഷവും ഞങ്ങളുടെ ജീവിതത്തെ ഓർമിപ്പിച്ചു. നദിയില്‍നിന്നും ഉപ്പുവെള്ളം കയറി കെട്ടുപോകാവുന്ന കൃഷി, കൊടുങ്കാറ്റുകളില്‍ നിലപാടുതെറ്റി വീണുപോകാവുന്ന പുല്‍വീടുകള്‍, വന്യമൃഗങ്ങള്‍ ആക്രമിക്കുമെന്നുള്ള ഭയം: കഠിനമായൊരു കാലമായിരുന്നു അത്. പക്ഷേ, നില തെറ്റാതെ പിടിച്ചുനിന്നേ മതിയാവൂ. ഒരടി തെന്നിയാല്‍ വീണുപോകും. ഓരോ ഉറക്കത്തിലും ദൂരെ ചിറകടിച്ചുകൊണ്ടിരിക്കുന്ന കൊടുങ്കാറ്റിന്‍റെ മൂളക്കം ഞങ്ങള്‍ കേട്ടു. സ്വപ്നത്തിന്‍റെ മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നുപോയി.

ആഴ്ചകളും മാസങ്ങളും കഴിഞ്ഞു. കിഴക്കുനിന്നും ഓടിപ്പോന്ന് ദ്വീപില്‍ താമസമാക്കിയവര്‍ മിക്കവരും പരിസരങ്ങളുമായി പതിയെപ്പതിയെ ഇണങ്ങി. അവര്‍ പണ്ടേ കൃഷിക്കാരായിരുന്നു. പക്ഷേ, സ്കൂളില്‍ പോയി പഠിച്ച എഴുത്തും വായനയും അറിയാവുന്ന എനിക്ക് മെല്ലെമെല്ലെയുള്ള ആ ജീവിതത്തോട് പൊരുത്തപ്പെടാന്‍ എളുപ്പമായിരുന്നില്ല. ഇതിനുവേണ്ടിയായിരുന്നോ ഞാന്‍ കണക്കു പഠിച്ചത്? ഇംഗ്ലീഷിലും ബാംഗ്ലയിലുമുള്ള പദ്യങ്ങളും കഥകളും പഠിച്ചത്? ഓരോ ക്ലാസിലും എപ്പോഴും അധ്യാപകരുടെ അഭിനന്ദനം പിടിച്ചുവാങ്ങിയിരുന്ന മിടുക്കനായ ഒരു വിദ്യാർഥിയായിരുന്നു, ഞാന്‍. അധ്യാപകന്‍ ബോര്‍ഡില്‍ കണക്കെഴുതിയാല്‍ നിമിഷത്തിനുള്ളില്‍ മനസ്സില്‍ കണക്കുകൂട്ടി ഉത്തരം പറയുന്നവന്‍. നെടുനീളന്‍ കവിതകള്‍ കാണാതെ ചൊല്ലാന്‍ ശീലിച്ചിരുന്നവന്‍. അധ്യാപകര്‍ വരാത്ത നേരങ്ങളില്‍ ക്ലാസ് നിയന്ത്രിച്ചിരുന്ന ലീഡര്‍. നാട്ടില്‍ നിൽക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും എനിക്കും ഒരധ്യാപകനാകാമായിരുന്നു. പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു എന്‍റെ ആവേശം. പക്ഷേ, ആ ഒറ്റപ്പെട്ട ദ്വീപില്‍, മനുഷ്യര്‍ പ്രാണന്‍ പോകാതെ നിലനിൽക്കാന്‍ വേണ്ടി പൊരുതുന്ന ഒരു തുരുത്തില്‍ എന്തുചെയ്യാന്‍? പകരം, ഞാനൊരു തോണിക്കാരനായി.

