'എന്‍റെ ഷർട്ടും കൈത്തറിയാണ്, വ്യവസായ മന്ത്രി പറയണമെന്ന് പറഞ്ഞിരുന്നു'; സഭയെ ചിരിപ്പിച്ച് ധനമന്ത്രിയുടെ വാക്കുകൾ

തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തിൽ കൈത്തറി മേഖലക്കുള്ള പദ്ധതികൾ പ്രഖ്യാപിക്കവേ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ പരാമർശം ഭരണ-പ്രതിപക്ഷ അംഗങ്ങളെ ഒരുപോലെ ചിരിപ്പിച്ചു. വ്യവസായമന്ത്രി പി. രാജീവ് ആവശ്യപ്പെട്ട കാര്യം ധനമന്ത്രി സഭയിൽ വെളിപ്പെടുത്തിയതായിരുന്നു ഏവരേയും ചിരിപ്പിച്ചത്.

കൈത്തറി ഉൽപ്പന്നങ്ങളെ കുറിച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം. 'കൈത്തറി നല്ല വസ്ത്രം തന്നെയാണ്. ഞാനിട്ടിരിക്കുന്നതും കൈത്തറിവകുപ്പിന്‍റെ ഹാൻടെക്സിന്‍റേതാണ്. ഒരു പ്രചാരണത്തിന് വേണ്ടി വ്യവസായ മന്ത്രി പറയണമെന്ന് പറഞ്ഞതുകൊണ്ടാണ്' -ഇതോടെ സഭയിൽ കൂട്ടച്ചിരിയുയർന്നു. തൊട്ടടുത്തിരുന്ന വ്യവസായ മന്ത്രിക്കും ചിരിയടക്കാനായില്ല.

സ്വതവേ ഗൗരവക്കാരനായ മുഖ്യമന്ത്രിക്കും ചിരിയടക്കാനായില്ല. 'കമാൻഡോ ഷർട്ടാണത്, കമാൻഡോ' ചിരിക്കിടെ മുഖ്യമന്ത്രി പറഞ്ഞു. ഹാൻടെക്സിന്‍റെ പുതിയ ബ്രാൻഡ് ഷർട്ടുകളാണ് കമാൻഡോ. കഴിഞ്ഞ ഡിസംബറിൽ നടൻ മോഹൻലാലാണ് കമാൻഡോ ഷർട്ടുകൾ പുറത്തിറക്കിയിരുന്നത്.

കൈത്തറി മേഖലക്ക് 40.56 കോടി രൂപയും യന്ത്രത്തറി മേഖലക്ക് 16.17 കോടി രൂപയും ബജറ്റിൽ വകയിരുത്തി. ഖാദി സിൽക്ക് നെയ്ത്ത് മേഖലയെ സംസ്ഥാനത്ത് ശക്തിപ്പെടുത്താൻ പദ്ധതി കൊണ്ടുവരും. ഖാദിയുടെ സമഗ്രവിതസനത്തിന് 16.10 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.


Full View


Tags:    
News Summary - Kerala budget 2022 updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.