പാറശ്ശാല: തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥി വി. അക്ഷയ് സംസ്ഥാനത്തെ മികച്ച കര്‍ഷക വിദ്യാര്‍ഥിക്കുള്ള (ഹയർ സെക്കൻഡറി) സംസ്ഥാന സർക്കാറിന്‍റെ പുരസ്കാരം സ്വന്തമാക്കി. കാര്‍ഷികവൃത്തിക്കൊപ്പം പഠനത്തിലും അക്ഷയ് ഫുള്‍ എ പ്ലസ് ആണ്. പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് വിജയിച്ചത്.
പാറശ്ശാല പഞ്ചായത്തിലെ ചെറുവാരക്കോണം മുണ്ടപ്ലാവിളയില്‍ വിജയകുമാറിന്‍റെയും പ്രീജയുടെയും മകനായ അക്ഷയ് പിതാവിന്റെ കൃഷി ഭൂമിയിലാണ് കാര്‍ഷിക വൃത്തി അടുത്തറിഞ്ഞത്. വാഴയും മരച്ചീനിയും പച്ചക്കറികളും മാത്രമല്ല ചെണ്ടുമല്ലിയും വാടാമുല്ലയും ഉള്‍പ്പെടെയുള്ള സമ്മിശ്ര കൃഷി ചെയ്യുന്ന അക്ഷയ് പഠനത്തിനുള്ള വരുമാനം സ്വയം കണ്ടെത്തുന്നു.
പച്ചക്കറി വിളകള്‍ക്കു ചുറ്റും വേലി പോലെ വാടാമല്ലിയും ചോളവും നട്ടുവളര്‍ത്തുന്നതിനാല്‍ വിളകള്‍ക്ക് കീടബാധ കുറയുന്നതായാണ് കര്‍ഷക വിദ്യാര്‍ഥിയുടെ കണ്ടെത്തല്‍. സ്‌കൂള്‍ സമയം കഴിഞ്ഞ് പൂര്‍ണമായും കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുകയും വിളകള്‍ക്ക് വിപണി കണ്ടെത്തുകയും ചെയ്യുന്നു. ഒന്നേകാല്‍ ഏക്കറില്‍ വാഴകൃഷി നടത്തുന്നതില്‍ കുലച്ച നേന്ത്രക്കുലകള്‍ വിളവെടുപ്പിന് തയാറായിട്ടുണ്ട്.
ജൈവ, രാസവളങ്ങള്‍ കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്. കൃഷിഭവന്‍ മുഖേന ലഭിയ്ക്കുന്ന കീടനാശിനികളും ജൈവ കീടനാശിനികളും ഉപയോഗിക്കുന്നുണ്ട്. കൃഷി ഉപജീവന മാര്‍ഗ്ഗമാക്കി മാറ്റി സ്വയംപര്യാപ്തത കൈവരിക്കുകയാണ് ഈ കുട്ടിക്കര്‍ഷകന്‍.
സ്വന്തം മരച്ചീനി വിളയ്ക്ക് ന്യായമായ വില ലഭിക്കാതെ വന്നപ്പോള്‍ മൂല്യവര്‍ധിത മരച്ചീനി പപ്പടം ഉണ്ടാക്കി വിപണിയിലെത്തിച്ച് വിജയം കൈവരിച്ച ചരിത്രവുമുണ്ട് അക്ഷയ്ക്ക്. വിളകള്‍ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും പങ്കു വയ്ക്കാറുമുണ്ട്. നാടിനും വീടിനും അഭിമാനമായി മാറുകയാണ് ഉണ്ടന്‍കോട് സെന്റ് ജോണ്‍സ് സ്‌കൂളിലെ ഈ പ്ലസ് വണ്‍ ബയോളജി വിദ്യാര്‍ഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.