നദികളുടെ നാട്ടില്‍നിന്നു വരുന്നതുകൊണ്ട് അതെളുപ്പമായിരുന്നു. മുമ്പ് ജന്മദേശത്തെ പുഴകളില്‍ എന്‍റെ അച്ഛനും ഒരു തോണിക്കാരനായിരുന്നുവല്ലോ. ഒരു ദ്വീപില്‍നിന്നും മറ്റൊന്നിലേക്ക്, ചെറുപട്ടണങ്ങളിലേക്കു പോകുന്ന കാളവണ്ടികളും ജീപ്പുകളും വന്നുനിൽക്കുന്ന തീരങ്ങളിലേക്ക് ഞാന്‍ തുഴഞ്ഞു. പക്ഷേ, നദി കടന്നു പോകുന്നവര്‍ കുറവായിരുന്നു. കടവില്‍ വരാനിരിക്കുന്ന ഏതോ യാത്രക്കാരനെയും പ്രതീക്ഷിച്ച് അനാഥജന്മങ്ങള്‍പോലെ നീണ്ടതായി തോന്നിച്ച സമയത്തോളം ഞാനിരുന്നു. അതേ നദി, അതേ ഒഴുക്ക്, അതേ ജലവും തോണിയും പരിസരങ്ങളിലെ അതേ വനങ്ങളും. ഒന്നിനും ഒരു മാറ്റവുമില്ല.

സർവവും കശക്കിയെറിയുന്ന ഒരു കൊടുങ്കാറ്റിന്‍റെ മുഴക്കം ഞാന്‍ കാത്തു. ഭീതിദമായൊരു നൃത്തത്തിലെന്നപോലെ കാറ്റില്‍ ആടിയുലഞ്ഞു വിറക്കുന്ന മരങ്ങളെ സങ്കൽപിച്ചു. ഒന്നുമില്ല, ഒന്നുമില്ല. ഒരിക്കല്‍ മടുപ്പ് മഞ്ഞുപോലെ എന്നെ വന്നുമൂടിയ ഒരു ദിവസം, തോണി കടവിലടുപ്പിച്ച് കെട്ടിനിര്‍ത്തിയശേഷം കാളവണ്ടികളിലും ജീപ്പിലുമൊക്കെ കയറി ഞാന്‍ കൊല്‍ക്കത്തയിലേക്കു പോയി. ആകാശത്തേക്ക് ഉയര്‍ന്നുനിൽക്കുന്ന കെട്ടിടങ്ങള്‍ ഞാന്‍ ദൂരെനിന്നേ കണ്ടു. ഭൂമിയിലും നക്ഷത്രങ്ങള്‍ കത്തിനിൽക്കുന്ന രാത്രികള്‍. ഈ തെരുവുകളില്‍ എവിടെനിന്നാണ് ഇത്രയേറെ മനുഷ്യര്‍? നഗരം എനിക്കൊരു സ്വാതന്ത്ര്യമായിരുന്നു. ചെറിയ ജോലികള്‍ ചെയ്തും പലപ്പോഴും പട്ടിണി കിടന്നും ഞാന്‍ നഗരത്തില്‍ തങ്ങി. എന്നാലും ദ്വീപ് ഉപേക്ഷിച്ചുപോവാനാകുമായിരുന്നില്ല. ഇടക്കിടെ ഞാനവിടേക്കു മടങ്ങിപ്പോയ്ക്കൊണ്ടിരുന്നു. ഗോപാല്‍ ബറുവ കുറച്ചുനേരം ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന്‍റെ ഓർമകളില്‍ നിശ്ശബ്ദതകള്‍ സംഭവിക്കുന്നു.

അദ്ദേഹം പറഞ്ഞു: ദ്വീപില്‍ വീണ്ടും ഞാന്‍ തോണിക്കാരനാവും. മനുഷ്യരെ നദി കടത്തും. എന്നാല്‍, അവിടെ നിൽക്കാന്‍ പ്രേരിപ്പിക്കുന്ന യാതൊന്നും കാണാനില്ലാതെ, ആരും തുണയില്ലാതെയായിരുന്നു ഞാന്‍ കഴിഞ്ഞത്. എന്തിനാണ് ഇവിടേക്കു മടങ്ങിവന്നത് എന്നു ഞാനാലോചിക്കും. അപ്പോഴെല്ലാം നഗരം എന്നെ തിരിച്ചുവിളിച്ചു.

