ഡോ. എ. ലത

പരീക്ഷണശാലയിൽനിന്ന്​ കാർഷിക വിജ്ഞാനം പാടത്തേക്കിറക്കിയ ഡോ. ലതക്ക്​ പുരസ്കാരം

തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ മണ്ണുത്തിയിലെ കാർഷിക ഗവേഷണ കേന്ദ്രം മേധാവിയും പ്രഫസറുമായ ഡോ. എ. ലതക്ക്​ കാർഷിക ഗവേഷണത്തിനുള്ള സംസ്ഥാന കൃഷി വകുപ്പിന്‍റെ ഡോ. എം.എസ്​. സ്വാമിനാഥൻ പുരസ്കാരം. കാർഷിക വിജ്ഞാനം വെറും ഗവേഷണ വിഷയവും പരീക്ഷണശാലയിൽ ഒതുങ്ങുന്നതു​മല്ലെന്ന തെളിയിച്ച മികവിനാണ്​ ഡോ. ലതയെ തേടി പുരസ്കാരം എത്തുന്നത്​.

സർവകലാശാലയുടെ പാക്കേജ് ഓഫ് പ്രക്ടീസിൽ ശിപാർശ ചെയ്ത, 2017ൽ പുറത്തിറക്കിയ നെല്ലിനം ‘മനുരത്ന’, 2019ൽ ഇറക്കിയ ‘മനുവർണ്ണ’ എന്നിവ വയലുകളിൽ പരീക്ഷിച്ച്​ മികവ്​ തെളിയിച്ചതാണ്​. മനുരത്നയുടെ 595 ടൺ വിത്ത്​ കർഷക പങ്കാളിത്തത്തോടെ ഉൽപാദിപ്പിച്ച് സംസ്ഥാനത്തുടനീളം 15,000 ഏക്കർ കൃഷി ഭൂമിയിലേക്ക്​ വിതരണം ചെയ്തു. കോൾനിലങ്ങളിൽ ഒന്നാം വിള പുറമെ രണ്ടാം പൂ കൃഷിക്കും ഈ വിത്താണ്‌ ഉപയോഗിക്കുന്നത്. 132 ടൺ വിത്ത് ഉൽപാദിപ്പിച്ച്​ വിതരണം ചെയ്താണ്​ കോൾനിലങ്ങളിൽ രണ്ടാം പൂ കൃഷി വിജയിപ്പിച്ചത്​. കുട്ടനാട്ടിലെ കർഷകർക്കിടയിൽ ഈ നെല്ലിനം പ്രചാരം നേടിയിട്ടുണ്ട്​. മനുവർണ്ണയുടെ 75 ടൺ വിത്ത് 1875 ഏക്കറിലാണ്​ കൃഷിക്ക്​ നൽകിയത്​. പാലക്കാട് മേഖലയിൽ ഈ നെല്ലിനം പ്രചാരം നേടി വരികയാണ്​.

‘അശ്വനി 1’ എന്ന അശോകം, കോൾനിലങ്ങളിൽ മൂലകങ്ങളുടെ അഭാവം പരിഹരിക്കാനുള്ള മാർഗങ്ങൾ, യന്ത്രവൽകൃത നടീൽ ഞാറ്റടിക്കുള്ള സാങ്കേതിക വിദ്യ, കോൾനില ജൈവ കൃഷി സാങ്കേതിക വിദ്യ, കശുമാവിന്‍റെ രാസവള പ്രയോഗത്തിനുള്ള സാ​ങ്കേതിക വിദ്യ, ബ്രഹ്മി, കുറുന്തോട്ടി, നീലമരി, പനികൂർക്ക, തുളസി, കിരിയാത്ത് എന്നിവയുടെ കൃഷിയുമായി ബന്ധപ്പെട്ടുള്ള ഗവേഷണം തുടങ്ങിയവ നടത്തി വിജയിപ്പിച്ചു.

ഇരുന്ന്​ കയറാവുന്ന 321 കേരസുരക്ഷാ തെങ്ങു കയറ്റ യന്ത്രം നിർമിച്ച് കർഷകർക്ക് വിതരണം ചെയ്തു. ടില്ലറിൽ ഘടിപ്പിക്കാവുന്ന തെങ്ങിന്‍റെ തടം തുറക്കുന്ന യന്ത്രം, തേങ്ങ വീഴാതെ സംരക്ഷിക്കുന്ന തൊട്ടിൽ എന്നിവ വികസിപ്പിച്ച്​ വിതരണം ചെയ്തു. ഇവ കേരള അഗ്രോ മെഷിനറി കോർപറേഷൻ ഏറ്റെടുത്തു. റിമോട്ടിൽ പ്രവർത്തിക്കുന്ന പവർ ടില്ലർ, കുടുംബ പവർ ടില്ലർ, നെൽപാടങ്ങളിൽ കുമ്മായം വിതറുന്ന യന്ത്രം, പയർ വർഗങ്ങൾ വിളവെടുക്കുന്ന യന്ത്രം എന്നിവയും ഡോ. ലതയുടെ ഗവേഷണഫലങ്ങളാണ്​. കോൾ നിലങ്ങളിൽ അധിക വിള കൃഷി ചെയ്യുന്ന ‘ഓപറേഷൻ കോൾ ഡബിൾ’ പദ്ധതി പദ്ധതി എക്സിക്യുട്ടീവ് അംഗമാണ്‌. തരിശ്​ നില കൃഷി, കാർഷിക യന്ത്രവത്​കരണം പരിചയപ്പെടുത്തൽ, ജൈവകൃഷി സാങ്കേതിക സഹായം, നാടൻ സങ്കരയിനം തെങ്ങിൻ തൈകളുടെ ഉൽപാദനം എന്നിവയിലും ഡോ. ലതയുടെ നേതൃത്വത്തിൽ കാർഷിക ഗവേഷണ കേ​ന്ദ്രം പ്രധാന പങ്ക്​ വഹിച്ചു.

മികച്ച കോഴ്സ് ഡയറക്ടർക്കുള്ള കാർഷിക സർവകലാശാല അവാർഡ്, നല്ല ഗവേഷണ കേന്ദ്രം മേധാവിക്കുള്ള സർവകലാശാല അവാർഡ്, കേ​ന്ദ്ര കൃഷിമിത്ര അവാർഡ്, അഗ്രോണമിസ്റ്റ്​ അവാർഡ് എന്നിവ നേടിയിട്ടുണ്ട്​.

Tags:    
News Summary - MS Swaminathan Award for Dr A Latha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT