ന്യൂഡൽഹി: ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കേണ്ട ഇനങ്ങൾ, നികുതിവെട്ടിപ്പ് സാധ്യതയുള്ള മേഖലകൾ എന്നിവ നിർണയിക്കാനും നികുതി സ്ലാബ് പുനഃപരിശോധിക്കാനും മന്ത്രിതല സമിതി രൂപവത്കരിച്ച് കേന്ദ്രം. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊെമ്മെയുടെ അധ്യക്ഷതയിൽ ധനമന്ത്രാലയം രൂപവത്കരിച്ച സംസ്ഥാന ധനമന്ത്രിമാരുടെ ഏഴംഗ സമിതിയിൽ കേരളത്തിൽനിന്ന് കെ.എൻ. ബാലഗോപാലും അംഗമാണ്. നികുതിരഹിത ഇനങ്ങളിൽ ചിലതിന് നികുതി ഏർപ്പെടുത്തിയേക്കും.
ധാന്യങ്ങൾ, കാർഷിക ഉപകരണങ്ങൾ, അച്ചടിച്ച പുസ്തകങ്ങൾ, വെറ്റില തുടങ്ങിയവ ഇപ്പോൾ നികുതി രഹിത ഇനങ്ങളുടെ പട്ടികയിലാണ്. ഇതിനു പുറമെ നികുതിദായകർക്ക് ലഭ്യമായ നികുതിയടവ് സംവിധാനങ്ങളിലെ പോരായ്മകൾ വിലയിരുത്താൻ എട്ടംഗ സമിതിയും രൂപവത്കരിച്ചു. കേന്ദ്ര, സംസ്ഥാന നികുതി ഉദ്യോഗസ്ഥർ തമ്മിലെ മെച്ചപ്പെട്ട ഏകോപനത്തിനുള്ള വഴികളും നിർദേശിക്കും. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അധ്യക്ഷനായ സമിതിയിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ തുടങ്ങിയവരാണ് അംഗങ്ങൾ.
നികുതി ഘടന ലളിതമാക്കാനുള്ള ശ്രമമാണ് ജി.എസ്.ടിയുടെ നാലു വർഷം പിന്നിട്ടപ്പോൾ നടത്തുന്നത്.ചില സ്ലാബുകൾ ലയിപ്പിക്കാനും ചില ഉൽപന്ന, സേവനങ്ങൾക്ക് പ്രത്യേക നിരക്ക് ഏർപ്പെടുത്താനും ഉദ്ദേശ്യമുണ്ട്. ബിഹാർ ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദ്, പശ്ചിമ ബംഗാൾ ധനമന്ത്രി അമിത് മിത്ര തുടങ്ങിയവരാണ് ആദ്യ സമിതിയിലെ മറ്റ് അംഗങ്ങൾ. രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകും.
അഞ്ച്, 12, 18, 28 എന്നിങ്ങനെയാണ് ജി.എസ്.ടിയിൽ നികുതി സ്ലാബുകൾ. ആഡംബര, ദുർഗുണ ഉൽപന്നങ്ങൾക്ക് ഏറ്റവും ഉയർന്ന സ്ലാബിൽ നികുതി ഈടാക്കുന്നതിനു പുറമെ പ്രത്യേക സെസും ചുമത്തിയിട്ടുണ്ട്. 12, 18 സ്ലാബുകൾ ഒന്നിച്ചാക്കണമെന്ന ആവശ്യം മന്ത്രിതല സമിതി പരിശോധിക്കും. കഴിഞ്ഞ 17ന് നടന്ന ജി.എസ്.ടി കൗൺസിലിെൻറ തീരുമാന പ്രകാരമാണ് ഈ സമിതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.