ബജറ്റ് അവതരണത്തിനായി നിയമസഭയിലേക്ക് പുറപ്പെടുന്ന ധനമന്ത്രി കെ.എൻ ബാലഗോപാൽ

ഭൂമിയുടെ ന്യായവില വർധിപ്പിച്ചു, കെ റെയിലിന് ഭൂമി ഏറ്റെടുക്കാൻ 2000 കോടി; വിലക്കയറ്റം നേരിടാനും ഭക്ഷ്യ സുരക്ഷക്കും ബജറ്റ് വിഹിതം

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിൽ സി.പി.എമ്മിന്റെ നയംമാറ്റവും വ്യക്തം. എറണാകുളത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസനനയരേഖക്ക് കരുത്ത് പകരുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.

വിദ്യാഭ്യാസ മേഖലയിലെ ആധുനികവൽക്കരണം ലക്ഷ്യമിട്ട് വലിയ പരിഷ്കാരങ്ങൾക്കാണ് സർക്കാർ തുടക്കമിടുന്നത്. സർവകലാശാല ക്യാമ്പസുകളോട് ചേർന്ന് സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂനിറ്റ്, സർവകലാശാലകളിലെ സ്റ്റാർട്ട് അപ് സംരംഭങ്ങൾ, മെഡിക്കൽ ടെക് ഇന്നോവേഷൻ കേന്ദ്രം, സ്കിൽ പാർക്കുകൾ തുടങ്ങി വിദ്യാഭ്യാസ മേഖലയിലെ ആധുനികവൽക്കണത്തിന് സർക്കാർ ഊന്നൽ നൽകുന്നു.

ഈ പദ്ധതികളിൽ പലതിലും സ്വകാര്യ മേഖലയുടെ കൂടി പിന്തുണ തേടുമെന്ന് ഉറപ്പാണ്. ഇതിനൊപ്പം വ്യവസായ വികസനത്തിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം കൂടി തേടുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സാ​ങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ വികസനം എന്ന ലക്ഷ്യമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. പൊതുമേഖലക്കൊപ്പം നീങ്ങുകയെന്ന സി.പി.എമ്മിന്റെ പരമ്പരാഗത നയത്തിൽ നിന്നും കൃത്യമായുള്ള ഒരു നയംമാറ്റത്തിന്റെ തുടക്കം ഈ ബജറ്റിൽ കാണാം.

ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ

ഭൂമിയുടെ ന്യായവില വർധിപ്പിച്ചു; രജിസ്ട്രേഷൻ ചെലവേറും

കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതിടെ അധിക ധനസമാഹരണം കൂടി ലക്ഷ്യമിട്ട് ഭൂമിയുടെ ന്യായവില ഉയർത്തി. ന്യായവിലയിൽ 10 ശതമാനം വർധനയാണ് വരുത്തിയത്. ഇതോടെ ഭൂമി രജിസ്ട്രേഷൻ ചെലവുകൾ വർധിക്കും. റോഡ് വികസനം ഉൾപ്പടെയുള്ളവ നടപ്പിലായതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമിയുടെ വിപണി വില വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. ഇത് കൂടി പരിഗണിച്ചാണ് ഭൂമിയുടെ ന്യായവില വർധിപ്പിക്കാനും തീരുമാനിച്ചു. ഇതിനൊപ്പം ഭൂനികുതിക്കായി പ്രത്യേക സ്ലാബും വരും. ഇതിലൂടെ 80 കോടിയുടെ അധികവരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഭൂമിയുടെ ന്യായവില വർധനയിലൂടെ 200 കോടിയും വർധിപ്പിച്ചു.

ഹരിത നികുതിയും വർധിപ്പിച്ചു; പുതിയ ഇരുചക്ര വാഹനങ്ങളുടെ വില കൂടും

രണ്ട് ലക്ഷം രൂപ വരെ വിലയുള്ള ഇരുചക്ര മോട്ടോർ വാഹനങ്ങളുടെ ഒറ്റത്തവണ മോട്ടോർ വാഹന നികുതി ഒരു ശതമാനം വർധിപ്പിക്കും. ഇതുവഴി പ്രതിവർഷം 60 കോടിയോളം രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. പഴയ വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ സ്ക്രാപ്പിങ് നയം ആവിഷ്കരിച്ചിട്ടുണ്ട്. ഡീസൽ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയും വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. 15 വർഷത്തിന് മുകളിലുള്ള പഴയ വാഹനങ്ങൾക്ക് ഹരിത നികുതി 50 ശതമാനം വർധിപ്പിക്കും.

