സ്വന്തം കാർ ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നമാണ്. കാർ വാങ്ങുന്നത് കുടുംബങ്ങൾക്ക് അഭിമാന നിമിഷമാണ്. ഇന്ത്യക്കാരന്റെ കാർ സ്വപ്നം രാജ്യത്തെ അടുത്ത വർഷത്തോടെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാർ വിപണിയാക്കി മാറ്റും. വൻതുക മുടക്കി പുതിയ കാർ വാങ്ങുന്നതിന് പകരം ബജറ്റിലൊതുങ്ങുന്ന, ഉപയോഗിച്ച കാർ വാങ്ങുന്നത് മോശമാണെന്ന കാഴ്ചപ്പാട് മാറുകയാണ്. ഉപയോഗിച്ച കാറുകളുടെ വിപണനമേഖല അതിവേഗം വളരുന്നെന്നാണ് ഫോക്സ് വാഗന്റെ ദാസ് വെൽറ്റ് ഓട്ടോയും മഹീന്ദ്രയുടെ കാർ ആൻഡ് ബൈക്ക് കമ്പനിയും ചേർന്ന് തയാറാക്കിയ ഏറ്റവും പുതിയ ഇന്ത്യൻ ബ്ലൂബുക് റിപ്പോർട്ട് പറയുന്നത്. അതിനൊരു കാരണം, ഇടത്തരം കുടുംബങ്ങളുടെ വരുമാനവും താൽപര്യങ്ങളും മാറിയതാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 51 ലക്ഷം ഉപയോഗിച്ച കാറുകളാണ് രാജ്യത്ത് വിറ്റത്. അതായത്, 3244 കോടി യു.എസ് ഡോളറിന്റെ (2.7 ലക്ഷം കോടിയിലേറെ രൂപ) വ്യവസായമായി വളർന്നു. രണ്ടുവർഷം കൊണ്ട് പഴയ വാഹന വിൽപന 80 ലക്ഷം യൂനിറ്റ് കടക്കുമെന്നാണ് അനുമാനം. ഉപയോഗിച്ച ആഡംബര കാറുകളുടെ വിപണി രാജ്യത്ത് വർഷം 20 ശതമാനത്തോളം വളരുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്.
മുമ്പ് പ്രാദേശിക ബ്രോക്കർമാരും ഡീലർമാരും പരിചയക്കാരും കുടുംബാംഗങ്ങളുമായിരുന്നു പഴയ കാറുകൾ വിൽക്കുകയും വാങ്ങുകയും ചെയ്തിരുന്നത്. അതുകൊണ്ട്, ഒത്തിരി സമയവും പരിശ്രമവും ആവശ്യമായിരുന്നു. തട്ടിപ്പിനുള്ള സാധ്യതയും ഏറെയാണ്. പക്ഷേ, മാരുതി ഉൾപ്പെടെ രാജ്യത്തെ വൻകിട കാർ കമ്പനികൾ ഈ രംഗത്തേക്ക് ചുവടുവെച്ചതോടെ സെക്കൻഡ് ഹാൻഡ് കാറുകൾ വിൽക്കുന്നതും വാങ്ങുന്നതും എളുപ്പവും സുതാര്യവുമായി. മാരുതി സുസുകിയുടെ ട്രൂവാല്യൂ, ടാറ്റ മോട്ടോഴ്സിന്റെ ടാറ്റഓകെ, മഹീന്ദ്രയുടെ ഫസ്റ്റ് ചോയ്സ്, ഫോക്സവാഗണിന്റെ ദാസ് വെൽറ്റ് ഓട്ടോ, ഹ്യൂണ്ടായുടെ പ്രോമിസ്, ടൊയോട്ടയുടെ ട്രസ്റ്റ് തുടങ്ങിയവയാണ് ഈ രംഗത്തെ പ്രമുഖ സംഘടിത സ്ഥാപനങ്ങൾ. ഇവർക്ക് പുറമെ, കാർസ്24, കാർദേക്കോ, കാർവാലെ, കാർട്രേഡ് ടെക് തുടങ്ങിയ ഓൺലൈൻ ടെക് കമ്പനികൾ വന്നതോടെ സെക്കൻഡ് ഹാൻഡ് കാറുകളുടെ തലവര മാറി. കേരളത്തിലുൾപ്പെടെ ധാരാളം വ്യക്തിഗത ഷോറൂമുകളുമുണ്ട്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാർ ഉള്ളത് കേരളത്തിലാണ്. ഇതര സംസ്ഥാനങ്ങളിൽ ഏഴ് മുതൽ എട്ട് ശതമാനം കുടുംബങ്ങൾക്കാണ് കാറുള്ളതെങ്കിൽ കേരളത്തിൽ 24 ശതമാനം, കുടുംബങ്ങൾക്ക് കാറുണ്ട്. എങ്കിലും ഏറ്റവും വലിയ പത്ത് യൂസ്ഡ് കാർ വിപണികളിൽ കേരളം ഉൾപ്പെടുന്നില്ല. മഹാരാഷ്ട്രയാണ് ഏറ്റവും വലിയ വിപണി. ഉയർന്ന വരുമാനവും മികച്ച റോഡുകളും സ്വന്തം വാഹനമെന്ന ആശയവുമാണ് മലയാളികളെ കാർ വാങ്ങാൻ പ്രേരിപ്പിക്കുന്നത്. മാരുതി സുസുകി, ഹ്യൂണ്ടായ്, ടാറ്റ മോട്ടോഴ്സ്, ടൊയോട്ട തുടങ്ങിയ കമ്പനികളാണ് വിപണി കീഴടക്കിയത്. മാരുതി വാഗൺ ആർ, സ്വിഫ്റ്റ്, റിനോ ക്വിഡ്, ഹ്യൂണ്ടായ് ഇയോൺ, ഗ്രാന്റ് ഐ10 തുടങ്ങിയ മോഡലുകൾക്കാണ് കേരളത്തിൽ പ്രിയം. എസ്.യു.വികൾ ശക്തമായി രംഗത്തുണ്ടെങ്കിലും ഭൂരിപക്ഷത്തിനും പ്രിയം ഹാച്ച്ബാക്ക് കാറുകളാണ്.
പഴയ കാറുകൾ ഉപയോഗശൂന്യമായി കിടന്ന കാലമുണ്ടായിരുന്നു. സാങ്കേതിക വിദ്യയുടെ വ്യാപനവും ഓൺലൈൻ വിപണിയും മുൻനിര കാർ കമ്പനികളുടെ വരവും ഉപയോഗിച്ച കാറുകളുടെ ഡിമാൻഡ് വർധിപ്പിച്ചു. സെക്കൻഡ് ഹാൻഡ് കാറുകളെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റുന്നതിൽ സമൂഹമാധ്യമങ്ങൾ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഉപയോഗിച്ച കാർ വാങ്ങുന്നതിന്റെ നേട്ടങ്ങൾ പലരും തിരിച്ചറിഞ്ഞു. ഇതേക്കുറിച്ച് ഏറ്റവും കൂടുതൽ വിവരങ്ങൾ നൽകുന്നത് യൂടുബും (41 ശതമാനം) ഫേസ്ബുക്കും (37 ശതമാനം) ഇൻസ്റ്റഗ്രാമുമാണ് (21 ശതമാനം). വിൻഡേജ് കാറുകളെ സ്നേഹിക്കുന്ന നിരവധി കമ്യൂണിറ്റികളാണ് സമൂഹമാധ്യമങ്ങളിലുള്ളത്. ഒ.എൽ.എക്സ് പോലുള്ള വെബ്സൈറ്റുകളിൽ മണിക്കൂറുകൾ കൊണ്ടാണ് കാറുകൾ വിറ്റുപോകുന്നത്.
