Begin typing your search above and press return to search.
proflie-avatar
Login

ഹല്‍ദ്വാനിയിലെ മുസ്‌ലിം വിരുദ്ധ ബുള്‍ഡോസര്‍ ഭീകരത, ഭരണകൂട നിസ്സംഗത

ഹല്‍ദ്വാനിയിലെ മുസ്‌ലിം വിരുദ്ധ ബുള്‍ഡോസര്‍ ഭീകരത, ഭരണകൂട നിസ്സംഗത
cancel

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ അനധികൃത കൈയേറ്റമെന്നാരോപിച്ച് മദ്റയും ആരാധനാലയവും തകർത്തതിനെ തുടർന്നുണ്ടായ പ്രതിഷേധവും വെടിവെപ്പും ആറ് പേരുടെ മരണത്തിലാണ് കലാശിച്ചത്. ഭരണകൂട വേട്ടക്കിരയായ ഹൽദ്വാനിയിൽ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എപിസിആര്‍) വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ പൂർണ്ണരൂപം

2024 ഫെബ്രുവരി 8ന് ഹല്‍ദ്വാനിയില്‍ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എപിസിആര്‍) നടത്തിയ ഈ വസ്തുതാന്വേഷണത്തില്‍ വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ എല്ലാ വ്യക്തികള്‍ക്കും ഞങ്ങള്‍ അഗാധമായ നന്ദി അറിയിക്കുന്നു. ‌സമഗ്രമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്, തങ്ങളനുഭവിച്ച അക്രമങ്ങളെക്കുറിച്ച് വസ്തുതാന്വേഷണ സംഘത്തിന് മുന്നില്‍ ധീരമായി തുറന്നുസംസാരിക്കാന്‍ സന്നദ്ധമായ ബന്‍ഭൂല്‍പുരയിലെയും ഹല്‍ദ്വാനിയിലെയും ജനങ്ങളുടെ അചഞ്ചലമായ ധൈര്യത്തെയും നിശ്ചയദാര്‍ഢ്യത്തെയും ഞങ്ങള്‍ കടപ്പാടോടെ സ്മരിക്കുന്നു. സത്യം പുറത്തുകൊണ്ടുവരുന്നതിനായി പരിശ്രമിച്ച പ്രാദേശിക നേതാക്കളുടെയും പത്രപ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും പൗരാവകാശ പ്രവര്‍ത്തകരുടെയും അര്‍പ്പണബോധം ആത്മാര്‍ത്ഥമായ അഭിനന്ദനം അര്‍ഹിക്കുന്നു.

ഭീതിനിറഞ്ഞ സാഹചര്യത്തിലും നിര്‍ഭയമായി അനീതിക്കെതിരെ മനുഷ്യാവകാശങ്ങള്‍ക്കായി നിലകൊണ്ട എല്ലാവരുടെയും സഹകരണ മനോഭാവവും കൂട്ടായ പരിശ്രമങ്ങളും കൂടുതല്‍ നീതിയുക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമത്വാധിഷ്ഠിതവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത അടിവരയിടുന്നു


എ.പി.സി.ആർ വസ്തുതാന്വേഷണ സംഘം ഹൽദ്വാനിയിൽ


അന്വേഷണരീതി

രാജ്യത്തെ അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി 2006 മുതല്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനയാണ് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്. ഹല്‍ദ്വാനിയിലെ അക്രമങ്ങളുടെ ശരിയായ വസ്തുത വെളിച്ചത്തുകൊണ്ടുവരാനും സംഘര്‍ഷങ്ങളുടെ കൃത്യമായ വിവരണം നല്‍കാനും ഈ അക്രമത്തിലെ നിയമ നിര്‍വഹണ ഏജന്‍സികളുടെയും ഭരണകൂടത്തിന്റെയും പങ്ക് പരിശോധിക്കാനുമാണ് നിര്‍ണായകമായ ഈ അന്വേഷണം ഞങ്ങള്‍ ഏറ്റെടുത്തത്.

അഭിഭാഷകര്‍, പത്രപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിരമിച്ച പൊതുജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സമര്‍പ്പിത സംഘം നടത്തിയ ദുര്‍ഘടമായ വിവരശേഖരണത്തിന്റെ സമാഹാരമാണ് ഈ റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്ന അക്രമത്തിനിടയില്‍ നടന്ന പൊലീസ് അതിക്രമങ്ങളുടെ വിവരണങ്ങളും സംഭവങ്ങളുടെ ക്രമവും ഈ റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നു.

പ്രാദേശിക സാമൂഹ്യ പ്രവര്‍ത്തകരും നേതാക്കളുമായുള്ള വസ്തുതാന്വേഷണ സംഘം നടത്തിയ സംഭാഷണങ്ങള്‍ ഭരണകൂടം നടത്തിയ നിരവധി മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പോലുള്ള ദ്വിതീയ സ്രോതസ്സുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭരണകൂട അക്രമത്താല്‍ ദുരിതം ബാധിച്ച പ്രദേശത്തിന്റെ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ ധാരണ നല്‍കുന്ന റിപ്പോര്‍ട്ടില്‍ അവതരിപ്പിക്കുന്ന എല്ലാ കണ്ടെത്തലുകളും നിഗമനങ്ങളും തെളിവുകളില്‍ ഊന്നുന്നതാണ്.

റിപ്പോര്‍ട്ടിന്റെ പരിമിതികള്‍

പ്രദേശത്ത് തുടരുന്ന കര്‍ഫ്യൂ കാരണത്താല്‍ അക്രമത്തിന് ഇരയായ പ്രദേശവാസികളോട് നേരിട്ട് സംസാരിക്കുന്നതിന് സാധ്യമായിട്ടില്ല. പകരം, പ്രദേശത്തെ പൗരപ്രമുഖരും പത്രപ്രവര്‍ത്തകരും അഭിഭാഷകരും എഴുത്തുകാരുമായി നടത്തിയ സംഭാഷണമാണ് റിപ്പോര്‍ട്ടിലുള്ളത്. പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ പ്രദേശ വാസികളായവരുമായി ഫോണിലൂടെ നടത്തിയ അഭിമുഖങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ഉദ്യോഗസ്ഥരും ഭരണാധികളുമായി സംസാരിക്കാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും ജോലിത്തിരക്കുകള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.


ആമുഖം

ഹല്‍ദ്വാനി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൈയേറ്റ വിരുദ്ധ നടപടികളുടെ പേരില്‍ ഫെബ്രുവരി 8 ന് ഹല്‍ദ്വാനിയിലെ ബന്‍ഭൂല്‍പുര പ്രദേശത്തുള്ള മര്‍യം മസ്ജിദും അബ്ദുൽ റസാഖ് സക്കരിയ മദ്റസയും പൊളിച്ചതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. തുടര്‍ന്ന് പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തി. അക്രമത്തിന്റെ ഫലമായി പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. കര്‍ഫ്യൂ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയിട്ടുണ്ടെങ്കിലും നാട്ടുകാര്‍ ഇപ്പോഴും ഭീതിയിലാണ്. കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഷൂട്ട്-അറ്റ്-സൈറ്റ് ഓര്‍ഡര്‍ പുറപ്പെടുവിക്കുകയുമുണ്ടായി. പൊലീസ് വെടിവെപ്പിനെത്തുടര്‍ന്ന് ഏഴ് പേര്‍ മരണപ്പെട്ടിരുന്നു. ഇതുവരെ 31 പേരെ അറസ്റ്റ് ചെയ്യുകയും 90 ഓളം പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കണ്ടാലറിയാവുന്ന 5000 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരണനിരക്ക് 20 ല്‍ കൂടുതലാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

വാല്‍മീകി സമൂഹത്തില്‍നിന്നുള്ള സഞ്ജയ് സോങ്കര്‍ എന്ന വ്യക്തി വെടിവെച്ചുകൊന്ന ഒരാള്‍ ഒഴികെ എല്ലാ മരണങ്ങളും പൊലീസ് വെടിവെപ്പിലാണ് സംഭവിച്ചത്.

