കാവ്യ

മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാനായി ജോലി രാജിവെച്ചപ്പോൾ നാട്ടുകാർ മൂക്കത്ത് വിരലുവെച്ചു; ഇന്ന് കാവ്യ സമ്പാദിക്കുന്നത് വർഷം 24 ലക്ഷം

75,000 രൂപ ശമ്പളമുള്ള ജോലി രാജിവെച്ച് കാവ്യ ദൊബാലെ എന്ന മഹാരാഷ്ട്രക്കാരിയായ നഴ്സ് കൃഷി ബോധവത്കരണത്തിന് ഇറങ്ങുമ്പോൾ പലരും മൂക്കത്ത് വിരലുവെച്ചു. എന്തിന്‍റെ ഭ്രാന്താണെന്ന് വരെ ചോദിച്ചു. എന്നാൽ, കാവ്യക്ക് കൃത്യമായ ലക്ഷ്യബോധവും നിശ്ചയദാർഢ്യവുമുണ്ടായിരുന്നു. രണ്ട് വർഷം പിന്നിടുമ്പോൾ മണ്ണിരകമ്പോസ്റ്റിൽ നിന്നുള്ള ജൈവവളം നിർമാണത്തിലൂടെ കാവ്യ സമ്പാദിക്കുന്നത് വർഷത്തിൽ 24 ലക്ഷം രൂപയാണ്. അന്ന് മൂക്കത്ത് വിരലുവെച്ചവർ ഇന്ന് കാവ്യയെ നോക്കി കൈയടിക്കുകയാണ്.

മുംബൈ ലോകമാന്യതിലക് ആശുപത്രിയിലെ നഴ്സായിരുന്നു കാവ്യ. പിന്നീട് ടാറ്റ കാൻസർ ആശുപത്രിയിലും മുംബൈയിലെ തന്നെ സിയോൺ ആശുപത്രിയിലും ജോലി ചെയ്തു. അങ്ങനെയിരിക്കെ, കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യപ്രവർത്തകയായ കാവ്യക്കും രോഗം ബാധിച്ചു. നിരവധി പേർ കണ്മുന്നിൽ മരിക്കുന്നതിനും കാവ്യ സാക്ഷിയായി. കാവ്യക്കും സാരമായി രോഗം ബാധിച്ചിരുന്നു. എന്നാൽ, ശരീരത്തിന്‍റെ പ്രതിരോധശേഷി അവളെ തിരിച്ചുവരാൻ സഹായിച്ചു. ആളുകളുടെ പ്രതിരോധശേഷി രോഗങ്ങൾ തടയാൻ വളരെയേറെ സഹായിക്കുന്നുണ്ടെന്നും, എന്നാൽ, രാസവസ്തുക്കളടങ്ങിയ ഭക്ഷണങ്ങൾ മനുഷ്യശരീരത്തിന്‍റെ പ്രതിരോധശേഷിയെ വല്ലാതെ അപകടത്തിലാക്കുന്നുണ്ടെന്നും കാവ്യ തിരിച്ചറിഞ്ഞു. രാസവസ്തുക്കൾ ഉപയോഗിക്കാത്ത ഒരു കാർഷിക രീതി നിലവിൽ വരണമെന്ന ചിന്ത കാവ്യയിലുണ്ടായി.

 

വിഷം കലരാത്ത പച്ചക്കറികൾ ഉൽപ്പാദിപ്പിക്കപ്പെടണം. ആളുകളുടെ ആരോഗ്യം ഭക്ഷണം വഴി ഇല്ലാതാകുന്നത് അവസാനിപ്പിക്കണം. അതായിരുന്നു ലക്ഷ്യം -30കാരിയായ കാവ്യ പറയുന്നു. ജോലി രാജിവെച്ച് കാർഷിക ബോധവത്കരണത്തിന് ഇറങ്ങാൻ കാവ്യ തീരുമാനിച്ചു. പലരും എതിർത്തെങ്കിലും ഭർത്താവ് രാജേഷ് ദാത്ഖിലേ കാവ്യക്ക് പിന്തുണ നൽകി. 2022ൽ കാവ്യ ജോലി രാജിവെച്ച് ഭർത്താവിന്‍റെ സ്വദേശമായ പുണെയിലെ ദാത്ഖിലേവാഡി ഗ്രാമത്തിലേക്ക് മാറി.

കാവ്യ കർഷകരുമായി സംസാരിക്കുകയും വിഷം കലരാത്ത പച്ചക്കറികൾ ഉൽപ്പാദിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യം ബോധവത്കരിക്കുകയും ചെയ്തു. യൂട്യൂബ് ചാനൽ വഴിയും ബോധവത്കരണം നടത്തി. രാസവളങ്ങൾ ഒഴിവാക്കണമെന്ന് കർഷകരോട് പറയുമ്പോൾ, നിങ്ങൾ ആദ്യം ചെയ്തുകാണിക്കൂ എന്നായിരുന്നു അവരുടെ മറുപടി. ഇതോടെ കാവ്യ തന്നെ മാതൃക കാട്ടാൻ രംഗത്തിറങ്ങി.

