തൃശൂർ: നവമാധ്യമങ്ങൾ അടക്കമുള്ള നൂതന സങ്കേതങ്ങൾ ഉപയോഗിച്ച് ഫാം ജേണലിസത്തിന്‍റെ അനന്ത സാധ്യതകളിലൂടെ മുന്നേറുന്ന ഡോ. സാബിൻ ജോർജിന് കൃഷി വകുപ്പിന്‍റെ സംസ്ഥാന പുരസ്കാരം. നവ മാധ്യമ മേഖലയിലെ ഇടപെടലിനുള്ള അംഗീകാരമായാണ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല മണ്ണുത്തി കാമ്പസിൽ പ്രഫസറായ ഡോ. സാബിന് 2023ലെ പുരസ്കാരം ലഭിച്ചത്.
കേരള കാർഷിക സർവകലാശാലയിൽ 2004ൽ അസിസ്റ്റന്‍റ് പ്രഫസറായി പ്രവേശിച്ചതു മുതൽ ഡോ. സാബിൻ കാർഷിക പത്രപ്രവർത്തനത്തിൽ സജീവമാണ്. 20 വർഷത്തിനിടെ ആയിരത്തോളം ലേഖനങ്ങൾ അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. മലയാളത്തിലെ മിക്ക ദിനപത്രങ്ങളിലും കാർഷിക പ്രസിദ്ധീകരണങ്ങളിലും ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറുപുസ്തകങ്ങളും സർവകലാശാല പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലെ അധ്യായങ്ങളും ഇതിന് പുറമെയാണ്.
വെറ്ററിനറി സർവകലാശാലയുടെ പബ്ലിക്കേഷൻ ആന്‍റ് എഡിറ്റോറിയൽ കമ്മിറ്റി അംഗമാണ്. സർവകലാശാലയുടെ ‘നിറവ്’ എന്ന പേരിലുള്ള ഫാം ജേണലിൻ്റെ ആദ്യ എഡിറ്ററായിരുന്നു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ഏർപ്പെടുത്തിയ സംസ്ഥാനതല ഫാം ജേണലിസം അവാർഡ് തുടർച്ചയായി മൂന്ന് വർഷം ലഭിച്ചു. ആകാശവാണി, ദൂരദർശൻ പരിപാടികൾക്ക് സ്ക്രിപ്റ്റുകൾ തയാറാക്കാറുണ്ട്. ഫാം ഫോട്ടോഗ്രഫിയിലും സംസ്ഥാനതല പുരസ്കാരം നേടിയ ഡോ. സാബിന്‍റെ ഫോട്ടോകൾ വിവിധ കാർഷിക മാഗസിനുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മാധ്യമ രംഗത്തും കാർഷിക പത്രപ്രവർത്തനത്തിലും ഉണ്ടായ ഓൺലൈൻ വ്യതിയാനത്തിനൊപ്പം തുടക്കം മുതൽ ഡോ. സാബിൻ സഞ്ചരിക്കുന്നുണ്ട്. ഇതുവരെ 400ഓളം ലേഖനങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ഒരു വർഷം മാത്രം ‘വെബ് എക്സ്ക്ലൂസീവ്’ ആയി പ്രസിദ്ധീകരിച്ച ലേഖനങ്ങൾ നൂറിലധികമാണ്. വീഡിയോ, അഭിമുഖം എന്നിവ സഹിതമുള്ള ‘ലൈവ് ലേഖനങ്ങൾ’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘കർഷകൻ്റെ നോട്ടുപുസ്തകം’ എന്ന പേരിൽ സ്വന്തമായി ഫേസ്ബുക്ക് പേജുണ്ട്. ഇതിനെ പതിനായിരത്തിലധികം പേർ പിന്തുടരുന്നുണ്ട്. യുട്യൂബ്, ഇൻസ്റ്റഗ്രാം എന്നിവയിലും ഈ സംരംഭം സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇതിന്‍റെ സാധ്യത ഏറ്റവുമധികം പ്രയോജനപ്പെടുത്തിയത് പ്രളയം, കോവിഡ് തുടങ്ങിയ കാലങ്ങളിലാണെന്ന് ഡോ. സാബിൻ പറയുന്നു. മാധ്യമങ്ങളുടെ പ്രീമിയം, വീക്കെൻഡ് സ്പെഷൽ, എഡിറ്റേഴ്സ് പിക്ക് എന്നിവയിൽ ലേഖനങ്ങൾ വന്നിട്ടുണ്ട്.
കൃഷി, മൃഗ സംരക്ഷണം, ഫിഷറീസ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടും പൊതുജനാരോഗ്യം, പെറ്റ് കെയർ, ആരോഗ്യ ഭക്ഷണശീലങ്ങൾ എന്നിവയിലും ലേഖനങ്ങൾ എഴുതാറുണ്ട്. ഇന്ദിരാഗാന്ധി നാഷണൽ ഓപൺ യൂനിവേഴ്സിറ്റിയിൽനിന്ന് ജേണലിസം ആന്‍റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ നേടിയിട്ടുണ്ട്. ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, മൊബൈൽ ഫോട്ടോഗ്രഫി, സോഷ്യൽ മീഡിയ കണ്ടൻ്റ് ക്രിയേഷൻ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നിവയിലും പരിശീലനം നേടിയിട്ടുണ്ട്. മെഡിസിൻ,ശാസ്ത്രം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ ഇരുന്നൂറോളം ലേഖനങ്ങൾ ഓൺലൈനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെറ്ററിനറി സയൻസിൽ പിഎച്ച്.ഡി നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.