അതിനിടയിലാണ് എനിക്ക് കൊല്‍ക്കത്തയില്‍ കുറച്ചു നാളത്തേക്കുള്ള ഒരു ജോലി കിട്ടുന്നത്. ഒരു കടയില്‍, കണക്കെഴുതുന്ന ഒരാളായിട്ട്. എന്നാല്‍, കച്ചവടം തുടരുന്നതിനുള്ള കണക്കുകളല്ല, അവസാനിപ്പിക്കുന്ന കണക്കുകള്‍. വയസ്സുചെന്ന ഒരു മാര്‍വാഡി സ്​ത്രീയായിരുന്ന അതി​െൻറ ഉടമസ്ഥ. അവർ തന്‍റെ വ്യാപാരം അടച്ചുപൂട്ടി തിരിച്ചുപോവുകയായിരുന്നു. കണക്കെഴുതുന്നതിനു കൂലിയൊന്നുമില്ല. ഭക്ഷണം കിട്ടും. അത്രമാത്രം. പക്ഷേ, വേറൊരു നിലക്ക് അതു ഗുണമായി. അവർ പറഞ്ഞതനുസരിച്ച് അധികം വൈകാതെ എനിക്ക് ഒരു വലിയ കെട്ടിടസമുച്ചയത്തിന്‍റെ കാവല്‍ക്കാരനായി ജോലി കിട്ടി. മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യമായിരുന്നു അത്. കുറച്ച് ഇംഗ്ലീഷ് പറയാനറിയാമായിരുന്നു എന്നതായിരുന്നു എന്‍റെ അധികയോഗ്യത.

 

അതൊരു വലിയ പാര്‍പ്പിട സമുച്ചയമായിരുന്നു. സമൂഹത്തിലെ വലിയ മനുഷ്യര്‍ താമസിക്കുന്ന വീടുകള്‍. ധനികരായ വ്യാപാരികള്‍, മുന്തിയ ഉദ്യോഗസ്ഥന്മാര്‍, രാഷ്ട്രീയനേതാക്കന്മാര്‍. പലരുമുണ്ടായിരുന്നു അവരില്‍. എല്ലാവരും രാവിലെ കാറുകളില്‍ പുറത്തുപോയി. രാത്രിയില്‍ പല സമയങ്ങളിലായി തിരിച്ചു വന്നു. വാഹനങ്ങള്‍ക്കായി വാതില്‍ തുറന്നുകൊടുക്കുകയായിരുന്നു എന്‍റെ ജോലി. മുന്നിലെ കാവല്‍പ്പുരയില്‍ ഞാനും ചില വളര്‍ത്തുനായ്ക്കളും കെട്ടിടത്തിനു കാവല്‍ നിന്നു. പകല്‍സമയം മിക്കവാറും വെറുതെയിരിക്കുകയായിരുന്നു ഞാന്‍.

പലതരം നിരാശകള്‍ എന്നെ ബാധിച്ച കാലമായിരുന്നു അത്. ഉപേക്ഷിച്ച നാടും മനുഷ്യരും ഒന്നും എന്നെ വിട്ടുപോയില്ല. ദ്വീപില്‍ എന്‍റെ നിസ്സാരമായ ജീവിതം. കടവില്‍കെട്ടിയിട്ട തോണിപോലെ അത് ഉലഞ്ഞുകൊണ്ടിരുന്നു. യാന്ത്രികമായി പകലുകളും രാത്രികളും വന്നുപോയി. നഗരത്തിന്‍റെ രാത്രിയില്‍ ഉറക്കമില്ലാത്ത നായയെപ്പോലെ ഞാന്‍ നടന്നു. കാവല്‍ നിൽക്കുമ്പോഴും ഞാന്‍ അലയുകയായിരുന്നു. ഇല്ലാത്ത സൂര്യനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഗ്രഹം. മടുപ്പായിരുന്നു എന്‍റെ പ്രശ്നം. അതിന്‍റെ നരകസമാനമായ തടവില്‍ ഞാന്‍ പിടഞ്ഞു.

അങ്ങനെയിരിക്കുമ്പോഴാണ് കാവല്‍പ്പുരയില്‍ കൊണ്ടിടുന്ന, ആളുകള്‍ വന്നു വാങ്ങാത്ത ചില പത്രങ്ങളിലേക്ക് എന്‍റെ ശ്രദ്ധയെത്തുന്നത്. അതൊരു വഴിത്തിരിവായിരുന്നു. പലതരം പത്രങ്ങള്‍... ഇംഗ്ലീഷിലും ബംഗ്ലാ ഭാഷയിലുമുള്ളവ. പലതും ഞാന്‍ ആദ്യമായി കാണുകയായിരുന്നു.

