2018ലെ പ്രളയ ദുരിതാശ്വാസം: വാത്തിക്കുടി കൃഷിഭവനിൽ ക്രമക്കേടെന്ന് റിപ്പോർട്ട്

കോഴിക്കോട്: 2018ലെ പ്രളയ ദുരിതാശ്വാസം വിതരണം ചെയ്യുന്നതിൽ ഇടുക്കി വാത്തിക്കുടി കൃഷി ഭവനിൽ ക്രമക്കേട് നടന്നുവെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. 2018ലെ പ്രളയത്തിലെ കൃഷി നാശം സംഭവിച്ച വാത്തിക്കുടി കൃഷിഭവനിലെ കർഷകർക്ക് ഡി.എം.ഡി, എസ്.ഡി.ആർ.എഫ് ഇനത്തിൽ ആകെ 2,48,38,679 രൂപയാണ് വിതരണം ചെയ്തത്. കർഷകർക്ക് തുക വിതരണം ചെയ്തതിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

2018ലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് അപേക്ഷകൾ സ്വീകരിച്ചതിലും സമയ ബന്ധിതമായി ഫീൽഡ് തല പരിശോധന നടത്തിയതിലും കൃഷി ഭവനിലെ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ലഭിച്ച അപേക്ഷകൾ ക്രമമനുസരിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തുകയോ മുൻഗണന ക്രമം അനുസരിച്ച് ഫീൽഡ് തല പരിശോധന നടത്തുകയോ ചെയ്തിട്ടില്ല.

2018 ജൂൺ മാസം നാശനഷ്ടം ഉണ്ടായെന്ന് ലഭിച്ച അപേക്ഷകളിൽ സെപ്റ്റംബറിലാണ് ഫീൽഡ് തല പരിശോധന നടത്തിയത്. ഒരു കുടുംബത്തിലെ ഒന്നിലധികം വ്യക്തികൾക്ക് ധനസഹായം നൽകിയിട്ടുണ്ട്. വാത്തിക്കുടി പഞ്ചായത്തിൽ പട്ടയമില്ലാത്ത സ്ഥലം ധാരാളമുള്ളതിനാൽ അപേക്ഷയിൽ രേഖപ്പെടുത്തുന്ന ആൾക്ക് ഫീൽഡ് അടിസ്ഥാനത്തിൽ ധനസഹായം നൽകാനെ സാധിക്കൂ. പരിശോധനയിൽ ഒരേ ഗുണഭോക്താവിന്റെ പേരിൽ ഒന്നിലധികം തവണ ധനസഹായം വിതരണം ചെയ്തുവെന്ന് പരിശോധനയിൽ കണ്ടെത്തി.

2018 ജൂൺ മാസവും 2018 സെപ്റ്റംബർ മാസവും നാശനഷ്ടം സംഭവിച്ച കർഷകർ സമർപ്പിച്ച അപേക്ഷയിലാണ് ധനസഹായം വിതരണം ചെയ്തതെന്ന് കൃഷി അസിസ്റ്റന്റ്മാർ അറിയിച്ചു. ലഭിച്ച അപേക്ഷ ക്രമമനുസരിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തുകയോ അപേക്ഷ ലഭിച്ച തിയതി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലാത്തതിനാൽ ഇക്കാര്യത്തിൽ നിലവിൽ പരിശോധന സാധ്യമല്ലാത്ത നിലയാണുള്ളത്.

അപേക്ഷകൾ പൂർണമായും പൂരിപ്പിച്ചിട്ടില്ല. കൃഷി സ്ഥലത്തിന്റെ വിസ്തീർണ്ണം സർവേ നമ്പർ മുതലായവ രേഖപ്പെടുത്തിയിട്ടില്ല. പട്ടയമില്ലാത്ത ഭൂമിയാണെങ്കിൽ കൈവശാവകാശ രേഖയോ റവന്യൂ ഭൂമി അല്ല എന്നു തെളിയിക്കുന്ന രേഖകളോ സമർപ്പിച്ചിട്ടില്ല. പാട്ട കൃഷിയാണെങ്കിൽ പാട്ടരസീത് ഹാജരാക്കിയിട്ടില്ല.

ഒരു കുടുംബത്തിലെ പല അംഗങ്ങളുടെ പേരിൽ ആനുകൂല്യം നൽകി. അനർഹമായി കർഷകർക്ക് ആനുകൂല്യം നൽകിയത്. അപേക്ഷയിൽ ഫോൺ നമ്പർ ഉണ്ടായിട്ടും ഒരേ ഫോൺ നമ്പർ തന്നെ ബാങ്കിൽ നൽകി. 2018 ജൂൺ മാസത്തിലുള്ള ഓഖി കൃഷി നാശത്തിൽ അഞ്ച് ലക്ഷം രൂപ ആനുകൂല്യം നൽകിയ അപേക്ഷയോടൊപ്പം മതിയായ രേഖകൾ ഹാജരാക്കിയട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി. കൃഷിഭവനിൽ ലഭിച്ച് 2499 അപേക്ഷകളിലാണ് ധനസഹായം അനുവദിച്ചത്. 

Tags:    
News Summary - 2018 flood relief: Report of disorder in Vathikudi Krishi Bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.