ന്യൂഡൽഹി: തുടർച്ചയായ ഏഴാം മാസവും രാജ്യത്തെ ജി.എസ്.ടി വരുമാനം 1.40 ലക്ഷം കോടി രൂപക്ക് മുകളിലായി. സെപ്റ്റംബറിൽ 1.47 ലക്ഷം കോടി രൂപയാണ് ജി.എസ്.ടി വരുമാനം. കഴിഞ്ഞ വർഷം സെപ്റ്റംബറിലേക്കാൾ 26 ശതമാനമാണ് വർധന. കൃത്യമായ നികുതി പിരിവും ജി.എസ്.ടി പോർട്ടലിന്റെ സ്ഥിരമായ പ്രവർത്തനക്ഷമതയുമാണ് നികുതി കുതിക്കാൻ കാരണമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. നവരാത്രി, ദീപാവലി ഉത്സവ സീസണിലെ വിപണിയിലെ ഉണർവ് വരുംമാസങ്ങളിൽ ജി.എസ്.ടി വരുമാനം ഇനിയും കൂട്ടുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സെപ്റ്റംബറിൽ 1,47,686 കോടി രൂപയാണ് ആകെ ജി.എസ്.ടി പിരിച്ചത്. ഇതിൽ 25,271 കോടി രൂപ കേന്ദ്ര ജി.എസ്.ടിയാണ്. 31,813 കോടി രൂപയാണ് സംസ്ഥാന ജി.എസ്.ടി വരുമാനം.
അന്തർസംസ്ഥാന ചരക്ക് കടത്തിനുള്ള ഇന്റഗ്രേറ്റഡ് ജി.എസ്.ടി വരുമാനം 80,464 കോടിയാണ്. ഇതിൽ 41,215 രൂപ ഇറക്കുമതി സാധനങ്ങളുടെ നികുതിയാണ്. 10,137 കോടി സെസായും സെപ്റ്റംബറിൽ വരുമാനം ലഭിച്ചു. ഏപ്രിലിൽ 1.67 ലക്ഷം കോടി രൂപ ജി.എസ്.ടി വരുമാനമുണ്ടായിരുന്നു. ആഗസ്റ്റിൽ 1.43 ലക്ഷം കോടിയായിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബറിലുള്ളതിനേക്കാൾ ഇറക്കുമതി സാധനങ്ങളിൽനിന്നുള്ള നികുതി 39 ശതമാനം ഉയർന്നിട്ടുണ്ട്. ഈ വർഷം സെപ്റ്റംബർ 20ന് മാത്രം 49,453 കോടി രൂപ പിരിക്കാനായി. 8.77 ലക്ഷം ചലാനുകളിൽനിന്നാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.