തൃശൂർ: കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ ഇഞ്ചി ഇനമായ ‘കാര്‍ത്തിക’യില്‍നിന്ന് സ്ഥിരതയുള്ള ‘ജിൻജറോള്‍’ ഉൽപന്നം വികസിപ്പിച്ചതിന് സര്‍വകലാശാലക്കും ആലുവയിലെ സ്വകാര്യ സ്ഥാപനത്തിനും ഇന്ത്യൻ പേറ്റന്‍റ് ലഭിച്ചു. കേന്ദ്ര ബയോ ടെക്നോളജി വകുപ്പിന്‍റെ ധനസഹായത്തോടെ നടത്തിയ സഹകരണ ഗവേഷണ പദ്ധതിയുടെ ഫലമാണ് ഈ പേറ്റന്റ്.
ഔഷധ നിര്‍മാണത്തിനും ന്യൂട്രാസ്യൂട്ടിക്കല്‍, ഹെല്‍ത്ത് ഫുഡ് വ്യവസായങ്ങളിലും ഇഞ്ചി ധാരാളം ഉപയോഗിക്കുന്നുണ്ട്. ഇഞ്ചിയില്‍ അടങ്ങിയ സംയുക്തങ്ങളില്‍ ഏറ്റവും ശക്തവും ഔഷധ ഗുണമുള്ളതുമാണ് ജിൻജറോള്‍. സ്ഥിരതയുള്ള പൊടിരൂപത്തിലുള്ള ജിൻജറോളിനും അത് വികസിപ്പിക്കുന്ന പ്രക്രിയക്കുമാണ് പേറ്റന്‍റ്.
വികസിപ്പിച്ച ഉൽപന്നം വാണിജ്യവത്കരിക്കപ്പെടുന്ന മുറക്ക് രാജ്യത്തും വിദേശത്തും ഉയര്‍ന്ന വിപണി സാധ്യതയുള്ള ന്യൂട്രാസ്യൂട്ടിക്കല്‍/ ഫാര്‍മസ്യൂട്ടിക്കല്‍ ഘടകമായി ഉപയോഗിക്കാം. ഇത് ഇഞ്ചി കര്‍ഷകര്‍ക്ക് സുസ്ഥിരവും മെച്ചപ്പെട്ടതുമായ വരുമാനം ലഭിക്കാൻ സഹായകമാകും. ഡോ. എം.ആര്‍. ഷൈലജ, ഡോ. മെറീന ബെന്നി, ഡോ. സാമുവല്‍ മാത്യു, ഡോ. പി. നസീം, ഡോ. ഇ.വി. നൈബി, ഡോ. ബെന്നി ആന്‍റണി എന്നിവരാണ് ഗവേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.