കേരളത്തിൽ ഏറെ പ്രചാരമുള്ള മറുനാടൻ ആടുജനുസ്സുകളിൽ ഒന്നാണ് സിരോഹി. രാജസ്ഥാനിലെ സിരോഹി മേഖലയാണ് ജന്മദേശം. രാജസ്ഥാനിലെ പരമ്പരാഗത ഗോത്രവിഭാഗമായ റൈക്ക സമൂഹമാണ് സിരോഹി ആടുകളുടെ പരിപാലനത്തിൽ ഏറെ സംഭാവനകള്‍ നല്‍കിയത്. ഉയര്‍ന്ന വളര്‍ച്ചനിരക്കിനും മാംസോൽപാദനത്തിനും പേരുകേട്ട ഇവക്ക് അജ്മീരി ആടുകളെന്ന അപരനാമമുണ്ട്. കഠിന ചൂടിനെയും വരള്‍ച്ചയെയും അതിജീവിക്കാന്‍ ശേഷിയുണ്ട്. രോഗപ്രതിരോധശേഷിയിലും മുന്നിലാണ്.


വളർച്ചനിരക്ക്

കുഞ്ഞുകുതിരയുടെ കരുത്തുള്ളവരാണ് സിരോഹി ആടുകൾ. തവിട്ട് നിറമുള്ള ശരീരത്തില്‍ ഇരുണ്ടതോ ഇളം തവിട്ട് നിറത്തിലോ ഉള്ള പാണ്ടുകളുള്ള ഇവയെ കണ്ടാൽ പുള്ളിമാന്‍ കുഞ്ഞാണെന്ന് തോന്നും. അരയടിയിലധികം നീളമുള്ള പരന്ന് തൂങ്ങി വളര്‍ന്ന ചെവികളും കുത്തനെ വളര്‍ന്ന് അകത്തോട്ട് വളഞ്ഞ് കുറുകിയ കൊമ്പുകളുമാണ്. കരുത്തന്മാരായ ജമുനാപാരി ആടുകളെപോലെ നീളമുള്ള ശരീരവും നീളമുള്ള കൈകാലുകളും പ്രത്യേകതയാണ്. പൂർണവളര്‍ച്ചയെത്തിയ സിരോഹി മുട്ടനാടിന് ശരാശരി 80 -90 കിലോ വരെ തൂക്കമുണ്ടാകും.


ശരാശരി 17 - 19 മാസം പ്രായമെത്തുമ്പോള്‍ ആദ്യ പ്രസവം നടക്കും. ഒരു പ്രസവത്തില്‍ ഒരു കുഞ്ഞാണ് സാധാരണയുണ്ടാവുക. രണ്ട് കുഞ്ഞുങ്ങൾ ഉണ്ടാവാൻ 45 ശതമാനം വരെ സാധ്യതയുമുണ്ട്. വര്‍ഷത്തില്‍ ഒരു പ്രസവമാണ് കണക്ക്. കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ 3.5 മുതൽ 4 കിലോ വരെ തൂക്കമുണ്ടാവും. പാല്‍ നന്നായി നല്‍കി വളര്‍ത്തിയാല്‍ മൂന്നു മാസം കൊണ്ട് 15 - 20 കിലോക്കിടയിൽ തൂക്കം കൈവരിക്കും.


പാലുൽപാദനം

മാംസത്തിനു വേണ്ടിയാണ് വളർത്തുന്നതെങ്കിലും പാലുൽപാദനത്തിലും ഒട്ടും പിന്നിലല്ല. കറവക്കാലം 5-6 മാസം നീളും. ഒന്നര ലിറ്റര്‍ പാല്‍വരെ ദിവസം ലഭിക്കും. കേരളത്തിൽ മലബാരി പെണ്ണാടുകളുമായുള്ള സിരോഹി ആടുകളുടെ ബ്രീഡിങ് ഏറെ വിജയിച്ച സങ്കരപ്രജനനമാർഗമാണ്. ശാസ്ത്രീയരീതിയിലുള്ള മലബാരി- സിരോഹി ക്രോസിങ് വഴിയുണ്ടാകുന്ന ഒന്നാം തലമുറയിലെ സങ്കരയിനം ആട്ടിൻകുഞ്ഞുങ്ങൾ വളർച്ചയിലും തീറ്റപരിവർത്തനശേഷിയിലും മലബാരി ആടുകളേക്കാൾ മികച്ചതും രോഗപ്രതിരോധത്തിലും പ്രത്യുൽപാദനഗുണത്തിലും സിരോഹിയേക്കാൾ മികവുള്ളവയും ആയിരിക്കും.

മാംസോൽപാദനം ലക്ഷ്യമിട്ട് ആടുഫാം നടത്തുന്നവർക്ക് ജനുസ്സിന്റെ ഗുണങ്ങൾ ഒത്തിണങ്ങിയ സിരോഹി മുട്ടനാടുകളെ ബ്രീഡിങ് ആവശ്യത്തിന് പ്രയോജനപ്പെടുത്താം. 

Tags:    
News Summary - Sirohi goat farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.