സംഗ്രഹം

> പ്രദേശത്ത് സംഘര്‍ഷം വർധിപ്പിക്കുന്നതിനിടയാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച മുന്‍സിപ്പല്‍ കമ്മീഷണര്‍ ശ്രീ പങ്കജ് ഉപാധ്യായയെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യാത്തത് സംശയം ജനിപ്പിക്കുന്നതാണ്. പള്ളിയും മദ്റസയും പൊളിക്കുന്ന സമയത്ത് സ്ത്രീകളോടുള്‍പ്പെടെ പൊലീസ് നടത്തിയ മോശം പെരുമാറ്റം സംഘര്‍ഷം വ്യാപിക്കുന്നതിനും കല്ലേറുള്‍പ്പെടെ ഉണ്ടാകുന്നതിനും കാരണമായി. വാല്‍മീകി സമുദായത്തില്‍നിന്നുള്ള ശുചീകരണ തൊഴിലാളികള്‍ പൊലീസിനൊപ്പം ചേര്‍ന്ന് മുസ്‍ലിം സമുദായത്തെ അക്രമിച്ചു.

> കര്‍ഫ്യൂ ഉത്തരവുകള്‍ ഉണ്ടായിരുന്നിട്ടും പൊലീസ് വെടിവയ്പും അതിക്രമങ്ങളും സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രദേശത്തെ പിരിമുറുക്കം വർധിപ്പിച്ചു. കൂടുതല് നാശനഷ്ടങ്ങളിലേക്കും പ്രതിസന്ധി കൂടുതല്‍ വഷളാക്കുന്നതിലേക്കും നയിച്ച പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ മൂന്നാമതൊരു വിഭാഗത്തിന്റെ പങ്കാളിത്തം കണ്ടെത്താനാവുന്നു.

> സംസ്ഥാനത്തുടനീളമുള്ള തീര്‍പ്പാവാത്ത ഭൂപ്രശ്‌നങ്ങളും തര്‍ക്കങ്ങളും നിരവധി മതസ്ഥാപനങ്ങളെയും സെറ്റില്‍മെന്റുകളെയും ബാധിക്കുന്ന വിശാലമായ പ്രതിസന്ധിയാണ്.

> ഭൂപ്രശ്‌നങ്ങളുടെ പേരില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടത്തുന്ന മുസ്‍ലിം ആരാധനാലയങ്ങളും പള്ളികളും തിരഞ്ഞെടുത്ത് പൊളിക്കുന്നത് സര്‍ക്കാരിന്റെ വര്‍ഗീയ അജണ്ടയുടെ വ്യക്തമായ അനീതിയുടെയും തെളിവാണ്.

> ഹല്‍ദ്വാനി നിവാസികള്‍ നേരിട്ട പൊലീസ് അക്രമം, അന്യായമായ തടങ്കലുകള്‍, ഗുരുതരമായ പരിക്കുകള്‍ എന്നിവ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്.

> ഹല്‍ദ്വാനിയിലുണ്ടായ ആസൂത്രിതമായ അക്രമവും തിരഞ്ഞെടുത്തുള്ള നാശനഷ്ടങ്ങളും തീപിടിത്തവും മരണങ്ങളും പ്രദേശത്തെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയെ സൂചിപ്പിക്കുന്നു.


ഭാഗം 1

അക്രമത്തിന് മുമ്പ്

മുസ്‍ലിം ആരാധനാലയങ്ങളെയും ഭൂമിയെയും ലക്ഷ്യം വെച്ചുള്ള ആസൂത്രിതമായ നീക്കങ്ങള്‍

മുസ്‍ലിം ആരാധനാലയങ്ങളും പള്ളികളും പൊളിക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള പ്രചരണങ്ങള്‍ രാജ്യത്ത് പുതിയ കാര്യമല്ല. 2023 ഏപ്രില്‍ മുതല്‍ ഇത് ‘ഭൂമി ജിഹാദ്’ എന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്നതാണ്. രേഖപ്പെടുത്തപ്പെട്ട തെളിവുകളുള്ള 200 വര്‍ഷം പഴക്കമുള്ള മുസ്‍ലിം ദേവാലയങ്ങള്‍ പോലും ഇതിന്റെ പേരില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി നയിക്കുന്ന സംസ്ഥാന സര്‍ക്കാരും തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും ചേര്‍ന്ന് നടത്തുന്ന പ്രചരണങ്ങള്‍ ഈ വംശീയ ധ്രുവീകരണത്തിന് കാരണമായിട്ടുണ്ട്. ഉത്തരാഖണ്ഡിനെ മറ്റ് മതന്യൂനപക്ഷങ്ങള്‍ക്ക് സ്ഥാനമില്ലാത്ത ഹിന്ദുക്കളുടെ പുണ്യഭൂമിയായ ദേവഭൂമിയായി സംരക്ഷിക്കുക എന്നതാണ് ഈ പ്രചരണങ്ങളില്‍ സുപ്രധാനമായത്. ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ്, വ്യാപാര്‍ ജിഹാദ്, മസാര്‍ ജിഹാദ് തുടങ്ങിയ യാതൊരു അടിസ്ഥാനമില്ലാത്ത നിരവധി മുസ്‍ലിം വിരുദ്ധ പ്രചരണങ്ങളും ഇതേടൊപ്പമുണ്ട്.

ഈ പ്രചരണങ്ങളുടെ ഫലമായി മുസ്‍ലിങ്ങളെ സാമ്പത്തികമായും സാമൂഹികമായും ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്യപ്പെടുകയാണ്. വീടുകളില്‍നിന്നും കടകളില്‍നിന്നും മുസ്‍ലിം വാടകക്കാരെ ഒഴിപ്പിക്കുകയും സംസ്ഥാനം വിടാന്‍ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇതിനൊപ്പം, 'ഭൂമി ജിഹാദിനെതിരെയും' മറ്റ് എല്ലാ തരത്തിലുള്ള ജിഹാദുകള്‍ക്കെതിരെയും തന്റെ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. 3000 മസാറുകള്‍ (ദര്‍ഗകള്‍) നശിപ്പിച്ചത് തന്റെ സര്‍ക്കാരിന്റെ നേട്ടമായി മുഖ്യമന്ത്രി പറയുന്നു. അതേസമയം വന, നസൂല്‍ ഭൂമിയിലെ അനധികൃത ഹിന്ദു മതനിര്‍മ്മാണങ്ങളെക്കുറിച്ച് അദ്ദേഹം മൗനം പാലിക്കുകയും ചെയ്യുന്നു.


ഉത്തരാഖണ്ഡിലെ 3,92,000 ഹെക്ടര്‍ നസൂല്‍ ഭൂമിയുമായി ബന്ധപ്പെട്ടതാണ് ഉയര്‍ന്നുവന്ന മറ്റൊരു വിഷയം. ഈ ഭൂമി രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും കേന്ദ്ര സര്‍ക്കാരിന് ഇതിനകം തന്നെ നിർദേശം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഹൗസിങ്, വാണിജ്യ, കാര്‍ഷിക ആവശ്യങ്ങള്‍ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി പതിറ്റാണ്ടുകളായി ഉപയോഗിച്ചു പോരുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയെയാണ് നസുല്‍ ഭൂമി എന്ന് വിളിക്കുന്നത്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണെങ്കിലും മിക്കപ്പോഴും സംസ്ഥാന സ്വത്തായി നേരിട്ട് കൈകാര്യം ചെയ്യുന്നതല്ല. ഇന്ത്യയിലെ പല നഗരങ്ങളിലും ഹൗസിങ് സൊസൈറ്റികള്‍ക്കായി ഉപയോഗിക്കുന്ന നസൂല്‍ ഭൂമി മുന്‍കൂര്‍ ഉടമസ്ഥാവകാശം തെളിയിക്കാന്‍ ശരിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ അതത് സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള നസൂല്‍ ഭൂമിയായി അടയാളപ്പെടുത്തപ്പെട്ടവയാണ്. സംസ്ഥാനം സാധാരണയായി അത്തരം ഭൂമി ഏതെങ്കിലും സ്ഥാപനത്തിന് 15 നും 99 നും ഇടയിലുള്ള വർഷ കാലയളവിലേക്ക് പാട്ടത്തിന് നല്‍കുന്നു. പാട്ടക്കാലാവധി അവസാനിക്കുകയാണെങ്കില്‍ പാട്ടം പുതുക്കുന്നതിനായി പ്രാദേശിക വികസന അതോറിറ്റിയുടെ റവന്യൂ വകുപ്പിന് രേഖാമൂലമുള്ള അപേക്ഷ സമര്‍പ്പിക്കണം. പാട്ടം പുതുക്കാനോ റദ്ദാക്കി നസൂല്‍ ഭൂമി തിരിച്ചെടുക്കാനോ ഗവണ്‍മെന്റിന് സ്വാതന്ത്ര്യമുണ്ട്.

