അരൂർ: ഗ്രാമപഞ്ചായത്തിലെ പാടങ്ങളിൽ മത്സ്യകൃഷി വർഷം മുഴുവൻ നീട്ടണമോ ഒരുതവണയെങ്കിലും നെൽകൃഷി നടത്തണോ എന്നത് തീരുമാനിക്കാൻ 15ന് കർഷകരുടെയും തൊഴിലാളികളുടെയും യോഗം ചേരുന്നു. നെൽകൃഷി വേണ്ടെന്നാണ് ഭൂവുടമകളായ കർഷകരുടെ വാദം. എന്നാൽ, ഒരുതവണയെങ്കിലും നെൽകൃഷി നടത്തണമെന്ന് കർഷക തൊഴിലാളികൾ ആവശ്യപ്പെടുന്നു.
നെൽകൃഷി പൂർണമായും ഉപേക്ഷിക്കാതിരിക്കാൻ സർക്കാർ ആവിഷ്കരിച്ച ‘ഒരു നെല്ലും ഒരു മീനും’ നയം കർശനമായി നടപ്പാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. മാർച്ച് 31ന് മത്സ്യകൃഷി അവസാനിപ്പിച്ച് നിലം കർഷക സംഘത്തിന് വിട്ടുനൽകണമെന്ന് നിയമമുണ്ടാക്കി. മത്സ്യകൃഷിയുടെ കാലയളവ് നഷ്ടത്തിന്റെ പേരിൽ ഏപ്രിൽ പകുതിവരെയും പിന്നീട് ഏപ്രിൽ അവസാനം വരെയും നീണ്ടു.
ഇപ്പോൾ മുഴുസമയ മത്സ്യകൃഷിയാണ് കരാറുകാർ ആവശ്യപ്പെടുന്നത്. കർഷകരും താൽപര്യപ്പെടുന്നത് മത്സ്യകൃഷി തുടരുന്നതിനാണ്. അരൂർ ഗ്രാമപഞ്ചായത്തിലെ കുമ്പഞ്ഞി പാടശേഖരത്തിൽ മുഴുസമയ മത്സ്യകൃഷിക്ക് പാടശേഖരം നൽകരുതെന്ന് ആവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു ലേലം തടഞ്ഞ് കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു. ഏപ്രിൽ അവസാനത്തോടെ കൃഷിപ്പാടത്തുനിന്ന് മത്സ്യകൃഷി ഒഴിവായാലും നെൽകൃഷിക്ക് തയാറല്ലെന്നാണ് കർഷകസംഘം പ്രസിഡന്റ് ശശിധരൻ പിള്ള പറയുന്നത്.
196 ഏക്കർ വിസ്തൃതിയുള്ള കുമ്പഞ്ഞി പാടശേഖരം 244 കർഷകരുടേതാണ്. രണ്ടുവർഷം മുമ്പ് നെൽകൃഷി നടത്തിയതിന്റെ 60 ചാക്ക് നെല്ല് കർഷകസംഘം ഓഫിസിൽ ഇപ്പോഴും ഇരിപ്പുണ്ട്. അധികൃതർ എടുക്കാൻ തയാറായിട്ടില്ല. വിത്തിന് ഉപയോഗിക്കാമായിരുന്നു.
പൊക്കാളി കൃഷിക്ക് വലിയ പ്രോത്സാഹനം നൽകുന്ന സർക്കാർ പൊക്കാളി നെൽവിത്തുകൾ ദ്രവിച്ചു തീരുന്നത് കാണുന്നില്ല. കൃഷി വകുപ്പ് ഉദ്യോഗസ്ഥരെയും റവന്യൂ അധികൃതരെയും അറിയിച്ചിട്ടും പ്രയോജനം ഉണ്ടായിട്ടില്ലെന്ന് കർഷകസംഘം ഭാരവാഹികൾ പറയുന്നു. അതുകൊണ്ട് നെൽകൃഷി നടത്തി നഷ്ടം സഹിക്കാൻ കർഷക സംഘം തയാറല്ല.
പാടശേഖരത്തിന് ലേല സംഖ്യ നൽകാനുള്ള കരാറുകാർ മത്സ്യപാടം ലേലം കൊള്ളാൻ എത്തിയാൽ പങ്കെടുപ്പിക്കില്ലെന്നും പ്രസിഡന്റ് പറഞ്ഞു. 38 ലക്ഷം രൂപക്ക് ലേലം കൊണ്ടയാൾ നഷ്ടമാണെന്ന് പറഞ്ഞപ്പോൾ, 10 ലക്ഷം സംഘം കുറച്ചു കൊടുത്തു. ബാക്കിവരുന്ന 28 ലക്ഷത്തിൽ 14 ലക്ഷം മാത്രമാണ് നൽകിയിട്ടുള്ളതെന്നും ബാക്കി തുക നൽകുന്നില്ലെങ്കിൽ ലേലത്തിൽ പങ്കെടുപ്പിക്കില്ലെന്നും പ്രസിഡന്റ് പറയുന്നു.
പഞ്ചായത്തിൽ ഇളയപാടം, വെളുത്തുള്ളി എന്നിങ്ങനെ പല പേരുകളിൽ കൃഷിയിടം ഉണ്ടെങ്കിലും നെൽകൃഷി മാത്രം നടക്കുന്നില്ല. നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അരൂരിൽ കൃഷി ഓഫിസറുമില്ല. അരൂർ പൊക്കാളി കൃഷിക്ക് പ്രസിദ്ധമായിരുന്നു. ഹെക്ടർ കണക്കിന് പാടങ്ങളിൽ ചെട്ടിവിരിപ്പ് നെൽവിത്തിൽ പൊക്കാളികൃഷി സമൃദ്ധമായി നടന്നിരുന്നു. ഓരോ വർഷവും നെൽകൃഷി കുറഞ്ഞ് കതിരുകാണാപ്പാടങ്ങളായി അരൂരിലെ നെൽവയലുകൾ മാറിയിട്ട് നാലു പതിറ്റാണ്ടെങ്കിലുമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.