ഇ-കൊമേഴ്‌സ് ഭീമനായ ആമസോണും ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നു. ആദ്യഘട്ടത്തിൽ ആഗോളതലത്തിൽ 10,000 ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ നീക്കം. അലെക്സ, ക്ലൗഡ് ഗെയ്മിങ് ഉൾപ്പെടെ കമ്പനിക്കു കീഴിലെ എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം.
പിരിച്ചുവിടലുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ട്വിറ്റർ, ഫേസ്ബുക്ക് എന്നിവ പിരിച്ചുവിട്ടതിലും കൂടുതൽ ജീവനക്കാർക്ക് ആമസോണിൽ ജോലി നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യക്കാരെയാണ് നടപടി കാര്യമായി ബാധിക്കുക. അമേരിക്ക, കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിരവധി ഇന്ത്യൻ തൊഴിലാളികളുണ്ട്.
ഇന്ത്യയിൽ, കമ്പനിയുടെ പ്രധാന ഓഫിസുകൾ ബംഗളൂരുവിലാണ്. മറ്റ് പ്രധാന നഗരങ്ങളിൽ കോ-വർക്കിങ് സ്പേസുകളിൽ നിന്നാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. നേരിട്ടും അല്ലാതെയും ഇന്ത്യയിൽ ആമസോൺ 1.1 ദശലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്നുണ്ട്. ഈ ആഴ്ച തന്നെ കമ്പനി തങ്ങളുടെ തൊഴിലാളികളുടെ എണ്ണം കുറക്കുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ള ജീവനക്കാർ സമൂഹമാധ്യമങ്ങളിലൂടെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
പെട്ടെന്നുള്ള കൂട്ടപിരിച്ചുവിടലിനോട് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ട്വിറ്ററും മെറ്റയും തങ്ങളുടെ ഔദ്യോഗിക കുറിപ്പ് പുറത്തിറക്കിയാണ് പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചത്. അമേരിക്കയിലും മറ്റും എച്ച് വൺ ബി വിസയിൽ എത്തിയ ഇന്ത്യക്കാർക്കാണ് ജോലി നഷ്ടപ്പെടുക.
ഇവർക്ക് മറ്റൊരു ജോലി നോക്കുന്നതിന് 60 ദിവസത്തെ സാവകാശം മാത്രമാണ് ലഭിക്കുക. അതിനുള്ളിൽ ജോലി കണ്ടെത്തിയില്ലെങ്കിൽ അവർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപോകണം. ട്വിറ്റർ, മെറ്റ കമ്പനികളിൽ ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാരടക്കം ഇപ്പോൾ തന്നെ മറ്റു ജോലികൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ അമേരിക്കയിലും മറ്റും കഴിയുകയാണ്.
ഇലോൺ മസ്ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്റർ 3700ഓളം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഫേസ്ബുക്കിന്റെ മാതൃ സ്ഥാപനമായ മെറ്റാ 11,000 ജീവനക്കാരെയാണ് പുറത്താക്കിയത്. ലാഭകരമല്ലാത്ത, ആമസോണിന്റെ ചില യൂണിറ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരോട് മറ്റെവിടെയെങ്കിലും ജോലി കണ്ടെത്താൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനം ആമസോൺ അടച്ചുപൂട്ടിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.