നിങ്ങള്‍ വിചാരിക്കുന്നതുപോലെ, പത്രത്തിലെ വാര്‍ത്തകളോ പരസ്യങ്ങളോ ഒന്നുമല്ല എന്നെ ആകര്‍ഷിച്ചത്. മറ്റു ചിലതായിരുന്നു. ഉദാഹരണത്തിന് വിനോദത്തിനായി നീക്കിവെച്ച ചില താളുകള്‍. അവയില്‍ സ്ഥിരം വരുന്ന പദപ്രശ്നങ്ങളും കണക്കുകള്‍കൊണ്ടുള്ള കളികളും എന്നെ ആകര്‍ഷിച്ചു. കുട്ടികള്‍ക്കു പൂരിപ്പിക്കാനുള്ളവ, പിന്നെ മുതിര്‍ന്നവരെ ഉദ്ദേശിച്ചിട്ടുള്ളവ. ചില അക്ഷരങ്ങള്‍കൊണ്ടും അക്കങ്ങള്‍കൊണ്ടും പൂരിപ്പിക്കാവുന്ന കടങ്കഥകള്‍. അവ പലതരത്തിലുണ്ടായിരുന്നു. വളരെ എളുപ്പം ചെയ്യാവുന്നവ, കുറച്ചുകൂടി സമയമെടുത്തു ചെയ്യാവുന്നവ. ഇനിയും ചിലത് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തി, മണിക്കൂറുകളോളം നമുക്കു പിടിതരാതെ നിൽക്കുന്നവ. ക്രോസ് വേഡുകള്‍, നമ്പര്‍ ഗെയിമുകള്‍, പസിലുകള്‍... എല്ലാം ഞാന്‍ ഒന്നൊന്നായി പരിശ്രമിക്കും. അതെന്നെ മടുപ്പിച്ചതേയില്ല. ഞാന്‍ ഏറ്റവും വിഷമമുള്ള സമസ്യകള്‍ പൂരിപ്പിക്കുന്നതിലേക്ക് ഞാന്‍ സാവധാനം എത്തിച്ചേര്‍ന്നു. അപ്പോഴേക്കും, അവക്കു താഴെ നിലവാരമുള്ള പ്രശ്നങ്ങളെല്ലാം എനിക്ക് കടലാസോ പേനയോ എടുക്കാതെ, ഒറ്റനോട്ടത്തില്‍ത്തന്നെ പരിഹരിക്കാവുന്നവയായി മാറിയിരുന്നു.

ഓരോ ദിവസവും രാവിലത്തെ ജോലി കഴിഞ്ഞാലുള്ള ഇരമ്പുന്ന ശൂന്യതയെ ഞാന്‍ ഇത്തരം ഗണിത, പദസമവാക്യങ്ങള്‍കൊണ്ടു നിറക്കാന്‍ ശ്രമിച്ചു. മാസങ്ങള്‍ക്കുശേഷം ജീവിതത്തില്‍ ഒരു കൃത്യനിഷ്ഠ കൈവരുന്നതുപോലെ എനിക്കു തോന്നി. അതു മാത്രമല്ല, പുതിയ, വ്യത്യസ്തമായ കളികള്‍ക്കായി ഞാന്‍ എപ്പോഴും, എല്ലാ ദിവസവും കാത്തിരുന്നു. ഏതു തരത്തിലുള്ള വ്യത്യാസമാണ് അവ കൊണ്ടുവരാന്‍ പോകുന്നത്? എത്രമാത്രം ആയാസകരമായിരിക്കും അവയുടെ പൂരണം? ഒരു മദ്യപനെപ്പോലെ ആ ചിന്ത എന്നെ ലഹരി പിടിപ്പിച്ചു. വളരെ നേരത്തേ വരുന്ന പത്രങ്ങളിലെ കളികള്‍ കിട്ടിയ മുറക്കുതന്നെ പൂരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു.

ആകാംക്ഷ കാരണം എനിക്ക് ഉറങ്ങാന്‍പോലും കഴിഞ്ഞിരുന്നില്ല. ശൂന്യതയിലേക്കു കൂപ്പുകുത്തിയ ജീവിതത്തിന് അർഥമുണ്ടെന്നു തോന്നിച്ച ദിവസങ്ങളായിരുന്നു അവ. കുറച്ചു കാലംകൊണ്ടുതന്നെ ഇത്തരം കളികളെല്ലാം –ഏറ്റവും ദുഷ്കരം എന്ന് വിചാരിക്കാവുന്നവ പോലും– ആദ്യത്തെ മണിക്കൂറിനുള്ളില്‍ത്തന്നെ പൂരിപ്പിച്ചു തീര്‍ക്കാന്‍ എനിക്കു സാധിച്ചിരുന്നു. ബാക്കിയുള്ള സമയം എന്തുചെയ്യുമെന്നറിയാതെ, പിറ്റേന്നത്തെ പത്രങ്ങള്‍ക്കായി ഞാന്‍ കാത്തിരുന്നു. പകലുകളില്‍ എന്‍റെ സമയം കൂറ്റന്‍ ഇരയെ വിഴുങ്ങിയ ഒരു ജന്തുവിനെപ്പോലെ അനക്കമില്ലാതെ കിടന്നു. അതിന്‍റെ ഓരോ നിശ്വാസവും എനിക്കു കേള്‍ക്കാമായിരുന്നു.

