ന്യൂഡല്‍ഹി: പ്രകൃതി ദുരന്തം മൂലവും മറ്റുമുണ്ടാകുന്ന വരുമാന നഷ്ടത്തിന് കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന (പി.എം.എഫ്.ബി.വൈ) 2026 വരെ നീട്ടാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനിച്ചു. 2021-22 മുതല്‍ 2025-26 വരെയുള്ള പദ്ധതിക്ക് ആകെ 69,515.71 കോടി രൂപയാണ് ചെലവഴിക്കുന്നത്.
വിള ഇന്‍ഷുറന്‍സിലെ സുതാര്യത വര്‍ധിപ്പിക്കുന്നതിനും ക്ലെയിമുകളില്‍ സംയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനുമായി ഫണ്ട് ഫോര്‍ ഇന്നൊവേഷന്‍ ആന്റ് ടെക്‌നോളജി (എഫ്.ഐ.എ.റ്റി) രൂപീകരിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിനായി 824.77 കോടി രൂപ നീക്കിവെച്ചിരിക്കുന്നത്. വിത്ത് വിതക്കുന്നത് മുതല്‍ വിള സംഭരണം വരെയായിരിക്കും ഇന്‍ഷുറന്‍സ് കവറേജ്. കഴിഞ്ഞ വര്‍ഷം എട്ട് കോടിയിലധികം കര്‍ഷകരില്‍ നിന്ന് അപേക്ഷകള്‍ ലഭിച്ചിരുന്നു. നാല് കോടിയിലധികം കര്‍ഷകര്‍ക്ക് 1,70,000 കോടി രൂപ ക്ലെയിമായി ലഭിച്ചു.
2016-ൽ ആരംഭിച്ച പി.എം.എഫ്.ബി.വൈ സർക്കാർ സ്‌പോൺസർ ചെയ്‌ത വിള ഇൻഷുറൻസ് പദ്ധതിയാണ്. ഇത് അപ്രതീക്ഷിത സംഭവങ്ങളിൽ നിന്ന് ഉണ്ടാകുന്ന വിളനാശത്തിനെതിരെ കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നു. കർഷക പങ്കാളിത്തം സംബന്ധിച്ച ലോകത്തിലെ ഏറ്റവും വലിയ വിള ഇൻഷുറൻസ് പദ്ധതിയും പ്രീമിയം അടിസ്ഥാനമാക്കിയുള്ള ആഗോളതലത്തിൽ മൂന്നാമത്തെ വലിയ പദ്ധതിയുമാണ് ഇത്. പ്രധാനമന്ത്രി ഫസൽ ബീമാ യോജന നിരവധി വിളകൾക്ക് സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു, പ്രകൃതി ദുരന്തങ്ങൾ, കീടങ്ങൾ, രോഗങ്ങൾ എന്നിവ മൂലമുള്ള വിളവ് നഷ്ടത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കുന്നു.
ക്ലെയിം സെറ്റില്‍മെന്റുകളുടെ കാര്യക്ഷമതയും സുതാര്യതയും വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള യെസ്-ടെക്ക് (YES-TECH -സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിളവ് കണക്കാക്കല്‍ സംവിധാനം)എന്നീ സാങ്കേതിക സംരംഭങ്ങള്‍ക്കും ഈ ഫണ്ട് വിനിയോഗിക്കാനാകും. കൂടാതെ ഡൈ അമോണിയം ഫോസ്‌ഫേറ്റ് വളങ്ങളുടെ സബ്‌സിഡി തുടരാന്‍ 3850 കോടിയും അനുവദിച്ചിട്ടുണ്ട്. ഇൻഷുറൻസ് പരിരക്ഷയുണ്ടെന്ന അറിവ് കർഷകരെ നൂതന കാർഷിക രീതികൾ സ്വീകരിക്കാനും പുതിയ സാങ്കേതികവിദ്യകളിൽ നിക്ഷേപിക്കാനും പ്രോത്സാഹിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.