തിരുവനന്തപുരം: യുക്രെയ്നിൽ നിന്നും മടങ്ങിവന്ന വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ സഹായം നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വിദ്യാർഥികളുടെ പ്രശ്നങ്ങൾ പഠിക്കാനും ഇടപെടാനും നോർക്കയിൽ പ്രത്യേക സെൽ രൂപീകരിക്കും. ഇതിനായി 10 കോടി രൂപ ബജറ്റിൽ അനുവദിച്ചു. വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ ഡേറ്റ ബാങ്ക് നോർക്ക തയാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിനിടയിൽ കുടുങ്ങി പോയ വിദ്യാർഥികൾ അടക്കമുള്ളവരെ നോർക്ക മുഖേന നാട്ടിലെത്തിച്ചു.15 പ്രത്യേക വിമാനങ്ങളിലായി 3123 പേരെയാണ് നാട്ടിലെത്തിച്ചത്. സർട്ടിഫിക്കറ്റുകൾ അടക്കം വിലപ്പെട്ട രേഖകൾ കൈമോശം വന്നവർക്ക് അത് വീണ്ടെടുക്കാനും പഠനം തുടരാനും സാധിക്കണം. അതിനുള്ള സംസ്ഥാന സർക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടാവണം.
യുക്രെയ്നിൽ നിന്നുവന്ന വിദ്യർഥികൾക്ക് തുടർപഠനം സാധ്യമാക്കാൻ കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യമാണ്. ഇതിനായി നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക സെൽ പ്രവർത്തിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
2022-23 സാമ്പത്തിക വർഷം പ്രവാസികാര്യ വകുപ്പിന് 147.51 കോടി രൂപ കേരള സർക്കാർ സമ്പൂർണ ബജറ്റിൽ വകയിരുത്തി. പുതിയതായി രൂപകൽപന ചെയ്യുന്ന പ്രവാസി ഏകോപന, പുനസംയോജന പദ്ധതിക്ക് 50 കോടി അനുവദിച്ചു.
സാന്ത്വനം പദ്ധതിക്ക് നടപ്പുവർഷം 33 കോടി രൂപയും എൻ.ആർ.ഐ വെൽഫെയർ ഫണ്ട് ബോർഡിന് ഒമ്പത് കോടി രൂപയും ബജറ്റിൽ വകയിരുത്തുന്നതായും ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.