എന്നാല്‍, കൂടുതല്‍ വലിയ ശൂന്യതകള്‍ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ചില ഉത്സവദിവസങ്ങള്‍ക്കു ശേഷമുള്ള ദിവസങ്ങളില്‍ പത്രങ്ങളുണ്ടാവുകയില്ലെന്ന് ഒരു ഞെട്ടലോടെയാണ് ഞാനറിഞ്ഞത്. അത്തരം ദിവസങ്ങളിലെ ഭയാനകമായ ഏകാന്തത എന്നെ ഭ്രാന്തുപിടിപ്പിക്കുമായിരുന്നു. എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഞാന്‍ വലഞ്ഞു. തലേന്നത്തെ പത്രങ്ങളിലെ പഴകിയ വാര്‍ത്തകളിലേക്കു ഞാന്‍ കണ്ണെറിഞ്ഞു. അവയൊന്നും എന്നെ ആകര്‍ഷിച്ചതേയില്ല. പഴയ പദപ്രശ്നങ്ങളുമതേ. പരിഹരിക്കപ്പെട്ട പ്രശ്നങ്ങളിലെ നിസ്സാരത, തീര്‍ന്നുപോയ അല്ലെങ്കില്‍ പ്രവചിക്കാവുന്ന ഒരു ജീവിതംപോലെ വ്യർഥമായിത്തോന്നി. ഞാന്‍ സ്വയം പിറുപിറുക്കുകയും ആ ചെറിയ കാവല്‍പ്പുരയില്‍ നിര്‍ത്താതെ ഉലാത്തുകയും ചെയ്തുകൊണ്ടിരുന്നു.

അങ്ങനെയിരിക്കേ, അത്തരമൊരു ഉത്സവം കഴിഞ്ഞതിനുശേഷമുള്ള തൊട്ടുപിറ്റേന്ന്, ആ സമുച്ചയത്തില്‍നിന്നും ഒരു വീട്ടുകാര്‍ സ്ഥലംമാറി പോകുന്നത്. അവര്‍ വീട്ടുസാമാനങ്ങളെല്ലാം കൊണ്ടുപോയിക്കഴിഞ്ഞപ്പോള്‍ മുറി തുറന്നു വൃത്തിയാക്കിക്കേണ്ട ചുമതല എനിക്കായിരുന്നു. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് വൃത്തിയാക്കുന്നവര്‍ക്കൊപ്പം ഞാനും പോയി നിന്നു. അപ്പോഴാണ് അവര്‍ കൊണ്ടുപോകാതെ വെച്ചിരിക്കുന്ന പഴയ പത്രങ്ങളുടെ കൂറ്റന്‍ കെട്ടുകള്‍ ഞാന്‍ കാണുന്നത്. പത്രക്കെട്ടുകളുടെ വലിയ ആ അടുക്കുകള്‍ സ്വന്തമാക്കാനായി മുറി വൃത്തിയാക്കുന്ന ജോലിക്കാരും മറ്റുചില കാവല്‍ക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. അതു വിറ്റുകിട്ടുന്ന ചെറിയ തുകയിലായിരുന്നു അവരുടെ കണ്ണ്. ഞാനൊരു കാര്യം ചെയ്തു: സ്വന്തം കൈയില്‍ നീക്കിയിരിപ്പുള്ള പണംകൊണ്ട് അവര്‍ പറയുന്ന വില കൊടുത്ത് ഞാനതു സ്വന്തമാക്കി.