ഭർത്താവിന്‍റെ കുടുംബത്തിന് അവിടെ കുറച്ചധികം സ്ഥലമുണ്ടായിരുന്നു. അതിന്‍റെ ചെറിയൊരു ഭാഗത്ത് 2022 ആഗസ്റ്റിൽ കാവ്യ മണ്ണിര കമ്പോസ്റ്റ് നിർമാണം തുടങ്ങി. യാതൊരു മൂലധനവും ഇല്ലാതെയായിരുന്നു തുടക്കം. ചെറിയ കമ്പോസ്റ്റ് ബെഡിൽ ചാണകം നിറച്ച് മണ്ണിരകളെ നിക്ഷേപിച്ചു. ഒരു കർഷകനിൽ നിന്ന് വാങ്ങിയ ഒരു കിലോ മണ്ണിരയുമായായിരുന്നു തുടക്കം. ഒക്ടോബറിൽ കമ്പോസ്റ്റിൽ ജൈവവളം തയാറായി.

 

തന്‍റെ പ്രയത്നത്തിന് ഫലമുണ്ടായതോടെ കാവ്യ കമ്പോസ്റ്റ് ബെഡുകളുടെ എണ്ണം വർധിപ്പിച്ചു. 10 ബെഡുകൾ ഉള്ളപ്പോൾ 5000 കിലോഗ്രാം ജൈവവളം ലഭിച്ചു. ഈ വളം ഉപയോഗിച്ച പ്രാദേശിക കർഷകർക്ക് മികച്ച വിളവ് ലഭിക്കുകയും ചെയ്തു. ഇത് കാവ്യക്ക് കൂടുതൽ പ്രചോദനം നൽകി. കൂടുതൽ സ്ഥലത്തേക്ക് മണ്ണിര കമ്പോസ്റ്റ് വ്യാപിപ്പിച്ച കാവ്യ, 2023 മാർച്ചിൽ 'കൃഷി കാവ്യ' എന്ന ബ്രാൻഡിൽ വളം വിപണിയിലെത്തിച്ചു. യൂട്യൂബ് ചാനലിലൂടെയും മികച്ച പ്രചാരണം ലഭിച്ചു.

മണ്ണിര കമ്പോസ്റ്റിന്‍റെ ഗുണങ്ങൾ അറിഞ്ഞതോടെ കർഷകരിൽ നിന്നും കൂട്ടായ്മകളിൽ നിന്നുമെല്ലാം ഓർഡറുകളെത്തി. മണ്ണിരകളെയും കർഷകർക്ക് വിതരണം ചെയ്തു. കമ്പോസ്റ്റ് ഉണ്ടാക്കുന്നതിൽ ബോധവത്കരണവും നൽകി. ഇപ്പോൾ 70 കമ്പോസ്റ്റ് ബെഡുകളാണ് കാവ്യക്കുള്ളത്. 30 അടി നീളവും നാലടി വീതിയും രണ്ടടി ഉയരവുമുള്ള കമ്പോസ്റ്റ് ബെഡുകൾ. ഓരോന്നിൽ നിന്നും ഒന്നരമാസം കൂടുമ്പോൾ 500 മുതൽ 600 കിലോഗ്രാം വരെ കമ്പോസ്റ്റ് വളം ലഭിക്കും. ഇതുകൂടാതെ മണ്ണിരകളെ കിലോയ്ക്ക് 400 രൂപ നിരക്കിലും വിൽക്കുന്നു.

 

2024 സാമ്പത്തിക വർഷത്തിൽ തന്‍റെ വരുമാനം 24 ലക്ഷമാണെന്ന് കാവ്യ അഭിമാനത്തോടെ പറയുന്നു. ഇത് അടുത്ത സാമ്പത്തിക വർഷം 50 ലക്ഷമായി ഉയർത്തുകയാണ് ലക്ഷ്യം. 

എന്താണ് മണ്ണിര കമ്പോസ്റ്റ്

മണ്ണിരകളെ ഉപയോഗിച്ച് നിർമ്മിക്കുന്ന വളമാണ്‌ മണ്ണിര കമ്പോസ്റ്റ്. ഇത് ഒരു മാലിന്യ നിർമ്മാർജ്ജന രീതി കൂടിയാണ്‌. ജൈവകൃഷിക്ക് ഏറ്റവും ഉപയോഗിക്കുന്ന വളം കൂടിയാണ്‌ മണ്ണിര കമ്പോസ്റ്റ്. ഇത് മിക്കവാറും എല്ലാത്തരം വിളകൾക്കും ഉപയോഗിക്കുന്നുണ്ട്. ഈ വളത്തിന്റെ നിർമ്മാണത്തിൽ ലഭിക്കുന്ന മറ്റൊരു വളമാണ്‌ വെർമി വാഷ്. ഇതും നല്ല വളമാണ്‌. സാധാരണയായി മണ്ണിരക്കമ്പോസ്റ്റ് നിർമ്മിക്കുന്നത് ഒരു സംഭരണിയിൽ അഴുകുന്ന ജൈവവസ്തുക്കൾ ഇട്ട് അതിൽ മണ്ണിരകളെ നിക്ഷേപിച്ചാണ്‌. മണ്ണിര ജൈവാംശങ്ങൾ തിന്നുകയും അതിന്റെ വിസർജ്ജ്യം വളമായി മാറുകയും ചെയ്യും.

