Begin typing your search above and press return to search.
proflie-avatar
Login

സോഷ്യല്‍ മീഡിയ : പ്രോപ്പഗണ്ടകളുടെ വിക്ഷേപണത്തറ

സോഷ്യല്‍ മീഡിയ : പ്രോപ്പഗണ്ടകളുടെ വിക്ഷേപണത്തറ
cancel
സോഷ്യൽ മീഡിയ പ്രൊപ്പഗണ്ടകൾ എങ്ങനെയാണ് ജനങ്ങളെ സ്വാധീനിക്കുന്നത്?. കേന്ദ്ര സർക്കാറും ബി.ജെ.പിയും എങ്ങനെയാണ് സോഷ്യൽ മീഡിയയെ സ്ഥാപിത താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നത്?. ഖത്തറിൽ ഐ.ടി മേഖലയിൽ ജോലി​ ചെയ്യുന്ന ലേഖകൻ എഴുതുന്നു.

താല്‍പര്യ വിരുദ്ധമായ സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങളെ ഏത് വിധേയനയാണ് സര്‍ക്കാറുകള്‍‍‍‍ നിയന്ത്രിക്കുകയും അനുകൂല പ്രചാരണങ്ങളുടെ ആയുധമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് എന്നതിന്‍റെ ഏറ്റവും പുതിയ വെളിപ്പെടുത്തലായിരുന്നു ട്വിറ്റര്‍ ഇന്ത്യ മുൻ മേധാവി ജാക്ക് ഡോര്‍സി പോയവാരം ഒരു ഓണ്‍‌ലൈന്‍‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ പുറത്ത് വന്നത്. 2021ലെ കര്‍ഷക സമരത്തിന്റെ സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍‍ വിരുദ്ധ വികാരം വളര്‍ത്താന്‍ സാധ്യതയുള്ള ട്വീറ്റുകളും ഉള്ളടക്കങ്ങളും നീക്കം ചെയ്യാനും, സമരത്തെ പിന്തുണക്കുകയും സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍‍‍‍ ബ്ലോക്ക് ചെയ്യാനും സമ്മര്‍ദ്ദമുണ്ടായിരുന്നു. സമര കാലത്ത് ട്വിറ്ററില്‍ വ്യാപകമായ സര്‍ക്കാര്‍‍ വിരുദ്ധ ഉള്ളടക്കങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഇന്ത്യയിലെ ട്വിറ്റര്‍ ഓഫീസുകള്‍ റെയ്ഡ് ചെയ്ത് ജീവനക്കാരെ അറസ്റ്റ് ചെയ്യുമെന്ന് ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭീഷണി ഉണ്ടായിരുന്നുവെന്നും ഡോര്‍സി വെളിപ്പെടുത്തി.