കൂടാതെ മോട്ടോർ സൈക്കിളുകൾ ഒഴികെ മുച്ചക്ര വാഹനങ്ങൾ, സ്വകാര്യ മോട്ടോർ വാഹനങ്ങൾ, ഇടത്തരം മോട്ടോർ വാഹനങ്ങൾ, ഹെവി മോട്ടോർ വാഹനങ്ങൾ, മറ്റ് ഡീസൽ വാഹനങ്ങൾ എന്നിവക്കും ഹരിത നികുതി ചുമത്തും. 10 കോടിയോളം രൂപയുടെ അധിക വരുമാനം ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷ. മോട്ടോർ വാഹന നികുതി കുടിശ്ശിക അടക്കാനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഈ വർഷവും തുടരും. രണ്ട് കോടിയോളം രൂപയുടെ അധിക വരുമാനമാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്.

കാരവാൻ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് വാടകക്ക് എടുക്കുന്നതും കരാറിൽ ഏർപ്പെട്ടിട്ടുള്ളവയുമായ കാരവനുകളുടെ ത്രൈമാസ നികുതി നിരക്കിൽ ഭേദഗതി വരുത്തി. നിബന്ധനകൾക്ക് വിധേയമായി സ്ക്വയർ മീറ്ററിന് 1000 രൂപയിൽ നിന്ന് 500 രൂപയായി കുറച്ചു. ഇതിന് കരാർ തീയതി മുതൽ പ്രാബല്യം ഉണ്ടാകും.

നെല്ലിന്‍റെ താങ്ങുവില കൂട്ടി, റബർ സബ്സിഡിക്ക് 500 കോടി

രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ സമ്പൂർണ ബജറ്റിൽ നെല്ലിന്‍റെ താങ്ങുവില കൂട്ടി. കിലോക്ക് 28.30 രൂപയായാണ് താങ്ങുവില ഉയർത്തിയത്. നെൽകൃഷി വികസനത്തിന് 76 കോടിയും പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് 25 കോടിയും മലയോര മേഖലകളിൽ കോൾഡ് സ്റ്റോറേജ് ചെയിൻ സ്ഥാപിക്കാൻ 10 കോടിയും റബർ സബ്സിഡിക്ക് 500 കോടിയും സർക്കാർ ബജറ്റിൽ അനുവദിച്ചു.

സംസ്ഥാനത്ത് റംബൂട്ടാൻ, ലിച്ചി, അവക്കാഡോ, മാം​ഗോസ്റ്റീൻ എന്നിവയുടെ കൃഷി വ്യാപിപ്പിക്കും. മൂല്യവർധിത ഉൽപന്നങ്ങളുടെ മാർക്കറ്റിങ്ങിന് സിയാൽ മാത്യകയിൽ കമ്പനി രൂപീകരിക്കും. ഭൂപരിഷ്ക്കരണ ലക്ഷ്യങ്ങൾ ബാധിക്കാതെ തോട്ടഭൂമിയിൽ പുതിയ വിളകൾ പരീക്ഷിക്കും. ചക്ക ഉൽപന്നങ്ങളുടെ വൈവിധ്യവത്കരണത്തിനും വിപണനത്തിനും പിന്തുണ നൽകും.

അഗ്രി ടെക് ഫെസിലിറ്റി സെന്‍റർ സ്ഥാപിക്കാനായി 175 കോടിയും സംസ്ഥാനത്ത് 10 മിനി ഫുഡ് പാർക്കുകൾ സ്ഥാപിക്കാൻ 100 കോടിയും ബജറ്റിൽ വകയിരുത്തി. കാഷ്യൂ വികസന കോർപറേഷന് 6 കോടിയും കാപ്പക്സിന് 4 കോടിയും കാഷ്യു കൾട്ടിവേഷന് 7.5 കോടിയും കാഷ്യു ബോർഡി 7.8 കോടിയും കശുവണ്ടി വ്യവസായത്തിലെ വിവിധ പദ്ധതികൾക്കായി 30 കോടിയും ബജറ്റിൽ തുക അനുവദിച്ചു.

