പാലക്കാട്: ഈ സീസണിലെ ഒന്നാം വിള കൊയ്ത്ത് തുടങ്ങിയിട്ടും സപ്ലൈകോയുടെയും കൃഷിവകുപ്പിന്റെയും അനാസ്ഥ നെൽകർഷകരെ ദുരിതത്തിലാക്കുന്നു. ക൪ഷകരിൽനിന്ന് നെല്ല് സംഭരിക്കാൻ സപ്ലൈകോ സജ്ജമാണെന്ന് പറയുമ്പോഴും ഒച്ച് വേഗത്തിലാണ് ജില്ലയിൽ നെല്ല് സംഭരണ കാര്യങ്ങൾ നടക്കുന്നത്.
ക൪ഷകരുടെ അപേക്ഷയിൽ ഇനിയും പരിശോധന പൂർത്തിയായിട്ടില്ല. ബന്ധപ്പെട്ട കൃഷിഭവനുകളിൽനിന്ന് പരിശോധന പൂർത്തിയാക്കി സപ്ലൈകോക്ക് കൈമാറിയാൽ മാത്രമേ മില്ല് അനുവദിക്കാൻ കഴിയൂ. ഇതുവരെയായിട്ടും ഒരു അപേക്ഷപോലും സപ്ലൈകോവിൽ എത്തിയിട്ടില്ല. ഓരോ പാടശേഖരത്തിലെയും മുഴുവൻ കർഷകരുടെയും സ്റ്റേറ്റ്മെന്റ് ലഭിക്കട്ടെ എന്ന നിലപാടിലാണ് കൃഷിവകുപ്പിനെന്ന് ക൪ഷകർ പരാതിപ്പെടുന്നു.
ഒരു പാടശേഖരത്തിൽ 50 മുതൽ 120 വരെ കൃഷിക്കാർ ഉണ്ടാവും. ഇത്രയും കർഷകർ ഒന്നിച്ച് അല്ല കൃഷിയിറക്കുന്നതും വിളവെടുപ്പ് നടത്തുന്നതും ഭൂമിശാസ്ത്രപരമായ കിടപ്പിനുസരിച്ച് ഇതിന് മാറ്റം വരും. അതിനാൽ വിളപ്പെടുപ്പ് കഴിഞ്ഞ കർഷകരുടെ നെല്ല് സംഭരിക്കാൻ നടപടികൾ തുടങ്ങുന്നതിനു പകരം പാടശേഖരത്തിലെ എല്ലാ കർഷകരുടെയും സ്റ്റേറ്റ്മെന്റിന് കാത്തിരിക്കുകയാണ് കൃഷിവകുപ്പ്.
എല്ലാ കർഷകരുടെ സ്റ്റേറ്റ്മെന്റ് ഒരുമിച്ച് പരിശോധന നടത്തുന്നതിന് മാസങ്ങളുടെ കാത്തിരുപ്പ് വേണം. 39 മില്ലുകൾ സപ്ലൈകോയുമായി കരാർ വെച്ചിട്ടുണ്ട്. ജില്ലയിൽ ആറു മില്ലുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. കൃഷിവകുപ്പിലെ 20 ജീവനക്കാരെ പ്രൊക്യൂർമെന്റ് ജീവനക്കാരായി നിയമനം നടത്താൻ നടപടിക്രമങ്ങൾ നടന്നുവരുകയാണ്. സപ്ലൈകോ നേരിട്ട് 15 പേരെ താൽക്കാലികമായി നിയമനം നടത്തും. കൃഷിഭവനുകളിൽ കർഷകരുടെ അപേക്ഷയിൽ പരിശോധന നടന്നു വരികയാണെന്നും ഈയാഴ്ച സംഭരണം ആരംഭിക്കുമെന്നും സപ്ലൈകോ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.