സാമൂഹിക മാധ്യമങ്ങളെ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടി ഭയപ്പെടുത്തി നിലക്ക് നിര്‍ത്താനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയ മേധാവികളില്‍ നിന്ന് ഇതിന് മുമ്പും വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. 2022 ജൂലൈയിൽ, 39 ട്വിറ്റര്‍ ലിങ്കുകള്‍ നീക്കം ചെയ്യുന്നതിനുള്ള സര്‍ക്കാര്‍‍ നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ ക്രിമിനൽ നടപടികള്‍ നേരിടേണ്ടിവരുമെന്ന് കമ്പനി എക്സിക്യൂട്ടീവുകളെ കർണാടക ബി.ജെ.പി സർക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ ട്വിറ്റർ കര്‍ണാടക ഹൈകോടതിയില്‍ കേസ് ഫയൽ ചെയ്തു. ഈ വർഷം ജനുവരിയിൽ, ബി.ബി.സി ഡോക്യുമെന്‍ററിയുടെ ലിങ്കുകളും പോസ്റ്റുകളും സര്‍ക്കാര്‍‍ നിര്‍ദ്ദേശ പ്രകാരം ട്വിറ്റർ നീക്കം ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭരണകക്ഷിയെയും പിന്തുണക്കുകയും പ്രതിപക്ഷത്തെ ഇകഴ്ത്തുകയും ചെയ്യുന്നതിനായി ഫേസ്ബുക് ഇന്ത്യയുടെ നയ മേധാവിയായിരുന്ന അങ്കി ദാസ് ഫേസ്ബുക്കിന്റെ മോഡറേഷൻ നയങ്ങളിൽ ഇടപെട്ടിരുന്നെന്ന് 2020 ല്‍ വാൾസ്ട്രീറ്റ് ജേണൽ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫേസ്ബുക്ക് ഇന്ത്യയിൽ ഭരണകക്ഷിയോട് പക്ഷപാതം കാണിക്കുന്നുവെന്നും ഫേസ്ബുക്കിന്റെ നിയമങ്ങൾ ലംഘിക്കുന്ന പോസ്റ്റുകൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും 2021 ല്‍ ഫേസ്ബുക്ക് മുന്‍ ജീവനക്കാരിയും വിസിൽബ്ലോവറുമായ ഫ്രാൻസെസ് ഹൗഗൻ ഫേസ്ബുക്കില്‍ നിന്ന് ചോർത്തിയ രേഖകളെ അടിസ്ഥാനപ്പെടുത്തി ആരോപിച്ചിരുന്നു. ഈ രേഖകൾ പ്രകാരം, വിദ്വേഷ പ്രസംഗങ്ങളുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും അപകടസാധ്യതയുള്ള രാജ്യങ്ങളിലൊന്നായാണ് ഇന്ത്യയെ ഫേസ്ബുക്ക് കണക്കാക്കുന്നത്.

അങ്കി ദാസ്

2019ലെ പൊതുതെരഞ്ഞെടുപ്പിൽ, വ്യാജവും തെറ്റായതും വിദ്വേഷജനകവുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഫേസ്ബുക്കിന്റെയും വാട്ട്‌സ്അപ്പിന്റെയും പങ്ക് തുറന്ന് കാട്ടുന്നുണ്ട് “ദി റിയൽ ഫേസ് ഓഫ് ഫേസ് ബുക്ക് ഇൻ ഇന്ത്യ” എന്ന പുസ്തകം. വലതുപക്ഷ ഭരണകൂടത്തിന്റെ രാഷ്ട്രീയ ഫലങ്ങളെ സ്വാധീനിക്കാൻ വാട്‌സാപ്പ് സൈന്യം എത്തരത്തിലാണ് സോഷ്യല്‍ മീഡിയ ആയുധമാക്കുന്നതെന്നും, ഫേസ്ബുക്കിന്‍റേത് തന്നെ തത്വങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിക്കുന്ന പോസ്റ്റുകൾക്കെതിരെ നടപടിയെടുക്കാതെ എത്ര പക്ഷപാതപരമായാണ് അവര്‍ പെരുമാറിയതെന്നും വിവരിക്കുന്നുണ്ട് ഈ പുസ്തകം.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സാമൂഹികമാധ്യമ വിപ്ലവം

പൊതുജനാഭിപ്രായ രൂപവത്കരണത്തിലെ സോഷ്യൽ മീഡിയയുടെ ശക്തി തിരിച്ചറിഞ്ഞ ആദ്യ ഇന്ത്യൻ രാഷ്ട്രീയ പാർട്ടിയാണ് ബി.ജെ.പി. 2009ൽ തന്നെ മോദിയുടെ ട്വിറ്റർ അക്കൗണ്ട് നിലവിൽ വന്നു, അതിന് മുമ്പ് ശശി തരൂര്‍ അടക്കമുള്ള ചുരുക്കം ചില രാഷ്ട്രീയ നേതാക്കള്‍ക്ക് മാത്രമാണ് ട്വിറ്ററില്‍ അക്കൗണ്ട് ഉണ്ടായിരുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 2015 വരെ കാത്തിരുന്നു ഒരു ട്വിറ്റര്‍ അക്കൗണ്ട് തുറക്കാന്‍‍. 2014ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ സോഷ്യൽ മീഡിയ സാന്നിധ്യം വിപുലീകരിച്ചെങ്കിലും, 2012 മുതല്‍ തന്നെ സോഷ്യല്‍ മീഡിയ സമർഥമായി ഉപയോഗിച്ചിരുന്ന ബി.ജെ.പി അത്ഭുതപ്പെടുത്തുന്ന വിജയം നേടി.

സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തി ഓരോ വ്യക്തിയുടെയും താല്‍പര്യങ്ങളും, സാമൂഹിക പശ്ചാത്തലവും, രാഷ്ട്രീയ ചായ്‌വും തിരിച്ചറിഞ്ഞ്‌ വ്യക്തിപരമായ അഭിസംബോധനയിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന തന്ത്രമാണ് ബി.ജെ.പിയുടെ സോഷ്യൽ മീഡിയ വിജയത്തിന്റെ അടിസ്ഥാനം. മുൻവിധികളെയും ആഖ്യാനങ്ങളെയും ബലപ്പെടുത്തുന്ന വ്യാജ വാര്‍ത്തകളോ അര്‍ഥ സത്യങ്ങളോ ആയിരുന്നു ഇത്തരം സന്ദേശങ്ങള്‍‍. വംശീയതയും വെറുപ്പും കുത്തി നിറച്ച ഇത്തരം നുണക്കഥകളുടെ വിവരങ്ങളും വസ്തുതാന്വേഷണവും (Fact Check) ക്രോഡീകരിച്ച് ആള്‍ട്ട് ന്യൂസ് ടീം ഇന്ത്യ മിസ് ഇന്‍ഫോമ്ഡ് (India Misinformed ) എന്നൊരു പുസ്തകം തന്നെ പുറത്തിറക്കിയിട്ടുണ്ട്.


തുടക്കത്തില്‍ മോദി അടക്കമുള്ള നേതാക്കളുടെ ഇമേജ് വളര്‍ത്തുന്നതില്‍ കേന്ദ്രീകരിച്ച സോഷ്യല്‍ മീഡിയ ടീം പിന്നീട് കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് തുടങ്ങി. ഗാന്ധി കുടുംബത്തിനും, മമത ബാനര്‍ജി, അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷ നേതാക്കൾക്കുമെതിരായ ആക്ഷേപങ്ങളും പരിഹാസങ്ങളുമായിരുന്നു അടുത്ത പടി. രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും അവഹേളിക്കുന്ന പേരുകളും, ട്രോളുകളും ബി.ജെ.പി ഐ.ടി സെല്‍ വാട്ട്സ്അപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ ഉപയോഗിച്ച് വ്യാപകമായി പ്രചരിപ്പിച്ചു. തന്നെ ‘പപ്പു’ എന്ന് വിളിച്ച് അവഹേളിക്കാന്‍ മോദി കോടികള്‍ ചിലവഴിച്ചു എന്ന് ഈയിടെ ‘ഭാരത് ജോഡോ’ യാത്രക്കിടെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. നമ്മുടെ കണക്ക് കൂട്ടലുകള്‍ക്കപ്പുറമുള്ള നിഗൂഡമായ ഒരു സൈബര്‍ ലോകത്തെ നുണ ഫാക്റ്ററികളില്‍ നിന്ന് പടച്ച് വിടുന്ന വെറുപ്പും, വംശീയതയും, വ്യാജ വാര്‍ത്തകളും, ദുരാരോപണങ്ങളും, എല്ലാ രാഷ്ട്രീയ മര്യാദകളും മറന്ന വ്യക്തിഹത്യയും, ട്രോളും, പരിഹാസങ്ങളും കൊണ്ട് ഇന്ത്യയിലെ സോഷ്യല്‍ മീഡിയകള്‍ മാത്രമല്ല, സാമൂഹിക പരിസരം തന്നെ മലിനമാക്കുകയായിന്നു ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ ആര്‍മി.