പുതിയ വിളകൾ പരീക്ഷിക്കുവനായി തോട്ടം ഭൂമി നിയമം പരിഷ്കരിക്കും. വൈനും മറ്റു ചെറുലഹരി പാനീയങ്ങളും പഴവർഗങ്ങളിൽ നിന്നും ഉൽപാദിപ്പിക്കാൻ എക്സൈസ് വകുപ്പിന് പദ്ധതിയുണ്ട്. തിരുവല്ലയിലും ചിറ്റൂരിലും ഷുഗർ ഫാക്ടറികൾ സ്ഥാപിക്കും. പൗൾട്രി വികസനത്തിന് ഏഴര കോടിയും മലപ്പുറം മൂ‍ർക്കനാട്ടെ പാൽപ്പൊടി നിർമാണ കേന്ദ്രത്തിന്‍റെ നിർമാണം ഈ വർഷം പൂർത്തിയാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

മദ്യ ഉൽപാദനത്തിന് പുതിയ സാധ്യതകൾ തേടി ബജറ്റ്

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മദ്യത്തിനുള്ള നികുതി വർധിപ്പിക്കാതെയാണ് ധനമന്ത്രിയുടെ ബജറ്റ്. മദ്യത്തിനുള്ള നികുതി വർധിപ്പിച്ചാൽ പ്രതിഷേധമുണ്ടാവില്ലെന്ന് അറിഞ്ഞിട്ടും അതിൽ നിന്നും ധനമന്ത്രി പിന്നാക്കം പോവുകയായിരുന്നു. മദ്യത്തിന് ഇപ്പോൾ തന്നെ ഉയർന്ന നികുതിയാണെന്ന വിലയിരുത്തലാണ് സർക്കാറിനുള്ളത്.

ബജറ്റിന് മുമ്പ് തന്നെ മദ്യത്തിന്റെ നികുതി വർധിപ്പിക്കില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, മരച്ചീനിയിൽ നിന്നും മദ്യം ഉൽപാദിപ്പിക്കുന്നത് സംബന്ധിച്ച ഗവേഷണം നടത്തുന്നതിനായി രണ്ട് കോടി രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിനൊപ്പം വൈൻ നിർമ്മാണത്തിനായി പുതിയ യൂനിറ്റുകൾ സ്ഥാപിക്കും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം മദ്യ ഉൽപാദനത്തിനായി പുതിയ സാധ്യതകൾ തേടുമെന്നും ധനമന്ത്രി വ്യക്തമാക്കി.

യുക്രെയ്നിൽ നിന്ന് മടങ്ങിയ വിദ്യാർഥികൾക്ക് സർക്കാർ സഹായം, പ്രത്യേക സെൽ രൂപീകരിക്കും

യുക്രെയ്നിൽ നിന്നും മടങ്ങിവന്ന വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ സഹായം നൽകും. വിദ്യാർഥികളുടെ പ്രശ്നങ്ങൾ പഠിക്കാനും ഇടപെടാനും നോർക്കയിൽ പ്രത്യേക സെൽ രൂപീകരിക്കും. ഇതിനായി 10 കോടി രൂപ ബജറ്റിൽ അനുവദിച്ചു. വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ ഡേറ്റ ബാങ്ക് നോർക്ക തയാറാക്കും.

റഷ്യ-യുക്രെയ്ൻ സംഘർഷത്തിനിടയിൽ കുടുങ്ങി പോയ വിദ്യാർഥികൾ അടക്കമുള്ളവരെ നോർക്ക മുഖേന നാട്ടിലെത്തിച്ചു.15 പ്രത്യേക വിമാനങ്ങളിലായി 3123 പേരെയാണ് നാട്ടിലെത്തിച്ചത്. സർട്ടിഫിക്കറ്റുകൾ അടക്കം വിലപ്പെട്ട രേഖകൾ കൈമോശം വന്നവർക്ക് അത് വീണ്ടെടുക്കാനും പഠനം തുടരാനും സാധിക്കണം. അതിനുള്ള സംസ്ഥാന സർക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടാവണം. യുക്രെയ്നിൽ നിന്നുവന്ന വിദ്യർഥികൾക്ക് തുടർപഠനം സാധ്യമാക്കാൻ കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യമാണ്. ഇതിനായി നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക സെൽ പ്രവർത്തിക്കും.

