അന്ന് പറഞ്ഞു-'കർഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കും'; ഈ ബജറ്റിനെങ്കിലും കർഷകരെ രക്ഷിക്കാനാകുമോ?

ന്യൂഡൽഹി: 2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കും -ഇത് 2017ലെ ബജറ്റ് അവതരണത്തിൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു. എന്നാൽ പ്രഖ്യാപനത്തിനുശേഷം അഞ്ചുവർഷം പൂർത്തിയാകുമ്പോൾ കാർഷിക മേഖല വളരെയധികം പ്രതിസന്ധികളിലൂടെ കടന്നുപോകുന്നുവെന്നതാണ് യാഥാർഥ്യം. ഐതിഹാസികമായ കർഷക പ്രക്ഷോഭത്തിന്റെ ചൂടും ഇതിനകം നരേന്ദ്ര മോദി സർക്കാർ കണ്ടറിഞ്ഞു.

കേ​ന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നതിനൊപ്പം വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉൾപ്പെടെ ഏർപ്പെടുത്തുക എന്നതായിരുന്നു കർഷകരുടെ ആവശ്യം. കർഷക പ്രക്ഷോഭം കനത്തത്തോടെ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയാറായി. അതിനൊപ്പം ​കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന ഉറപ്പും കേന്ദ്രം നൽകി.

എന്നാൽ, ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി നേരിടേണ്ടി വരുമെന്ന ഭയമാണ് യഥാർഥത്തിൽ കേന്ദ്രസർക്കാറിനെ പിന്നോട്ടുവലിച്ചതെന്ന പ്രതികരണങ്ങളും ഉയർന്നിരുന്നു. ഇടഞ്ഞുനിൽക്കുന്ന കർഷകരെ സമാധാനിപ്പിക്കാൻ കാർഷിക മേഖലക്ക് വേണ്ടി ചില പ്രഖ്യാപനങ്ങൾ ഇന്നത്തെ ബജറ്റിൽ ധനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി. എന്നാൽ, ഇവ ലക്ഷ്യം കാണുമോയെന്നത് കാത്തിരുന്ന് കാണണമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

ഇന്ത്യയുടെ നിർദേശത്തെ തുടർന്ന് 2022-23 വർഷം അന്താരാഷ്ട്ര തിന വിള വർഷമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചുവെന്ന അറിയിപ്പോടെയാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. ഗോതമ്പ്,​ നെല്ല് തുടങ്ങിയവയുടെ സംഭരണത്തിന് താങ്ങുവിലയായി നൽകാൻ 2.7 ലക്ഷം കോടി വകയിരുത്തുമെന്നാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം.

കൂടാതെ കിസാൻ ഡ്രോണുകൾ, രാസവള മുക്ത ജൈവ കൃഷി, വിതരണത്തിന് പൊതു-സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയും പ്രഖ്യാപനത്തിൽ ഉൾപ്പെടും. വിള വിലയിരുത്തൽ, ഭൂരേഖകൾ ഡിജിറ്റലൈസ് ചെയ്യൽ, കീടനാശിനികളും പോഷകങ്ങളും തളിക്കൽ എന്നിവക്ക് കിസാൻ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. അഗ്രി സ്റ്റാർട്ടപ്പുകൾക്കും ഗ്രാമീണ സംരംഭങ്ങൾക്കും ധനസഹായം നൽകുന്നതിനുമായി നബാർഡ് മുഖേന കോ -​ഇൻവെസ്റ്റ്മെന്റ് മാതൃകയിൽ ഫണ്ട് ലഭ്യമാക്കുന്നത് സുഗമമാക്കുമെന്നും ധനമന്ത്രി പറയുന്നു.

ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിയെ രാജ്യം ആശ്രയിക്കുന്നത് കുറക്കുന്നതിനായി എണ്ണക്കുരുക്കളുടെ ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി യുക്തിസഹവും സമഗ്രവുമായ പദ്ധതികൾ ആവിഷ്കരിക്കും. കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കർഷകർക്ക് ഡിജിറ്റൽ, ഹൈടെക് സേവനങ്ങൾ ഉറപ്പാക്കും. കാർഷിക സർവകലാശാലയിലെ സിലബസ് പരിഷ്കരണം ഉൾപ്പെടെ നീണ്ടുപോകുന്നു ധനമന്ത്രിയുടെ കാർഷിക മേഖലക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ. കൂടാതെ അഗ്രോ ഫോറസ്ട്രി ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന പട്ടികജാതി- പട്ടികവർഗ കർഷകർക്ക് സാമ്പത്തിക സഹായം നൽകുമെന്നും ധനമന്ത്രി പറഞ്ഞു.

കർഷക പ്രക്ഷോഭത്തിൽ ഉൾപ്പെടെ കർഷകർ ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങളെ ഉയർത്തിക്കൊണ്ടുവരാനോ പ്രതിസന്ധി പരിഹരിക്കാനുള്ള നിർദേശങ്ങൾ ഉൾപ്പെടു​ത്താനോ ധനമന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ബജറ്റിനെതിരായ പ്രധാന വിമർശനം. കർഷകർക്ക് ആശ്വാസമേകുന്ന യാതൊരു പ്രഖ്യാപനവും ബജറ്റിലുണ്ടായില്ലെന്ന വിമർശനങ്ങളും ഉയർന്നുവരുന്നുണ്ട്. 

Tags:    
News Summary - Union budget 2022 Attempt to placate farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.