തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ ആദ്യ പ്രഖ്യാപനം ലോക സമാധാന സെമിനാറിന്. രണ്ട് കോടി രൂപയാണ് ലോക സമാധാന സെമിനാറിന്റെ ഭാഗമായുള്ള വിവിധ പദ്ധതികൾക്ക് അനുവദിച്ചത്.
'റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ഫലമായി വിലക്കയറ്റത്തിന് സാധ്യതയുണ്ട്. എന്നാൽ, പ്രതിസന്ധി വന്നാലും അവയെ ഒറ്റക്കെട്ടായിനിന്ന് മറികടക്കാനാകുമെന്ന അവസ്ഥ കേരളം നേടിയിട്ടുണ്ട്. യുദ്ധത്തിന്റെയും തുടർന്നുണ്ടാകുന്ന വിലക്കയറ്റത്തിന്റെയും ഭീഷണി ലോകമെമ്പാടും പ്രതിസന്ധി തീർക്കുകയാണ്. ഇത് മൂന്നാം ലോക മഹായുദ്ധത്തിന്റെയും ആണവഭീഷണിയുടെയും വക്കിലെത്തിച്ചിരിക്കുന്നു. ഇപ്പോഴും അതിനുള്ള സാധ്യത പൂർണമായും ഒഴിഞ്ഞുപോയിട്ടില്ല.
ഹിരോഷിമയുടെയും നാഗസാക്കിയുടെയും ഓർമ സമാധാനത്തിനായി പ്രവർത്തിക്കാൻ എല്ലാവരെയും ഓർമിപ്പിക്കുന്നു. ഞാൻ ബലത്തിന് ആളല്ല എന്ന് പറഞ്ഞ് മാറിനിൽക്കുകയല്ല ഈ സമയത്ത് വേണ്ടത്. നമ്മൾ ഓരോരുത്തരും അതിനായി എളിയ സംഭാവനകൾ ചെയ്യേണ്ടതുണ്ട്.
അങ്ങനെ ഒരു നല്ല കാര്യത്തിനായിട്ടാണ് ബജറ്റിലെ ആദ്യ പ്രഖ്യാപനം. ലോകമെമ്പാടുമുള്ള സമാധാനവക്താക്കളെയും പ്രഗത്ഭരെയും പങ്കെടുപ്പിച്ച് ഓൺലൈൻ ചർച്ചകളും സെമിനാറുകളും സംഘടിപ്പിച്ച് സമാധാന ശ്രമങ്ങൾക്ക് ശക്തി പകരാൻ രണ്ട് കോടി അനുവദിച്ചിരിക്കുകയാണ്. യാത്രാ നിയന്ത്രണങ്ങൾ നീങ്ങുന്ന മുറക്ക് പ്രതിനിധികൾ നേരിട്ട് പങ്കെടുക്കുന്ന ലോക സമാധാന സമ്മേളനവും സംഘടിപ്പിക്കും' -ധനമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.