നിർമിത ബുദ്ധിയുടെ സഹായത്തോടെ ബജറ്റിലൊതുങ്ങുന്ന ഇഷ്ടപ്പെട്ട വാഹനം കണ്ടെത്താനും വാങ്ങാനും എളുപ്പമാണ്. ഷോറൂമിൽ പോകാതെ വാഹനങ്ങൾ താരതമ്യം ചെയ്തുനോക്കാനും കഴിയും. അപകടം സംഭവിച്ചിട്ടുണ്ടോ എന്നുൾപ്പെടെ വാഹനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നിർമിത ബുദ്ധി ഉപയോഗിച്ച് കണ്ടെത്താൻ കഴിയും. സുതാര്യത വർധിപ്പിക്കാൻ സർക്കാർ നടപ്പാക്കിയ ചട്ടങ്ങൾ യൂസ്ഡ് കാർ വ്യവസായത്തിന്റെ വിശ്വാസ്യത വർധിച്ചു. കുറച്ചുകാലം മുമ്പ് ആറ് മുതൽ ഏഴ് വർഷം വരെയായിരുന്നു ശരാശരി ഉടമസ്ഥാവകാശ കാലയളവ്. ഇന്നത് മൂന്നര വർഷമായി കുറഞ്ഞിരിക്കുകയാണ്. ഇതുകാരണം ഗുണമേന്മയുള്ള കാറുകൾ യൂസ്ഡ് വിപണിയിൽ ലഭ്യമാണ്. വാഹനങ്ങൾ പൊളിക്കുന്നതിന് പുതിയ നയം വന്നതോടെയാണ് പുതിയ കാറുകൾ പെട്ടെന്ന് വിൽക്കുന്ന ട്രെൻഡ് വന്നത്. വിലയേയും മൈലേജിനെക്കാളുമുപരി സുരക്ഷിതമായ വാഹനം സ്വന്തമാക്കുന്നവരും വർധിച്ചു.
1 മൂല്യം കുറയുന്ന ആസ്തി
ഓരോ വർഷം കഴിയുന്തോറും കാറുകളുടെ മൂല്യം ഇടിയും. തേയ്മാനമാണ് ഇതിന് പ്രധാന കാരണം. പുതിയ കാറിന്റെ മൂല്യം ഒരു വർഷത്തിനുള്ളിൽ 15 മുതൽ 30 ശതമാനം വരെ കുറയും. പുതിയ കാർ വാങ്ങുമ്പോൾ ഒരാൾക്ക് വഹിക്കേണ്ടിവരുന്ന മൂല്യനഷ്ടമാണിത്. സെക്കൻഡ് ഹാൻഡ് കാറുകൾക്ക് വിൽക്കുമ്പോൾ മൂല്യത്തിൽ വലിയ വ്യത്യാസം വരില്ല.
2 കുറഞ്ഞ ഇൻഷുറൻസ് പ്രീമിയം
പഴയ കാറുകളെ അപേക്ഷിച്ച് പുതിയ കാറുകൾക്ക് ഇൻഷുറൻസ് പ്രീമിയം വളരെ കൂടുതലാണ്. കാറിന്റെ വിപണി വിലയാണ് ഇൻഷുറൻസ് പ്രീമിയം നിശ്ചയിക്കുന്നത്.
3 വിശ്വാസ്യത
സാങ്കേതിക വിദ്യ ഉപയോഗിച്ച് പഴയ കാറുകളുടെ ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്താൻ കഴിയും. തകരാറുകൾ പൂർണമായും പരിഹരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അംഗീകൃത കമ്പനികൾ പഴയ കാർ വിൽക്കുന്നത്. പുതിയ കാറുകൾക്കുള്ള വാറന്റി രണ്ടാമത്തെ ഉപഭോക്താവിലേക്ക് ട്രാൻസ്ഫർ ചെയ്യാനും കഴിയും. ട്രൂവല്യൂ പോലുള്ള കമ്പനികൾ കാറുകൾക്ക് വാറന്റിയും കൃത്യമായി അറ്റകുറ്റപ്പണി നടത്താനുള്ള സൗകര്യവും നൽകുന്നുണ്ട്. വാഹനത്തിന്റെ നിലവാരം മികച്ചതാണെന്നാണ് വാറന്റി സൂചിപ്പിക്കുന്നത്.
