വ​ള്ളി​കു​ന്ന​ത്തെ പ​യ​ർ കൃ​ഷി​ത്തോ​ട്ടം

വള്ളികുന്നം ബ്രാൻഡ് തനത് കാർഷിക ഉൽപന്നങ്ങൾ ഓണാട്ടുകര വിപണിയിൽ

കായംകുളം: ഭൂപ്രകൃതിയുടെ മനോഹാരിതയാൽ സമ്പന്നമായ വള്ളികുന്നം ഗ്രാമം കാർഷിക വിപ്ലവത്തിന്‍റെ വിജയഗാഥ രചിക്കുന്നു. വള്ളികുന്നം ബ്രാൻഡ് ഉൽപന്നങ്ങളുമായി വിപണി പിടിക്കാനുള്ള തീവ്ര പരിപാടികളുമായി ഓണാട്ടുകരയുടെ ഭാഗമായ ഈ ഗ്രാമം മാതൃക തീർക്കുകയാണ്. ‘പ്രോട്ടീൻ ഉദ്യാനം’ പദ്ധതിയുടെ ഭാഗമായി 40 ഹെക്ടറിലെ പയർ കൃഷിയിൽ നൂറുമേനി വിളവ് ലഭിച്ചത് കർഷകരിലും പ്രതീക്ഷ നൽകുകയാണ്.

വൻപയർ, ചെറുപയർ, ഉഴുന്ന്, മുതിര എന്നിവയാണ് കൃഷി ചെയ്തത്. വാർഡുതല സമിതികൾ, കൃഷിക്കൂട്ടങ്ങൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, കേര കർഷക സമിതി എന്നിവയിലെ ഇരുനൂളം കർഷകരാണ് ഇതിനായി കൈകോർത്തത്.പാരിസ്ഥിതിക ഘടന തിരികെ പിടിക്കുന്നതിനൊപ്പം മണ്ണിന്‍റെ ഫലഭൂയിഷ്ഠത നിലനിർത്തുകയും ജൈവവൈവിധ്യം ഉറപ്പാക്കാനും കഴിയുന്നുവെന്ന പ്രത്യേകതയുണ്ട്. ഓണാട്ടുകരയുടെ തനത് കാർഷിക കലണ്ടർ പ്രകാരമുള്ള കൃഷിരീതികളിലേക്ക് കർഷകരെ മടക്കിക്കൊണ്ടുവരാൻ ഇതിലൂടെ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

കേരള കാർഷിക സർവകലാശാലയുടെ പട്ടാമ്പി ഗവേഷണ കേന്ദ്രത്തിലെ ഡോ. പി.എം. പുരുഷോത്തമനാണ് പയർവർഗ വിളകളുടെ കൃഷി രീതികളെപ്പറ്റി സാങ്കേതിക വിജ്ഞാനം പകർന്ന് നൽകുന്നത്.വിളവെടുത്ത ഉഴുന്ന് 150 രൂപ നിരക്കിൽ ഗവേഷണ കേന്ദ്രം ഏറ്റെടുക്കാൻ തയാറായതും കർഷകർക്ക് സഹായകമായി.പുതുവത്സരത്തിൽ ആഴ്ചചന്ത, ഇക്കോ ഷോപ്, കുടുംബശ്രീ ചന്തകൾ വഴി വിപണനം നടത്താനാണ് കൃഷി ഭവൻ ലക്ഷ്യമിടുന്നത്.

പൊതുവിപണിയിൽ ഇടംപിടിക്കുന്നതിന് ഒപ്പം തുടർവർഷങ്ങളിൽ കൺസ്യൂമർ ഫെഡ് പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപണന കേന്ദ്രങ്ങളിൽ വള്ളികുന്നം പയർ ഉൽപന്നങ്ങൾക്ക് ഇടം നേടുന്നതിനും ശ്രമം നടത്തുന്നു. ഓണാട്ടുകരയുടെ തനത് ഉൽപന്നങ്ങളായ നെല്ല്, എള്ള്, വെറ്റില, മഞ്ഞൾ, പച്ചക്കറികൾ, കപ്പ, കിഴങ്ങ് വർഗങ്ങൾ, വെളിച്ചെണ്ണ തുടങ്ങിയവയും വള്ളികുന്നം ബ്രാൻഡായി ഇറക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്.ഇതിനായി വള്ളികുന്നത്തിന്‍റെ മൂന്ന് ഭൂപ്രകൃതികളെയും അടിസ്ഥാനമാക്കിയുള്ള കൃഷിരീതികളുടെ ആവിഷ്കാരമാണ് കൃഷി ഭവന്‍റെ മേൽനോട്ടത്തിൽ നടന്നുവരുന്നത്.

Tags:    
News Summary - Vallikunnam brand unique agricultural products in Onattakara market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.