സുജിത്ത് 

യുവ കർഷകൻ സുജിത്തിന് ഹരിത മിത്ര അവാർഡ്

മാരാരിക്കുളം: കൃഷിയിലേക്കുള്ള സുജിത്തിന്‍റെ രണ്ടാം വരവിൽ അംഗീകാരങ്ങളുടെ പൂക്കാലം. കൃഷിവകുപ്പിന്റെ ഇത്തവണത്തെ മികച്ച കർഷകനുള്ള ഹരിതമിത്ര അവാർഡ് മായിത്തറ സ്വാമിനികർത്തിൽ എസ്.പി. സുജിത്തിനെ (37) തേടിയെത്തുമ്പോൾ ചേർത്തല തെക്ക് പഞ്ചായത്തിൽ 30 ഏക്കറിലായി വിവിധതരം പച്ചക്കറികൾ, നെല്ല്, കപ്പ, വാഴ, പൂവ് തുടങ്ങിയവയുടെ കൃഷിയിലെ തിരക്കിലാണ്.

സ്‌കൂൾ പഠനകാലത്ത് അമ്മ ലീലാമണിയെ കൃഷിയിൽ സഹായിച്ചുവെങ്കിലും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഹയർ സെക്കൻഡറിക്ക് ശേഷം സുജിത്ത് പലതരം കൂലിപ്പണികൾക്ക് പോയി. കെട്ടിടനിർമാണ സഹായി, എറണാകുളത്തെ സ്വർണ കമ്പനിയിൽ സെയിൽസ്‌മാൻ തുടങ്ങിയ ജോലികൾക്ക് ശേഷം ഹോട്ടൽ തുടങ്ങിയെങ്കിലും അതും പൂട്ടേണ്ടിവന്നു. പിന്നീട് 2012ലാണ് കൃഷിയിലേക്കുള്ള രണ്ടാം വരവ്.

അന്ന് പരമ്പരാഗത രീതിയിലായിരുന്നു കൃഷി. തുടർന്ന് കൃഷിവകുപ്പിന്റെ സഹായത്തോടെ പുതിയ സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായ കൃഷിരീതിയിലേക്ക് മാറി. ഹൈടെക്, സൂക്ഷ്‌മ ജലസേചനം, മഴമറ, ഹൈബ്രിഡ് തുടങ്ങിയ രീതികൾ ഫലപ്രദമായി വിനിയോഗിച്ചു. 


2014ൽ മികച്ച യുവകർഷകനുള്ള സംസ്‌ഥാന അവാർഡും 2021ൽ യുവജനക്ഷേമ ബോർഡിന്റെ യുവകർഷകനുള്ള അവാർഡും ലഭിച്ചു. ഇതുകൂടാതെ വിവിധ സംഘടനകളുടെ ഒട്ടനവധി അവാർഡുകളും അംഗീകാരങ്ങളും വേറെയും. രണ്ടേക്കറിലെ സുര്യകാന്തി കൃഷിത്തോട്ടവും ബന്ദിപ്പൂവ് തോട്ടവുമെല്ലാം ഏറെ ശ്രദ്ധേയമായി.

ആലപ്പുഴ, എറണാകുളം, ചേർത്തല ഭാഗങ്ങളിലെ കടകളിലൂടെയാണ് വിപണനം. കച്ചവടക്കാർ തോട്ടത്തിൽ നേരിട്ടെത്തിയും വാങ്ങുന്നുണ്ട്. ഇസ്രായേൽ കൃഷി പഠിക്കാൻ പോയ ഇന്ത്യൻ സംഘത്തിലും സുജിത്തിന് അവസരം കിട്ടി. ഭാര്യ: അഞ്ജു. മകൾ: കാർത്തിക. 

Tags:    
News Summary - haritha mithra award sujith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.