ഒരു വശത്ത്, ഈ വിഷയം കോടതിയുടെ പരിഗണനയിലാണ്, മറുവശത്ത് സര്‍ക്കാര്‍ ഈ ഭൂമി രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നു. ഇത് ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വര്‍ഗീയ അജണ്ട വ്യക്തമായി സൂചിപ്പിക്കുന്ന നടപടിയാണ്. റെയില്‍വേ ഭൂമിയിലെ കെയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ പേരില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാനത്തുടനീളം പ്രകടമായി തുടരുന്ന സര്‍ക്കാര്‍ അജണ്ടകളുടെയും ടാര്‍ഗെറ്റുചെയ്തുള്ള നടപടികളുടെയും കേന്ദ്രബിന്ദുവാണ് ബന്‍ഭൂല്‍പുര.

മുസ്‌ലിം ജനവിഭാഗം കൂടുതലായി താമസിക്കുന്ന ഭൂമിയെക്കുറിച്ച് മാത്രമുള്ള സംസ്ഥാനത്തെ തര്‍ക്കങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് വഴിവെക്കുകയും മുസ്‍ലിം സമുദായത്തിലെ അരക്ഷിതാവസ്ഥയും ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിക്കപ്പെടുമെന്ന ഭയവും വര്‍ധിപ്പിക്കുന്നു. ഹല്‍ദ്വാനിയിലെ സംഭവം മുസ്‍ലിങ്ങകളെ ടാര്‍ഗെറ്റുചെയ്തുള്ള നടപടികളു തുടര്‍ച്ചയാണ്.



അക്രമ സംഭവങ്ങളുടെ ക്രമം

വർധിച്ചുവരുന്ന പിരിമുറുക്കത്തിന്റെ ലക്ഷണങ്ങള്‍ പ്രദേശത്ത് നേരത്തെ പ്രകടമായിരുന്നു. സംഭവവികാസങ്ങളോട് സന്തുലിതമായ പ്രതികരിക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍നിന്ന് തന്നെ വ്യക്തമാണ്. ഡ്രോണ്‍ ഉപയോഗിച്ചുള്ള കെട്ടിടങ്ങളുടെ ടെറസ്സുകളിലെ നിരീക്ഷണം സംഭവത്തിന് മൂന്ന് ദിവസം മുമ്പ് അധികൃതര്‍ അവസാനിപ്പിച്ചിരുന്നു.

ജനുവരി 30 ന് ഹല്‍ദ്വാനി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മര്‍യം മസ്ജിദും അബ്ദുല്‍ റസാഖ് സകരിയ്യ മദ്റസയും ഫെബ്രുവരി ഒന്നിന് ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതോടൊപ്പം മുനിസിപ്പല്‍ കമ്മീഷണര്‍ പങ്കജ് ഉപാധ്യായ കുമയോണ്‍ മണ്ഡല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായി ജനുവരി 31 ന്് സ്ഥലം മാറ്റിയിരുന്നു. എന്നിരുന്നാലും സാഹചര്യം കൂടുതല്‍ വഷളാക്കി 'അധികാരത്തിലുള്ളവരെ തൃപ്തിപ്പെടുത്തുന്നതിനായി' ഫെബ്രുവരി 8 ലെ നിര്‍ഭാഗ്യകരമായ ദിവസം വരെ ഉപാധ്യായ തന്റെ പുതിയ സ്ഥാനത്തിന്റെ ചുമതല ഏറ്റെടുക്കാതെ തല്‍സ്ഥാനത്തു തുടര്‍ന്നു.

ഫെബ്രുവരി 4 ന് സര്‍ക്കാരില്‍ നിന്നുള്ള രേഖാമൂലമല്ലാത്ത പൊളിക്കല്‍ ഉത്തരവ് വരാനിരിക്കുന്ന പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിച്ചു. പൊളിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നതിനായി പ്രാദേശിക എം.എല്‍.എമാരുടെ ഇടപെടല്‍ താല്‍ക്കാലിക ആശ്വാസം നല്‍കി. ഫെബ്രുവരി 3-4 ന് അർധരാത്രി 12:30 ന് ഡെറാഡൂണില്‍നിന്ന് മസ്ജിദും മദ്റസയും സീല്‍ ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനിടയിലൊന്നും പ്രദേശത്ത് അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല പകരം സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിനായി പ്രദേശവാസികള്‍ യോജിച്ചുള്ള നിയമപോരാട്ടം തുടരാനായിരുന്നു തീരുമാനം.

ഫെബ്രുവരി 6 ന്, ഭൂവുടമയായ ഭര്‍ത്താവ് അബ്ദുള്‍ മാലിക്കിന് വേണ്ടി സോഫിയ മാലിക് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ഫെബ്രുവരി 8 ന് അവധിക്കാല ബഞ്ച് കേസ് കേട്ടു, ജഡ്ജി യാതൊരു ഉത്തരവും പുറപ്പെടുവിക്കാതെ ഫെബ്രുവരി 14 ന് അടുത്ത വാദം കേള്‍ക്കാനുള്ള തീയതി നല്‍കി




ഭാഗം 2

അക്രമ സംഭവങ്ങള്‍


ഫെബ്രുവരി 8 ന് വൈകുന്നേരം 4.30 ഓടെ പോലീസ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, രണ്ട് ബുള്‍ഡോസറുകള്‍ എന്നിവയ്‌ക്കൊപ്പം സംഭവസ്ഥലത്തെത്തി. ജില്ലാ മജിസ്‌ട്രേറ്റുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമായിരുന്നു ഈ ഒരുക്കങ്ങള്‍. കൂടുതല്‍ ബുള്‍ഡോസറുകള്‍ പിന്നാലെ എത്തിയതായി നാട്ടുകാര്‍ അറിയിച്ചു. മറ്റൊരു വകുപ്പിലേക്ക് സ്ഥലം മാറ്റിയിരുന്നെങ്കിലും മുനിസിപ്പല്‍ കമ്മീഷണര്‍ സ്ഥാനത്ത് തുടര്‍ന്ന പങ്കജ് ഉപാധ്യായ പൊളിക്കല്‍ നടപടികള്‍ക്കിടെ സ്ത്രീകളോടുള്‍പ്പെടെ മാന്യതയില്ലാതെയും മുസ്‍ലിം സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതിയിലും പെരുമാറിയിരുന്നു. അദ്ദേഹത്തിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സാഹചര്യം കൂടുതല്‍ വഷളാവാതിരിക്കാന്‍ മതപണ്ഡിതരെയും നാട്ടുകാരെയും വിശ്വാസത്തിലെടുക്കണമെന്ന് പ്രാദേശിക രഹസ്യാന്വേഷണ വിഭാഗം ഭരണകൂടത്തെ ഉപദേശിച്ചിട്ടും മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെയാണ് സേന പൊളിക്കല്‍ ആരംഭിച്ചത്. പൊളിക്കല്‍ നടപടികള്‍ യുദ്ധസമാനമായ ഒരു ആക്രമണം പോലെയായിരുന്നു. ഇതിനെതിരെ പ്രതിഷേധിക്കാന്‍ നിരവധി സ്ത്രീകള്‍ ഒത്തുകൂടി. പൂട്ടി സീല്‍ ചെയ്തിരുന്ന മസ്ജിദും മദ്റസയും സാങ്കേതികമായി സര്‍ക്കാര്‍ കൈവശത്തിലായിരുന്നു. തുടര്‍ന്ന് ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് സ്ത്രീകള്‍ ക്രൂരമായി മർദിക്കപ്പെടുകയും കൈകാര്യം ചെയ്യപ്പെടുകയുമുണ്ടായി. ഈ ബലപ്രയോഗത്തിന്റെ വീഡിയോകളും ഫോട്ടോകളും പ്രചരിച്ചത് പൊലീസുമായുള്ള കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിച്ചു.

