ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ചതിന് പിന്നാലെ വിമർശനവുമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആർക്കുവേണ്ടിയുള്ള ബജറ്റാണിത്? രാജ്യത്തിന്‍റെ 65 ശതമാനം സമ്പത്തും കൈയടക്കിയിരിക്കുന്നത് 10 ശതമാനം വരുന്ന അതിസമ്പന്നരാണ്. ദരിദ്രരായ 60 ശതമാനം ആളുകളുടെ കൈയിലുള്ളത് രാജ്യത്തിന്‍റെ അഞ്ച് ശതമാനം സമ്പത്ത് മാത്രമാണ്. മഹാമാരിയുടെ കാലത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയും വർധിച്ചപ്പോൾ വൻ ലാഭം ഉണ്ടാക്കിവരുടെ മേൽ എന്തുകൊണ്ട് കൂടുതൽ നികുതി ചുമത്തുന്നില്ല? -സീതാറാം യെച്ചൂരി ചോദിച്ചു.
രാജ്യത്ത് 20 കോടി തൊഴിലവസരങ്ങളാണ് ഇല്ലാതായത്. നഗരങ്ങളിൽ തൊഴിലുറപ്പ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് മാറ്റിവെച്ച തുക 73,000 കോടിയായി കുറച്ചു. യുവാക്കളുടെ ഭാവിക്ക് നേരെയുള്ള ആക്രമണം തന്നെയാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്.
ജനവിരുദ്ധമായ ബജറ്റാണിത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ മനുഷ്യരുടെ കഷ്ടപ്പാടുകൾ ക്രമാതീതമായി വർധിച്ചപ്പോൾ, ഭക്ഷണം, വളം, പെട്രോളിയം എന്നിവയുടെ സബ്‌സിഡികൾ വെട്ടിക്കുറക്കുകയാണ് കേന്ദ്രം ചെയ്തത്. ജനങ്ങളുടെ ഉപജീവനമാർഗത്തിന് നേരെയുള്ള ആക്രമണമാണിതെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.
കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് സര്‍ക്കാര്‍ നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന പ്രഖ്യാപനവുമായാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ എല്‍ഐസിയുടെ സ്വകാര്യവത്കരണവും ഉടനുണ്ടാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.