ജുബൈൽ: സ്വദേശികളുടെ പേരിൽ രാജ്യത്ത് വിദേശ പൗരന്മാർ ബിനാമി ബിസിനസ് ഇടപാടുകൾ നടത്തുന്നത് കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ സൗദി മന്ത്രിസഭ സമിതി രൂപവത്കരിച്ചു. വാണിജ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഗതാഗത, പരിസ്ഥിതി, ജല, കാർഷിക വകുപ്പ് മന്ത്രിമാർ, സൗദി അതോറിറ്റി ഫോർ ഡേറ്റ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി പ്രസിഡൻറ് എന്നിവർ ഉൾപ്പെട്ടതാണ് സമിതി. വാണിജ്യ, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയങ്ങൾ, സൗദി അറേബ്യൻ മോണിറ്ററി ഏജൻസി (സമ), ജനറൽ അതോറിറ്റി ഫോർ സകാത്, സൂപ്പർവൈസറി കമ്മിറ്റി നിയോഗിച്ചിട്ടുള്ള മറ്റേതെങ്കിലും ഏജൻസി എന്നിവക്കാണ് ചുമതല. സംശയാസ്പദ കേസുകൾ ത്രൈമാസ അടിസ്ഥാനത്തിൽ കണക്കാക്കുന്നതിന് ആവശ്യമായ സഹായവുമായി സൗദി അതോറിറ്റി ഫോർ ഡേറ്റയും ആർട്ടിഫിഷ്യൽ ഇൻറലിജൻസും രംഗത്തുണ്ടാവും. കേസുകളുടെ ശതമാനം കണക്കാക്കുന്നതിന് പട്ടിക നിർമിക്കുകയും അധികാരികളിൽനിന്ന് ലഭിക്കുന്ന ഡേറ്റ അനുസരിച്ച് അപ്ഡേറ്റ് ചെയ്യുന്നതിനുമുള്ള ചുമതല ഇവർക്കാണ്.
കച്ചവടത്തിനുള്ള ലൈസൻസുകളും വിസകളും നൽകുന്ന അധികാരികൾക്കിടയിൽ വിപുലമായ ഏകോപനമുണ്ടാക്കും. അറിയപ്പെടുന്ന വരുമാന സ്രോതസ്സുകളിൽ ആനുപാതികമല്ലാത്ത നിക്ഷേപമുള്ള പ്രവാസി തൊഴിലാളികളുടെ അക്കൗണ്ടുകൾ നിരീക്ഷിക്കാൻ നേരത്തേ എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടിരുന്നു. 'സമ'യിൽ നിന്നുള്ള നിർദേശങ്ങൾ അനുസരിച്ച് എല്ലാ ബാങ്കുകളും അക്കൗണ്ട് ഉടമകളുടെ മറ്റ് വരുമാന സ്രോതസ്സുകളും ശമ്പളവും വ്യവസായ മന്ത്രാലയത്തെ അറിയിക്കേണ്ടതാണ്. ബിസിനസ് ഉടമകളുടെ ലൈസൻസ് പുതുക്കുന്നതിനുമുമ്പ് തൊഴിൽ മന്ത്രാലയത്തിൽനിന്ന് സൗദിവത്കരണ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ആവശ്യപ്പെടും. എല്ലാ പലചരക്ക് കടകളും പുതുക്കിയ നിയമഭേദഗതി സമയപരിധിക്കുള്ളിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ മുനിസിപ്പൽ, ഗ്രാമീണകാര്യ മന്ത്രാലയത്തിന് നിർദേശം നൽകി.
മന്ത്രാലയം ഇക്കാര്യത്തിൽ എടുക്കുന്ന നടപടികൾ 60 ദിവസത്തിനുള്ളിൽ സാമ്പത്തിക വികസനകാര്യ കൗൺസിലിന് സമർപ്പിക്കും. പണത്തിൻെറ പുറത്തേക്കുള്ള ഒഴുക്ക് കുറക്കുന്നതിനും സ്വകാര്യ മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സ്വദേശികളെ ആകർഷിക്കുന്ന ഒരു മത്സരാന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് നടപടി. ഇക്കാര്യത്തിൽ പുറപ്പെടുവിച്ച ശിപാർശകൾ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും ചുമതലപ്പെട്ടവരുടെ പ്രകടനമികവ് കണക്കാക്കുന്നതിനും സമിതി മേൽനോട്ടം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.