ഒട്ടും ചെലവില്ലാതെയോ അല്ലെങ്കിൽ വളരെ കുറഞ്ഞ ചെലവിലോ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. വീട്ടിലെ കൃഷിക്കാവശ്യമായ കീടനാശിനികളും ജൈവ വളങ്ങളും വീട്ടിൽത്തന്നെ ഉത്പാദിപ്പിച്ചാൽ ചെലവ് വലിയതോതിൽ കുറക്കാം. അടുക്കള മാലിന്യത്തെ വളമാക്കി മാറ്റുമ്പോൾ മാലിന്യസംസ്കരണമെന്ന തലവേദനയും ഒഴിവാകും. ചായച്ചണ്ടി, കാപ്പിമട്ട് തുടങ്ങി പറമ്പിലെ കരിയിലവരെ നമ്മുക്ക് വളമാക്കി മാറ്റാം.
വീട്ടിൽ എളുപ്പം ഉണ്ടാക്കാൻ പറ്റിയ കുറച്ച് ജൈവ വളങ്ങൾ ഏതെല്ലാമെന്ന് നോക്കാം
പഴത്തൊലി വളം
പഴത്തൊലി ചെറിയ കഷണങ്ങളായി മുറിച്ച് അവ മുങ്ങിക്കിടക്കുന്ന അളവിൽ വെള്ളമൊഴിച്ച് വായു കടക്കാതെ പാത്രത്തിൽ അടച്ചുവെക്കുക. നാലുദിവസത്തിന് ശേഷം അരിച്ചെടുത്ത് ഇരട്ടി വെള്ളം ചേർത്ത് ചെടിയുടെ ചുവട്ടിലൊഴിക്കുക. നാലിരട്ടി വെള്ളത്തിൽ നേർപ്പിച്ച ശേഷം ഇലകളിൽ സ്‌പ്രേ ചെയ്യുകയുമാവാം. പൊട്ടാസ്യം അടങ്ങിയ പഴത്തൊലികൊണ്ടുള്ള വളം പൂക്കൾ കൊഴിയാതിരിക്കാനും പുഷ്പിക്കാനും കായ്ക്കാനും സഹായിക്കും.
കഞ്ഞിവെള്ളം
രണ്ടോ മൂന്നോ ദിവസം പുളിപ്പിച്ച കഞ്ഞിവെള്ളം, പുളിച്ച അരിമാവ്, പഴകിയ തൈര്, പാല്, രണ്ടുദിവസം പഴക്കമുള്ള തേങ്ങാവെള്ളം, രണ്ട് കപ്പ് വെള്ളം എന്നിവ ചേർത്ത് ബക്കറ്റിലൊഴിച്ച് നന്നായി ഇളക്കുക. ശേഷം അഞ്ചിരട്ടി വെള്ളം ചേർത്ത് ചെടികൾക്കൊഴിക്കാം. എല്ലാം പുളിച്ചതായതുകൊണ്ട് അപ്പോൾത്തന്നെ ഉപയോഗിക്കാം. തേങ്ങാവെള്ളത്തിൽ പൊട്ടാസ്യവും മഗ്നീഷ്യവും തൈരിൽ കാത്സ്യവും മറ്റു ധാതുക്കളും മാവിൽ ജീവകങ്ങളും അടങ്ങിയതിനാൽ പച്ചക്കറികളുടെ വളർച്ചയ്ക്കും കായ്പിടിത്തത്തിനും ഗുണകരമാണ്.
കാന്താരി-ഗോമൂത്രം കീടനാശിനി
നാല് കാന്താരിമുളകോ പച്ചമുളകോ അരച്ചെടുത്ത് ഒരുകപ്പ് ഗോമൂത്രത്തിൽ ചേർത്ത് അരിച്ചെടുക്കുക. മൂന്നിരട്ടി വെള്ളം ചേർത്ത് നേർപ്പിക്കുക. ഇത് ചെടികളിൽ സ്‌പ്രേ ചെയ്താൽ വെള്ളീച്ച ഉൾപ്പെടെയുള്ള കീടങ്ങളെ തടയാം.