പ്രവാസികാര്യ വകുപ്പിന് 147.51 കോടി രൂപ

2022-23 സാമ്പത്തിക വർഷം പ്രവാസികാര്യ വകുപ്പിന് 147.51 കോടി രൂപ കേരള സർക്കാർ സമ്പൂർണ ബജറ്റിൽ വകയിരുത്തി. പുതിയതായി രൂപകൽപന ചെയ്യുന്ന പ്രവാസി ഏകോപന, പുനസംയോജന പദ്ധതിക്ക് 50 കോടി അനുവദിച്ചു. സാന്ത്വനം പദ്ധതിക്ക് നടപ്പുവർഷം 33 കോടി രൂപയും എൻ.ആർ.ഐ വെൽഫെയർ ഫണ്ട് ബോർഡിന് ഒമ്പത് കോടി രൂപയും ബജറ്റിൽ വകയിരുത്തുന്നതായും ധനമന്ത്രി വ്യക്തമാക്കി.

ആനവണ്ടിയെ കരകയറ്റാൻ ഇത്തവണ 1000 കോടി

കെ.എസ്.ആർ.ടി.സിയെ കടക്കെണിയിൽ നിന്നും കരകയറ്റാൻ 1000 കോടി ഈ വർഷത്തെ ബജറ്റിൽ അനുവദിച്ചത്. ഡിപ്പോകളുടെ ആധുനികവൽക്കരണവും ജീവനക്കാരുടെ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. കെ.എസ്.ആർ.ടിയുടെ നേതൃത്വത്തിൽ ഈ വർഷം 50 പമ്പുകൾ കൂടി തുടങ്ങും. കോവിഡുകാലത്ത് വലിയ ​പ്രതിസന്ധി അഭിമുഖീകരിച്ചതിനാലാണ് കെ.എസ്.ആർ.ടി.സി അധികസഹായം നൽകിയത്. കോവിഡ് പ്രതിസന്ധി കഴിഞ്ഞതിനാൽ കെ.എസ്.ആർ.ടി.സിയെ സ്വയംപര്യാപ്തമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സിക്കായി കഴിഞ്ഞ ബജറ്റിലും തുക വകയിരുത്തിയിരുന്നു. കൂടാതെ കെ.എസ്.ആർ.ടി.സിയിൽ സമഗ്രമാറ്റം ലക്ഷ്യമിട്ട് സ്വിഫ്റ്റ് എന്ന കമ്പനിക്കും രൂപംനൽകിയിരുന്നു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കൾക്ക് ധനസഹായം; രണ്ട് കോടി വകയിരുത്തി

കോവിഡ് മഹാമാരി കാരണം മാതാപിതാക്കളിലൊരാളെയോ രണ്ടുപേരെയുമോ നഷ്ടമായ കുട്ടികൾക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സമഗ്രമായ പുനരധിവാസ പാക്കേജിനായി ഈ വർഷം രണ്ട് കോടി രൂപ വകയിരുത്തി. ഈ പാക്കേജ് പ്രകാരം മൂന്ന് കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്.

1. കുട്ടിയുടെ പേരിൽ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കും

2. ഓരോ കുട്ടിക്കും 18 വയസ് തികയുന്നതു വരെ പ്രതിമാസം 2000 രൂപ അനുവദിക്കും

3. മറ്റ് അടിയന്തര ആവശ്യങ്ങൾ

ഈ പദ്ധതിക്കായി ഈ വർഷം രണ്ട് കോടി രൂപ നീക്കിവെച്ചു. ഇടുക്കി ജില്ലയിൽ ചിൽഡ്രൻസ് ഹോം ആരംഭിക്കുന്നതിനായി 1.3 കോടി രൂപ വകയിരുത്തി.

കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും വിശപ്പുരഹിത ബാല്യം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുമായി അംഗൻവാടി മെനുവിൽ ആഴ്ചയിൽ രണ്ടുദിവസം പാലും രണ്ടുദിവസം മുട്ടയും ഉൾപ്പെടുത്തി. ഇതിനായി 61.5 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു. സംയോജിത ശിശുവികസന പദ്ധതിക്കായി 188 കോടി നീക്കിവെച്ചു.

തിരുവനന്തപുരം ഔട്ടർ റിങ് റോഡ്: സ്ഥലമേ​റ്റെടുക്കാൻ 1000 കോടി

തിരുവനന്തപുരം നഗരത്തിന് പുറത്തുകൂടി വിഭാവനം ചെയ്യുന്ന ഔട്ടർ റിങ് റോഡിനായുള്ള സ്ഥലമേറ്റെടുപ്പിന് 1000 കോടി രൂപ അനുവദിക്കും. സംസ്ഥാനത്ത് ഗതാഗതക്കുരുക്ക് കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്തി ബൈപ്പാസുകൾ നിർമിക്കും. ഇത്തരത്തിലുള്ള ആറ് ബൈപ്പാസുകളാണ് നിർമിക്കുക. പ്രളയം ബാധിച്ച് നശിച്ച പാലങ്ങളുടെ പുനർനിർമാണത്തിനായി 92 കോടി വകയിരുത്തി. റോഡുകൾക്കും പാലങ്ങൾക്കുമായി 1207 കോടി രൂപയാണ് നീക്കി​വെക്കുക.