2014ലെ സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തിയുള്ള പ്രോപ്പഗണ്ട വിജയതന്ത്രം സംസ്ഥാനങ്ങളിലടക്കമുള്ള തുടര്‍ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി വ്യാപകമായി ഉപയോഗപ്പെടുത്തി. 2018ലെ യു.പി തിരഞ്ഞെടുപ്പില്‍ 32 ലക്ഷത്തിലധികം പേരടങ്ങുന്ന വാട്ട്സ്അപ്പ് ഗ്രൂപ്പുകളാണ് ബി.ജെ.പി സംവിധാനിച്ചത്. ഇക്കഴിഞ്ഞ കര്‍ണാടക തിരഞ്ഞെടുപ്പില്‍ 50,000 വളണ്ടിയര്‍മാര്‍‍ അടങ്ങുന്ന സോഷ്യല്‍ മീഡിയ ആര്‍മിയെ അവർ വിന്യസിച്ചു. എന്നാൽ, കര്‍ണാടകയിൽ ഇക്കുറി ബി.ജെ.പിയുടെ ഓൺലൈൻ പ്രചരണങ്ങളെ നേരിടാനും പാർട്ടി പരസ്യങ്ങൾ വ്യാപിപ്പിക്കാനും കോൺഗ്രസും സോഷ്യൽ മീഡിയ ഫലപ്രദമായി ഉപയോഗിച്ചു.

പ്രതിസന്ധിയെ അതിജയിക്കാനുള്ള ആഖ്യാനങ്ങൾ

ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ ഇന്‍റര്‍നെറ്റ് ഡാറ്റാ നിരക്കുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 2021ലെ കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ച്, രാജ്യത്തെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ 50 കോടി കവിഞ്ഞു, അഥവാ രാജ്യത്തെ മൂന്നിലൊന്ന് ജനങ്ങളും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണ്. ശബ്ദമില്ലാത്ത വ്യക്തികളുടെ വിമോചന ശക്തിയായി ആദ്യം കരുതിയിരുന്ന സോഷ്യൽ മീഡിയ പക്ഷേ വ്യാജവാർത്തകളുടെയും വിദ്വേഷത്തിന്‍റെയും പ്രാഥമിക സ്രോതസ്സുകളും അധികാരം നിലനിര്‍ത്താനുള്ള ആയുധവുമായി മാറിയിരിക്കുന്നു.

കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ചുള്ള സോഷ്യല്‍ മീഡിയ പ്രചാരണ തന്ത്രം (Computational Propaganda) ലോക വ്യാപകമായി രാഷ്ട്രീയക്കാരും ഭരണ കൂടങ്ങളും പൊതു ജന അഭിപ്രായം രൂപീകരിക്കാന്‍ ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നു. ഭരണകൂട താല്പര്യങ്ങള്‍ക്കനുകൂലമായ വാര്‍ത്തകള്‍‍‍ പ്രചരിപ്പിക്കുന്നതിനായി ഓട്ടോമേറ്റഡ് അൽഗോരിതം (Automated Algorithm), ബോട്ടുകൾ (BOTs) തുടങ്ങിയ കമ്പ്യൂട്ടര്‍ ടൂളുകളുടെ ഉപയോഗത്തെയാണ് കമ്പ്യൂട്ടേഷനൽ പ്രൊപോഗണ്ട എന്ന് വിവക്ഷിക്കുന്നത്. മനുഷ്യ ഇടപെടല്‍ എന്ന് തോന്നിക്കുന്ന വിധത്തില്‍ വ്യാജ എക്കൗണ്ടുകളും വ്യക്തിത്വങ്ങളും സൃഷ്ടിച്ച്, ട്രെൻഡുകൾ സെറ്റ് ചെയ്ത് ഉള്ളടക്കങ്ങളും ഹാഷ്‌ടാഗുകളും നിർദ്ദിഷ്ട രാഷ്ട്രീയ, മത, ഭാഷ, ആശയാടിസ്ഥാനത്തിലുള്ള സമൂഹത്തിലേക്ക് വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇത്തരം പ്രചാരണങ്ങള്‍ പൊതു വികാരത്തെ സ്വാധീനിക്കുകയും നിർദ്ദിഷ്ട രാഷ്ട്രീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മണ്ണൊരുക്കുകയും ചെയ്യുന്നു. ഓക്‌സ്‌ഫോർഡ് ഇന്റർനെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് പ്രകാരം ഇന്ത്യ അടക്കമുള്ള 70 രാജ്യങ്ങളിൽ സോഷ്യൽ മിഡിയിലൂടെ ജനങ്ങളെ സ്വാധീനിക്കാനുള്ള കമ്പ്യൂറ്റേഷനല്‍ പ്രോപ്പഗണ്ട സര്‍ക്കാര്‍‍ തലത്തില്‍ വ്യാപകമാണെന്ന് കാണിക്കുന്നു.

