ഇന്നത്തെ കിടാരികൾ നാളെയുടെ കാമധേനുക്കളാണ്. കിടാരികളെ ഗുണനിലവാരമുള്ള തീറ്റയും മികച്ച പരിചരണവും ആരോഗ്യ പരിരക്ഷയും നൽകി വളർത്തിയാൽ അവയുടെ വളർച്ചയുടെ വേഗം കൂടും. നേരത്തെ മദിലക്ഷണങ്ങൾ കാണിക്കുകയൂം പ്രസവം നേരത്തെയാവുകയും ചെയ്യും. പശുക്കിടാരികളെ ഏറ്റവും വേഗത്തിൽ മികച്ച കറവപ്പശുക്കളാക്കി മാറ്റാൻ ക്ഷീരകർഷകരെ സഹായിക്കുന്നതിനായി മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് കന്നുകുട്ടി പരിപാലന പദ്ധതി അഥവാ ഗോവർധിനി പദ്ധതി.പദ്ധതിയിൽ കിടാരികളെ ചേർക്കുന്ന നടപടികൾ മൃഗാശുപത്രികൾ മുഖേന പുരോഗമിക്കുകയാണ്.
നാലുമുതൽ ആറുമാസം വരെ പ്രായമുള്ള സങ്കരയിനത്തിൽപെട്ട കിടാരികളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിക്കും. എരുമക്കിടാരികളെയും പദ്ധതിയിൽ ചേർക്കാവുന്നതാണ്.
വരിചേർത്ത കിടാക്കൾക്ക് 30 മാസം പ്രായമെത്തുന്നതുവരെ അല്ലെങ്കിൽ സബ്സിഡി തുക കഴിയുന്നതുവരെ 50 ശതമാനം സബ്സിഡി നിരക്കിൽ തീറ്റ ലഭിക്കും. നിലവിൽ ഒരു കിടാരിക്ക് 12,500 രൂപ വരെ സബ്സിഡിയായി ലഭിക്കും. കൂടാതെ കന്നുകുട്ടികൾക്ക് നാലു മുതൽ 32 മാസം പ്രായം എത്തുന്നതുവരെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. ഇൻഷുറൻസ് പ്രീമിയത്തിനും 50 ശതമാനം സബ്സിഡി ലഭിക്കും. കന്നുകുട്ടികൾക്ക് മരണമോ ഉൽപാദന നഷ്ടമോ ഉണ്ടായാൽ പരമാവധി 58,000 രൂപ വരെ നഷ്ടപരിഹാരമായി ലഭിക്കും. പദ്ധതിയിൽ ചേർക്കുന്ന പശുക്കിടാരികളെ മൃഗസംരക്ഷണ വകുപ്പിന്റെ അനുമതി കൂടാതെ വിൽക്കാനോ കൈമാറാനോ പാടില്ല എന്നത് ശ്രദ്ധിക്കണം. ക്ഷീരസംഘങ്ങൾ വഴി സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന കന്നുകുട്ടി തീറ്റ തുടർച്ചയായി മൂന്നുമാസം വാങ്ങാതിരുന്നാൽ പദ്ധതിയിൽ നിന്ന് പുറത്താവുകയും ചെയ്യും.
നല്ല പരിചരണമുറകൾ അവലംബിച്ച് ശാസ്ത്രീയമായി വളർത്തുന്ന സങ്കരയിനം ഹോൾസ്റ്റൈൻ ഫ്രീഷ്യൻ, ജേഴ്സി പൈക്കിടാരികൾ ആദ്യ മദികാണിക്കുന്ന പ്രായം ശരാശരി 13 -15 മാസമാണ്. ആദ്യത്തെ ഒന്നോ രണ്ടോ മദികൾ ഒഴിവാക്കി അവയെ കൃത്രിമ ബീജാധാനം നടത്തിയാൽ 22 -24 മാസത്തിനുള്ളിൽ പ്രസവിച്ച് നറുംപാൽ ചുരത്തുന്ന പശുവായി മാറും, ഒപ്പം തൊഴുത്തിൽ കുഞ്ഞുകിടാവിനെ കൂടി കിട്ടും. ഒരു പശുവിനെ പുതുതായി വാങ്ങി തൊഴുത്തിൽ എത്തിക്കുന്നതിനേക്കാൾ ക്ഷീരകർഷകന് ആദായകരം ഈ രീതിയിൽ സ്വന്തം തൊഴുത്തിൽ പിറക്കുന്ന കിടാക്കളെ നല്ല കിടാരികളും പിന്നീട് പശുക്കളുമാക്കി മാറ്റിയെടുക്കുന്നതാണ്. ഈ ഒരു ആദായമാതൃക നേടിയെടുക്കാനുള്ള ഏറ്റവും മികച്ച വഴിയാണ് കന്നുകുട്ടി പരിപാലന പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.