4 കുറഞ്ഞ വില, കൂടുതൽ ഓഫർ
കുറഞ്ഞ വില നൽകി പുതിയ കാറിന്റെ എല്ലാ സൗകര്യങ്ങളും അനുഭവിക്കാം എന്നതാണ് ഉപയോഗിച്ച കാറുകളുടെ പ്രത്യേകത. ഇന്ത്യയിലെ കാർ ഉപഭോക്താക്കൾ വിലയുടെ കാര്യത്തിൽ ശാഠ്യക്കാരാണ്. പുതിയ കാറുകൾക്ക് 28 ശതമാനം ജി.എസ്.ടിയാണ് ചുമത്തുന്നത്. വില കുറവായതിനാൽ ഇഷ്ടപ്പെട്ട മോഡൽ തിരഞ്ഞെടുക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരില്ല. ആകർഷകമായ വിലയിലാണ് ഓൺലൈനിൽ ഉൾപ്പെടെ കാർ വിൽക്കുന്നത്. പുതിയ കാറുകൾക്ക് കമ്പനി നിശ്ചയിച്ച പണം കൃത്യമായി നൽകണം. സെക്കൻഡ് ഹാൻഡ് കാറുകൾ വിലപേശി വാങ്ങാം. ഇഷ്ടപ്പെട്ട കാർ സ്വന്തമാക്കാൻ ബുക്ക് ചെയ്ത് മാസങ്ങളോളം കാത്തിരിക്കേണ്ട ആവശ്യവുമില്ല. പല വാഹന കമ്പനികളും വിൻഡ്‌സ്‌ക്രീനുകൾ, സ്‌പോയിലറുകൾ, ബമ്പർ-ഗാർഡുകൾ, അലോയ് വീലുകൾ തുടങ്ങിയവ സൗജന്യമായി ചെയ്തുകൊടുക്കുന്നുണ്ട്. ഇതൊക്കെ പുതിയ കാറിൽ ചെയ്യാൻ വൻ തുക മുടക്കണം.
5 എളുപ്പം വായ്പ
ഏതാനം വർഷം മുമ്പ് വരെ സെക്കൻഡ് ഹാൻഡ് കാറുകൾക്ക് ബാങ്ക് വായ്പ ലഭിക്കുക എളുപ്പമായിരുന്നില്ല. പക്ഷേ, ഡിമാൻഡ് വർധിച്ചതോടെ പഴയ കാറുകൾക്ക് വായ്പ നൽകാൻ ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ മത്സരിക്കുകയാണ്. ചെറുകിട നഗരങ്ങളിൽ 75 ശതമാനം ഉപഭോക്താക്കളും വായ്പയെടുക്കുന്നുണ്ട്. വില കുറവായതിനാൽ വായ്പയും കുറവേ വേണ്ടിവരൂ. അതുകൊണ്ട് തന്നെ പ്രതിമാസ തിരിച്ചടവും കുറവായിരിക്കും. മിക്ക ധനകാര്യ സ്ഥാപനങ്ങളും ആകർഷകമായ പലിശ നിരക്കിലാണ് വായ്പ നൽകുന്നത്.
6 രജിസ്ട്രേഷൻ ഫീസ് ഇല്ല
പുതിയ കാർ വാങ്ങുമ്പോൾ രജിസ്ട്രേഷൻ ഫീസ്, റോഡ് നികുതി, ആർ.ടി.ഒ ചാർജുകൾ എന്നിവ നൽകണം. ഇതൊരു വലിയ തുകയാണ്. കാറിന്റെ ആദ്യത്തെ ഉടമ ഈ തുക നൽകിയതിനാൽ സെക്കൻഡ് ഹാൻഡ് കാർ വാങ്ങുമ്പോൾ ഇതൊന്നും നൽകേണ്ടതില്ല. മുടക്കുന്ന പണത്തിന് തുല്യമായ മൂല്യം തിരിച്ചുകിട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.