ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കി ഇന്ധനവില വർധനവ് തുടരുകയാണ്. വരും ദിവസങ്ങളിലെങ്കിലും വില വർധനവിൽ നിന്ന് ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. എന്നാൽ, ഇന്ധനവില വർധന തുടരാനുള്ള സാധ്യതയാണ് കാണുന്നത്.
നിലവിൽ ഇന്ധന നികുതി കുറക്കാനും പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടിയിൽ ഉൾെപടുത്താനും കേന്ദ്രസർക്കാറിന് പദ്ധതിയില്ല. കോവിഡിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെടുന്ന സംസ്ഥാനങ്ങളും നികുതി കുറക്കാൻ സാധ്യതയില്ല. അന്താരാഷ്ട്ര വിപണിയിലെ വില വർധിക്കുന്നത് പരിഗണിച്ച് എണ്ണ കമ്പനികളും വില കൂട്ടുന്നത് തുടരും.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ മെയ് ആദ്യവാരം മുതലാണ് കമ്പനികൾ എണ്ണവില വർധിപ്പിക്കാൻ തുടങ്ങിയത്. ഇതിന് ശേഷം 35 തവണ കമ്പനികൾ വില കൂട്ടി. പെട്രോളിനും ഡീസലിനും ഏഴ് മുതൽ എട്ട് രൂപ വരെയാണ് വർധിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയിലും വില വർധന തുടരുകയാണ്. 2018ന് ശേഷം ക്രൂഡ് ഓയിൽ വില 77 ഡോളറിലെത്തിയിരിക്കുന്നു. വരും മാസങ്ങളിലും വില ഉയരുമെന്നാണ് വിദഗ്ധരുടെ പ്രവചനം. സെപ്തംബറോടെ 80 ഡോളറും കഴിഞ്ഞ് വില കുതിക്കും. വില പിടിച്ചു നിർത്താനുള്ള ശ്രമങ്ങളും പൂർണമായും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ഒപെക് അംഗരാജ്യങ്ങൾക്കിടയിൽ ഐക്യമുണ്ടാകാത്താതാണ് പ്രശ്നങ്ങൾക്ക് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.