ജൈവ സ്ലറി
രണ്ട് കിലോ പച്ചച്ചാണകവും ഒരു കിലോവീതം വേപ്പിൻപ്പിണ്ണാക്കും കടലപ്പിണ്ണാക്കും എല്ലുപൊടിയും അരക്കിലോ വെല്ലവും അല്പം ശീമക്കൊന്നയും ഡ്രമ്മിലോ അടപ്പുള്ള വലിയ പാത്രത്തിലോ ഇടുക. ഇവ മുങ്ങിക്കിടക്കുന്ന വിധം വെള്ളമൊഴിച്ച് നന്നായി മൂടിവെക്കുക. എല്ലാദിവസവും ഒരുനേരം വടികൊണ്ട് ഇളക്കുക. എഴുദിവസത്തിനുശേഷം അഞ്ചിരട്ടി വെള്ളം ചേർത്ത് ഉപയോഗിക്കാം. നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ ഈ വളത്തിൽ അടങ്ങിയിട്ടുണ്ട്.
ഫിഷ് അമിനോ ആസിഡ്
ഒരുകിലോ മത്തി കഷ്ണങ്ങളാക്കിയതും ഒരുകിലോ വെല്ലം പൊടിച്ചതും നല്ല അടപ്പുള്ള പാത്രത്തിൽ ഇടുക. വെയിൽ കുറവുള്ള സ്ഥലത്ത് പാത്രം വെക്കുക. ആഴ്ചയിൽ ഒരുതവണ മാത്രം ഇളക്കികൊടുക്കുക. 45 ദിവസംകൊണ്ട് കുഴമ്പുരൂപത്തിൽ ഫിഷ് അമിനോ ആസിഡ് തയ്യാറാകും. ഇത് അരിച്ചെടുത്ത ശേഷം ഒരുലിറ്റർ വെള്ളത്തിൽ അഞ്ച് മില്ലി ചേർത്ത് ചെടികളുടെ ചുവട്ടിലൊഴിക്കാം. രണ്ട് മില്ലി ഒരുലിറ്റർ വെള്ളത്തിൽ ചേർത്ത് സ്‌പ്രേ ചെയ്യാം. ചെടികൾ നന്നായി വളരാനും പൂക്കാനും ഇത് സഹായിക്കും.
എഗ് അമിനോ ആസിഡ്
എഗ് അമിനോ ആസിഡ് ഉണ്ടാക്കാനായി ഒരു നാടൻ മുട്ട വിസ്താരം കുറഞ്ഞ കുപ്പിയിലിടുക. അത് മുങ്ങിക്കിടക്കാൻ പാകത്തിൽ കുരുകളഞ്ഞ ചെറുനാരങ്ങാ നീര് ഒഴിക്കുക. വെയിലില്ലാത്ത സ്ഥലത്ത് 20 ദിവസം മൂടിവെച്ചശേഷം തുറന്ന് ഒരു മുട്ടയ്ക്ക് 25 ഗ്രാം വെല്ലം പൊടിച്ച് കുപ്പിയിലിടുക. നന്നായി ഇളക്കുക. 10 ദിവസം കൂടി കുപ്പിയിൽ അടച്ചിട്ടാൽ കുഴമ്പുരൂപത്തിലുള്ള എഗ്ഗ് അമിനോ ആസിഡ് തയ്യാറാകും. ഇത് അരിച്ചെടുത്ത ശേഷം രണ്ട് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സ്‌പ്രേ ചെയ്യാം. പൂവിടാൻ പാകത്തിലെത്തിയ ചെടികളിലാണ് തളിക്കേണ്ടത്. കൂടുതൽ പൂക്കളുണ്ടാകാനും കായ്ക്കാനും ഇത് സഹായിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.