ജില്ലാ റോഡുകളുടെ വികസനത്തിനും പരിപാലനത്തിനും 62 കോടി രൂപ അനുവദിച്ചു. ഗതാഗതക്കുരുക്കുള്ള 20 ജംങ്ഷനുകൾ കണ്ടെത്തി നവീകരിക്കും. പദ്ധതിക്കായി കിഫ്ബി ഫണ്ടിൽനിന്നും ധനസഹായമായി 200 കോടി വകയിരുത്തും. അന്താരാഷ്ട്ര നിലവാരത്തിൽ സംസ്ഥാന പാതക്ക് സമീപം റെസ്റ്റ് സ്റ്റോപ്പ് സ്ഥാപിക്കാനുള്ള ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ് ലിമിറ്റഡിന്റെ പദ്ധതിക്ക് രണ്ട് കോടി രൂപ അനുവദിച്ചു. തിരുവനന്തപുരം - അങ്കമാലി എം.സി റോഡ് വികസനത്തിനും കൊല്ലം - ചെങ്കോട്ട റോഡിനുമായി കിഫ്ബിയിൽനിന്ന് 1500 കോടി അനുവദിച്ചു.

കെ-റെയിൽ: ഭൂമി ഏറ്റെടുക്കാൻ കിഫ്ബിയിൽനിന്ന് 2000 കോടി രൂപ

കെ-റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ആദ്യ ഘട്ടമായി കിഫ്ബിയിൽ നിന്ന് 2000 കോടി രൂപ അനുവദിക്കും. ​63,941 കോടി രൂപ ചെലവഴിച്ച് സംസ്ഥാന - കേന്ദ്ര സർക്കാറുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ 529.45 കിലോമീറ്റർ ദൂരമാണ് പാതക്ക് ഉണ്ടാവുക. ഇത്രയും ദൂരം നാല് മണിക്കൂർ കൊണ്ട് സഞ്ചരിക്കാനാകും. കെ-റെയിലിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. സംസ്ഥാനത്തിന്റെ വികസനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാർ എത്രയും പെട്ടെന്ന് അനുമതി നൽകുമെന്നാണ് പ്രതീക്ഷ. ഇന്ന് നിലവിലുള്ള ഏറ്റവും പരിസ്ഥിതി സൗഹാർദ യാത്രാ മാർഗമാണ് ഇലക്ട്രിക് ട്രെയിനെന്നും ധനമന്ത്രി പറഞ്ഞു.

വനം, വന്യജീവി സംരക്ഷണം: 281.31 കോടി വകയിരുത്തി

വനവും വന്യജീവി സംരക്ഷണത്തിനുമായി 281.31 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇത് മുൻ വർഷത്തേക്കാൾ 30.11 കോടി അധികമാണ്. വനാതിർത്തികളുടെയും വനപരിധിയിലെ പ്രദേശങ്ങളുടെയും സർവേ, അതിർത്തി തിരിക്കൽ, വനവൽക്കരണ പ്രവർത്തനങ്ങൾ, വനാതിർത്തിയിൽ താമസിക്കുന്ന സമൂഹത്തെ വനസംരക്ഷണത്തിൽ പങ്കാളികളാക്കൽ തുടങ്ങി വിവിധങ്ങളായ പദ്ധതികൾക്കായി 26 കോടി രൂപ അനുവദിച്ചു. ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പരിപാലനത്തിനുമായി 10 കോടി രൂപ വകയിരുത്തി.

കൃഷിനാശം, വനാതിർത്തികളിൽ മനുഷ്യർക്കും കന്നുകാലികൾക്കും വന്യമൃഗങ്ങൾ മൂലമുണ്ടാകുന്ന ജീവഹാനി എന്നിവ പ്രധാന പ്രശ്നങ്ങളാണ്. മനുഷ്യ-വന്യമൃഗ സംഘർഷ മേഖലകളിലെ പ്രശ്നങ്ങൾക്ക് ദീർഘകാല പരിഹാര പദ്ധതികൾ രൂപപ്പെടുത്താൻ 25 കോടി രൂപ വകയിരുത്തും. ഇതിൽ ഏഴ് കോടി രൂപ വകയിരുത്തുക വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവർക്കും പരിക്കേൽക്കുന്നവർക്കും നഷ്ടപരിഹാരം നൽകാനാണ്.

