തെങ്ങിൻതൈ വിതരണത്തിലെ ക്രമക്കേട്: കൃഷി ഓഫിസറിൽനിന്ന് 4.51 ലക്ഷം തിരിച്ചുപിടിക്കണമെന്ന് റിപ്പോർട്ട്

കോഴിക്കോട്: സങ്കരയിനം തെങ്ങിൻതൈ വിതരണത്തിലെ ക്രമക്കേടിൽ മാരാരിക്കുളം തെക്ക് കൃഷി ഓഫിസറിൽനിന്ന് 4.51,095 രൂപ തിരിച്ചുപിടിക്കണമെന്ന് ധനകാര്യ പരിശോധനാ റിപ്പോർട്ട്. സർക്കാരിനുണ്ടായ നഷ്ടം കൃഷി ഓഫീസർ എം. ജിഷാമോളുടെ വ്യക്തിപരമായ ബാധ്യതയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കൃഷി ഓഫീസറുടെ നടപടി ക്രമവിരുദ്ധവും പഞ്ചായത്തിനെ കബളിപ്പിക്കലും ആയതിനാൽ സാമ്പത്തിക കുറ്റകൃത്യമായി കാണക്കണം. പദ്ധതിയുടെ നിർവഹണോദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയും അനാസ്ഥയും കാരണം ഈ പദ്ധതി അതിന്റെ ഭൗതികവും സാമ്പത്തികവുമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടു.

സാമ്പത്തികനേട്ടം ലക്ഷ്യമിട്ടാണ് പദ്ധതികളുടെ ഗുണഭോക്താക്കളുടെ ഒപ്പുകളും വിതരണപട്ടികകളും വ്യാജമായി നിർമിച്ചുവെന്ന് പരിശോധനയിൽ കണ്ടെത്തി. കരാറുകാരനുമായി ചേർന്ന് കൃത്രിമബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കുകയും ഗുണഭോക്ത വിഹിതമായി പിരിഞ്ഞുകിട്ടിയതിനേക്കാൾ കൂടുതൽ തുക അപേക്ഷ നൽകി. പഞ്ചായത്തിൽ നിന്നും പിൻവലിക്കുകയും ചെയ്തത് പദ്ധതികളുടെ നിർവഹണോദ്യോഗസ്ഥയായിരുന്ന കൃഷി ഓഫീസർ ആണെന്ന് കണ്ടെത്തി. അവ അതീവ ഗുരുതരവും ശിക്ഷാനടപടികൾ അർഹിക്കുന്ന സാമ്പത്തിക, ക്രിമിനൽ ക്രമക്കേടുകൾ ആയതിനാൽ കർശനമായ അച്ചടക്കനടപടികൾ സ്വീ‌കരിക്കണെന്നാണ് ശിപാർശ.

മാരാരിക്കുളം ഗ്രാമപ്പഞ്ചായത്ത് ഹാജരാക്കിയ 2017-18, 2018-19 വർഷങ്ങളിലെ വാർഡ് അടിസ്ഥാനത്തിലുള്ള ഗുണഭോക്തൃ പട്ടികയും കൃഷിഓഫീസർ നൽകിയ തെങ്ങിൻതൈ വിതരണ പദ്ധതികളുടെ ആനുകൂല്യം ലഭിച്ച കർഷകരുടെ പട്ടികയും ഒത്തുനോക്കിയതിൽ രണ്ടും വ്യത്യസ്തമാണ്. പഞ്ചായത്തിന്റെ ഗുണഭോക്തൃപുട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് കൃഷി‌മാഫീസർ സമർപ്പിച്ച പട്ടികയിലുള്ളത്. അതായത് പരിശോധനാ വിഭാഗത്തിനു നൽകിയത് കൃഷി ഓഫീസർ കൃത്രിമമായി തയാറാക്കിയ പട്ടികയാണെന്നു കണ്ടെത്തി.

വിതരണപ്പട്ടിക, ഗുണഭോക്താക്കളുടെ ഒപ്പ്, വാർഡ് കൺവിനർമാരുടെ ഒപ്പ് എന്നിവ കൃത്രിമമായി ചമച്ച് ഔദ്യോഗിക രേഖകളിൽ മനപൂർവമായി കൃത്രിമത്വം കാട്ടി തൈകൾ വിതരണം ചെയ്തതായി രേഖകൾ ഉണ്ടാക്കി. ഗുണഭോക്തൃവിഹിതത്തിന് ആനുപാതികമല്ലാതെ അധി‌കമായി തൈകൾ വാങ്ങി. കരാറുകാരനുമായി ഗൂഢാലോചന നടത്തി വ്യാജ ബില്ലുകൾ സമർപ്പിച്ച് പഞ്ചായത്തിൽനിന്ന് പണം പിൻവലിച്ചു. ഗുരുതരമായ കൃത്യവിലോപവും, ചട്ടലംഘനവും ക്രിമിനൽ കുറ്റവും കൃഷി ഓഫീസർ നടത്തിയെന്നാണ് പരിശോധനയിലെ കണ്ടെത്തിൽ.

മുമ്പ് കോഴിക്കോട് അരിക്കുളം കൃഷി ഓഫീസറായി പ്രവർത്തിക്കുമ്പോൾ കൃത്രിമ രേഖകൾ ചമച്ചതിനും സർക്കാർ ഖജനാവിന് നഷ്ടം വരുത്തിയതിനും ജിഷമോൾക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, മാരാരിക്കുളം സൗത്ത് കൃഷി ഓഫീസർ നിർവഹണോദ്യോഗസ്ഥയെന്ന നിലയിൽ പദ്ധതികളുടെ നടത്തിപ്പിൽ ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയ ക്രമക്കേടുകൾ കൃത്യമായ ആസൂത്രണത്തോടെ സർക്കാർ സംവിധാനങ്ങളെ കബളിപ്പിക്കുവാനുള്ള ബോധപൂർവമായ ശ്രമമാണെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി.

തെങ്ങിൻ തൈകൾ വിതരണം ചെയ്തിട്ടില്ലെന്ന ബോധ്യമുണ്ടായിട്ടും കൂടുതൽ തുകക്കുള്ള വ്യാജ ബില്ലുകൾ സമർപ്പിച്ച് ഖജനാവിന് ധനനഷ്ടമുണ്ടാക്കുവാൻ ഒത്താശ ചെയ്ത കരാറുകാരുടെ പ്രലർത്തനവും ശിക്ഷാനടപടികൾ അർഹിക്കുന്നതാണ്. ഈ കരാറുകാർക്കെതിരെ നിയമാനുസൃത നടപടികൾ കൈക്കൊള്ളുവാനും ഈ സ്ഥാപനവുമായി ഏർപ്പെട്ടിട്ടുള്ള എല്ലാ കരാറുകളും അടിയന്തിരമായി റദ്ദാക്കുവാനും ഈ കരാറുകാർ നടപ്പിലാക്കിയ എല്ലാ പദ്ധതികളുടേയും നിർവഹണം സംബന്ധിച്ച വിലയിരുത്തൽ നടത്തുവാനുമുള്ള നടപടികൾ സ്വീകരിക്കുവാൻ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എന്നിവർക്ക് നിർദേശം നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

Tags:    
News Summary - Irregularity in coconut supply: 4.51 lakhs to be recovered from agriculture officer, report says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.