എങ്ങനെ നിർമിക്കാം 

കുഴികളാണ്‌ നിർമ്മിക്കുന്നതെങ്കിൽ 2.5 മീറ്റർ നീളത്തിലും 1 മീറ്റർ വീതിയിലും 0.3 മീറ്റർ ആഴത്തിലും എടുക്കുന്നു. സിമന്റ് ടാങ്കുകൾ നിർമ്മിക്കുന്നതിനും ഈ അളവ് തന്നെയാണ്‌ ഉപയോഗിക്കുന്നത്. ടാങ്കിൽ നിന്നും അധിക ജലം വാർന്നുപോകാനായി അടിയിലോ വശങ്ങളിൽ അടിഭാഗത്തോട് ചേർത്തോ ഒരു ദ്വാരം ഉണ്ടാകും. മണ്ണിരക്കമ്പോസ്റ്റിലെ ഉപോത്പന്നമായ വെർമിവാഷ് ഇതുവഴി ശേഖരിക്കുന്നു. കുഴിയാണെങ്കിൽ അടിഭാഗവും വശങ്ങളും നല്ലതുപോലെ അടിച്ച് ഉറപ്പിക്കുന്നു. കുഴിയിൽ വെയിൽ നേരിട്ട് ഏൽക്കാതിരിക്കുന്നതിലേക്കയി മുകളിൽ ഓല കൊണ്ട് മേൽക്കൂര ഉണ്ടാക്കുന്നു. വായൗ സഞ്ചാരത്തിനായി വശങ്ങളിൽ കെട്ടി മറയ്ക്കാറില്ല. കുഴി ഒരുക്കിയതിനുശേഷം അധികവെള്ളം വാർന്നുപോകുന്നതിനും വായു സഞ്ചാരത്തിനും അടിഭാഗത്ത് ഒരു നിര തൊണ്ട് മലർത്തി അടുക്കുന്നു. നിരത്തിയ തൊണ്ട് നല്ലതുപോലെ നനച്ചതിനുശേഷം ജൈവാംശങ്ങളും ചാണകവും 8:1 എന്ന അനുപാതത്തിൽ കുഴികളിൽ 30 സെന്റീ മീറ്റർ (കുഴിയുടെ താഴ്ച) ഉയരത്തിൽ നിറയ്ക്കുന്നു. ഈർപ്പം നിലനിർത്തുന്നതിലേയ്ക്കായ് ആവശ്യത്തിനനുസരിച്ച് വെള്ളം തളിച്ചുകൊടുക്കുന്നു. ആറേഴു ദിവസങ്ങൾക്കുശേഷം കുഴിയിലേക്ക് 500 മുതൽ 1000 വരെ യൂഡില്ലസ് യൂജിനീയ എന്ന വിഭാഗത്തില്പ്പെടുന്ന മണ്ണിരകളെ നിക്ഷേപിക്കുന്നു. അതിനുശേഷം കുഴിയുടെ ഈർപ്പം 40-50 ശതമാനം ആയി നിജപ്പെടുത്തുന്നു. കമ്പോസ്റ്റ് ആയി കഴിഞ്ഞാൽ മേൽക്കൂരയിലെ ഓല മാറ്റിയാൽ മണ്ണിരകൾ അടിയിലേക്ക് നീങ്ങുകയും മുകളിൽ നിന്നും കമ്പോസ്റ്റ് ശേഖരിക്കാനും കഴിയുന്നു. കുഴിയിൽ കമ്പോസ്റ്റ് നിർമ്മിച്ചാൽ അതിൽ നിന്നും വെർമിവാഷ് കിട്ടാറില്ല.

ഉപയോഗിക്കാവുന്ന വസ്തുക്കൾ

നല്ലതുപോലെ അഴുകുന്ന ജന്തു-സസ്യജന്യ വസ്തുക്കൾ ഏതും മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. കൂടാതെ ആഹാരാവശിഷ്ടങ്ങൾ ചപ്പുചവറുകൾ എന്നിവയും ഇത്തരം സംഭരണികളിൽ നിക്ഷേപിക്കാറുണ്ട്. ഇങ്ങനെ നിക്ഷേപിക്കുന്നതുമൂലം മാലിന്യസംസ്കരണത്തിനും അതുവഴി വളം നിർമ്മിക്കുന്നതിനും കഴിയുന്നു.

Full View
Tags:    
News Summary - Nurse quits high-paying govt. job to make vermicompost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.