പ്രതിഷേധങ്ങള്‍ക്കിടയില്‍ പൊലീസ് മസ്ജിദിന്റെയും മദ്സയുടെയും സീല്‍ തുറന്നു. പരിശോധനക്കു ശേഷം വിശുദ്ധ ഗ്രന്ഥങ്ങളും മറ്റ് വസ്തുക്കളും മതപണ്ഡിതരെ ഏല്‍പ്പിക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം നിർദേശിച്ചിരുന്നു. എന്നാല്‍ പൊലീസ് അവിടെ സൂക്ഷിച്ചിരുന്ന വിശുദ്ധ ഖുര്‍ആന്റെയും മറ്റ് വസ്തുക്കളുടെയും പട്ടിക തയാറാക്കിയില്ലെന്നു മാത്രമല്ല അവ ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയതുമില്ല. ഇത് ജനങ്ങളെ രോഷാകുലരാക്കുകയും മുദ്രാവാക്യം വിളികള്‍ക്കും കല്ലേറിനും ഇടയാക്കുകയും ചെയ്തു.

അധികാരികളുടെ പ്രസ്താവനയനുസരിച്ച് വെടിവെപ്പിന് ഉത്തരവിട്ടത് രാത്രിയിലായിരുന്നു എന്നിരുന്നാലും, പകല്‍ വെളിച്ചത്തില്‍ തന്നെ ആകശത്തേക്ക് വെടിവെച്ചിരുന്നു.

ഫെബ്രുവരി 14 ന് ഹൈക്കോടതിയില്‍ വാദം കേള്‍ക്കാനിരിക്കെ മസ്ജിദ്, മദ്റസ എന്നിവ പൊളിക്കാന്‍ ഭരണകൂടം എന്തിനാണ് ഇത്ര തിടുക്കം കാണിച്ചത്? കൂടാതെ, സീല്‍ ചെയ്യുന്ന സമയത്ത് സഹകരിച്ചിരിന്നുവരായിട്ടും രണ്ടാമത്തെ തവണ മുസ്‍ലിം സമൂഹത്തെ വിശ്വാസത്തിലെടുക്കാതിരുന്നത് എന്തുകൊണ്ടാണ്?

സംഘര്‍ഷങ്ങള്‍ നടന്നപ്പോള്‍ വാല്‍മീകി സമൂഹത്തില്‍പ്പെട്ട ശുചീകരണ തൊഴിലാളികള്‍ പൊലീസിനൊപ്പം ചേർന്നു. മുസ്‍ലിങ്ങളെ ആക്രമിക്കുന്നതില്‍ പൊലീസിനെ പിന്തുണയ്ക്കാന്‍ അവര്‍ തങ്ങളുടെ സമൂഹത്തെ അണിനിരത്തിയത് വര്‍ഗീയ കലാപത്തിലേക്ക് നയിച്ചു. 'ജയ് ശ്രീറാം' മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് അവര്‍ മുസ്‍ലിങ്ങളെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തതെന്ന് പ്രദേശവാസികള്‍ പറയുന്നു.

പൊലീസിനൊപ്പം ചേര്‍ന്ന് ശുചീകരണ തൊഴിലാളികള്‍ നടത്തിയ അക്രമങ്ങള്‍ നിഷ്പക്ഷമായി സേവനമനുഷ്ഠിക്കേണ്ടതിനെക്കുറിച്ചും പൊതുവിശ്വാസം ഉയര്‍ത്തിപ്പിടിക്കാനുമുള്ള കടമയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. സമൂഹത്തില്‍ ആഴ്ന്നിറങ്ങിയ മുസ്‍ലിം വിരുദ്ധതയുടെയും വിദ്വേഷത്തിന്റെയും ഫലമായി വേണം വാല്‍മീകി സമൂഹത്തിന്റെ അക്രമ പ്രവര്‍ത്തനങ്ങളെയും അവരിലൊരാളായ സഞ്ജയ് സോലങ്കര്‍ എന്നയാള്‍ തന്റെ മുസ്‍ലിം അയല്‍വാസി ഫഹീമിനെ കൊലപ്പെടുത്തിയതിനെയും കാണേണ്ടത്.

ഫെബ്രുവരി 8ന് പള്ളിയും മദ്റസയും പൊളിക്കുന്നതിന് മുമ്പ് സമൂഹ നേതാക്കളെ ഫോണില്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ അവരുടെയെല്ലാം ഫോണുകള്‍ ഓഫ് ചെയ്തിരുന്നതിനാല്‍ കിട്ടിയില്ലെന്നുമുള്ള അപഹാസ്യമായ പ്രസ്താവനയാണ് ജില്ലാ മജിസ്‌ട്രേറ്റ് നടത്തിയത്. ഒരേ സമയം 80 പേരുടെ ഫോണുകള്‍ ഒരുമിച്ച് ഓഫായിരിക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് മുസ്‍ലിം പണ്ഡിതരും നേതാക്കളും ഈ പ്രസ്താവനയെ തള്ളിയിരിക്കുന്നു. തന്റെ വാദം തെളിയിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നു.

കല്ലേറില്‍ പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നിരുന്നാലും, പൊലീസിന്റെ തിരിച്ചുള്ള കല്ലെറില്‍ പരിക്കേറ്റവരുടെ വിവരങ്ങള്‍ പ്രതികാര നടപടികള്‍ ഭയന്ന് ലഭ്യമല്ല. പള്ളി പൊളിക്കല്‍ തത്സമയം സംപ്രേഷണം ചെയ്തത് കൂടുതല്‍ പ്രതിഷേധക്കാരെ രംഗത്തെത്തിക്കുകയും സാഹചര്യം വഷളാക്കുകയും ചെയ്തു. ഏകപക്ഷീയമായ ആഖ്യാനം സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ വിജയിക്കുകയും ചെയ്തു.

സമീപപ്രദേശമായ ഗാന്ധിനഗറില്‍നിന്നെത്തിയ മുഖം മറച്ചെത്തിയ സാമൂഹ്യവിരുദ്ധരുടെ ഇടപെടല്‍ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിച്ചു. മാധ്യമ റിപ്പോര്‍ട്ടുകള്‍ സംഘര്‍ഷം കൂടുതല്‍ വഷളാക്കി. രണ്ട് മണിക്കൂറില്‍ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി ഏകദേശം 1000-2000 റൗണ്ട് വെടിവെച്ചപ്പോള്‍ മാധ്യമങ്ങള്‍ വെറും 350 റൗണ്ട് വെടിവെച്ചതായി മാത്രം റിപ്പോര്‍ട്ട് ചെയ്തു.


ഫെബ്രുവരി 8 ന് വൈകുന്നേരം 7 മണി മുതല്‍ രാത്രി 9 മണി വരെ ഏകദേശം രണ്ട് മണിക്കൂര്‍ നേരം അക്രമവും തീവെപ്പും തുടര്‍ന്നു. തുടര്‍ന്ന് കര്‍ഫ്യൂ ഉത്തരവിട്ടു, ഇന്റര്‍നെറ്റ് വിഛേദിച്ചു, ഷൂട്ട് -അറ്റ്- സൈറ്റ് ഉത്തരവ് പുറപ്പെടുവിച്ചു. കര്‍ഫ്യൂ നിലനില്‍ക്കെ ഫെബ്രുവരി 8 രാത്രിയും 9 രാത്രിയും പോലീസ് വീടുകളില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും യുവാക്കളെയും ആക്രമിച്ചും വാഹനങ്ങള്‍ നശിപ്പിച്ചും അതിക്രമം തുടര്‍ന്നു.