അതു വലിയൊരു ഉത്തരമായിരുന്നു. വര്‍ഷങ്ങളോളം കൊടുക്കാതെ വെച്ചിരുന്ന ആ പഴയ പത്രങ്ങളിലൂടെ ഞാനെന്‍റെ ജീവിതം വീണ്ടും തളിര്‍ക്കുന്നത് അനുഭവിച്ചു. അവയൊക്കെ പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് ഞാന്‍ എന്‍റെ നാട്ടിലായിരുന്നു. അല്ലെങ്കില്‍ നാടുവിട്ടുപോന്ന് ദ്വീപിലായിരുന്നു, നദിയില്‍ തോണിക്കാരനായി ജോലിചെയ്യുകയായിരുന്നു. ഈ നഗരത്തില്‍ ഇല്ലാതിരുന്ന ആ പഴയ കാലത്തെ ഇപ്പോള്‍ വന്നു സന്ദര്‍ശിക്കുകയാണെന്ന് എനിക്കു തോന്നി. അനേകം ക്രോസ് വേഡുകള്‍, ഗെയിമുകള്‍, ഗണിതസമസ്യകള്‍... ആ പ്രശ്നങ്ങളുമായി എനിക്ക് വേണ്ടുവോളം സമയം ചെലവഴിക്കാമെന്നു വന്നു. ആഹ്ലാദകരമായിരുന്നു ആ കണ്ടുപിടിത്തം.

അതിനിടയില്‍ ചെറിയ ചില പ്രശ്നങ്ങള്‍ ഉണ്ടായില്ല എന്നല്ല. ഉദാഹരണത്തിന് ചിലപ്പോഴൊക്കെ വാതില്‍ തുറന്നുകൊടുക്കാന്‍ ഞാനൊരൽപം വൈകുമായിരുന്നു. വാഹനങ്ങളുടെ ഹോണ്‍ കേട്ട് ഞാന്‍ ഗേറ്റിനടുത്തേക്ക് ഓടിച്ചെല്ലും. ചിലര്‍ ദേഷ്യത്തോടെ നോക്കും. എപ്പോഴും ഞാനെന്തെങ്കിലും ഒഴികഴിവു പറയുമായിരുന്നു. വലിയ കുഴപ്പമില്ലാതെ അവയെല്ലാം സ്വീകരിക്കപ്പെടുകയാണ് പതിവ്. എന്നാല്‍, ഒരിക്കല്‍ അതു തെറ്റി.

അതൊരു ഉച്ചസമയമായിരുന്നു. സാധാരണഗതിയില്‍ ആരും മടങ്ങിവരാത്ത സമയം. കാവല്‍ക്കാര്‍ മറ്റു വല്ലവരുമാണെങ്കില്‍ ഉറങ്ങുന്ന നേരമാണ്. ഞാന്‍ പക്ഷേ, പകലോ രാത്രിയോ ഉറക്കമില്ലാത്ത ഒരു വിചിത്രജീവിയായിരുന്നുവെന്നു പറഞ്ഞല്ലോ. അതു മനസ്സിലാക്കി പല കാവല്‍ക്കാരും അവരുടെ ജോലിപോലും എന്നെയേൽപിച്ചു പോകാറുണ്ടായിരുന്നു. എനിക്കാണെങ്കില്‍ ഒരാവശ്യവുമില്ല. പോകാന്‍ വീടില്ല, കാത്തിരിക്കാന്‍ ബന്ധുക്കളില്ല. ജന്മദീര്‍ഘമായ ഒരു വിജനതയില്‍ ഞാന്‍ കഴിഞ്ഞു. ജോലി എന്നു പറയാവുന്ന കുറച്ചു സമയത്തിനപ്പുറത്ത് എപ്പോഴും പത്രമാസികകളിലെ പ്രശ്നങ്ങള്‍ പൂരിപ്പിച്ചുകൊണ്ട് ഞാനിരിക്കും. അട്ടിയട്ടിയായിട്ടിരിക്കുന്ന പ്രശ്നപർവതത്തെ അൽപാൽപമായി ഭക്ഷിച്ചുകൊണ്ടുള്ള ആ ഇരിപ്പില്‍ ചുറ്റുപാടുള്ള ലോകം മാഞ്ഞുപോകുന്നതും വിശപ്പും ദാഹവും ക്ഷീണവുമൊന്നും ശരീരത്തെ ബാധിക്കാതാവുന്നതും ഞാനറിഞ്ഞു.

