ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനക്കും നാവികസേനക്കും നൂതന ഹോക്ക് 115 ജെറ്റ് ട്രെയിനർ വിമാനങ്ങൾ വാങ്ങിയതിൽ അഴിമതിയാരോപിച്ച് ബ്രിട്ടീഷ് വിമാന, പ്രതിരോധ കമ്പനിയായ റോൾസ് റോയ്സ് പി.എൽ.സിക്കും കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥർക്കും ആയുധ വ്യാപാരികൾക്കുമെതിരെ സി.ബി.ഐ കേസെടുത്തു.
റോൾസ് റോയ്സ് ഇന്ത്യ ഡയറക്ടർ ടിം ജോൺസ്, ആയുധ ഡീലർ സുധീർ ചൗധരി, പിതാവ് ഭാനുചൗധരി, റോൾസ് റോയ്സ് പി.എൽ.സി, ബ്രിട്ടീഷ് എയറോസ്പേസ് സിസ്റ്റംസ് എന്നിവർക്കെതിരെയാണ് ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുത്തത്. ആറുവർഷത്തെ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് നടപടി. കരാർ നേടിയെടുക്കാൻ റോൾസ് റോയ്സ് കമ്പനി ഇടനിലക്കാർക്ക് കമീഷൻ നൽകിയെന്ന് 2017ൽ ഒരു ബ്രിട്ടീഷ് കോടതി ഉത്തരവിലെ പരാമർശവും സി.ബി.ഐ ചൂണ്ടിക്കാട്ടി.
2003-12 കാലയളവിൽ 73.42 കോടി ബ്രിട്ടീഷ് പൗണ്ടിന് 24 ഹോക്ക് 115 ജെറ്റ് ട്രെയിനർ വിമാനങ്ങൾ വാങ്ങാനുള്ള കരാർ നേടാൻ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്യാൻ പ്രതികൾ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയതായി സി.ബിഐ പറയുന്നു. സുധീർ ചൗധരിയും ഭാനു ചൗധരിയും റോൾസ് റോയ്സിനായി ഹോക്ക് വിമാനങ്ങളുടെ കരാർ നേടിയെടുക്കാൻ ഇടനിലക്കാരായി പ്രവർത്തിച്ചു.
2006 -2007ൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ റോൾസ് റോയ്സ് ഇന്ത്യ ഓഫിസിൽനിന്ന് പിടിച്ചെടുത്തിരുന്നു. എന്നാൽ അന്വേഷണത്തിൽനിന്ന് രക്ഷപ്പെടാൻ പ്രതികൾ രേഖകൾ മാറ്റുകയും നശിപ്പിക്കുകയും ചെയ്തതായി സി.ബി.ഐ കണ്ടെത്തി. മിഗ് വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിനായി റഷ്യൻ ആയുധ കമ്പനികൾ സുധീർ ചൗധരിയുമായി ബന്ധമുള്ള പോർട്ട്സ്മൗത്ത് കമ്പനിയുടെ പേരിലുള്ള സ്വിസ് അക്കൗണ്ടിലേക്ക് 10 കോടി പൗണ്ട് കൈമാറിയതായും സി.ബി.ഐ പറയുന്നു. ഈ തുകക്ക് പുറമെ ചൗധരിയുടെ കുടുംബത്തിന്റെ പേരിലുള്ള കമ്പനികളായ ബലീന സർവിസസ് ലിമിറ്റഡ് 39.2 ദശലക്ഷം പൗണ്ടും കോട്ടേജ് കൺസൽട്ടന്റ്സ് ലിമിറ്റഡ് 32.2 ദശലക്ഷം പൗണ്ടും കാർട്ടർ കൺസൽട്ടന്റ്സ് 23 ദശലക്ഷം പൗണ്ടും കൈപ്പറ്റിയതായും എഫ്.ഐ.ആറിലുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് പ്രതികരിക്കാൻ റോൾസ് റോയ്സ് അധികൃതർ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.