ഭാഗം 3

അക്രമങ്ങള്‍ക്ക് ശേഷം

ഫെബ്രുവരി 10 ന് വൈകുന്നേരം സംഭവസ്ഥലത്തിന് സമീപമുള്ള കോളനിയില്‍ പൊലീസ് വന്‍തോതില്‍ റെയ്ഡ് നടത്തിയതോടെ ക്രൂരതയുടെ പുതിയ രൂപമാണ് അരങ്ങേറിയത്. പൊലീസ് വീടുകളില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും തല്ലിച്ചതച്ചു. സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും വീടുകള്‍ വിട്ട് സുരക്ഷിതമായ സ്ഥലം തേടി ഗൗള നദീവനത്തിലേക്കും ലാല്‍കുവാനിലേക്കും ഓടി.


പാല്‍, റേഷന്‍ തുടങ്ങിയ അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യതയോടെ സാഹചര്യം കൂടുതല്‍ വഷളായി. ഉന്നത ഉദ്യോഗസ്ഥര്‍, ചീഫ് സെക്രട്ടറി എന്നിവരെ സമീപിച്ച് ദൗര്‍ലഭ്യം പരിഹരിക്കാന്‍ ആവശ്യപ്പെട്ടതോടെ വൈകുന്നേരം വരെ രണ്ട് കടകളില്‍ പാല്‍ ലഭ്യമായി. ഫെബ്രുവരി 11 വരെ ഈ ക്രൂരതകള്‍ തുടര്‍ന്നു.

ഉത്തരാഞ്ചല്‍ ദീപിന്റെ പത്രപ്രവര്‍ത്തകന്‍ സലീം ഖാന്റെ വീട്ടിലും പൊലീസ് അതിക്രമിച്ചു കയറി. ഭാര്യക്കും മക്കള്‍ക്കും പരിക്കേറ്റു. സ്ത്രീകളോട് മാന്യമായാണ് പെരുമാറിയതെന്ന സീനിയര്‍ പോലീസ് സൂപ്രണ്ടിന്റെ അവകാശവാദങ്ങള്‍ക്കിടയിലും സലീം ഖാന്റെ കുടുംബവുമായി ബന്ധപ്പെട്ട സംഭവം ഭരണകൂടത്തിന്റെ നുണകളെ തുറന്നുകാട്ടുന്നു.

ഫെബ്രുവരി 11ന് നഗരത്തിലെ കര്‍ഫ്യൂ പിന്‍വലിച്ചെങ്കിലും, ഫാക്ട് ഫൈന്‍ഡിംഗ് ടീം ഫെബ്രുവരി 14 ന് സന്ദര്‍ശിച്ചപ്പോഴും ബന്‍ഭൂല്‍പുരയില്‍ നിയന്ത്രണങ്ങള്‍ നിലനിന്നിരുന്നു. വെടിവെക്കാനുള്ള ഉത്തരവും നിലവിലുണ്ടായിരുന്നു. കര്‍ഫ്യൂവും വെടിവെക്കാനുള്ള ഉത്തരവും നിലനില്‍ക്കെ എങ്ങനെയാണ് സാഹചര്യം സമാധാനപരവും സാധാരണവുമാണെന്ന് സര്‍ക്കാറിന് അവകാശപ്പെടാന്‍ കഴിയുന്നത്?

മുനിസിപ്പല്‍ കമ്മീഷണര്‍ പങ്കജ് ഉപാധ്യായയുടെ പങ്ക് സംശയാസ്പദമായി തുടരുന്നു. മറ്റൊരു ഓഫിസിലേക്ക് സ്ഥലം മാറ്റിയെങ്കിലും ആക്ഷേപാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിക്ക് ഇപ്പോഴും സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനുമതി നല്‍കുന്നത് എന്തുകൊണ്ടാണ്?

മുസ്‍ലിം വിരുദ്ധ അക്രമണം അഴിച്ചുവിട്ട മുന്നാം സംഘം


പൊലീസ് സ്റ്റേഷന്‍ ആക്രമണവും തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളും പ്രദേശത്ത് ആദ്യഘട്ടത്തില്‍ നടന്നതില്‍നിന്ന് തികച്ചും വ്യത്യസ്തമായതാണ്. സംഘര്‍ഷ സാഹചര്യം മുതലെടുത്ത് പൊലീസ് സ്റ്റേഷന് പുറത്തുള്ള വാഹനങ്ങള്‍ കത്തിച്ച മൂന്നാമത്തെ കൂട്ടത്തിന്റെ സാന്നിധ്യമാണ് ഇത് കാണിക്കുന്നത്. അവര്‍ പൊലീസിനെ പ്രകോപിപ്പിക്കാനും സംഘര്‍ഷം വർധിപ്പിക്കാനും 'മാരോ സാലോം കോ (അവരെ ആക്രമിക്കു)' എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി. ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‍ വളഞ്ഞു പുറത്തുള്ള വാഹനങ്ങള്‍ കത്തിച്ചപ്പോള്‍ രക്ഷപ്പെടാനുള്ള വഴിക്കായി പൊലീസ് വെടിവെച്ചു തുടങ്ങി.

തുടര്‍ന്ന്, പ്രതികാര നടപടിയായി പൊലീസ് നടത്തിയ വെടിവെപ്പില്‍ ആക്രമണങ്ങളുമായി യാതൊരു ബന്ധമില്ലാത്തവര്‍ക്കുണ്ടായ ആളപായങ്ങള്‍ പൊലീസിന്റെ വിവേചനരഹിതമായ പെരുമാറ്റത്തെ എടുത്തുകാണിക്കുന്നതാണ്.

ജോലി കഴിഞ്ഞ് മടങ്ങുന്നവരും പാല് വാങ്ങാനായി പുറത്തിറങ്ങിയ പിതാവും മകനും ഉള്‍പ്പെടെ നിരപരാധികള്‍ വെടിവെപ്പിന് ഇരയായി. ആക്രമണകാരികള്‍ പൊലീസിനെ പ്രകോപിപ്പിച്ചതിന്റെ ഫലമായിട്ടാണ് ആദ്യ സംഘട്ടനവുമായി ബന്ധമില്ലാത്ത ജീവഹാനികള്‍ ഉണ്ടായത്.

മസ്ജിദും മദ്റസയും പൊളിച്ച സ്ഥലവും പൊലീസ് സ്റ്റേഷനും തമ്മില്‍ 1.5 കിലോമീറ്റര്‍ ദൂരമുണ്ട്. മസ്ജിദ് പരിസരത്തെ സംഘര്‍ഷങ്ങളില്‍ നേരത്തെതന്നെ മുറിവേറ്റ പ്രതിഷേധക്കാര്‍ക്ക് പൊലീസ് സ്റ്റേഷന്‍ കത്തിക്കാന്‍ കഴിയുമായിരുന്നില്ല. അവര്‍ അത്രമാത്രം വിഡ്ഢികളുമല്ല. പൊലീസ് സ്‌റ്റേഷന്‍ അക്രമകാരികള്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയോടെ പ്രവര്‍ത്തിച്ചതാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച അതേ സംഘം സമീപത്തുള്ള ഒരു മുസ്‍ലിം വിവാഹ ചടങ്ങിനെ ആക്രമിച്ച മറ്റൊരു സംഭവവും ഉണ്ടായി. നാട്ടുകാര്‍ ഉള്‍പ്പെടെ ആരും ആക്രമണകാരികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല, ഇത് ആക്രമണകാരികള്‍ പുറത്തുള്ളവരാണെന്ന് സൂചിപ്പിക്കുന്നു. ജനക്കൂട്ടമോ ആക്രമണകാരികളോ മുസ്‍ലിം സമൂഹത്തില്‍നിന്നാണെങ്കില്‍ അവര്‍ എന്തിനാണ് അവരുടെ ജനങ്ങളെത്തന്നെ ആക്രമിക്കുക? യാതൊരു അന്വേഷണവും നടത്താതെ തീപിടിത്തവുമായി ബന്ധപ്പെടുത്തി പൊലീസ് മുസ്‍ലിം സമൂഹത്തെ ലക്ഷ്യം വയ്ക്കുന്നത് നടപടിക്രമങ്ങളിലെ അവരുടെ പക്ഷപാതം വ്യക്തമാക്കുന്നു.


തീര്‍പ്പു കല്‍പ്പിച്ചിട്ടില്ലാത്ത ഭൂമി വ്യവസ്ഥപ്പെടുത്തലും പൊളിക്കലുകളും

അധികൃതര്‍ തകര്‍ത്ത മര്‍യം മസ്ജിദ്, അബ്ദുള്‍ റസാഖ് സക്കരിയ മദ്റസ എന്നിവ സ്ഥിതി ചെയ്തിരുന്ന സ്ഥലം ഹല്‍ദ്വാനി നഗരത്തിന്റെ തെക്ക് കിഴക്കേ ഭാഗത്തുള്ള ബന്‍ഭൂല്‍പുരയ്ക്കും റെയില്‍വേ ട്രാക്കിനും ഇടയിലുള്ള മാലിക് കബാഗിച്ചയിലാണ്. ഈ മതകേന്ദ്രവും ഇസ്‍ലാമിക സ്ഥാപനവും 20 വര്‍ഷം പഴക്കമുള്ളതാണ്, 2003-2004 കാലഘട്ടത്തിലാണ് ഇത് സ്ഥാപിതമായത്. ഈ പ്രദേശത്തെ ഭൂമി 1937 മുതല്‍ പാട്ടത്തിന് നല്‍കിയിട്ടുണ്ട്, ചേരിവാസസ്ഥല പദ്ധതിയില്‍ ഒന്നാം വിഭാഗത്തില്‍ (A) രജിസ്റ്റര്‍ ചെയ്ത സെറ്റില്‍മെന്റാണിത്. ഈ രജിസ്റ്റ്രേഷനുകള്‍ നീക്കം ചെയ്യല്‍ ഭീഷണിയില്ലാത്ത പ്രദേശത്തിന്റെ നിയമവിധേയമായ സ്വഭാവമാണ് സൂചിപ്പിക്കുന്നത്.

1937-ല്‍ ബ്രിട്ടീഷുകാര്‍ പാട്ടത്തിന് നല്‍കിയ സ്വത്ത് പിന്നീട് പാരമ്പര്യമായി സാദിയ ബീഗമിന്റെ കൈവശം വന്നു. ലാന്‍ഡ് റെഗുലറൈസേഷന്‍ 2006 മുതല്‍ ദീര്‍ഘകാലമായി സര്‍ക്കാര്‍ ഭരണ തലത്തില്‍ തീര്‍പ്പുവരാതെ നില്‍ക്കുന്ന പ്രശ്‌നമാണ്. ഹൈക്കോടതി ഉത്തരവിന് ശേഷം റെഗുലേഷന്‍ എപ്പോള്‍ ചെയ്യണമെന്ന് ജില്ലാ ഭരണകൂടം തീരുമാനിക്കേണ്ടിയിരുന്നു. ഇതിനായി 29,000 രൂപയും സമര്‍പ്പിച്ചു. 2022 ലെ ഗൈര്‍സെയിന്‍ നിയമസഭ സമ്മേളനവേളയില്‍ ഉന്നയിച്ച ലാന്‍ഡ് റെഗുലറൈസേഷന്‍ ബില്‍ പ്രസിഡന്റിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

ഹല്‍ദ്വാനി ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം ഏകദേശം 4 ലക്ഷം ഹെക്ടര്‍ ഭൂമി പാട്ടത്തിന് നല്‍കിയിട്ടുണ്ട്. നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും പണിത വിവിധ കുടിയേറ്റങ്ങള്‍, മാര്‍ക്കറ്റുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍ എന്നിവ ഈ പ്രദേശങ്ങളിലുണ്ട്.

ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങള്‍; അനുഭവസ്ഥര്‍ പറയുന്നു

പ്രദേശവാസിയും അക്രമത്തിനിരയായ ഷാക്കിര്‍ (സുരക്ഷക്കായി പേര് മാറ്റിയിട്ടുണ്ട്) എന്നയാള്‍ ഫാക്ട് ഫൈന്‍ഡിംഗ് ടീമുമായി സംസാരിക്കാന്‍ സമ്മതിച്ചു. വ്യത്യസ്ത പ്രദേശങ്ങളില്‍നിന്നുള്ള ആളുകള്‍ തങ്ങളുടെ പ്രദേശത്ത് കടന്നുവന്ന് കാറുകളും മറ്റ് വാഹനങ്ങളും അടിച്ചു തകര്‍ക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. നാട്ടുകാര്‍ക്കുനേരെ പൊലീസ് വെടിവെപ്പ് നേരിട്ട സ്ഥലത്താണിത്. ഈ വാഹനങ്ങള്‍ പ്രദേശവാസികളുടെ വാഹനങ്ങളാണ്. അക്രമം കാണിക്കുന്ന ആളുകളുടെ ഫോട്ടോകളും വീഡിയോകളും പലരുടെയും കൈവശമുണ്ട്, പക്ഷേ വ്യക്തികള്‍ അവ പുറത്തുവിടാന്‍ ഭയപ്പെടുന്നു. ജനങ്ങള്‍ ഭീതിയിലാണ് - ഗുരുതരമായി പരിക്കേറ്റവര്‍ വെടിവെക്കാനുള്ള ഉത്തരവ് നിലനില്‍ക്കുന്നതു കാരണം ആശുപത്രികളിലേക്ക് പോകാന്‍ വിസമ്മതിക്കുകയാണ്. സര്‍ക്കാറിനെതിരായി എന്തെങ്കിലും വിശദാംശങ്ങള്‍ പ്രചരിപ്പിക്കുകയോ എഴുതുകയോ ചെയ്യുമ്പോള്‍ അത് സ്വയം അപകടത്തിലാക്കുമെങ്കില്‍ വീഡിയോകളും ഫോട്ടോകളും എങ്ങനെ പുറത്തുവിടും? ഇന്റര്‍നെറ്റ് നിര്‍ത്തിവെച്ചതിനാലും പലതും പുറത്തുവിടാന്‍ സാധിച്ചിട്ടുമില്ല.

പിറ്റേന്ന്, പൊലീസ് മാലിക് കാ ബാഗിച്ചയ്ക്ക് സമീപം താമസിക്കുന്ന പ്രദേശവാസികളെ ക്രൂരമായി ആക്രമിച്ചു. കുറഞ്ഞത് 100 പേരെ കസ്റ്റഡിയിലെടുത്തു. സ്ത്രീകളെ കഠിനമായി പീഡിപ്പിച്ചു. പത്രപ്രവര്‍ത്തകന്‍ സലീം ഖാന്റെ ഭാര്യയെയും ക്രൂരമായി ആക്രമിച്ചു. ഈ സംഭവങ്ങള്‍ നിരവധി ചെറിയ മാധ്യമ സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, വീഡിയോകള്‍ യൂട്യൂബില്‍ ലഭ്യമാണ്.

സലീം ഖാന്‍ തുറന്നുപറയുന്ന ധീരനായതിനാല്‍ സംഭവം പുറത്തെത്തിയെങ്കിലും പീഡിപ്പിക്കപ്പെട്ടവരില്‍ പലരുടെയും കാര്യം മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു.

