മന്ദലാംകുന്ന്: സംസ്ഥാനതല പച്ചക്കറി കൃഷി അവാര്‍ഡില്‍ വിദ്യാര്‍ഥി കര്‍ഷകനുള്ള രണ്ടാം സ്ഥാന പുരസ്കാരം പാപ്പാളി ബീച്ച് റോഡ് പടിഞ്ഞാറയില്‍ ഷാഹു-മൈമൂന ദമ്പതികളുടെ മകന് ഹുമൈദ് റിഷാന് ഷാക്ക്. മന്ദലാംകുന്ന് ഗവ. ഫിഷറീസ് യു.പി സ്കൂളിലെ ആറാം ക്ലാസുകാരനായ ഹുമൈദ് റിഷാൻ 10 സെന്റ് പുരയിടവും വീടിന്റെ ടെറസ്സും പൂര്‍ണമായി ഉപയോഗപ്പെടുത്തിയാണ് കൃഷി ചെയ്യുന്നത്. കാബേജ്, കോളി ഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി, പടവലം, ശമാം തുടങ്ങിയവയാണ് ടെറസ്സില്‍ ചെയ്യുന്ന കൃഷി. മുന്നൂറിലധികം ഗ്രോബാഗുകളും 110 ചട്ടിയും ഇതിനായി ഉപയോഗിച്ചു. പുരയിടത്തിൽ തണ്ണിമത്തന്, ചീര, പൊട്ടു വെള്ളരി തുങ്ങിയവയുണ്ട്. കൂടാതെ അമ്പതോളം കോഴി, താറാവ്, കാട എന്നിവയെയും വളര്‍ത്തുന്നു. ഇപ്പോള്‍ അബൂദബിയിലുള്ള പിതാവില്‍ നിന്നാണ് കൃഷിയോടുള്ള കമ്പം ഉണ്ടായതെന്ന് ഹുബൈദ് പറഞ്ഞു. ഉമ്മയും ഉപ്പയുടെ ഉമ്മ പാത്തുമ്മുവും പിന്തുണയുമായി ഹുമൈദിനൊപ്പമുണ്ട്.
12കാരനായ ഹുമൈദ് റിഷാൻ നല്ലൊരു വ്ലോഗറാണെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. കൃഷിയും കൃഷി പാഠങ്ങളുമായി ഹുമൈദിന്റെ 'റിച്ചൂസ് വ്ലോഗ് ബൈ ഹുമൈദ്' എന്ന യൂട്യൂബ് ചാനലുമുണ്ട്. പുന്നയൂർക്കുളം പഞ്ചായത്ത് തുടർച്ചയായി രണ്ടാം വർഷമാണ് കൃഷിയിലെ മികവ് നിലനിര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം നേടിയത് പഞ്ചായത്തിലെ ചെറായി സ്വദേശി മാമ്പറ്റ് അഭിമന്യുവായിരുന്നു.
കടങ്ങോട് ഗ്രാമപഞ്ചായത്തിന് മികച്ച നേട്ടം
എരുമപ്പെട്ടി: സംസ്ഥാന-ജില്ല കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കടങ്ങോട് ഗ്രാമപഞ്ചായത്തിന് മികച്ച നേട്ടം. വിദ്യാലയങ്ങളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന മികച്ച അധ്യാപകൻ എന്ന വിഭാഗത്തിൽ കടങ്ങോട് സ്വദേശിയായ ഷനിൽ മാധവൻ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും ജില്ലതലത്തിൽ ഒന്നാം സ്ഥാനവും നേടി. മികച്ച കൃഷി അസിസ്റ്റന്റിനുളള ജില്ലതല അവാർഡിന് കടങ്ങോട് കൃഷിഭവനിലെ പി. ശ്രീദേവിയെ തെരഞ്ഞെടുത്തു. സ്വകാര്യ സ്ഥാപനങ്ങളിൽ മികച്ച രീതിയിൽ പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥാപനത്തിനുള്ള അവാർഡിന് ജില്ലയിൽ രണ്ടാം സ്ഥാനം നേടിയത് കടങ്ങോട് ഇൻഫന്റ് ജീസസ് പള്ളിയിലെ വികാരി ഫാ. ഡേവിഡ് ചിറമലാണ്.
പന്നിത്തടം കോൺകോഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകല അധ്യാപകനാണ് ഷനിൽ മാധവൻ. നേരത്തെ സംമിശ്ര കൃഷിയിൽ യുവകർഷകനുള്ള പഞ്ചായത്ത്തല അവാർഡ് നേടിയിട്ടുണ്ട്. സംസ്ഥാന-ജില്ല തലങ്ങളിൽ കർഷക അവാർഡ് നേടിയവരെ കടങ്ങോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു. പ്രസിഡന്റ് മീന സാജൻ, വൈസ് പ്രസിഡന്റ് പി.എസ്. പുരുഷോത്തമൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രമണി രാജൻ, വാർഡ് അംഗം കെ.ആർ. സുനിൽ കൃഷി ഓഫിസർ കെ. ബിന്ദു എന്നിവർ സംസാരിച്ചു.
ജൈവ കീടനാശിനി പ്രോത്സാഹനത്തിന് ലഭിച്ച അംഗീകാരം
മണ്ണുത്തി: രാസകീടനാശിനിയുടെ അമിത ഉപയോഗം ഭക്ഷ്യവസ്തുക്കളെ എത്രകണ്ട് വിഷപൂരിതമാക്കുന്നു എന്ന് മനസ്സിലാക്കി കൃഷിയിടങ്ങളിൽ രാസകീടനാശിയുടെ ഉപയോഗം കുറച്ചക്കുകയും പകരം ജൈവകീട ഉപാധികൾ പ്രയോഗിക്കാൻ കർഷകരെ പ്രാപ്തരാക്കുകയും ചെയ്ത ഡോ. ബെറിൻ പത്രോസിന്റെ കാർഷിക രംഗത്തെ സംഭാവനക്കുള്ള അംഗീകാരമാണ് ഈ അവാർഡ്.
ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്താൻ കർഷകർക്ക് വേണ്ട സഹായങ്ങൾ നൽകിയതും ഇത് പ്രാവർത്തികമാക്കിയതും ഡോ. ബെറിന്റെ നേതൃത്തിലായിരുന്നു. കീടനാശിനികളുടെ ഉപയോഗം നാലിൽ ഒന്നായി കുറക്കുന്ന ഭക്ഷ്യകിഴി ശൈലി കേരളത്തിലെ മാമ്പഴത്തോട്ടങ്ങളിൽ പ്രയോഗിച്ച് വിജയം കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ ഒരു ഏക്കറിൽ ഉപയോഗിക്കുന്ന കീടനാശിനിയുടെ കാൽ ഭാഗവും തവിട്, ശർക്കര, യീസ്റ്റ്, കോൺഫ്ലവർ എന്നിവ കൂടി ചേർത്ത ഭക്ഷ്യകിഴിയിലൂടെ കീടങ്ങളെ തുരത്തുന്ന ശൈലിയും ഡോ. ബെറിന്റെ സംഭാവനയാണ്. അധ്യാപികയായ സവ്യ വർഗീസാണ് ഭാര്യ. എനെല, അലെന എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.