ഇന്ത്യയിലെ ഭരണകക്ഷി രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന സന്ദര്‍ഭങ്ങളിലൊക്കെയും ഹാഷ് ടാഗും, ട്വീറ്റുകളും, വീഡിയോകളും വാട്ട്സ്അപ്പ് മെസേജുകളുമുപയോഗിച്ച് അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത് നമുക്ക് കാണാനാവും. “ഇന്ത്യയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ട്വിറ്റര്‍ ഉപയോഗിച്ചുള്ള ധ്രുവീകരണം” എന്ന വിഷയത്തില്‍ മൈക്രോസോഫ്റ്റ് റിസേര്‍ച്ച് പുറത്തിറക്കിയ ഒരു പഠനമനുസരിച്ച് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സന്ദര്‍ഭം, സി.എ.എ വിരുദ്ധ സമരം, കോവിഡ് 19 , കര്‍ഷക സമരം എന്നീ സന്ദര്‍ഭങ്ങളില്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാരും, പത്രപ്രവര്‍ത്തകരും, സിനിമ മേഖലയിലുള്ളവരും, ആക്റ്റിവിസ്റ്റുകളും ഒരേ ഹാഷ് ടാഗുകളും, ട്വീറ്റുകളും ഉപയോഗിച്ച് സര്‍ക്കാര്‍‍ അനുകൂല ഉള്ളടക്കങ്ങളും ട്രെന്‍ഡുകളും സൃഷ്ടിക്കുന്നതായി കണക്കുകള്‍ മുന്നില്‍ വെച്ച് വിവരിക്കുന്നുണ്ട്.


രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായുള്ള ഇന്ത്യയിലെ സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ അഞ്ച് വിഭാഗങ്ങളായി തരം തിരിക്കാം. മതം, വംശം, ജാതി, രാഷ്ട്രീയ ബന്ധം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വ്യക്തികൾക്കും സമുദായങ്ങള്‍ക്കുമെതിരായ വിവേചനവും ശത്രുതയും വളര്‍ത്തുന്ന വിദ്വേഷ പ്രസംഗങ്ങളടക്കമുള്ള ഉള്ളടക്കങ്ങളാണ് ഒന്നാമത്തേത്. വ്യക്തികളെ അധിക്ഷേപിക്കുകയും മാനഹാനി നടത്തുകയും ചെയ്ത് വൈകാരിക പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന ട്രോളുകളാണ് രണ്ടാമത്തെ ഉള്ളടക്കം. മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബിനെതിരെയും, രാഹുല്‍ ഗാന്ധിക്കെതിരെയുമൊക്കെ നടന്ന പ്രചാരണങ്ങള്‍ ഇത്തരത്തില്‍ പെട്ടതാണ്. വ്യക്തിഹത്യ നടത്താനും, വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനായി പലപ്പോഴും ഇത്തരം ട്രോളുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നു.

