ന്യൂഡൽഹി: ഏഴു മാസത്തെ ഇടവേളക്കുശേഷം കേന്ദ്ര, സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിലിെൻറ വിഡിയോ കോൺഫറൻസ് വെള്ളിയാഴ്ച നടക്കും. നിലവിലെ സാഹചര്യങ്ങൾ മുൻനിർത്തി, കേന്ദ്രം നഷ്ടപരിഹാരം നൽകുന്ന കാലാവധി നേരത്തേ നിശ്ചയിച്ച 2022നും അപ്പുറത്തേക്ക് നീട്ടണമെന്ന് കൂട്ടായി ആവശ്യപ്പെടാൻ കേരളം അടക്കം ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന ഏഴു സംസ്ഥാനങ്ങൾ തീരുമാനിച്ചു.
ജി.എസ്.ടി നടപ്പാക്കുന്നതു വഴി സംസ്ഥാനങ്ങൾക്കുണ്ടാവുന്ന നികുതി വരുമാന നഷ്ടം ആദ്യത്തെ അഞ്ചു കൊല്ലം കേന്ദ്രം നികത്തിക്കൊടുക്കണമെന്നാണ് വ്യവസ്ഥ. ഇതിന് പ്രത്യേക സെസ് പിരിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ വ്യവസ്ഥ പൂർണാർഥത്തിൽ കേന്ദ്രം നടപ്പാക്കുന്നില്ല. എന്നാൽ, കോവിഡ് സാഹചര്യങ്ങൾ സംസ്ഥാനങ്ങൾക്ക് ഉണ്ടാക്കിയ പണഞെരുക്കം കൂടി കണക്കിലെടുത്ത് അഞ്ചു വർഷ കാലാവധി ദീർഘിപ്പിക്കണമെന്നാണ് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്.
സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന രീതി 2022ൽ നിന്ന് 2027 വരെ നീട്ടണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കേന്ദ്രസർക്കാറിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഛത്തിസ്ഗഢ് ധനമന്ത്രി ടി.എസ് സിങ്ദേവും ഈ ആവശ്യമുന്നയിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തികനില തകരാറിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നഷ്ടപരിഹാര സെസ് ഇനത്തിലെ വരുമാനത്തിൽ ഉണ്ടായിരിക്കുന്ന കുറവ് അടക്കമുള്ള കാര്യങ്ങൾ ജി.എസ്.ടി കൗൺസിൽ ചർച്ച ചെയ്യും. നടപ്പുസാമ്പത്തിക വർഷം നഷ്ടപരിഹാരത്തിെൻറ കാര്യത്തിൽ 2.69 ലക്ഷം കോടി രൂപയുടെ വരുമാനക്കമ്മിയാണ് കണക്കാക്കുന്നത്.
കോവിഡ് വാക്സിൻ ജി.എസ്.ടി പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന നിർദേശവും ചർച്ചക്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.