 

ആ ദിവസം, പെട്ടെന്ന് കാവല്‍പ്പുരയുടെ വാതില്‍ തള്ളിത്തുറക്കുന്ന ശബ്ദം കേട്ടു. ഞാന്‍ പദപ്രശ്നത്തില്‍നിന്നും ഞെട്ടിയുണര്‍ന്ന് വാതിലിന്‍റെ ദിശയിലേക്കു നോക്കി. അതാ, ദീര്‍ഘകായനായ ഒരു പട്ടാളക്കാരന്‍ മുന്നില്‍ നിൽക്കുന്നു! ആ കണ്ണുകളില്‍ ക്രോധം പുകയുന്നുണ്ട്. ഞാന്‍ ഭയന്നുവിറച്ചുകൊണ്ട് എഴുന്നേറ്റുനിന്നു. അയാള്‍ എന്‍റെ മുഖമടച്ച് ഒരടിയടിച്ചു. ഞാന്‍ നട്ടുവന്‍റെ നിഴലിനെപ്പോലെ ഒന്നാടിയുലഞ്ഞുകൊണ്ട് താഴെ നിലത്തുവീണു. എന്‍റെ ചുറ്റും ജീവിതസമസ്യപോലെ ചിതറിക്കിടക്കുന്ന പഴയ പത്രങ്ങളുടെ താളുകള്‍. ഞാന്‍ വീണുകിടന്നിടത്തുനിന്നും മുഖമുയര്‍ത്തി പട്ടാളക്കാരനെ നോക്കി.

‘‘എന്‍റെ കൂടെ വാടാ, പട്ടീ.’’ അയാള്‍ അലറി.

ഞാന്‍ എഴുന്നേറ്റ് അയാളുടെ പിറകെ ഗതികെട്ട ഒരു പട്ടിയെപ്പോലെത്തന്നെ നടന്നു. കാവല്‍പ്പുരയില്‍നിന്നും മുഖ്യകവാടത്തിലേക്കുള്ള ഇത്തിരിദൂരം അനേകം നാഴികകള്‍ നീളുന്ന ഇരുണ്ട ഒരിടനാഴിപോലെ എനിക്കു തോന്നി. കടന്നുവന്ന അതിര്‍ത്തികളെയും തുഴഞ്ഞുപോന്ന നദികളെയും ഞാന്‍ മനസ്സിലോർമിച്ചു. തൊട്ടുമുന്നില്‍ വെറുമൊരു പട്ടാളക്കാരനല്ല, മാര്‍ച്ചു ചെയ്തുപോകുന്ന ഒരു സൈന്യമാണെന്ന് ഞാന്‍ പേടിച്ചിരുന്നു. കാതില്‍ പെരുമ്പറകളുടെ ശബ്ദം, കാതടപ്പിക്കുന്ന വെടിയൊച്ചകള്‍.

വലിയ ഗേറ്റിനു സമീപം ഒരാള്‍ക്കുമാത്രം കയറാനാവുന്ന കിളിവാതിലിലൂടെയാണ് അയാള്‍ പ്രവേശിച്ചിട്ടുള്ളത്. അതിലൂടെ നോക്കുമ്പോള്‍, പുറത്ത് കമനീയമായ ഒരു സൈനികവാഹനം വാതില്‍ തുറക്കുന്നതു കാത്തുകിടപ്പുണ്ടായിരുന്നു. ഞാന്‍ മുഖ്യകവാടം തുറന്ന്, വിറച്ചുകൊണ്ട് അതിനുള്ളിലുള്ളവരെ അഭിവാദ്യം ചെയ്തു. അവര്‍ മൂന്നുപേരുണ്ടായിരുന്നു.

കാവല്‍പ്പുരയിലേക്കു വന്ന പട്ടാളക്കാരന്‍ അവരോടു പറഞ്ഞു: ‘‘ഇവന്‍ പത്രം നോക്കി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു സര്‍.’’ ഉള്ളിലുള്ളവരാരും ഒന്നും പറഞ്ഞില്ല.

‘‘നിന്‍റെ കാര്യം ഞാന്‍ നോക്കുന്നുണ്ട്’’, അയാള്‍ കോപത്തോടെ എന്നെ നോക്കിക്കൊണ്ടു സ്വകാര്യംപോലെ പറഞ്ഞു. പിന്നെ വാഹനത്തിന്‍റെ മുന്‍സീറ്റില്‍ കയറി, വാഹനം സ്റ്റാര്‍ട്ട് ചെയ്തു.

(തുടരും)

News Summary - weekly novel