ഓഹരി വിപണിയിൽ നിക്ഷേപിക്കാനും വ്യാപാരം നടത്താനും ഡിമാറ്റ് അക്കൗണ്ട് വേണം. ഡിമാറ്റ് അക്കൗണ്ടുകൾ തുടങ്ങുന്നത് ഒരു ട്രെൻഡായി മാറിയിട്ടുണ്ട്. ഓഹരി വിപണിയെ തകർച്ചയിൽനിന്ന് താങ്ങി നിർത്തിയത് ചെറുകിട നിക്ഷേപകരാണ്. ചെറുകിട നിക്ഷേപകർ വിപണിയിലേക്ക് ഒഴുകിയ വർഷമായിരുന്നു 2021.
ബി.എസ്.ഇ സെൻസെക്സ് അതിശക്തമായി മുന്നേറിയപ്പോൾ ഡിമാറ്റ് അക്കൗണ്ട് തുടങ്ങുന്നവരുടെ എണ്ണവും ഉയർന്നു. ഇതിൽ ഭൂരിഭാഗവും ചെറുകിട നിക്ഷേപകരാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ബി.എസ്.ഇ സെൻസെക്സ് എക്കാലത്തേയും വലിയ ഉയർച്ചയിലെത്തി. 62,245 എന്ന പോയന്റ് തൊട്ടു. ആ മാസം പുതുതായി തുറന്ന ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 3.5 ദശലക്ഷമാണ്.
ഈ വർഷം ജനുവരി വരെ ഈ ട്രെൻഡ് തുടർന്നു. പക്ഷേ, ജനുവരിക്ക് ശേഷം സെൻസെക്സ് കനത്ത ഇടിവാണ് നേരിട്ടത്. വിദേശ നിക്ഷേപകരുടെ ഓഹരി വിൽപന കാരണമാണ് വിപണിയുടെ കുതിപ്പ് നിലച്ചത്. സെൻസെക്സ് 15 ശതമാനം ഇടിഞ്ഞു. ഒപ്പം ഡിമാറ്റ് അക്കൗണ്ടുകൾ തുറക്കുന്നവരുടെയും എണ്ണം ഗണ്യമായി കുറഞ്ഞു. ജൂണിൽ 1.8 ദശലക്ഷം അക്കൗണ്ടുകൾ മാത്രമാണ് തുടങ്ങിയത്. വിപണി ഇടിയുമ്പോൾ ചെറുകിട നിക്ഷേപകരുടെ താൽപര്യം കുറയുന്നു എന്ന സൂചനയാണ് ഈ കണക്ക് നൽകുന്നത്.
നവംബർ മുതൽ ജൂൺ വരെയുള്ള കാലയളവിൽ വിദേശ നിക്ഷേപകർ 2.42 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ഈ വിൽപന കാരണം വിപണി ശക്തമായ ഇടിവ് നേരിട്ടു. പക്ഷേ, ചെറുകിട നിക്ഷേപകർ രാജ്യത്തെ വിവിധ ഇൻഷൂറൻസ്, മ്യൂച്വൽ ഫണ്ട് കമ്പനികളിലൂടെയും മറ്റും 2.94 ലക്ഷം കോടിയുടെ ഓഹരികൾ വാങ്ങിയതാണ് വിപണിക്ക് രക്ഷയായത്. 40 വർഷത്തിനിടെ ഏറ്റവും രൂക്ഷമായ പണപ്പെരുപ്പമാണ് യു.എസ് നേരിടുന്നത്.
പണപ്പെരുപ്പം നിയന്ത്രിക്കാൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടുന്നത് ഇന്ത്യയിലെ വിദേശ നിക്ഷേപകരുടെ ഓഹരി വിൽപന വർധിക്കാൻ കാരണമാകും. മാത്രമല്ല, റിസർവ് ബാങ്കും പലിശ നിരക്ക് കൂട്ടുന്നുണ്ട്. ഇത് ഓഹരി വിപണിയിലെ ചെറുകിട നിക്ഷേപകർ ബാങ്കുകളിലെ സ്ഥിരം നിക്ഷേപ പദ്ധതിയിലേക്ക് മാറാനും ഇടയാക്കും. അനിശ്ചിതാവസ്ഥയിൽ ക്ഷമ നഷ്ടപ്പെട്ട ചെറുകിട നിക്ഷേപകർ വിപണിയെ കൈവിടുമോ എന്ന ആശങ്കയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.