ഓരോ പഞ്ചായത്തിലും ഓരോ ഡെസ്റ്റിനേഷൻ; ക്രൂയിസ് ടൂറിസത്തിന് അഞ്ച് കോടി

ഓരോ പഞ്ചായത്തിലും ഓരോ ഡെസ്റ്റിനേഷൻ എന്ന പദ്ധതി നടപ്പാക്കും. കോവിഡ് മഹാമാരി ടൂറിസം മേഖലയിൽ വലിയ തോതിലുള്ള തകർച്ചയാണ് സൃഷ്ടിച്ചത്. ടൂറിസം വീണ്ടും സജീവമാക്കാനും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനുമുള്ള നടപടി സ്വീകരിച്ചുവരികയാണ്. ടൂറിസം മേഖലയിലെ ചെറുകിട ഇടത്തരം പദ്ധതികൾക്കായി പലിശ കുറഞ്ഞ ലോണുകളും റിവോൾവിങ് ഫണ്ടും ഏർപ്പെടുത്തി. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ട്, ലിറ്ററി സർക്യൂട്ട് ടൂറിസം എന്നിവ നടപ്പാക്കാനുള്ള പദ്ധതികൾ ആരംഭിക്കാൻ കഴിഞ്ഞു​വെന്നും ധനമന്ത്രി പറഞ്ഞു.

വിനോദ സഞ്ചാര ഹബ്ബുകൾ, ഡെസ്റ്റിനേഷൻ ചലഞ്ച് പോലെയുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ 362.15 കോടി രൂപ നീക്കിവെച്ചു. ഇത് മുൻ വർഷത്തേതിനേക്കാൾ 42 കോടി രൂപ അധികമാണ്. പരിസ്ഥിതി സൗഹൃദവും സ്വയം പര്യാപ്തവുമായ 25 ടൂറിസം ഹബ്ബുകൾ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് സജ്ജമാക്കും. വിനോദ സഞ്ചാര മേഖലയുടെ വിപണന തന്ത്രങ്ങൾ രൂപപ്പെടുത്താനും മറ്റു പ്രചാരണ പ്രവർത്തനങ്ങൾക്കുമായി 81 കോടി രൂപ അനുവദിച്ചു.

ടൂറിസം മേഖലയിലെ ​പരിശീലന പ്രവർത്തനങ്ങൾക്കായി 29.3 കോടി രൂപ വകയിരുത്തും. ഒരു പഞ്ചായത്ത് - ഒരു ഡെസ്റ്റിനേഷൻ പദ്ധതി, ടൂറിസം മേഖലയിലേക്ക് സ്വകാര്യ സംരംഭകരെ ആകർഷിക്കാനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്, നിലവിലെ ഡെസ്റ്റിനേഷനുകളുടെയും ഉൽപ്പന്നങ്ങളുടെയും നവീകരണവും പുനരുജ്ജീവനവും തുടങ്ങിയ പദ്ധതികൾക്കായി 132.14 കോടി രൂപ വകയിരുത്തും. ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനും വികസനത്തിനുമായി 1000 കോടി രൂപയുടെ വായ്പകൾ ലഭ്യമാക്കാൻ പദ്ധതി തയാറാക്കും. പലിശ ഇളവ് നൽകാൻ 20 കോടി രൂപ വകയിരുത്തി.

കേരളത്തിന്റെ തനത് ടൂറിസം ആകർഷകമായ വള്ളംകളി വീണ്ടും സജീവമാകുകയാണ്. വള്ളം കളിയെ ലോകേത്തര കായിക ഇനമായി പരിവർത്തനം ചെയ്യാൻ ഇന്ത്യൻ ​പ്രീമിയർ ലീഗിന്റെ മാതൃകയിൽ വിഭാവനം ചെയ്ത ചാമ്പ്യൻസ് ബോട്ട് ലീഗ് 12 സ്ഥലങ്ങളിൽ നടത്താൻ 15 കോടി രൂപ വകയിരുത്തി. പുതിയ ടൂറിസ്റ്റുകളെ ആകർഷിക്കാനായി കാരവൻ ടൂറിസം പോലെയുള്ള പദ്ധതികൾ ആരംഭിച്ചുകഴിഞ്ഞു. കാരവൻ പാർക്കുകൾ ആരംഭിക്കാനും അവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും അഞ്ച് കോടി രൂപ വകയിരുത്തും. തീർഥാടന ടൂറിസം സർക്യൂട്ടുകൾ ശക്തിപ്പെടുത്തും. ശബരിമല, അച്ചൻകോവിൽ ആര്യങ്കാവ്, കുളത്തുപ്പുഴ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ, എരുമേലി സർക്യൂട്ടിനാവശ്യമായ വിപുല പദ്ധതികൾ തയാറാക്കും.

