ഇവിടം ബോംബിടാൻ പോവുകയാണ്; മരണവും ജീവിതവും തെരഞ്ഞെടുക്കാൻ നിങ്ങൾക്ക് മുന്നിലുള്ളത് രണ്ട് മണിക്കൂർ -ഭീതിദമായ നിമിഷം ഓർത്തെടുത്ത് ഫലസ്തീൻ യുവാവ്
text_fieldsഒക്ടോബർ 19. ഗസ്സയിൽ ഇസ്രായേൽ ബോംബാക്രമണം തുടങ്ങിയിട്ട് അന്നേക്ക് 12 ദിവസം കഴിഞ്ഞു. വടക്കൻ ഗസ്സയിലെ അൽ സഹ്റ അപാർട്മെന്റിലെ മൂന്നാംനിലയിലായിരുന്നു മഹ്മൂദ് ഷഹീൻ. മൂന്നുമുറിയുള്ള അപാർട്മെന്റാണത്. അതുവരെ ഇസ്രായേൽ ബോംബറുകൾ ഈ അപാർട്മെന്റ് തൊട്ടിട്ടില്ല. പുറത്തെ ഇരമ്പം മുഴുവൻ ഇവിടെയുള്ളവർക്ക് കേൾക്കാം. ആളുകൾ ഭയചകിതരായി ഓടുന്നു. വേഗം രക്ഷപ്പെടൂ എന്ന് തെരുവിൽ നിന്ന് ആരോ വിളിച്ചു പറയുന്നുണ്ട്. ആ ടവറിന് മുകളിൽ അവര് ബോംബ് വെച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.
കെട്ടിടത്തിൽ നിന്ന് താഴെയിറങ്ങി റോഡ് ക്രോസ് ചെയ്ത് സുരക്ഷിതമായ സ്ഥലം അന്വേഷിച്ചപ്പോഴാണ് മൊബൈൽ ഫോൺ റിങ് ചെയ്തത്. ഒരു പ്രൈവറ്റ് നമ്പറായിരുന്നു അത്. ഇസ്രായേൽ ഇന്റലിജൻസിൽ നിന്നാണ് നിങ്ങളെ വിളിക്കുന്നത്.-എന്നാണ് ഫോൺ അറ്റന്റ് ചെയ്തപ്പോൾ മറുതലക്കൽ നിന്ന് ഷഹീന് ലഭിച്ച മറുപടി. ഒരുമണിക്കൂറിലേറെ നീണ്ടു സംഭാഷണം. ഇതുവരെയുള്ള ജീവിതത്തിൽ തന്നെ വിറപ്പിച്ച ഫോൺ സംഭാഷണമായിരുന്നു അതെന്നും ഷഹീൻ വെളിപ്പെടുത്തുന്നു.
മൂന്ന് ടവറുകളിലായി ഞങ്ങൾ ബോംബ് വെക്കും. എന്നാണ് ഷഹീനോട് പറഞ്ഞത്. ആ പ്രദേശത്തുള്ള ആളുകളെ ഒഴിപ്പിക്കാനും മറുഭാഗത്തുള്ളയാൾ ആവശ്യപ്പെട്ടു. ഷഹീൻ താമസിച്ച ടവറിന് നേരിട്ട് ഭീഷണിയുണ്ടായിരുന്നില്ല. എന്നാൽ ആ കെട്ടിടത്തിലെ നൂറുകണക്കിന് ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള ചുമതല ഷഹീനിൽ വന്നുചേർന്നു. ആളുകളുടെ ജീവൻ എന്റെ കൈകളിലാണെന്ന് തോന്നി. അബു ഖാലിദ് എന്നാണ് അയാൾ പരിചയപ്പെടുത്തിയത്.
എന്തുചെയ്യണമെന്ന് ഷഹീന് അറിയില്ലായിരുന്നു. ഡെന്റിസ്റ്റായി ജോലി ചെയ്യുകയാണ് അദ്ദേഹം. 40 വയസേയുള്ളൂ. എന്നാൽ തന്റെയാളുകളെ രക്ഷിക്കാനായി എന്തുംചെയ്യാൻ ഒരുക്കവുമായിരുന്നു. ബോംബ് വെക്കരുത് എന്ന് താണുകേണ് അജ്ഞാതനോട് അഭ്യർഥിച്ചു. ഫോണിന്റെ ബാറ്ററി തീരാറായിരുന്നു. തുടർന്ന് കെട്ടിടത്തിലുള്ളവരെ മുഴുവൻ ഒഴിപ്പിച്ചു. പിന്നീട് ആ സ്ഥലം മുഴുവൻ തകർന്നടിയുന്നത് കണ്ണീരോടെ നോക്കിനിന്നു.
ഗസ്സയിൽ ആക്രമണം തുടങ്ങിയ ശേഷം ഇസ്രായേൽ ഇതുപോലുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 25കുടുംബങ്ങൾ ആ അപാർട്മെന്റിൽ താമസിക്കുന്നുണ്ടായിരുന്നു. അവരെല്ലാം ഇപ്പോൾ മറ്റൊരിടത്ത് അഭയാർഥികളായി മാറി. ആദ്യം വ്യാജ സന്ദേശമാണെന്നാണ് ഷഹീൻ കരുതിയത്. യുദ്ധം തുടങ്ങിയതുമുതൽ പലർക്കും ഇതുപോലുള്ള സന്ദേശങ്ങൾ ലഭിച്ചിരുന്നു. യഥാർഥമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് ആളുകളെ ഒഴിപ്പിക്കാനായി മുന്നിട്ടിറങ്ങിയത്. എന്തിനാണ് തന്റെ വാസസ്ഥലം ബോംബിട്ടു തകർക്കുന്നത് ഷഹീൻ അവരോട് ചോദിച്ചു. അതിനു കൃത്യമായ മറുപടി ലഭിച്ചില്ല. നിങ്ങളേക്കാളും എന്നേക്കാളും വലിയ ആളുകളിൽ നിന്ന് ലഭിച്ച ഉത്തരവാണിതെന്നായിരുന്നു പറഞ്ഞത്. ആ ഭാഗം മുഴുവൻ ഒഴിപ്പിച്ചുവെന്ന് പറഞ്ഞയുടൻ ബോംബാക്രമണവും തുടങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.