കുന്നിന് ചുവട്ടിലുള്ള പ്രദേശമായ ഹല്‍ദ്വാനി പതിവായി ജലലഭ്യതക്കുറവുള്ള പ്രദേശമാണ്. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ രാവിലെ 2 മണിക്കൂറും വൈകുന്നേരം 2 മണിക്കൂറും മാത്രമാണ് സ്ഥിരമായി വെള്ളം നല്‍കുന്നത്. അതിനാല്‍, പ്രദേശവാസികള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി വെള്ളം സംഭരിക്കുകയാണ് പതിവ്. പൊലീസ് നിരവധി വീടുകളിലെ വാട്ടര്‍ ടാങ്കുകള്‍ പൊളിച്ചു. ടിവികള്‍, കസേരകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയ മറ്റ് വിലപിടിപ്പുള്ള വീട്ടുപകരണങ്ങളും അവര്‍ ലക്ഷ്യം വെച്ച് നശിപ്പിച്ചു. ഇത് സമൂഹത്തെ സാമ്പത്തികമായി തളര്‍ത്താനുള്ള ഉദ്ദേശമാണ് സൂചിപ്പിക്കുന്നത്.

'കാര്‍ ഗ്ലാസ് തകര്‍ന്ന ഒരു ടാക്‌സി ഡ്രൈവറുടെ ദുരിതം ഓര്‍ക്കുക. അത് നന്നാക്കുന്നതിന് കുറഞ്ഞത് 3000 രൂപ ചെലവാകും, മാസം 10,000 രൂപ മാത്രം വരുമാനമുള്ള ഒരാള്‍ക്ക് ഇത് ഭീമമായ ഒരു ചെലവാണ്.'

പൊലീസ് ആളുകളെ പിടികൂടി അറസ്റ്റ് ചെയ്യുന്ന സ്ഥലത്ത് വെച്ചുതന്നെ അതിക്രൂരമായി മര്‍ദ്ദിക്കുകയും ഗുരുതരമായ പരിക്കുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. പൊലീസ് ക്രൂരതയെ ഭയന്ന് ജനങ്ങള്‍ മറ്റ് സ്ഥലങ്ങളില്‍ അഭയം തേടിയതിനെ തുടര്‍ന്ന് മാലിക് കാ ബാഗിച്ച ഇപ്പോള്‍ വിജനമാണ്. നാല് ദിവസം കഴിഞ്ഞിട്ടും നിലവിലെ പ്രതിസന്ധിയില്‍ നിന്ന് ആശ്വാസമില്ല. ജനങ്ങള്‍ക്ക് പച്ചക്കറികളും പാലും മാത്രമാണ് നല്‍കുന്നത്. പല വ്യക്തികള്‍ക്കും ഗ്യാസ് സിലിണ്ടറുകള്‍ പോലും വാങ്ങാനുള്ള സാമ്പത്തിക മാര്‍ഗമില്ല, എന്നിരുന്നാലും ചില മനുഷ്യസ്‌നേഹികള്‍ അവരെ സഹായിക്കാന്‍ മുന്നോട്ട് വരുന്നു.

മാലിക് കാ ബാഗിച്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു സംഭവം അന്ധരായ രണ്ട് മക്കളുള്ള ഒരു ഹൃദ്രോഗിയുടെതാണ്. പൊലീസ് വീട്ടിലേക്ക് കടന്നപ്പോള്‍, 'ഞാന്‍ ഒരു ഹൃദ്രോഗിയും വൃദ്ധനുമാണ്. എന്റെ മക്കള്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അവരെ കൊണ്ടുപോകൂ,' എന്ന് അദ്ദേഹം അപേക്ഷിച്ചു. എന്നാല്‍ കുട്ടികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം, പോലീസ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു, ക്രൂരതയില്‍നിന്ന് രക്ഷപ്പെടാന്‍ മരണം യാചിക്കുന്ന അവസ്ഥയിലാണ് പൊലീസ് അവരെ വിട്ടയച്ചത്.

പ്രദേശത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ നിയന്ത്രണാതീതമാണ്. ജനങ്ങള്‍ക്ക് അടിസ്ഥാന ചികിത്സ ലഭിക്കാന്‍ കഴിയാത്ത നിലയില്‍ 'വെടി വെക്കാനുള്ള ഉത്തരവ്' നിലനില്‍ക്കുന്നു. ഭയചകിതരായ നിവാസികള്‍ വീടുകള്‍ ശൂന്യമാണെന്ന് കാണിക്കാന്‍ വാതിലുകള്‍ പൂട്ടിയിട്ടിരിക്കുകയാണ്. പക്ഷേ പൊലീസ് ഈ പൂട്ടുകള്‍ തകര്‍ക്കുകയും ഉള്ളില്‍ കണ്ടെത്തുന്ന ഏതൊരാളെയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നു.

ജീവരക്ഷ്‌ക്കായി പോലും പ്രദേശം വിടുന്നവരെ ഒറ്റുകാരനായി മുദ്രകുത്തിയും വ്യാജമായി കുറ്റം ചുമത്തുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 30-36 പേരെ മാത്രമാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്, എന്നാല്‍ യാഥാര്‍ത്ഥ്യം വ്യത്യസ്തമാണ്. പീഡനകേന്ദ്രങ്ങള്‍ക്കു സമാനമായവ സ്ഥാപിച്ച് പൊലീസ് നിരവധി പേരെ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ മറ്റ് നഗരങ്ങളില്‍ പോയിരുന്ന ഹല്‍ദ്വാനിയില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു. വിട്ടയക്കപ്പെട്ട ചില വ്യക്തികള്‍ സംസാരിക്കാന്‍ ഭയപ്പെടുന്നു. കൂടുതല്‍ പീഡനങ്ങള്‍ ഭയന്ന് അവര്‍ അനുഭവങ്ങള്‍ കുടുംബവുമായി പോലും പങ്കിടാന്‍ മടിച്ചുനില്‍ക്കുന്നു.

ഹല്‍ദ്വാനി എംഎല്‍എ സുമിത് ഹൃദ്യേശ് ഈ ക്രൂരതയ്‌ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യപ്പെട്ടു. സംഭവങ്ങള്‍ സൂക്ഷ്മമായി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഫലമാണെന്ന് അദ്ദേഹം ഉറപ്പിക്കുന്നു.

ചെയ്യാത്ത കുറ്റങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ വ്യാജമായി ആരോപിക്കുകയാണ്. മറുവശത്ത്, കല്ലെറിയുന്ന ഒട്ടേറെപ്പേര്‍ ജനക്കൂട്ടത്തില്‍ ഉണ്ടായിരുന്നു, അവര്‍ വ്യത്യസ്ത പ്രദേശത്തുനിന്നുള്ളവരാണ്. പൊലീസ് എന്തുകൊണ്ടാണ് അവരെ ശ്രദ്ധിക്കാതിരിക്കുകയും നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്നത്?

ഹല്‍ദ്വാനി എല്ലായ്‌പ്പോഴും സമാധാനപരമായ പ്രദേശവും സമീപ പ്രദേശങ്ങളിലുള്ളവരുടെ പ്രധാന വാണിജ്യ കേന്ദ്രവുമാണ്. ഹിന്ദുക്കളും മുസ്‍ലിങ്ങളും തമ്മില്‍ വിവേചനമില്ലാത്ത വിനയത്തിനും പരസ്പര സഹായത്തിനും പേരുകേട്ടവരാണ് ഇവിടത്തുകാര്‍. പലരും സഹായം നല്‍കാന്‍ മടിച്ച കോവിഡ് കാലത്തുപോലും ഹല്‍ദ്വാനിയിലെ ജനങ്ങള്‍ പരസ്പരം സഹായിക്കാന്‍ മുന്നോട്ട് വന്നവരായിരുന്നു.

മുഖംമൂടി ധരിച്ച ചില വ്യക്തികള്‍ പൊലീസ് സ്റ്റേഷനിലെത്തി കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്യാന്‍ തുടങ്ങി. അവര്‍ പൊലീസിനെയോ വെടിവെപ്പിനെയോ ഭയപ്പെടുന്നതുപോലെ തോന്നിയില്ല. വാഹനങ്ങളും പൊലീസ് വാനും തീവെച്ചതു പോലുള്ള ഒരു സംഭവം ഈ നഗരത്തില്‍ ഇതിനുമുമ്പ് ഒരിക്കലും നടന്നിട്ടില്ല. ഈ മുഴുവന്‍ സംഭവങ്ങളും സൂക്ഷ്മമായി ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്ന് തോന്നുന്നത്.

