മാനന്തവാടി: സർവിസിലിരുന്നപ്പോൾ കാക്കിയോടുള്ള പ്രണയമിപ്പോൾ പൂക്കളോടും പൂന്തോട്ടങ്ങളോടുമായി. കോഴിക്കോട് റേഞ്ച് ഇന്റലിജൻസ് എസ്.പിയായിരിക്കെ 2023ലാണ് താന്നിക്കൽ കൽപകവാടിയിൽ പ്രിൻസ് അബ്രഹാം ജോലിയിൽനിന്ന് വിരമിക്കുന്നത്.
എന്നാൽ, അദ്ദേഹം വെറുതെ വിശ്രമിച്ചില്ല. മാനന്തവാടി-കൊയിലേരി റോഡിൽ കണ്ണിവയൽ മുതൽ താന്നിക്കൽവരെ റോഡിനിരുവശവുമായി കമ്പനി പുഴക്കും പാടശേഖരത്തിനും മനോഹര കാഴ്ചയൊരുക്കി പൂച്ചെടികൾ വളർത്തുകയാണ് ഇദ്ദേഹവും സുഹൃത്തുക്കളും. കഴിഞ്ഞ വർഷത്തെ മഴക്കാലം മുതൽ ചെടികൾ നടാൻ തുടങ്ങി. റോസ്, ജമന്തി, വാടാർ മല്ലി, ബോഗൻ വില്ല, അരളി തുടങ്ങിയവ പൂക്കളിട്ട് നിൽക്കുന്നത് കാണാൻ നല്ല ചന്തമാണ്. വിവിധയിനം ക്രോട്ടൻസ്, ഫാഷൻ ഫ്രൂട്ട്, പപ്പായ, ആപ്രീക്കോട്ട്, ചാമ്പക്ക തുടങ്ങി 200ഓളം ചെടികളും പരിപാലിക്കുന്നുണ്ട്. വേനൽക്കാലത്ത് സമീപത്തുള്ള തന്റെ വീട്ടീൽനിന്ന് കാനിൽ വെള്ളമെത്തിച്ചാണ് നനക്കുന്നത്.
10,000 രൂപ നൽകിയാണ് ചെടികൾ വാങ്ങിയത്. ഇതിൽ 5000 രൂപയുടെ ചെടികൾ മോഷണം പോയി. തുടർന്ന് പ്രിൻസും സുഹൃത്തുക്കളായ പി.സി. ജോൺ, റെജി, ഷിബു, വിശ്വൻ, സുനിൽ എന്നിവർ ചേർന്ന് 10000 രൂപ ചെലവഴിച്ച് സി.സി കാമറ സ്ഥാപിച്ചു. ഇതോടെ ചെടിക്കള്ളന്മാരുടെ ശല്യവും നിലച്ചു. ഇരിട്ടിയിൽ ഡിവൈ.എസ്. പിയായിരിക്കെ സഹപ്രവർത്തകരുമായി ചേർന്ന് ചെടികൾ നട്ടുപിടിപ്പിച്ചതാണ് ഈ മേഖലയിലേക്കുള്ള പ്രചോദനമെന്ന് പ്രിൻസ് പറഞ്ഞു. സൗഹൃദ കൂട്ടായ്മയുടെ സഹകരണത്തോടെ പദ്ധതി മാനന്തവാടി നഗരത്തിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ലക്ഷ്യം. അറിയപ്പെടുന്ന മോട്ടിവേഷൻ സ്പീക്കറായ പ്രിൻസ് ഇതിനോടകം 500 സ്കൂളുകളിലായി 2000 ത്തോളം ക്ലാസുകളെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.