കെട്ടിച്ചമച്ച കഥകൾ, തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങള്‍, കൃത്രിമ ചിത്രങ്ങള്‍-വീഡിയോകള്‍ തുടങ്ങിയ വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളുമാണ് മൂന്നാമത്തെ വിഭാഗം. രാഷ്ട്രീയ പാർട്ടികള്‍ക്കും നേതാക്കള്‍ക്കും അനുകൂലമായി പൊതുജനാഭിപ്രായം മാറ്റുന്നതിനായി അവരെക്കുറിച്ച് അമാനുഷിക കഥകളും, കെട്ടുകഥകളും അവതരിപ്പിച്ച് വീരപുരുഷനായി ഉയര്‍ത്തിക്കാണിക്കുന്ന പ്രചരണങ്ങളാണ് നാലാം വിഭാഗം. മോദിയെ പുകഴ്ത്തിക്കൊണ്ട് ബില്‍ ഗേറ്റ്സ് അടക്കമുള്ള നേതാക്കളുടേതായി വന്ന വ്യാജ വാര്‍ത്തകളും, സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിക്കപ്പെട്ട “മോദി എന്ന രക്ഷകനും” ഇത്തരം ഉള്ളടക്കത്തില്‍ പെടുന്നു. ‘ലവ്ജിഹാദ്’, ‘തബ്‍ലീഗ് കോവിഡ്’ പോലുള്ള കിംവദന്തികളും ഗൂഢാലോചന സിദ്ധാന്തങ്ങളുമാണ് മറ്റൊരു ഉള്ളടക്കം. നുണ ഫാക്റ്ററികളില്‍ നിന്ന് പടച്ച് വിടുന്ന ലവ്ജിഹാദ് പോലുള്ള കിംവദന്തികളും സിദ്ധാന്തങ്ങളും; പൊതുജനങ്ങൾക്കിടയിൽ ഭയവും അനിശ്ചിതത്വവും വളർത്തി ധ്രുവീകരണം സൃഷ്ടിച്ച്‌ രാഷ്ട്രീയ ലക്ഷ്യം നേടിയെടുക്കാനുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങളാണ്.

അധികാരപ്രയോഗങ്ങള്‍ നിയന്ത്രണങ്ങള്‍

സര്‍ക്കാര്‍‍‍ നിലപാടുകള്‍ക്ക് വിരുദ്ധമായ ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിന് ‘സോഷ്യല്‍ മീഡിയയിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങളും തെറ്റായ വിവരങ്ങളും നിയന്ത്രിക്കാന്‍’ എന്ന ന്യായം നിരത്തി 2021ലെ IT ആക്റ്റ് 2022 ഒക്ടോബറില്‍ ഭേദഗതി ചെയ്യുകയുണ്ടായി. സര്‍ക്കാരിന് ഇഷ്ടമല്ലാത്ത ഏത് ഉള്ളടക്കവും രാജ്യവിരുദ്ധമാണെന്ന പേരില്‍ നിയന്ത്രിക്കാന്‍ പര്യാപ്തമാണ് ഈ നിയമം. "സാമൂഹിക മാധ്യമങ്ങളെ സെൻസർചെയ്യാനുള്ള ഗവൺമെന്റ് നിയമങ്ങള്‍" എന്നാണ് ഡിജിറ്റൽ അവകാശങ്ങൾക്കായി വാദിക്കുന്ന സ്ഥാപനമായ ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ഈ ഭേദഗതികളെ വിശേഷിപ്പിച്ചത്. മറുഭാഗത്ത് കടുത്ത സാമൂഹിക ധ്രുവീകരണമുണ്ടാക്കുന്ന, മുസ്‌ലിം സമൂഹത്തെ അപരവല്‍ക്കരിക്കുകയും, പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ അവഹേളിക്കുകയും ചെയ്യുന്ന പോസ്റ്റുകളും ലിങ്കുകളും സോഷ്യല്‍ മീഡിയയില്‍ സുലഭമാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഐ.ടി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ച “ഡിജിറ്റല്‍ ഇന്ത്യ ബില്‍ 2023”സോഷ്യല്‍ മീഡിയ ലോകത്ത് എന്തൊക്കെ പുതിയ അവകാശങ്ങളും നിയന്ത്രണങ്ങളാണ് കൊണ്ടുവരുന്നതെന്ന് കാത്തിരുന്ന് കാണാം.


Show More expand_more
News Summary - article about social media propaganda