വേനലായി, കണ്ണിമാങ്ങയാണ് താരം; പ്രിയമേറുന്നു, ഒപ്പം വിലയും

കല്ലടിക്കോട് (പാലക്കാട്): കണ്ണിമാങ്ങക്ക് പ്രിയമേറുന്നതിനൊപ്പം വിലയും കൂടി. മാങ്ങക്കാലം വരവായതോടെ കണ്ണി മാങ്ങക്ക് വൻ തോതിലാണ് ആവശ്യക്കാർ. 

പൊതു വിപണിയിൽ കിലോഗ്രാമിന് 120 രൂപ മുതൽ 200 രൂപ വരെയാണ് കണ്ണി മാങ്ങയുടെ വില. മാങ്ങയുടെ ഗുണനിലവാരവും വലുപ്പവും അനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുണ്ട്. വൻകിട അച്ചാർ കമ്പനികൾ ഉൾപ്പെടെ ഗ്രാമമേഖലകളിലെത്തി കണ്ണിമാങ്ങ വാങ്ങിക്കുന്നുണ്ട്. 

അച്ചാർ നിർമാണ സംരംഭകരും മറ്റും കണ്ണിമാങ്ങക്ക് മൊത്ത കച്ചവടക്കാരെയാണ് ആശ്രയിക്കുന്നത്. പ്രതികൂല കാലാവസ്ഥ മാങ്ങ ലഭ്യത കുറച്ചതായി കർഷകർ പറയുന്നു. ഗൾഫ് നാടുകളിലേക്കും വൻതോതിൽ മാങ്ങ കയറ്റി അയക്കുന്നുണ്ട്. 

പാലക്കാട് ദേശീയപാത വക്കിൽ ഒലവക്കോടിനും മുണ്ടൂരിനും ഇടയിൽ മുൻ കാലങ്ങളിൽ അമ്പതിൽപ്പരം തണൽ മരങ്ങളിൽ ഏറെയും മാവായിരുന്നു. മാവ് പൂത്ത് കായ് ഇട്ടു തുടങ്ങി കണ്ണിമാങ്ങയായാൽ സർക്കാർ ലേലം ചെയ്താണ് മാങ്ങ പറിക്കുന്നതിന് അനുമതി നൽകിയത്. ഇത്തരം മരങ്ങളെല്ലാം പാത വികസനത്തിൻ്റെ ഭാഗമായി മുറിച്ച് നീക്കിയതോടെ മലയോര മേഖലയിലോ ഉൾനാടൻ പ്രദേശങ്ങളിലെ മാവുകളോ ആണ് കച്ചവടക്കാർ മുൻകൂർ കച്ചവടമുറപ്പിച്ച് മാങ്ങ പറിക്കാൻ ആശ്രയിക്കുന്നത്. 

കണ്ണിമാങ്ങാ അച്ചാർ തയറാക്കുന്ന വിധം

ആവശ്യമുള്ള സാധനങ്ങൾ - കണ്ണിമാങ്ങാ ഞെട്ടോടു കൂടിയത് - 3 കിലോഗ്രാം

കായം - 1/2 ടീസ്പൂൺ

കടുക് – 100 ഗ്രാം

കശ്മീരി മുളകുപൊടി - 250 ഗ്രാം

മുളകുപൊടി - 4 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം -

കണ്ണിമാങ്ങ ഞെട്ടൊടെ കഴുകി വാരി, വെള്ളം നന്നായി കളയണം. തുണി കൊണ്ട് തുടച്ച് എടുക്കാം. കഴുകി വാരി വെച്ചിരിക്കുന്ന കടുക് കല്ലിൽ അല്ലെങ്കിൽ മിക്സിയിൽ ചതച്ചു തൊലി കളഞ്ഞെടുക്കുക.

അച്ചാറിൽ ചേർക്കാൻ ആവശ്യമുള്ള വെള്ളം ഉപ്പിട്ട് തിളപ്പിച്ച് തണുപ്പിച്ചെടുക്കണം. ഇതിലേക്കു മുളകുപൊടി ചേർത്ത് നന്നായി കട്ടകെട്ടാതെ ഇളക്കി എടുക്കുക.

ഇതിലേക്കു ആവശ്യമെങ്കിൽ സാധാരണ മുളകുപൊടി ചേർക്കാം (എരിവിന്). ഈ കൂട്ടിലേക്കു കായം, കടുക് ചതച്ചത്,  മുളകുപൊടിയും ചേർത്ത് യോജിപ്പിക്കുക.

അച്ചാർ നിറയ്ക്കാനുള്ള ഭരണിയിൽ മാങ്ങാ ഇട്ട ശേഷം അതിലേക്ക് തയാറാക്കി വച്ച മിശ്രിതം ഒഴിക്കാം. മാങ്ങയ്ക്ക് ഒപ്പം വെള്ളം അതാണ് കണക്ക്.

അച്ചാറിനു മുകളിൽ കോട്ടൺ തുണി നല്ലെണ്ണയിൽ മുക്കി ഇട്ടാൽ പൂപ്പൽ കയറാതെ ഇരിക്കും. ഒരു മാസം കഴിഞ്ഞ് ഉപയോഗിക്കാം

Tags:    
News Summary - demand rise for kannimanga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.