എല്ലാ ഇന്‍വര്‍ട്ടറുകളും വൈകുന്നേരം 7 മണിക്കോ 8 മണിക്കോ തീര്‍ന്നുപോകുമെന്ന് പ്രതീക്ഷിച്ച് അവര്‍ വൈകുന്നേരം 5 മണിക്ക് കൃത്യമായി വൈദ്യുതി വിച്ഛേദിച്ചു. വൈദ്യുതി തടസ്സം മൂലം മുഴുവന്‍ പ്രദേശത്തും ബ്ലാക്ക്ഔട്ട് അനുഭവപ്പെട്ടു. ബ്ലാക്ക്ഔട്ട് സമയത്ത്, ചില വ്യക്തികള്‍ എത്തി പൊലീസ് സ്റ്റേഷന് തീയിട്ടു. അവരുടെ സംസാര ശൈലികളും സ്വരങ്ങളും ബന്‍ഭൂല്‍പുരയിലെ ജനങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. അവര്‍ പ്രദേശം പരിചയമില്ലാത്ത വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുള്ളവരാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

സമീപ പ്രദേശത്ത് ഒരു വിവാഹ ചടങ്ങ് നടന്നിരുന്നു. ജനക്കൂട്ടം വിവാഹ കൂടാരത്തിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടുടമസ്ഥന്‍ ജനക്കൂട്ടത്തോട് അങ്ങനെ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചു. ഇത് സാധാരണയായി നാട്ടുകാര്‍ ചെയ്യുന്നതല്ല.

തുടക്കത്തില്‍ ഏകദേശം 1000 റൗണ്ട് ആകാശത്തേക്ക് വെടിവെച്ചു. ആദ്യം വെടിവെപ്പുകള്‍ വെറുതെയുള്ളതാണെന്ന് കരുതിയെങ്കിലും പിന്നീട് അങ്ങനെയല്ലെന്ന് മനസ്സിലായി. രാത്രി പന്ത്രണ്ട് കഴിഞ്ഞാണ് 'ഷൂട്ട അറ്റ് സൈറ്റിനുള്ള' ഉത്തരവിനെക്കുറിച്ച് ജനങ്ങള്‍ അറിഞ്ഞത്.

വൈകുന്നേരം 7 മണിയായപ്പോള്‍ ബന്‍ഭൂല്‍പുരയില്‍ നിരവധി വെടിവെപ്പുകള്‍ നടന്നിരുന്നു. അതില്‍ പലര്‍ക്കും പരിക്കേറ്റു. ദുഃഖകരമെന്നു പറയട്ടെ, റെയില്‍വേയില്‍ നിന്നുള്ള കുറഞ്ഞത് മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു.

ഉത്തരാഖണ്ഡിലെ വിവിധ ഗ്രാമങ്ങളില്‍ നിന്ന് കുടിയേറിയെത്തിയ നിരവധി ആളുകള്‍ താമസിക്കുന്ന പ്രദേശമാണ് ബന്‍ഭൂല്‍പുര. ടൂറിസം, കച്ചവട പ്രവര്‍ത്തനങ്ങള്‍, ഗൗള നദിയിലെ ഖനനം എന്നിവയാണ് ഹല്‍ദ്വാനിയിലെ സമ്പദ്വ്യവസ്ഥയുടെ അടിത്തറ. ഗൗള പ്രദേശത്തോട് ഏറ്റവും അടുത്തായതിനാല്‍ നിരവധി നിവാസികള്‍ ഗഫൂര്‍ ബസ്തിയ്ക്കടുത്താണ് താമസിക്കുന്നത്.

പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 18-20 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ ഉള്‍പ്പെട്ട വ്യക്തികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. കുറച്ച് മരണങ്ങള്‍ മാത്രമാണ് മാധ്യമങ്ങളില്‍ വന്നിട്ടുള്ളത്. നിരവധി പേര്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെടുകയും ഗുരുതരമായ പരിക്കുകള്‍ ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് രേഖാമൂലമായിരുന്നില്ലെന്നും അധികാരികള്‍ക്കു ലഭിച്ച നിര്‍ദ്ദേശങ്ങളെ തുടര്‍ന്നായിരുന്നു വെടിവെപ്പ് എന്നുമാണ് മറ്റുചിലര്‍ അഭിപ്രായപ്പെട്ടത്. ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചതും വൈദ്യുതി തടസ്സവും മൂലം ജനങ്ങള്‍ കര്‍ഫ്യൂവിനെക്കുറിച്ചുപോലും അറിഞ്ഞിരുന്നില്ല. വൈദ്യുതി വിതരണം പുനസ്ഥാപിച്ച ശേഷം മാത്രമാണ് ഇക്കാര്യം ജനങ്ങള്‍ അറിഞ്ഞത്.

ഉപസംഹാരം

വസ്തുതാന്വേണസംഘം നേരില്‍കണ്ട സാഹചര്യം അങ്ങേയറ്റം വിഷമകരമാണ്. സ്വത്തുടമസ്ഥാവകാശത്തെക്കുറിച്ചുള്ള തര്‍ക്കമായി ആരംഭിച്ച പ്രശ്‌നം സമൂഹവും അധികാരികളും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലിലേക്ക് വളര്‍ന്നിരിക്കുകയാണ്. സമാധാന ശ്രമങ്ങള്‍ തുടരുന്നതിനിടെ വിഷയം കോടതിയുടെ പരിഗണനയിലായിരിക്ക മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ പള്ളിയും മദ്റസയും പെട്ടെന്ന് പൊളിച്ചത് സമൂഹത്തില്‍ പ്രതിഷേധം സൃഷ്ടിച്ചു.

ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയും വീടുകളില്‍ വിവേചനരഹിതമായ പരിശോധനകള്‍ നടത്തിയതുള്‍പ്പെടെയുള്ള പൊലീസ് നടപടികള്‍ സ്ഥിതി കൂടുതല്‍ വഷളാക്കുക മാത്രമാണ് ചെയ്തത്. നീണ്ട കര്‍ഫ്യൂവും ഇന്റര്‍നെറ്റ് വിഛേദിക്കലും അടിച്ചേല്‍പ്പിച്ചത് പൊലീസ് അക്രമത്തിനിരയായ സമൂഹത്തെ സഹായം തേടാനോ റിപ്പോര്‍ട്ട് ചെയ്യാനോ സാധിക്കാത്ത നിലയില്‍ കൂടുതല്‍ ഒറ്റപ്പെടുത്തുകയും ചെയ്തു.

പ്രദേശത്തുണ്ടായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉടനടി സമഗ്രമായി അന്വേഷിക്കേണ്ടതും നടപടിയെടുക്കേണ്ടതുമാണ്. ദുരിതബാധിതര്‍ക്കുള്ള സഹായവും പിന്തുണയും ഉറപ്പാക്കേണ്ടതാണ്.

സമൂഹത്തിനുള്ളില്‍ സമാധാനവും നീതിയും നിലനിര്‍ത്തുന്നതിന് ആശയവിനിമയ ആശയവിനിമയ സംവിധാനങ്ങളുടെ പുനഃസ്ഥാപനവും മൗലികാവകാശങ്ങളുടെ പരിരക്ഷയും ഉറപ്പാക്കുക.

ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലെ ഏത് പരാജയവും സമൂഹത്തില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ക്കും അധികാരികളില്‍ വിശ്വാസം നഷ്ടപ്പെടുന്നതിനും ഇടയാക്കും.

വിവർത്തനം: നൗഷാദ് സി എ (എ.പി.സി.ആർ സംസ്ഥാന ജനറൽ സെക്രട്ടറി)

Show More expand_more
News Summary - anti-muslim bulldozer terrorism in Haldwani