കരയും കാടും കായലും ടൂറിസം പദ്ധതികളിൽ സജീവമായി ഉൾപ്പെടുന്നുണ്ട്. എന്നാൽ, ബീച്ച് ടൂറിസത്തിനപ്പുറം സമുദ്രയാത്രകൾ കൂടി നമ്മുടെ ടൂറിസം പദ്ധതികളിൽ പ്രാധാന്യത്തോടെ ഉൾപ്പെടുത്തേണ്ടതുണ്ട്. കോവളം, കൊല്ലം, കൊച്ചി, ബേപ്പൂർ, മംഗലാപുരം, ഗോവ എന്നീ പ്രദേശങ്ങളെ കോർത്തിണക്കി ക്രൂയിസം ടൂറിസം ആരംഭിക്കുന്നത് ടൂറിസം മേഖലക്ക് വലിയ ഉണർവുണ്ടാകും. ഈ പദ്ധതിക്കായി അഞ്ച് കോടി രൂപയും അനുവദിച്ചു.

കേരള ലോട്ടറിയിൽ സമ്മാനമടിക്കുന്നവർ ഇനി ഇക്കാര്യം കൂടി ശ്രദ്ധിക്കണം

സംസ്ഥാന ലോട്ടറിയിലൂടെ വൻ തുക സമ്മാനമായി ലഭിക്കുന്നവർക്കായി ബജറ്റിൽ പ്രത്യേക നിർദേശം. വലിയ തുക സമ്മാനമായി ലഭിക്കുന്നവർക്ക് തുകയുടെ വിനിയോഗം സംബന്ധിച്ച് ഭാഗ്യക്കുറി വകുപ്പിന്‍റെ നേതൃത്വത്തിൽ സാമ്പത്തിക വിദഗ്ധരുമായി ചേർന്ന് ധനകാര്യ മാനേജ്മെന്‍റിൽ പരിശീലനം നൽകും.

ഭാഗ്യക്കുറി ടിക്കറ്റിൽ നിലവിലുള്ളതിനെക്കാൾ മെച്ചപ്പെട്ട സുരക്ഷാ സംവിധാനം ഒരുക്കും. കോവിഡിനെ തുടർന്ന് നിർത്തിവെച്ച ലോട്ടറികൾ പൂർണമായി പുന:സ്ഥാപിക്കും. കോവിഡിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ലോട്ടറികളുടെ ഘടനയും പ്രവർത്തനങ്ങളും എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. എഴുത്തുലോട്ടറി പോലുള്ള അനധികൃത ഭാഗ്യക്കുറികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പ്രത്യേക സെൽ രൂപീകരിക്കുമെന്നും ബജറ്റ് നിർദേശങ്ങളിൽ മന്ത്രി വ്യക്തമാക്കി.

5ജി നെറ്റ്‍വർക്കുകൾ ശക്തിപ്പെടുത്തും; നാലിടങ്ങളിൽ വിപുലീകൃത ഐ.ടി ഇടനാഴികൾ

5ജി നെറ്റ്‍വർക്കുകൾ വ്യാപിപ്പിക്കാനായി ബജറ്റിൽ 5ജി ലീഡർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. 5ജി വരുന്നതോടെ മെച്ചപ്പെട്ട സേവനങ്ങളാണ് ലഭ്യമാവുക. 2022ലെ കേന്ദ്ര ബജറ്റിൽ 5ജി നെറ്റ്‍വർക്കുകൾ വ്യാപിപ്പിക്കാൻ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. 5ജി സംവിധാനം സംസ്ഥാനത്ത് കൊണ്ടുവരാനും നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ ലോകത്തിന്റെ മുൻനിരയിൽ എത്താനുള്ള സവിശേഷതകൾ കേരളത്തിനുണ്ട്.

