ന്യൂഡൽഹി: വായ്പത്തുക തിരിച്ചടവ് പൂർത്തിയായി 30 ദിവസത്തിനകം ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും രേഖകൾ പൂർണമായി ഇടപാടുകാരന് മടക്കിനൽകണമെന്ന് റിസർവ് ബാങ്ക് നിർദേശം. വൈകുന്നപക്ഷം ഒരുദിവസത്തിന് 5000 രൂപ വെച്ച് നഷ്ടപരിഹാരം നൽകണമെന്നും പുതിയ ഉത്തരവിൽ പറയുന്നു.
സ്ഥാവര, ജംഗമവസ്തുക്കളുടെ രേഖകൾ കൈമാറാൻ വൈകുന്നത് ഇടപാടുകാർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നിർദേശം. തിരിച്ചടവ് പൂർത്തിയായി 30 ദിവസത്തിനകം വായ്പ ഇടപാട് നടന്ന സ്ഥാപനത്തിൽനിന്നോ രേഖകൾ സൂക്ഷിച്ച അനുബന്ധ കേന്ദ്രങ്ങളിൽനിന്നോ കൈപ്പറ്റാൻ സംവിധാനമൊരുക്കണം. കടം പൂർണമായി വീട്ടുന്നതോടെ രേഖകൾ എന്ന് മടക്കിനൽകുമെന്ന് അറിയിക്കുകയും വേണം.
വൈകുന്നപക്ഷം കാരണം ബോധിപ്പിക്കണം. 30 ദിവസം കഴിയുന്നതോടെ നഷ്ടപരിഹാരം നൽകണം. രേഖകൾക്ക് കേടുപാട് സംഭവിക്കുന്നപക്ഷം, പകർപ്പ് സംഘടിപ്പിക്കാൻ ആവശ്യമായ സഹായം ചെയ്യണം. അതിനുവേണ്ട ചെലവുകളും സ്ഥാപനങ്ങൾ വഹിക്കണം. 2023 ഡിസംബർ ഒന്നു മുതൽ ഈ നിർദേശങ്ങൾ പ്രാബല്യത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.