മലപ്പുറം: രാജ്യത്ത് സ്വർണ ഇറക്കുമതിയിൽ വൻ വർധന. ഒക്ടോബറിലെ കണക്കു പ്രകാരം ഇന്ത്യയുടെ സ്വർണ ഇറക്കുമതി രണ്ടര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ദീപാവലിക്ക് മുന്നോടിയായുള്ള വിലയിടിവ് വ്യാപാരികളെ കൂടുതൽ സ്വർണം വാങ്ങാൻ പ്രേരിപ്പിച്ചെന്നാണ് വിലയിരുത്തൽ.
ഒക്ടോബറിലെ ഇന്ത്യയുടെ ഇറക്കുമതി ഒരു വർഷം മുമ്പുള്ളതിനേക്കാൾ 60 ശതമാനത്തോളം ഉയർന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഇറക്കുമതി കൂടിയത് ഇന്ത്യൻ സമ്പദ്ഘടനക്ക് ഉത്തേജനം നൽകുന്നതാണെന്ന് വ്യാപാര മേഖലയിലുള്ളവർ പറയുന്നു. എന്നാൽ, ഇന്ത്യയുടെ വ്യാപാരകമ്മി വർധിക്കുകയും രൂപയെ കൂടുതൽ ദുർബലമാക്കുകയും ചെയ്തേക്കാമെന്നും സാമ്പത്തിക വിദഗ്ധർക്ക് അഭിപ്രായമുണ്ട്.
ഒക്ടോബറിൽ ഇന്ത്യ 123 മെട്രിക് ടൺ സ്വർണം ഇറക്കുമതി ചെയ്തിരുന്നു. കഴിഞ്ഞവർഷം ഈ കാലയളവിൽ 77 ടൺ ആയിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ഒക്ടോബറിലെ ശരാശരി പ്രതിമാസ ഇറക്കുമതി 66 ടൺ ആയിരുന്നു. മൂല്യം കണക്കിലെടുത്താൽ, ഒക്ടോബറിലെ ഇറക്കുമതി കഴിഞ്ഞവർഷം 3.7 ബില്യൺ ഡോളറിൽനിന്ന് ഏകദേശം ഇരട്ടിയായി 7.23 ബില്യൺ ഡോളറായി. ഒക്ടോബർ തുടക്കത്തിൽ ആഭ്യന്തര സ്വർണവില ഏഴ് മാസത്തെ ഏറ്റവും താഴ്ന്നനിലയിലേക്ക് എത്തിയിരുന്നു. എന്നാൽ, ഒക്ടോബർ 28ന് വീണ്ടും കുതിച്ചുയർന്ന് 45,920 എന്ന റെക്കോഡ് വിലയിലെത്തി. ചൊവ്വാഴ്ച കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 45,480 രൂപയാണ് വില. 240 രൂപയാണ് പവന് വർധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.