ആഗോള തലത്തിൽ നടക്കുന്ന 5ജി വിപ്ലവത്തിൽ മുൻനിര സംസ്ഥാനമായി മാറാൻ കേരളം ലക്ഷ്യമിടുന്നു. 5ജി ടവറുകളെ ബന്ധിപ്പിക്കാൻ കെ-ഫോൺ അടിസ്ഥാന സൗകര്യങ്ങളെ ബന്ധിപ്പിക്കും. കെ-ഫോൺ ഉപഭോക്താക്കൾക്കായി പ്രത്യേക വിലനിർണയം കൊണ്ടുവരിക, ടവർ അടിസ്ഥാന സൗകര്യങ്ങൾ സുഗമമാക്കുക, മിതമായി നിരക്കിൽ വൈദ്യുതി ലഭിക്കുക, ടവറുകൾക്കായി സർക്കാർ, സ്വകാര്യ കെട്ടിടങ്ങൾ ഉപയോഗപ്പെടുത്തുക എന്നീ ആവശ്യങ്ങൾക്കായി പ്രത്യേക പാക്കേജ് കൊണ്ടുവരും.

5ജി ലീഡർഷിപ്പ് പദ്ധതി നടപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കും. തെരഞ്ഞെടുത്ത ഇടനാഴികളിലാണ് കേരളത്തിൽ ആദ്യമായി 5ജി ലീഡർഷിപ്പ് പദ്ധതി ആരംഭിക്കുക. തിരുവനന്തപുരം-കൊല്ലം, എറണാകുളം - കൊരട്ടി, എറണാകുളം - ചേർത്തല, കോഴിക്കോട് - കണ്ണൂർ എന്നിവിടങ്ങളിലാണ് വിപുലീകൃത ഐ.ടി. ഇടനാഴി പദ്ധതി വരുന്നത്.

ലോക സമാധാന സെമിനാറിന് രണ്ട് കോടി

ലോക സമാധാന സെമിനാറിന്റെ ഭാഗമായുള്ള വിവിധ പദ്ധതികൾക്ക് രണ്ട് കോടി രൂപ സർക്കാർ അനുവദിച്ചു. 'റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ഫലമായി വിലക്കയറ്റത്തിന് സാധ്യതയുണ്ട്. എന്നാൽ, പ്രതിസന്ധി വന്നാലും അവയെ ഒറ്റക്കെട്ടായിനിന്ന് മറികടക്കാനാകുമെന്ന അവസ്ഥ കേരളം നേടിയിട്ടുണ്ട്. യുദ്ധത്തിന്റെയും തുടർന്നുണ്ടാകുന്ന വിലക്കയറ്റത്തിന്റെയും ഭീഷണി ലോകമെമ്പാടും പ്രതിസന്ധി തീർക്കുകയാണ്. ഇത് മൂന്നാം ലോക മഹായുദ്ധത്തിന്റെയും ആണവഭീഷണിയുടെയും വക്കിലെത്തിച്ചിരിക്കുന്നു. ഇപ്പോഴും അതിനുള്ള സാധ്യത പൂർണമായും ഒഴിഞ്ഞുപോയിട്ടില്ല.

ഹിരോഷിമയുടെയും നാഗസാക്കിയുടെയും ഓർമ സമാധാനത്തിനായി പ്രവർത്തിക്കാൻ എല്ലാവരെയും ഓർമിപ്പിക്കുന്നു. ഞാൻ ബലത്തിന് ആളല്ല എന്ന് പറഞ്ഞ് മാറിനിൽക്കുകയല്ല ഈ സമയത്ത് വേണ്ടത്. നമ്മൾ ഓരോരുത്തരും അതിനായി എളിയ സംഭാവനകൾ ചെയ്യേണ്ടതുണ്ട്. അങ്ങനെ ഒരു നല്ല കാര്യത്തിനായിട്ടാണ് ബജറ്റിലെ പ്രഖ്യാപനം. ലോകമെമ്പാടുമുള്ള സമാധാനവക്താക്കളെയും പ്രഗത്ഭരെയും പ​ങ്കെടുപ്പിച്ച് ഓൺലൈൻ ചർച്ചകളും സെമിനാറുകളും സംഘടിപ്പിച്ച് സമാധാന ശ്രമങ്ങൾക്ക് ശക്തി പകരാൻ രണ്ട് കോടി അനുവദിച്ചിരിക്കുകയാണ്. യാത്രാ നിയന്ത്രണങ്ങൾ നീങ്ങുന്ന മുറക്ക് പ്രതിനിധികൾ നേരിട്ട് പ​ങ്കെടുക്കുന്ന ലോക സമാധാന സമ്മേളനവും സംഘടിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - kerala budget 2022-23 today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.